Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാരുണ്യത്തിന്റെ ജീവസ്പർശം തേടി റംല

ramla-cancer

കോട്ടയം∙ കാരുണ്യത്തിന്റെ ജീവസ്പർശം തേടുകയാണ് ഈ വീട്ടമ്മ. കാൻസർ രോഗത്തെ അതിജീവിക്കാനുള്ള ചികിത്സയെന്ന കടമ്പ സാമ്പത്തിക പ്രതിസന്ധിയിൽ തട്ടി ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ് കോട്ടയം പെരുമ്പായിക്കാട് കിഴക്കേമാക്കപ്പള്ളിൽ പി. ഇ. റംലയും (32) കുടുംബവും സാധാരണ മത്സ്യക്കച്ചവടക്കാരനായ നെഷിയും ഭാര്യ റംലയും കുഞ്ഞുമകളുമൊന്നിച്ച് ഉള്ള തുച്ഛമായ വരുമാനത്തിൽ ചെറിയ വാടകവീട്ടിൽ സന്തുഷ്ട കുടുംബമായി ജീവിച്ചു വരുമ്പോഴാണ് കാൻസർ രോഗം ഒരു നീരാളിയെപ്പോലെ എത്തുന്നത്.

സർക്കാരാശുപത്രികളിലും സ്വകാര്യാശുപത്രികളിലുമായി വർഷങ്ങൾ നടത്തിയ പരിശോധനകളും പലവിധ ചികിത്സകളും പാവപ്പെട്ട കുടുംബത്തിന് താങ്ങാൻ കഴിയുന്നതിനുമപ്പുറമായിരുന്നുവെങ്കിലും കടം വാങ്ങി ഇത്രയും നാൾ മുന്നോട്ടു പോയി.

എറണാകുളം ലൂർദ് ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. സി. എസ്. മധുവിന്റെ ചികിത്സയിലാണ് റംലയിപ്പോൾ. ഒരു ഓപ്പറേഷന് വിധേയയായ റംലക്ക് ഇനി കീമോതെറാപ്പിയുൾ പ്പെടെയുള്ള നീണ്ട തുടർചികിത്സ നടത്തണം. ഒരു തവണ കീമോ തെറാപ്പി നടത്താൻ 10,000ൽ അധികം രൂപ ചെലവാകും. ഒന്നാം ക്ലാസുകാരിയായ മകൾ ഫർസാനയുടെ സഹപാഠികളുടെയും ബന്ധുമിത്രാദികളുടെയും കാരുണ്യമാണ് ഇത്രയും നാൾ ജീവിതത്തെ എത്തിക്കാൻ കഴിഞ്ഞതെന്ന് റംല നന്ദിയോടെ ഓർമിക്കുന്നു.

ഇതിനിടെ ഹെ‍ർണിയയുടെ ഓപ്പറേഷന് രണ്ടു വട്ടം വിധേയയായത് കൂനിന്മേൽ കുരുവെന്ന പോലെ കടങ്ങളുടെ വ്യാപ്തി വർധിപ്പിച്ചു. മകളുടെ അപ്പൻഡിസൈറ്റിസ് ഓപ്പറേഷനും അടുത്തയിടെ മറ്റൊരാഘാതമായി ഈ നിർധന കുടുംബത്തിന്. അഞ്ചു വയസുകാരിയായ മകളും ഭർത്താവുമൊത്ത് ഇനിയുമേറെക്കാലം ജീവിക്കാനുള്ള ഈ യുവതിയുടെ ആഗ്രഹത്തിന് താങ്ങാവാൻ സമൂഹത്തിലെ സുമനസുകളുടെ കാരുണ്യത്തിന് മാത്രമേ കഴിയൂ.

ലക്ഷങ്ങൾ വരുന്ന തുടർചികിത്സാ ചെലവിന് പണം കണ്ടെത്താൻ കോട്ടയം നഗരസഭാ കൗൺസിലർ വി. ജി. ഉഷാകുമാരി, മുണ്ടകം ജുമാ മസ്ജിദ് ഇമാം അബ്ദുൽ കരീം എന്നിവരും ചേർന്ന് ചികിത്സാ സഹായനിധി രൂപികരിച്ചിട്ടുണ്ട്.

*ബാങ്ക് അക്കൗണ്ട് *

എസ്ബിടി കുമാരനല്ലൂർ ശാഖ,

അക്കൗണ്ട് നമ്പർ: 67158189748,

ഐഎഫ്എസ് കോഡ് – SBTR0000677.

ബന്ധപ്പെടാവുന്ന ഫോൺ– 9388233181.