Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ വാഗ്ദാനങ്ങളെല്ലാം പാഴ്‌വാക്കായി; ഓർമ മരവിച്ച് ജീവിതം തള്ളിനീക്കി സമീർ

samir-2 സമീർ

ഹാൻഡ്ബോൾ താരമായിരുന്നു സമീർ. പക്ഷേ ഇന്നവന് സ്വയം കൈ പൊക്കാൻ പോലുമാവില്ല. വീടും ജോലിയുമുപേക്ഷിച്ച് അവനെ ശുശ്രൂഷിക്കുന്ന വാപ്പ സുബൈറിനെയും ഉമ്മ സജിതയെയും അവന് തിരിച്ചറിയാൻ കഴിയുന്നില്ല. ഒാടിനടന്നിരുന്ന അവൻ ഒാർമ മരവിച്ച് ആശുപത്രിക്കിടക്കയിൽ ജീവിതം തള്ളിനീക്കുകയാണ്.

കഴിഞ്ഞ നവംബറിലാണ് സമീർ എന്ന പതിനാലുകാരന്റെ ജീവിതത്തെയും സ്വപ്നങ്ങളെയും‌ം തകർത്ത ആ സംഭവം നടക്കുന്നത്. തേഞ്ഞിപ്പലം കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ ഹാൻഡ്ബോൾ മത്സരത്തിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു സമീറും കൂട്ടുകാരും. എടപ്പാളിൽ വച്ച് അവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു. കാറിലുണ്ടായിരുന്ന 11 പേരിൽ നാലുപേർ മരിച്ചു. സമീർ ഉൾപ്പടെ മൂന്നുപേർക്ക് ഗുരുതരമായി പരുക്കേറ്റു.

samir-1 സമീർ ആശുപത്രിക്കിടക്കയിൽ.

ശരീരമാസകലം ഒടിവുകളും ചതവുമായി അതീവഗുരുതരാവസ്ഥയിൽ സമീറിനെ ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുമാസത്തിനു ശേഷം വൈക്കത്തെ ആശുപത്രിയിലേക്കു മാറ്റി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സമീറിന് ഒാർമ പൂർണമായി നഷ്ടപ്പെട്ടിരുന്നു. കൈകാലുകൾ ചലിപ്പിക്കാനോ സംസാരിക്കാനോ കണ്ണു തുറന്ന് ചുറ്റും നോക്കാനോ അവനാവില്ല. തലയിൽ രക്തം കട്ട പിടിച്ചിരിക്കുന്നതാണ് കാരണം. കഴിഞ്ഞ ഏഴുമാസമായി ഉറക്കം പോലുമുപേക്ഷിച്ച് അവന്റെ വാപ്പയും ഉമ്മയും ഒപ്പമുണ്ട്.

സമീറിന്റെയും പരുക്കേറ്റ മറ്റു കുട്ടികളുടെയും ചികിത്സച്ചെലവ് പൂർണമായി സർക്കാർ വഹിക്കുമെന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഉറപ്പു കൊടുത്തതാണ്. ചികിത്സയ്ക്ക് ഇതുവരെ ആറുലക്ഷം രൂപ ചെലവായി. പക്ഷേ ആകെ കിട്ടിയത് 25,000 രൂപ മാത്രം. സർക്കാർ വാഗ്ദാനത്തിൽ വിശ്വസിച്ച് ആശുപത്രിബില്ലുകളുമായി സുബൈർ പല വാതിലിലും മുട്ടിയെങ്കിലും ഒന്നും തുറന്നില്ല.

samir-3

മാസങ്ങളായി ഒരു രാഷ്ട്രീയ നേതാവു പോലും തിരിഞ്ഞുനോക്കിയിട്ടില്ല ഇവരെ. കഴിഞ്ഞ ദിവസം ആശുപത്രിയിൽ മറ്റൊരു രോഗിയെ കാണാനെത്തിയ പി.സി.ജോർജ് സമീറിന്റെ കഥയറിഞ്ഞ് അവനെ കാണാനെത്തി. പിന്നാലെ ഉമ്മൻ ചാണ്ടിയും വന്നു. പക്ഷേ സർക്കാർ തലത്തിലോ ഉദ്യോഗസ്ഥതലത്തിലോ ആരും അവന്റെ കഥയറിഞ്ഞിട്ടില്ല. അതോ അറിഞ്ഞിട്ടും അനങ്ങാതിരിക്കുന്നതോ?

ഐലൻഡിൽ ചുമട്ടുതൊഴിലാളിയാണ് സമീറിന്റെ വാപ്പ സുബൈർ. സമീറിന് മൂത്ത സഹോദരനും അനുജത്തിയുമുണ്ട്. അവരെ ബന്ധുവീട്ടിൽ ഏൽപിച്ചാണ് വാപ്പയും ഉമ്മയും ആശുപത്രിയിൽ നിൽക്കുന്നത്. വീടു വയ്ക്കാൻ സ്വരുക്കൂട്ടിയതൊക്കെ ചികിത്സയ്ക്ക് ചിലവഴിച്ചു. ജോലിക്കു പോയിട്ട് മാസങ്ങളായി. ചികിത്സ പൂർത്തിയാക്കാൻ 15 ലക്ഷം രൂപയെങ്കിലും വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇനി ആകെയുള്ളത് മൂന്നുസെന്റ് സ്ഥലം മാത്രമാണ്. അതും വിൽക്കാൻ ഒരുങ്ങുകയാണ് സുബൈർ.

ഇൗ വേദനകൾക്കിടയിലും സുബൈറിന്റെയും സജിതയുടെയും മുഖത്ത് പുഞ്ചിരിയാണ്. കാരണം അവർ തന്നെ പറയും.‘സമീറിന് ഒാർമയില്ലെങ്കിലും ചുറ്റും നടക്കുന്നതൊക്കെ കാണാനാവും. അവൻ ഒരിക്കലും വിഷമിക്കരുത്. ‌ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കാമായിരുന്ന ഏറ്റവും വലിയ ദുരന്തമായിരുന്നു അവന്റെ അപകടം. അതിലും വലുതല്ല വീടും സമ്പാദ്യവും. അവനെ ജീവനോടെ കിട്ടിയല്ലോ. അതുതന്നെ വലിയ ആശ്വാസം. ഞങ്ങൾക്ക് ഉറപ്പുണ്ട്, ഞങ്ങളുടെ മകൻ പഴയതുപോലെ ആവും.’

അടുത്ത സ്കൂൾ‌ ഗെയിംസ് അടുക്കുന്നു. പക്ഷേ പന്ത് തട്ടാൻ സമീറില്ല. ഇത്തവണ അവന്റെ മത്സരം ജീവിതത്തോടാണ്. ആ മത്സരത്തിൽ പൂർണ പിന്തുണയുമായി അവന്റെ വാപ്പയും ഉമ്മയും ഒപ്പമുണ്ട്. പുണ്യമാസത്തിൽ വ്രതമെടുത്ത് തങ്ങളുടെ മകന്റെ തിരിച്ചു വരവിനായി അവർ നൊന്തുപ്രാർഥിക്കുകയാണ്.

അധികാരികളും സർക്കാർ സംവിധാനങ്ങളും കയ്യൊഴിഞ്ഞെങ്കിലും കരുണ വറ്റാത്ത കരങ്ങൾ നമുക്കുണ്ടല്ലോ. കൊടുക്കാനുള്ളത് എത്ര നിസ്സാരവുമാകട്ടെ, അത് സമീർ എന്ന പ്രതിഭയുടെ ജീവിതത്തിലേക്കുള്ള മടങ്ങിവരവിന് ഉൗർജം പകരുന്നതാവും. ദാനധർമത്തിന്റെ ഇൗ പുണ്യമാസത്തിൽ നിസ്ക്കാരപ്പായയിൽ മുട്ടിപ്പായി പ്രാർഥിക്കുമ്പോൾ സമീറിനെയും ഒാർക്കാം നമുക്ക്.

V M Subair
Phone Number: 9447864414
Account Number: 32223168929
IFC Code: SBIN0000826
Branch: State Bank Of India, Fort Cochin

Your Rating: