Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിറങ്ങൾ വറ്റിയ നിഴലുകളായി നിർമലയും കുടുംബവും

Nirmala

ചങ്ങനാശേരി∙ ജീവിതത്തിന്റെ അപ്രതീക്ഷിതമായ കരുനീക്കങ്ങളിൽ പകച്ചു നിൽക്കുകയാണ് ഒരു കുടുംബം. ചങ്ങനാശേരി പെരുന്നക്കടുത്തു പനച്ചിക്കാവിലെ കരിമാലിൽ വീടിനെ മൂടി ഇപ്പോൾ ആശങ്കകളുടെ നിഴൽപ്പാടുകൾ മാത്രമാണ്. കൊഴിഞ്ഞു പോയ നല്ല നാളുകളുടെ ഓർമകളുമായി നിർമലയുണ്ട് ഇവിടെ, കാൻസർ കവർന്നു ബാക്കിവച്ച ആരോഗ്യവുമായി. ഭാര്യയെ ശുശ്രൂഷിക്കുന്നതു ശാരീരികാവശതകളാൽ ജോലിക്കു പോലും പോകാൻ കഴിയാത്ത ഭർത്താവ് പി.പി. മോഹനൻ. അമ്മയെയും അച്ഛനെയും പരിചരിക്കുന്നതിനൊപ്പം കുടുംബം പുലർത്താൻ കൂടി കഷ്ടപ്പെടുന്നതു മക്കളായ അഭിലാഷും ആശയും അഞ്ജുവും.

49 കാരിയായ നിർമലയ്ക്കു കാൻസർ ബാധിക്കുന്നതു രണ്ടു വർഷം മുൻപാണ്. അതുവരെയുണ്ടായിരുന്ന കുടുംബതാളം തെറ്റിക്കുന്നതായി അതുമാറിയതു പെട്ടെന്ന്. ആശുപത്രികളിലേക്കും പരിശോധനാ കേന്ദ്രങ്ങളിലേക്കുമുള്ള നെഞ്ചിടിപ്പോടെയുള്ള യാത്രകളുടേതായിരുന്നു പിന്നീടുള്ള ദിനങ്ങൾ. ഇന്നും ഇതിനൊരു അവസാനമായിട്ടില്ല. കോശങ്ങളെ ബാധിക്കുന്ന കാൻസറാണു നിർമലയെ വലക്കുന്നതെന്നു ഡോക്ടർമാർ കണ്ടെത്തി.

കോട്ടയം മെഡിക്കൽ കോളജിലെ കാൻസർ വാർഡിൽ കീമോതെറാപ്പിക്കായി കാത്തിരിക്കുമ്പോൾ നിർമലയെ പ്രയാസപ്പെടുത്തുന്നത് ജീവിതം മുന്നോട്ടെങ്ങനെ നയിക്കുമെന്ന ആലോചനകളാണ്. കൂലിപ്പണി ചെയ്തു കുടുംബം പുലർത്തിയിരുന്ന മോഹനനെയും വിധി ആരോഗ്യപ്രശ്നങ്ങളിൽ തളച്ചപ്പോൾ ഇരുവർക്കുമുള്ള ചികിൽസയ്ക്കും മരുന്നുകൾക്കും പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണു മക്കൾ.

വഴികളെല്ലാം അടഞ്ഞുപോയ ജീവിതത്തിന്റെ നാൽക്കവലയിൽ നിന്ന് ഈ കുടുംബം സങ്കടപ്പെടുകയാണ്. നല്ല മനുഷ്യരുടെ നന്മകൾ തങ്ങളെ തേടിയെത്തും എന്ന പ്രതീക്ഷ മാത്രമേ ഇനിയിവർക്കുള്ളൂ. കാൻസർ വേദനകളിൽ നീറുന്ന നിർമലയും ഇരുളടഞ്ഞ ഭാവിയിൽ പ്രകാശം തിരയുന്ന കുടുംബവും നിങ്ങളെ പോലെ ഒരിക്കലും കാണാത്ത മുഖങ്ങളിലേക്കു നോക്കുകയാണ്.

നിര്‍മലയ്ക്കും കുടുംബത്തിനുമായി സഹായങ്ങൾ അയക്കാം

അക്കൗണ്ട് നമ്പർ – 40568100005047

ഐ.എഫ്.എസ്.സി. കോഡ് – KL0B0040568

കേരള ഗ്രാമീണ ബാങ്ക്

ചങ്ങാനാശ്ശേരി ശാഖ