Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോൺ വാരിയേഴ്സിന് രണ്ടാം ജയം; പരമ്പര

Sachin's-Blasters

ഹൂസ്റ്റൺ∙ സച്ചിൻ ബ്ലാസ്റ്റേഴ്സ് ബോളർമാരെ അടിച്ചുനിരത്തി വൻ സ്കോർ നേടിയ വോൺ വാരിയേഴ്സിനു രണ്ടാം ട്വന്റി20 മൽസരത്തിലും ഉജ്വല വിജയം. 57 റൺസ് ജയത്തോടെ അവർ 2–0നു പരമ്പര സ്വന്തമാക്കി. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനു വിട്ട സച്ചിന്റെ തന്ത്രം പാളിയപ്പോൾ 30 പന്തുകളിൽ 70 റൺസുമായി കുമാർ സംഗക്കാരയും 23 പന്തുകളിൽ 45 റൺസോടെ ജാക് കാലിസും 16 പന്തുകളിൽ 41 റൺസുമായി റിക്കി പോണ്ടിങ്ങും കത്തിക്കയറി. നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റിന് 262 റൺസ് വോണിന്റെ ടീം കുറിച്ചു.

ബേസ്ബോൾ സ്റ്റേഡിയത്തിൽ താൽക്കാലികമായി തയാറാക്കിയ ക്രിക്കറ്റ് പിച്ചിൽ സച്ചിൻ (20 പന്തുകളിൽ 33 റൺസ്), വീരേന്ദർ സേവാഗ് (എട്ടു പന്തുകളിൽ 16), ഷോൺ പൊള്ളോക്ക് (22 പന്തുകളിൽ 55), ബ്രയാൻ ലാറ (21 പന്തുകളിൽ 19), ഗാംഗുലി (12 പന്തുകളിൽ 12) എന്നിവർ തിരിച്ചടിക്കു ശ്രമിച്ചെങ്കിലും എട്ടു വിക്കറ്റ് നഷ്ടത്തിൽ 208 റൺസിൽ പോരാട്ടം അവസാനിച്ചു. പരമ്പരയിലെ അവസാന മൽസരം ശനിയാഴ്ച ലൊസാഞ്ചൽസിൽ നടക്കും.

എക്സിബിഷൻ മൽസരമായിരുന്നെങ്കിലും ക്രിക്കറ്റിലെ വൻതാരങ്ങളുടെ മികവ് പ്രതിഫലിച്ചു നിന്ന പ്രകടനമാണു ടീമുകൾ കാഴ്ചവച്ചത്. സച്ചിൻ – സേവാഗ് സ്വപ്നജോടി ക്രീസിലെത്തിയപ്പോൾ ആദ്യ ഓവർ എറിഞ്ഞത് വസിം അക്രം. ആദ്യ പന്തു തന്നെ സ്വിങ് ചെയ്യിച്ച അക്രം പ്രായം മികവിനെ കീഴ്പ്പെടുത്തിയിട്ടില്ലെന്നു തെളിയിച്ചു. ഓവറിലെ അവസാന പന്ത് സ്ക്വയർ ലെഗിലൂടെ സിക്സറിനു പായിച്ച സേവാഗ് അടുത്ത ഓവറിൽ അഗാർക്കറിനെതിരെയും സിക്സർ നേടി.

അഗാർക്കറിന്റെ പന്തിൽത്തന്നെ സേവാഗ് പുറത്തായി. അടുത്തതു സച്ചിന്റെ ഊഴമായിരുന്നു. സച്ചിൻ മൂന്നു ബൗണ്ടറിയും രണ്ടു സിക്സറും നേടി. സഖ്‌ലെയ്ന്റെ പന്തിൽ സച്ചിൻ പുറത്തായി. പരമ്പരയിൽ ആദ്യമായി കളിച്ച ഗാംഗുലി തുടക്കത്തിൽ പതറി. വൻതാരങ്ങളെല്ലാം കളിക്കളത്തിലുണ്ടായിരുന്നെങ്കിലും 28,000 കാണികളിൽ ഭൂരിഭാഗവും ഇന്ത്യക്കാർ നിറഞ്ഞ ഗാലറി സച്ചിൻ, സേവാഗ്, ഗാംഗുലി എന്നിവരുടെ പ്രകടനത്തിനായിരുന്നു കാത്തിരുന്നത്. കാണികളുടെ നിറഞ്ഞ സാന്നിധ്യത്തിന് സച്ചിനും വോണും നന്ദി പറഞ്ഞു. സംഗക്കാരയാണു മാൻ ഓഫ് ദ് മാച്ച്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.