Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ് പരിശീലനം കഴിഞ്ഞ മലയാളി ഭീകരൻ അറസ്റ്റിൽ

01-CHN-terror-3col ഐഎസ് ക്യാംപിൽ നിന്ന് മടങ്ങി നാട്ടിലെത്തിയ സുബഹാനി ഹാജി മൊയ്തീനെ കൊച്ചിയിലെ എൻഐഎ കോടതിയിൽ കൊണ്ടുവന്നപ്പോൾ

കൊച്ചി ∙ രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന്റെ വിദേശ ക്യാംപുകളിൽ ആയുധപരിശീലനം പൂർത്തിയാക്കി നാട്ടിൽ മടങ്ങിയെത്തിയ തൊടുപുഴ സ്വദേശി മാളിയേക്കൽ സുബഹാനി ഹാജ മൊയ്തീനെ (31) ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുനൽവേലി കടയനല്ലൂരാണ് ഇയാൾ ഏറെക്കാലമായി താമസിച്ചിരുന്നത്. വസ്ത്രവ്യാപാരത്തിനായി തമിഴ്നാട്ടിൽ നിന്നു തൊടുപുഴയിൽ കുടിയേറിയ കുടുംബത്തിലെ അംഗമാണു സുബഹാനി.

രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ തമിഴ്നാട്ടിലെ വീടും പരിസരവും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധിച്ചിരുന്നു. കൊച്ചിയിലെ എൻഐഎ ഓഫിസിലെത്തിച്ച സുബഹാനിയെ വിശദമായി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക കോടതിയിൽ ഹാജരാക്കിയത്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനെന്നു ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചാണു 2015 ഏപ്രിൽ എട്ടിനു സുബഹാനി സന്ദർശക വീസയിൽ തുർക്കിയിലെത്തിയത്.

അവിടെ നിന്നു കരമാർഗം ഇറാഖിലെത്തി. സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ഐഎസ് ക്യാംപുകളിൽ തീവ്രപരിശീലനത്തിനു ശേഷം 2015 സെപ്റ്റംബർ 22നു മുംബൈയിൽ മടങ്ങിയെത്തി. ഒരു വർഷമായി ഇന്ത്യയിലെ ഐഎസിന്റെ രഹസ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ പ്രധാനിയാണു സുബഹാനിയെന്നു സംശയിക്കുന്നു.

ഇറാഖിലെ മൊസൂളിൽ ഐഎസ് മേഖലകളിൽ അവർക്കുവേണ്ടി പ്രവർത്തിച്ചു. പരിശീലനകാലത്തു മാസം 100 യുഎസ് ഡോളർ വീതം (6500 രൂപ) വേതനം ലഭിച്ചിരുന്നതായും ഇയാൾ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഒപ്പമാണു ക്ലാസുകളിലും ആയുധപരിശീലനത്തിലും പങ്കെടുത്തത്. ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം തിരുനൽവേലിയിലാണു സുബഹാനി താമസിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇയാളുടെ രഹസ്യ ബാങ്ക് അക്കൗണ്ടുകളിൽ വിദേശത്തുനിന്നു പണമെത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഒരു വർഷത്തിനിടയിലെ ഇയാളുടെ നീക്കങ്ങളുടെ വിശദാംശങ്ങൾ കണ്ടെത്താനാണ് എൻഐഎയുടെ ശ്രമം. ഇതിനായി ഈ മാസം 14 വരെ പ്രത്യേക കോടതി സുബഹാനിയെ അന്വേഷണ സംഘത്തിനു കസ്റ്റഡിയിൽ നൽകി. എൻഐഎയ്ക്കു വേണ്ടി പ്രോസിക്യൂട്ടർ അർജുൻ അമ്പലപ്പറ്റ ഹാജരായി. ഐഎസ് ക്യാംപ് ഉപേക്ഷിച്ചു നാട്ടിൽ മടങ്ങിയെത്താനുള്ള കാരണമായി സുബഹാനി ആദ്യഘട്ട ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ വിശ്വാസയോഗ്യമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൊസൂളിലെ പോർമുഖത്തു സുഹൃത്തുക്കളായ രണ്ട് ഐഎസുകാർ സൈന്യത്തിന്റെ ഷെൽ ആക്രമണത്തിൽ കൺമുന്നിൽ കരിഞ്ഞുവീഴുന്നതു കണ്ടതോടെ ഭയപ്പെട്ടു ക്യാംപ് വിട്ടുപോന്നതായാണു സുബഹാനിയുടെ വെളിപ്പെടുത്തൽ.

സമൂഹമാധ്യമങ്ങളിലെ ചില രഹസ്യ ഗ്രൂപ്പുകൾ വഴിയാണ് ഐഎസിൽ ചേർന്നതെന്നും ഇയാൾ വെളിപ്പെടുത്തി. മറ്റ് അഞ്ചു വിദേശികൾക്കൊപ്പം ഐഎസിലെ മേലധികാരികൾ തുർക്കിയിലെ ഇസ്തംബുളിൽ തന്നെ ഉപേക്ഷിച്ചതായാണ് ഇയാളുടെ മൊഴി. രണ്ടാഴ്ച അവിടെ തങ്ങിയശേഷം ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചു നാട്ടിലേക്കു മടങ്ങിയെന്നും മൊഴിനൽകി.

ശിവകാശിയിൽ തങ്ങിയത് സ്ഫോടക വസ്തുക്കൾ ശേഖരിക്കാൻ

കൊച്ചി ∙ വിദേശത്തെ ഐഎസ് ക്യാംപിലെ പരിശീലനത്തിനുശേഷം സുബഹാനി തമിഴ്നാട്ടിൽ തങ്ങിയതു ശിവകാശിയിൽ നിന്നു സ്ഫോടക വസ്തുക്കൾ ശേഖരിക്കാനെന്ന് എൻഐഎയുടെ നിഗമനം. ഭീകരപ്രവർത്തനത്തിനുള്ള പണവും ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിക്കാൻ ചെന്നൈയിലും കോയമ്പത്തൂരിലും എത്തിയതിനു തെളിവുണ്ടെന്നും ഓരോ നീക്കവും ഐഎസിന്റെ നിർദേശപ്രകാരമെന്നും എൻഐഎ പറയുന്നു.

കേരളത്തിൽനിന്നു സമീപകാലത്ത് ഐഎസ് മേഖലയിലേക്കു പോയെന്നു കരുതുന്ന മറ്റു മലയാളി യുവതീയുവാക്കളെ കണ്ടെത്താനുള്ള വിവരങ്ങൾ സുബഹാനിയിൽ നിന്നു ലഭിക്കുമെന്നാണ് എൻഐഎയുടെ പ്രതീക്ഷ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.