Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗം ജീവിതത്തിന്റെ നിറം കെടുത്തി, വിജയൻ തോറ്റുപോയി

vijayan വിജയൻ

കോട്ടയം ∙ നിറങ്ങളുടെ ലോകത്തായിരുന്നു വിജയന്റെ ജീവിതം. നിറം മങ്ങിയ ചുവരുകൾക്കു നിറം നൽകുന്നയാൾ. ഇപ്പോൾ വിജയന്റെ ജീവിതത്തിന്റെ നിറം മങ്ങിയെന്നു മാത്രമല്ല, എങ്ങും കട്ടപിടിച്ച ഇരുട്ടുമാത്രം. പെയ്ന്റിങ് തൊഴിലാളിയായിരുന്ന പാലാ പുലിയന്നൂർ സ്വദേശി കെ.എസ്. വിജയൻ രണ്ടു വർഷം മുൻപു ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണു രക്തസമ്മർദ്ദം കൂടി തളർന്നു വീണത്. എംആർഐ സ്കാനിങ് റിപ്പോർട്ടു വന്നപ്പോൾ വിജയൻ വീണ്ടും തളർന്നു. ഇനി ഒരിക്കലും ജോലി ചെയ്യാനാവാത്തവിധം സുഷുമ്നാ നാഡിക്ക് തകരാർ സംഭവിച്ചിരിക്കുന്നു. കൈകൾ ചലിപ്പിക്കാൻ സാധിക്കുന്നില്ല. കഴുത്തിന്റെ ഡിസ്കുകൾ അകലുന്നു. പെയ്ന്റിങ് ജോലി കൊണ്ടു ജീവിതത്തിന്റെ രണ്ടറ്റവും തമ്മിൽ കൂട്ടിമുട്ടിക്കാൻ ശ്രമിച്ച അയാളുടെ മുന്നിൽ ഉപജീവനം ഒരു ചോദ്യചിഹ്നമായി മാറുകയായിരുന്നു. തുച്ഛമായ വരുമാനം മാത്രമുള്ള ഭാര്യ. രണ്ടാം ക്ലാസിലും ആറാം ക്ലാസിലും പഠിപ്പിക്കുന്ന രണ്ടു കുട്ടികൾ. അവരുടെ വിശപ്പിന്റെ നിലവിളികൾ. പഠിക്കാനുള്ള ആഗ്രഹം. 75 വയസു കഴിഞ്ഞ അമ്മ. അന്നന്നത്തെ ആഹാരം മാത്രം കണ്ടെത്തിയുന്ന, സമ്പാദ്യങ്ങളൊന്നുമില്ലാത്ത ഒരു കുടുംബത്തിന്റെ നട്ടെല്ലൊടിഞ്ഞു.

∙ ദുരന്തങ്ങളുടെ ഘോഷയാത്ര

ഒരാഴ്ചക്കുള്ളിൽ വിജയനു കടുത്ത തലവേദന പിടിപെട്ടു. വലതു വശത്തിനു മരവിപ്പും. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയന്റെ സിടി സ്കാൻ റിസ​ൾട്ട് ആ കുടുംബത്തിന് താങ്ങാനാകുന്നതിലും അപ്പുറത്തായിരുന്നു. തലയിലേക്കുള്ള പ്രധാന ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്ന അസുഖവും വിജയനെ ബാധിച്ചു കഴിഞ്ഞിരുന്നു. പിന്നീട് മെഡിക്കൽ കോളജിൽ ആഴ്ചകൾ നീണ്ട ചികിത്സ. ആശുപത്രിയിൽ നിന്നു തിരിച്ചെത്തി ദിവസങ്ങൾക്കകം വിജയൻ വീണ്ടും അബോധാവസ്ഥയിലായി. പാലാ ഗവൺമെന്റ് ആശുപത്രിയിൽ വിജയനെ പ്രവേശിപ്പിച്ചു. ഹൃദയസ്തംഭനമായിരുന്നു. പാലാ ഗവൺമെന്റ് ആശുപത്രിയിൽ നിന്നു വീണ്ടും മെഡിക്കൽ കോളജിലേക്ക്. ആൻജിയോഗ്രാം പരിശോധനയിൽ വിജയന്റെ ഹൃദയത്തിൽ മൂന്നു ബ്ലോക്കുകൾ കണ്ടെത്തി. അതിൽ ഒരു ബ്ലോക്ക് 95 ശതമാനത്തിലും കൂടിയിരുന്നതിനാൽ നാട്ടുകാരുടെ സഹായത്തോടെ മരിയൻ മെഡിക്കൽ സെന്ററിൽ വച്ച് ആൻജിയോ പ്ലാസ്റ്റി ചെയ്തു. ഓപ്പറേഷന്റെയും മരുന്നുകളുടെയും ചിലവു നാട്ടുകാർ എടുത്തു. ഭക്ഷണം വാങ്ങാൻ പോലും നിവൃത്തിയില്ലാത്ത വിജയനും കുടുംബത്തിനും ഒരു ഓപ്പറേഷനെപ്പറ്റി ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല.

∙ ഒരു കൈ നീട്ടിയാൽ

ഓപ്പറേഷൻ കഴിഞ്ഞെങ്കിലും എണീറ്റു നടക്കാനോ ജോലി ചെയ്യാനോ വിജയനു കഴിയുന്നില്ല. വീട്ടു ചെലവിനു പോലും ഭാര്യയുടെ ചെറിയ വരുമാനം മതിയാകാതെ വരുമ്പോൾ തുടർ ചികിത്സയെയും മരുന്നുകളയും പറ്റി ചിന്തിക്കാൻ പോലുമാകുന്നില്ല ഈ കുടുംബനാഥന്. മൂന്നു സെന്റും ഒരു കൊച്ചു വീടും മാത്രമാണു വിജയന്റെ ആകെയുള്ള സമ്പാദ്യം. സുമനസുകൾ ഒരു കൈ നീട്ടിയാൽ രണ്ടു ബ്ലോക്കുകൾ കൂടി നീക്കം ചെയ്യാനായാൽ, സമയത്തു മരുന്നു കഴിച്ചാൽ ചിലപ്പോൾ വിജയന് എണീറ്റു നടക്കാനാകും. ജോലി ചെയ്യാനാകും. പല ദിവസങ്ങളിലും വിശന്നുതളർന്നുറങ്ങുന്ന കുഞ്ഞുങ്ങളുടെ വയറു നിറയുന്നത് കാണാനാകും. വിജയനെ സഹായിക്കാൻ താൽപര്യമുള്ളവർക്കായി എസ്ബിടി മുത്തോലി ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ - 67803437236
ഐഎഫ്എസ്‍സി കോഡ് – SBTR 0001186
ഫോൺ നമ്പർ- 8086535943  

Your Rating: