Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സച്ചിൻ എത്തി; മഞ്ഞപ്പട നിരന്നു

oommen-chandy-sachu ഒപ്പമുണ്ട്; കേരളം: തിരുവനന്തപുരത്ത് ഇന്ത്യൻ സൂപ്പർ ലീഗിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപനച്ചടങ്ങിൽ ടീം ഉടമ സച്ചിൻ തെൻഡുൽക്കറും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും. പിറകിലെ പ്രതിമയി‍ൽ സച്ചിൻ ഒപ്പിട്ട ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയും കാണാം. ചിത്രം: മനോരമ

തിരുവനന്തപുരം∙ മലയാളത്തിന്റെ നിറംതന്നെ മഞ്ഞയാണെന്നു തോന്നിപ്പിച്ച് സച്ചിൻ തെൻഡുൽക്കറും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചേർന്നു കേരളത്തിന്റെ സ്വന്തം ഫുട്ബോൾ ടീമിനെ അവതരിപ്പിച്ചു. മഞ്ഞ ജഴ്സിയണിഞ്ഞ്, കേരള ബ്ലാസ്റ്റേഴ്സിന്റെ 24 താരങ്ങളും പരിശീലകരും പിന്നണിക്കാരും, ഇളംമഞ്ഞ ലിനൻ ഷർട്ടും ജീൻസും അണിഞ്ഞെത്തിയ സച്ചിൻ തെൻ‍ഡുൽക്കർ എന്ന പ്രതിഭയ്ക്കൊപ്പം ചേർന്നുനിന്നു.

അപ്പോൾ സച്ചിൻ പറഞ്ഞു: ഈ ടീം ഓരോ മലയാളിയുടെയും ഹൃദയം കീഴടക്കും. ഇന്ത്യയുടെ ഏതു ഗ്രൗണ്ടിൽ കളിച്ചാലും ഇവർ ഗ്യാലറികളിലേക്കു കൂട്ടംകൂട്ടമായി ആരാധകരെ എത്തിക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും അതു തലകുലുക്കി അംഗീകരിച്ചു.

ഹീറോ ഇന്ത്യൻ സൂപ്പ‍ർ ലീഗ് രണ്ടാം എഡിഷനിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പൂർണമായും മാധ്യമങ്ങൾക്കും ആരാധകർക്കും മുന്നിൽ അവതരിപ്പിക്കപ്പെടുകയായിരുന്നു ഇന്നലെ. ചടങ്ങിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഉടമ സച്ചിൻ തെൻഡുൽക്കർ തന്നെ മുംബൈയിൽ നിന്നു പറന്നെത്തി. ഉച്ചയ്ക്കു 12.30നു താജ് വിവാന്തയിൽ എത്തിയ സച്ചിൻ ചടങ്ങുകൾ പൂർത്തിയാക്കി രണ്ടേകാലോടെ മടങ്ങുകയും ചെയ്തു.

sp-blastersss-4-col

വർണാഭമായ നിമിഷങ്ങൾ സമ്മാനിച്ചാണു ടീമിന്റെ ഈ വർഷത്തെ സ്പോൺസറെ സച്ചിൻ പ്രഖ്യാപിച്ചത്. ആദ്യ എഡിഷനിലെ പോലെ ഇത്തവണയും ടീമിനൊപ്പം നിന്ന മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനു നന്ദി പറഞ്ഞായിരുന്നു സച്ചിന്റെ തുടക്കം. റിമോട്ട് കൺട്രോളിൽ സച്ചിന്റെ വിരലുകൾ അമർന്നപ്പോൾ സ്റ്റേജിന്റെ പിന്നാമ്പുറത്തെ കർട്ടൻ ഇരുവശങ്ങളിലേക്കും നീങ്ങി.

അവിടെ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജഴ്സിയണിഞ്ഞ് ഒരു ശിൽപം. ആഘോഷപ്പൂത്തിരികൾ കത്തുന്നതിനിടെ സച്ചിൻ ആ മഞ്ഞ ജഴ്സിയി‍ൽ തന്റെ കയ്യൊപ്പു ചാർത്തി; ഉടമയുടെ കയ്യൊപ്പ്. കേരളത്തിന്റെ സ്വന്തം സച്ചിന്റെ കയ്യൊപ്പ്. പിന്നീടു ടീം ജഴ്സി സച്ചിൻ തന്നെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും തോമസ് ജോർജ് മുത്തൂറ്റിനും കൈമാറി.

ഹ്രസ്വമായ പ്രസംഗങ്ങൾക്കു ശേഷം ടീം അംഗങ്ങളെ ഓരോരുത്തരെയായി വേദിയിൽ പരിചയപ്പെടുത്തി. പിന്നെ എല്ലാവരും അണിനിരന്ന് ഉടമയ്ക്കും മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കുമൊപ്പം ഒരു ഫോട്ടോ സെഷൻ. രണ്ടു മണിക്കൂർ നീണ്ട ചടങ്ങുകൾക്കു ശേഷം സച്ചിന്റെ വാഹനവ്യൂഹം വിമാനത്താവളത്തിലേക്കു മടങ്ങി.

ബ്ലാസ്റ്റേഴ്സ് ടീം

sp-blasters-6-col തിരുവനന്തപുരത്ത് ഇന്ത്യൻ സൂപ്പർ ലീഗിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപനച്ചടങ്ങിൽ ഉടമ സച്ചിൻ ടെൻഡുൽക്കർ, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി തിരുവഞ്ചൂര‍്‍ രാധാകൃഷ്ണൻ, മുത്തൂറ്റ് ഡയറക്ടർമാരായ തോമസ് മുത്തൂറ്റ് ജോൺ, തോമസ് മുത്തൂറ്റ് എന്നിവരോടൊപ്പം ടീമംഗങ്ങൾ ഫോട്ടോയ്ക്കായി നിന്നപ്പോൾ.

ഗോൾ കീപ്പർമാർ: സ്റ്റീഫൻ ബൈവാട്ടർ, സന്ദീപ് നന്ദി, ഷിൽട്ടൺ പോൾ. ഡിഫൻഡർമാർ: കാർലോസ് മർച്ചേന, പീറ്റർ റമേജ്, മാർക്കസ് വില്യംസ്, ഗുർവീന്ദർ സിങ്, രമൺദീപ് സിങ്, സന്ദേഷ് ജിങ്കാൻ, സൗമിക് ദേ, ബ്രൂണോ പെറോൺ. മിഡ്ഫീൽഡർമാർ: മെഹ്താബ് ഹുസൈൻ, വിക്ടർ ഹെരേക്കോ ഫൊർക്കാഡ, ജൊവാവോ കൊയീമ്പ്ര, കവിൻ ലോബോ, പീറ്റർ കർവാലോ, ശങ്കർ സംപിംഗിരാജ്, ജോസു കുറേറ്റ് പ്രീറ്റോ.

സ്ട്രൈക്കർമാർ: മുഹമ്മദ് റാഫി, സി.കെ. വിനീത്, ക്രിസ് ഡാഗ്നൽ, അന്റോണിയോ തിമോത്തി ജർമൻ, സാഞ്ചെസ് വാട്ട്, മനൻദീപ് സിങ്. ഹെഡ് കോച്ച്: പീറ്റർ ടെയ്‍‌ലർ, കോച്ച്: ട്രെവർ മോർഗൻ, അസിസ്റ്റന്റ് കോച്ച്: ഇഷ്ഫാഖ് അഹമ്മദ്.

ഇവരുടെ മികവിൽ പൂർണവിശ്വാസം: സച്ചിൻ

തിരുവനന്തപുരം ∙ കേരള ബ്ലാസ്റ്റേഴ്സ് ഹൃദയങ്ങൾ കീഴടക്കുമെന്നു സച്ചിൻ തെൻഡുൽക്കർ പറഞ്ഞു. ‘ഇന്ത്യയിലെ ഏതു സ്റ്റേഡിയത്തിന്റെയും ഗ്യാലറികൾ നിറയ്ക്കാൻ ഈ ടീമിനു കഴിയും. പരമാവധി പോരാടും.’– ബ്ലാസ്റ്റേഴ്സ് ഉടമ കൂടിയായ സച്ചിൻ പറഞ്ഞു.

ഐഎസ്എൽ ആദ്യ സീസൺ തുടങ്ങുമ്പോൾ, ഈ ടൂർണമെന്റ് എന്താണ് ആരാധകർക്കായി കരുതി വച്ചിരിക്കുന്നതെന്ന് ആർക്കും അറിയില്ലായിരുന്നു. ബ്ലാസ്റ്റേഴ്സിന്റേതും മോശം തുടക്കമായിരുന്നു. പക്ഷേ, പതിയെ ടീം താളം കണ്ടെത്തി. ആദ്യ ഘട്ടത്തിൽ അവർ വിഷമിച്ചപ്പോൾ ഞാൻ ഒന്നേ പറഞ്ഞുള്ളൂ: എതിരാളികളെ മാത്രമല്ല, ഗാലറിയിലെ ആരാധക ഹൃദയങ്ങളെയും നിങ്ങൾക്കു കീഴടക്കാൻ കഴിയും. ടീം അക്ഷരം പ്രതി അത് അനുസരിച്ചു.

ആരാധകരുടെ ആവേശത്തിനൊപ്പം എതിരാളികളെയും കീഴടക്കാൻ പിന്നീടു ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. ഈ ടീമിനെ പിന്തുണയ്ക്കാനാണ് എനിക്കു താൽപര്യം. കൂട്ടായ്മ തന്നെയാണു ടീമിന്റെ ശക്തി. ചിന്തകൾ കാലുകളിലേക്കു പ്രവഹിക്കാൻ തുടങ്ങിയാൽ വിജയം പിന്നാലെ വന്നുകൊള്ളും.

ബ്ളാസ്റ്റേഴ്സിന് എല്ലാ പിന്തുണയും നൽകുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, സ്പോൺസർമാരായ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്, സുരക്ഷയൊരുക്കിയ സിഐഎസ്എഫ്, കേരള പൊലീസ്, പരിശീലനത്തിനു സൗകര്യം നൽകിയ ഐഎൽ ആൻഡ് എഫ്എസ്, കേരള ഫുട്ബോൾ അസോസിയേഷൻ എന്നിവർക്കും നന്ദി അറിയിക്കുന്നു: സച്ചിൻ പറഞ്ഞു.