Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷ വധം: അമീർ മാത്രം പ്രതിയായി കുറ്റപത്രം; കൊലപാതക കാരണം അമീറിന്റെ അതിരുവിട്ട ശാരീരിക താൽപര്യം

jisha-murder-4

കൊച്ചി ∙ പെരുമ്പാവൂർ കുറുപ്പംപടി ജിഷ വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. പ്രതി അസം സ്വദേശി അമീറുൽ ഇസ്‌ലാം മാത്രം. കേസിൽ ദൃക്സാക്ഷികൾ ഇല്ല. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും അതിശക്തമെന്ന് അന്വേഷണ സംഘത്തെ നയിച്ച ആലുവ റൂറൽ എസ്പി പി.എൻ. ഉണ്ണിരാജൻ പറഞ്ഞു. ലൈംഗിക കാര്യങ്ങളിൽ അപകടകരമായ സ്വഭാവ വൈകൃതങ്ങളുള്ള പ്രതിയുടെ വഴിവിട്ട താൽപര്യത്തിനു ജിഷ വഴങ്ങാതിരുന്നതിലുള്ള കടുത്ത വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നു അന്വേഷണ സംഘം പറയുന്നു.

കുറ്റകൃത്യത്തിൽ പ്രതി അമീറിനല്ലാതെ മറ്റൊരാൾക്കു പങ്കുള്ളത്തിന്റെ തെളിവുകൾ കണ്ടെത്തിയിട്ടില്ല. കൊലയ്ക്കു പ്രേരിപ്പിച്ചതു സുഹൃത്ത് അനറുൽ ഇസ്‌ലാമാണെന്നു പിടിക്കപ്പെട്ട ശേഷം അമീർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇങ്ങനെയൊരു സുഹൃത്ത് അമീറിനില്ലെന്ന നിലപാടാണു പൊലീസ് സ്വീകരിച്ചിട്ടുള്ളത്. കേസിൽ 195 സാക്ഷികളുണ്ട്. 125 രേഖകളും 75 തൊണ്ടിസാധനങ്ങളും അടങ്ങുന്ന പട്ടിക കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചു.

527 പേജുകളുള്ള കുറ്റപത്രം എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു. ജഡ്ജി അവധിയായതിനാൽ പരിശോധന പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുറ്റപത്രത്തിലെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തു വിട്ടില്ല. പ്രതി അമീർ അറസ്റ്റിലായി 90 ദിവസം പൂർത്തിയായതിനു ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായിരുന്ന ഇന്നലെ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ നിയമപ്രകാരം പ്രതിക്കു സോപാധിക ജാമ്യം ലഭിക്കാൻ അവസരം ഒരുങ്ങുമായിരുന്നു.

ഇത് ഒഴിവാക്കാനാണു ജഡ്ജിയുടെ അഭാവത്തിലും കുറ്റപത്രം സമർപ്പിച്ചത്. കൊലക്കുറ്റത്തിനു പുറമെ, കൊല ചെയ്യാനുള്ള ഉദ്ദേശത്തോടെ വീട്ടിൽ അതിക്രമിച്ചു കയറി ഗുരുതരമായി മുറിവേൽപ്പിക്കുക, തടഞ്ഞുവയ്ക്കുക, മാനഭംഗപ്പെടുത്തുക, സ്വകാര്യഭാഗത്ത് ആയുധംകൊണ്ടു മുറിപ്പെടുത്തുക, തെളിവു നശിപ്പിക്കുക എന്നിവയും ദലിത് പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതി കൊലനടത്താൻ ഉപയോഗിച്ച കത്തി ശാസ്ത്രീയമായ തെളിവുകളോടെ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ജിഷയുടെ രക്തകോശങ്ങളും കത്തിപ്പിടിയുടെ ഉള്ളിൽ കണ്ടെത്തി.

കൊലനടത്തുമ്പോൾ പ്രതി അമീർ ധരിച്ചിരുന്ന മഞ്ഞവസ്ത്രം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് എസ്പി ഉണ്ണിരാജൻ പറഞ്ഞു. കൊലപാതകത്തിനു ശേഷം അസമിലേക്കു പോയ അമീർ ട്രെയിൻ യാത്രയ്ക്കിടയിൽ എവിടയൊ ഈ വസ്ത്രം ഉപേക്ഷിച്ചു. അതെവിടെയാണെന്നു പ്രതിക്കും വ്യക്തമായി അറിയില്ല. കൊലപാതകത്തിനു മുൻപുള്ള ദിവസങ്ങളിൽ പ്രതി അമീർ ആടിനെയും പശുവിനെയും പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്ന കേസിൽ പൊലീസ് പിന്നീടു കുറ്റപത്രം സമർപ്പിക്കും. കൊലപാതക കാരണം അമീറിന്റെ അതിരുവിട്ട ശാരീരിക താൽപര്യം ജിഷ വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇപ്പോൾ പറയുന്നത്:

∙ കൊലയ്ക്കു കാരണം പ്രതിക്കു ജിഷയോടു ശാരീരികമായി തോന്നിയ അഭിനിവേശം, ജിഷ ആരാണെന്നോ ജീവിത പശ്ചാത്തലം എന്തെന്നൊ പേരെന്തെന്നൊ പ്രതിക്ക് അറിവുണ്ടായിരുന്നില്ല.

∙ കൊലയാളിയുടെ പല്ലുകൾക്കിടയിൽ വിടവുള്ളതായി ഫൊറൻസിക് റിപ്പോർട്ടിൽ പറയുന്നില്ല.

∙ ജിഷയുടെ വീടിനുള്ളിൽ കണ്ടെത്തിയ അജ്‍ഞാത വിരലടയാളം ഏറെ കാലത്തെ പഴക്കമുള്ളത്, കൊല നടന്ന ഏപ്രിൽ 28നും വളരെ മുൻപു വീടു സന്ദർശിച്ച ആരുടെയോ വിരലടയാളമാണിത്.

∙ കൊലപാതകത്തിനു പ്രേരണ നൽകിയതായി പറയുന്ന അനറുൽ ഇസ്‌ലാം എന്നൊരു സുഹൃത്ത് പ്രതി അമീറിനില്ല.

∙ കൊല്ലപ്പെടുന്നതിനു തൊട്ടുമുൻപു ജിഷ പറഞ്ഞതായി പ്രചരിച്ച ‘ഇതാണു ഞാൻ ആരെയും വിശ്വസിക്കാത്തത്’ എന്ന വാചകം ശരിവയ്ക്കുന്ന വ്യക്തമായ സാക്ഷിമൊഴികൾ ഇല്ല.

∙ കൊലപാതകത്തിനു ശേഷം പെരുമ്പാവൂർ വിട്ടുപോകാൻ അമീറിനെ സഹായിച്ച സഹോദരനു കൊലപാതകത്തെപ്പറ്റി അപ്പോൾ അറിവില്ലായിരുന്നു.

∙ കൊലപാതകത്തിനു മുൻപു ജിഷയുമായി പ്രതി അമീറിന് ഒരു തരത്തിലുള്ള അടുപ്പവും ഉണ്ടായിരുന്നില്ല.

∙ കേസന്വേഷിച്ച ആദ്യ പൊലീസ് സംഘം ബോധപൂർവമുള്ള വീഴ്ചകൾ വരുത്തിയിട്ടില്ല.

∙ ജിഷ താമസിച്ചിരുന്ന വട്ടോളിപ്പടിയിലെ കനാലിൽ സ്ത്രീകളുടെ കുളിക്കടവിലെത്തിയ അമീറിനെ ഒരു സ്ത്രീ ചെരുപ്പൂരി അടിച്ചെന്നതിനും തെളിവില്ല.

Your Rating: