Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് അശരണർക്ക് തണലേകിയ അരുൺ ഇന്ന് അവശനിലയിൽ

arun

പത്തനംതിട്ട ∙ ശബരിമല തീർഥാടന കാലത്ത് അപകടത്തിൽപ്പെട്ടു വരുന്നവർക്ക് സഹായവുമായി ജനറൽ ആശുപത്രി പരിസരത്ത് ഉണ്ടാകുമായിരുന്ന അരുൺ ഇപ്പോൾ ആശുപത്രിക്ക് അകത്തുണ്ട്; ഒന്നനങ്ങാൻ പോലും കഴിയാതെ. ഒരു നാടു മുഴുവൻ പ്രാർഥനയിലാണ്, അരുൺ ഒന്നെഴുന്നേറ്റിരിക്കാൻ. അരുൺ ചലനമറ്റു കിടക്കാൻ തു‍ടങ്ങിയിട്ട് അൻപതു ദിവസത്തോളമായി. ഒരു കുടുംബബത്തിന്റെ സ്വപ്നങ്ങൾ കൂടി ഇടയ്ക്കു വച്ചു നിർത്തിയാണ് ഈ ഇരുപത്തിയഞ്ചുകാരൻ ചികിൽസയിൽ കഴിയുന്നത്.

മൈലപ്രയിൽ ജൂലൈ 12ന് രാത്രിയിൽ ഓട്ടോ ഇടിച്ചതിനെത്തുടർന്ന് തലച്ചോറിനു സാരമായ ക്ഷതം സംഭവിച്ചതാണ് മലയാലപ്പുഴ ഐക്കരേത്ത് ശശീന്ദ്രൻ നായരുടെയും പരേതയായ പ്രസന്നയുടെയും മകൻ അരുണിന്. ബസിൽ ക്ലീനർ ആയി ജോലി നോക്കുകയായിരുന്ന അരുൺ ബസിറങ്ങി ഭക്ഷണം വാങ്ങാൻ പോകുമ്പോഴാണ് അപകടം. ഇവിടെ നിന്ന് ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാൽ അപ്പോൾത്തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ അന്നു രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയ ചെയ്തു. 10 ദിവസം വെന്റിലേറ്ററിലായിരുന്നു. തുടർന്ന് ക്രിറ്റിക്കൽ കെയർ യൂണിറ്റിലേക്കു മാറ്റി. ഒരു മാസം അവിടെ ചെലവഴിച്ചു. പിന്നീട് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു നാലു ദിവസം. ഇപ്പോൾ ജനറൽ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. ഓരോ രണ്ടാഴ്ചയിലും കോട്ടയം മെഡിക്കൽ കോളജിൽ പരിശോധനയ്ക്കു വിധേയനാക്കേണ്ടതുണ്ട്. തലയോട്ടിയുടെ ഭാഗം വയറിൽ വച്ചാണ് ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. ശരീരം ശോഷിച്ച് തീരെ മെലിഞ്ഞ അരുണിന്റെ കണ്ണുകൾ മാത്രമാണ് ചലിക്കുന്നത്. ഭക്ഷണം നൽകുന്നതെല്ലാം ട്യൂബ് വഴിയാണ്.

ശബരിമല സീസൺ കാലത്ത് സേവാഭാരതിയുടെ വൊളണ്ടിയർ ആയി ആശുപത്രിയിലുണ്ടാവാറുള്ള ആളാണ് അരുൺ. അതുകൊണ്ട് ആശുപത്രി ജീവനക്കാരിൽ പലർക്കും സുപരിചിതനാണ്. പക്ഷേ, ഇപ്പോൾ അടുത്തെത്തുന്ന ബന്ധുക്കളെ പോലും തിരിച്ചറിയുന്നുണ്ടോ എന്നു വ്യക്തമല്ല. ആറു മാസം കഴിഞ്ഞാലേ ചികിൽസ എത്രത്തോളം ഫലവത്താകുമെന്ന് പറയാനാവുള്ളൂ എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. അരുണിന്റെ ചികിൽസയ്ക്കായി സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് കേരള ഗ്രാമീൺ ബാങ്കിന്റെ മലയാലപ്പുഴ ശാഖയിൽ 40373101019962 നമ്പറായി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്എസ് സി കോഡ് –കെഎൽജിബി 0040373. ഫോൺ: 9497432183. 

Your Rating: