Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജു രമേശ് പ്രതിപക്ഷവുമായി ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു: കെ. ബാബു

മികച്ച മലയാളസിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ 'ഐന്‍ സംവിധാനം ചെയ്ത സിദ്ധാര്‍ഥ ശിവയെക്കുറിച്ച് ജീവിതസഖി ആന്‍മേരി എബ്രഹാം എഴുതുന്നു.

എംജി സര്‍വകലാശാലാ സ്കൂള്‍ ഒാഫ് ലെറ്റേഴ്സില്‍ ഗവേഷകവിദ്യാര്‍ഥിയാണു സിദ്ധാര്‍ഥ. തിരുവല്ല മാര്‍ത്തോമാ കോളജില്‍ സഹപാഠികളായിരുന്നു സിദ്ധാര്‍ഥയും ആനും.

ഒരു സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലേക്കു നീങ്ങിയാല്‍, അല്ലെങ്കില്‍ മനസ്സിലിട്ട് ഒരു കഥയെ സിനിമയാക്കുന്ന സമയത്തു വെറുതേ ദേഷ്യപ്പെടുന്ന, ചെറിയകാര്യങ്ങള്‍പോലും വലിയ പ്രശ്നങ്ങളാക്കി മാറ്റുന്ന സംവിധായകരെക്കുറിച്ചു ഞാനും കേട്ടിട്ടുണ്ട്. പക്ഷേ, സിദ്ധാര്‍ഥ ശിവ എന്ന സംവിധായകന്‍ അങ്ങനെയൊരാളേ അല്ല. സിനിമയുടെ തിരക്കുകളിലേക്കു നീങ്ങിയാല്‍ പിന്നെ ഒാരോനിമിഷവും ആസ്വദിക്കും, 101 ശതമാനം കൂളായി കാര്യങ്ങള്‍ കൈകാര്യം ചെയ്യും.

ഒരു കഥ കിട്ടിയാല്‍പ്പിന്നെ സിനിമയില്‍ അതിനെ എങ്ങനെ അവതരിപ്പിക്കാമെന്ന ചിന്തയാണ്. ഒരാശയം മനസ്സില്‍ രൂപപ്പെടുമ്പോള്‍ എന്നോടു പറയാറുണ്ട്. ചിലപ്പോഴൊക്കെ കഥകേള്‍ക്കുമ്പോള്‍ ചെറിയ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കും, ചിലപ്പോള്‍ അവ പരിഗണിക്കുകയും ചെയ്യും.

തനിക്കെന്താണു വേണ്ടതെന്ന് അഭിനേതാക്കള്‍ക്കു ക്ഷമയോടെ, കൃത്യമായി പറഞ്ഞുകൊടുക്കും, സിദ്ധാര്‍ഥ. പിന്നെ അദ്ദേഹം ചെയ്യുന്നതും ബിഗ് ബജറ്റ് ചിത്രങ്ങളൊന്നുമല്ലല്ലോ. അതുകൊണ്ടുതന്നെ അത്രവലിയ ടെന്‍ഷനും ഉണ്ടാവാറില്ല. കോ-പ്രൊഡക്ഷന്‍ ഏറ്റെടുക്കുമ്പോള്‍ മാത്രമാണു ചിലപ്പോള്‍ ടെന്‍ഷന്‍ കാണാറുള്ളത്. അതും വളരെ അപൂര്‍വമായി. സിനിമ പൂര്‍ത്തിയായാല്‍ പിന്നെ ചില ജോലികള്‍ ഞാനേറ്റെടുക്കും. സിനിമകള്‍ ഫെസ്റ്റിവലുകളിലേക്കും മല്‍സരങ്ങളിലേക്കുമെല്ലാം അയയ്ക്കുന്നതു ഞാനാണ്.

101 ചോദ്യങ്ങള്‍, സഹീര്‍, ഐന്‍ - സിദ്ധുവിന്റെ സിനിമകളില്‍ എനിക്കു പ്രിയപ്പെട്ട ഒന്ന് തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ കുഴഞ്ഞുപോകും. ഒാരോ സിനിമയും എനിക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്. അഭിനേതാവോ സംവിധായനോ മികച്ചത് എന്നു ചോദിച്ചാല്‍ എന്റെ ഉത്തരം സംവിധായകനെന്നാണ്. കലാമൂല്യമേറെയുള്ളതാണ് സിദ്ധുവിന്റെ ചിത്രങ്ങളോരോന്നും. ഇവ കൈകാര്യംചെയ്യുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്നെയും അദ്ഭുതപ്പെടുത്താറുണ്ട്.

സര്‍ഗാത്മകമാണു സിദ്ധാര്‍ഥിന്റെ ചിന്തകള്‍. തിരുവല്ല മാര്‍ത്തോമ കോളജിലെ ഡിഗ്രി കാലം മുതല്‍ ആ ചിന്തകള്‍ക്കൊപ്പം ഞാനുണ്ട്. ഒരേ ക്ളാസിലാണു ഞങ്ങള്‍ പഠിച്ചത്. അക്കാലത്തെ സിനിമയാണു കക്ഷിയുടെ ജീവിതം. അന്നു ഞങ്ങള്‍ ഒരുമിച്ച് ഒരു ഹ്രസ്വചിത്രം ചെയ്തു. സിദ്ധാര്‍ഥ സംവിധായകന്‍, ഞാന്‍ അസോഷ്യേറ്റ് ഡയറക്ടര്‍, രണ്ടു വര്‍ഷം മുന്‍പായിരുന്നു വിവാഹം.

അര്‍ബുദത്തിന്റെ പിടിയില്‍നിന്നു തിരികെപ്പിടിച്ചതാണു സിദ്ധുവിന്റെ ജീവിതം. രോഗകാലത്തു പോലും അദ്ദേഹത്തിന്റെ ചിന്തകള്‍ ക്രിയാത്മകമായിരുന്നു. ആ മനോഭാവം പിന്നീടുള്ള ജീവിതത്തിനും സിനിമയ്ക്കും കരുത്തുപകര്‍ന്നു. അങ്ങനെ എപ്പോഴും മറ്റുള്ളവര്‍ക്ക് ഉൌര്‍ജമാകുന്ന വ്യക്തിയാണു സിദ്ധാര്‍ഥ. ഇന്നും അദ്ദേഹം കാന്‍സര്‍ രോഗികളെ കാണാനും അവരോടു സംസാരിക്കാനും അവര്‍ക്ക് ആശ്വാസം പകരാനും ശ്രമിക്കാറുണ്ട്. കാന്‍സര്‍ എന്നു കേട്ടതുമുതല്‍ ഭയന്നിരിക്കുന്ന രോഗികളോടു ജീവിതാനുഭവത്തിന്റെ വെളിച്ചത്തില്‍ സംസാരിക്കും. അവര്‍ക്കു ധൈര്യംനല്‍കും. സംശയങ്ങള്‍ക്കു മറുപടിനല്‍കും. കാന്‍സര്‍ രോഗികളുടെ യോഗങ്ങളില്‍ പങ്കെടുക്കും. വിഷമിച്ചിരിക്കുന്ന പല രോഗികള്‍ക്കും കരുത്തുപകരാന്‍ അദ്ദേഹത്തിനു കഴിയാറുണ്ട്.

ഇത്തരം ചില നന്‍മകള്‍ കൂടിയാണു സിദ്ധാര്‍ഥ എന്ന വ്യക്തി. ഇൌ നന്മയും ദൈവാനുഗ്രഹവുമാണ് അദ്ദേഹത്തിന്റെ സിനിമകളുടെയും അതിനു ലഭിക്കുന്ന അംഗീകാരങ്ങളുടെയും പിന്നില്‍.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer