Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതത്തിലേക്കു തിരികെയെത്താൻ റോസമ്മ സഹായം തേടുന്നു

rosamma

കൊച്ചി∙ ദുരിതങ്ങളിൽ നിന്നു ദുരിതങ്ങളിലേക്കു വീണു പോയ റോസമ്മ ജോസഫിനു ജീവിതത്തിലേക്കു തിരികെയെത്താൻ സാന്ത്വനത്തിന്റെ കൈത്താങ്ങു വേണം. കോട്ടയം അയർക്കുന്നം തോട്ടുപുറത്ത്താഴെ റോസമ്മ ജോസഫിന് (58) ഒന്നിനു പിറകെ ഒന്നായി അസുഖങ്ങൾ എത്തിക്കൊണ്ടിരിക്കുകയായിരുന്നു.

വർഷങ്ങൾക്കു മുൻപ് ആരംഭിച്ച പ്രമേഹ രോഗത്തെ തുടർന്ന് കണ്ണിന്റെ കാഴ്ച പൂർണമായും മങ്ങിയ അവസ്ഥയിലാണ്. ഇതിനിടെ തൈറോയിഡ് രോഗവുമെത്തി. അതി കഠിനമായ ശ്വാസം മുട്ടൽ കൊണ്ടാണ് അടുത്തിടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ഇവിടുത്തെ പരിശോധനയിൽ ഹൃദയത്തിന്റെ പമ്പിങ് കുറവാണെന്നു കണ്ടെത്തിയിരുന്നു. ഇതിനിടെ വൃക്കയുടെ പ്രവർത്തനവും തകരാറിലായി ഡയാലിസിസ് ആരംഭിക്കുകയും ചെയ്തു.

ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെ ഒരു ദിവസം വീണ് പരുക്കു പറ്റുകയും എഴുന്നേൽക്കാന്‍ വയ്യാത്ത വിധം കിടപ്പിലാവുകയും ചെയ്തു. എഴുന്നേൽക്കാൻ സാധിക്കാതെ കിടന്നു പോയതിനാൽ പുറത്ത് വലിയ വൃണം രൂപപ്പെടുകയും ചെയ്തു. ഈ അവസ്ഥയിലാണു എറണാകുളം ലിസി ആശുപത്രിയിലേക്കു റോസമ്മ ജോസഫിെന മാറ്റുന്നത്. ആശുപത്രിലെത്തിയ ശേഷം അവസ്ഥയിൽ കുറച്ചു മാറ്റം വന്നിട്ടുണ്ട്. ഒരു മകൻ വർഷങ്ങൾക്കു മുൻപു നാടു വിട്ടു പോയി. രണ്ടു പെൺ മക്കൾ മാത്രമാണ് ഇപ്പോൾ റോസമ്മയുടെ കാര്യം നോക്കാനുള്ളത്. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇവർക്ക് റോസമ്മയ്ക്കു വേണ്ടി വരുന്ന ചികിൽസാ തുക കണ്ടെത്താനാകുന്നില്ല.

ദിവസം വിവിധ അസുഖങ്ങൾക്കായി 1500 രൂപയുടെ മരുന്നാണ് ഇപ്പോൾ വേണ്ടി വരുന്നത്. ഇവർക്ക് സ്വന്തമായി വീടുമില്ല, വാടക വീട്ടിലാണു കഴിയുന്നത്. നാട്ടുകാരുടെയും ബന്ധുക്കളുടേയും സഹായം കൊണ്ടാണ് ഇതു വരെ ചികിൽസ മുന്നോട്ടു പോയത്. എന്നാൽ ഇനിയും മുന്നോട്ടുള്ള ചികിൽസ എങ്ങനെ നടത്തണമെന്നറിയാതെ കഷ്ടപ്പെടുകയാണു കുടുംബം.

അയർക്കുന്നം പഞ്ചായത്തംഗം ടി.കെ.അനീഷിന്റെ നേതൃത്വത്തിൽ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക് അയർക്കുന്നം ശാഖയിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 18800100025181. IFSC code: FDRL0001880. ഫോൺ: 9744788843.