Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗമ്യയുടെ മരണത്തിന് കാരണക്കാരൻ ഗോവിന്ദച്ചാമി; ചാടിയതാണോ എന്നതല്ല വിഷയം: സർക്കാർ

govindachami-soumya-murder

ന്യൂഡൽഹി ∙ സൗമ്യ ട്രെയിനിൽനിന്നു ചാടിയതാണെങ്കിൽതന്നെ അതിനു കാരണക്കാരൻ ഗോവിന്ദച്ചാമിയാണെന്ന് സുപ്രീം കോടതിയിൽ നൽകിയ പുനഃപരിശോധനാ ഹർജിയിൽ സംസ്‌ഥാന സർക്കാർ വ്യക്‌തമാക്കി. ഗോവിന്ദച്ചാമിക്കെതിരെ കൊലക്കറ്റവും അതിനു കീഴ്‌ക്കോടതികൾ നൽകിയ വധശിക്ഷയും പുനഃസ്‌ഥാപിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

കേസ് തുറന്ന കോടതിയിൽ പരിഗണിച്ച് വാദത്തിന് അവസരം നൽകണമെന്നും സർക്കാരിനുവേണ്ടി ആഭ്യന്തര വകുപ്പു സെക്രട്ടറി, സ്‌റ്റാൻഡിങ് കൗൺസൽ നിഷേ രാജൻ ശങ്കർ മുഖേന നൽകിയ ഹർജിയിൽ വ്യക്‌തമാക്കിയിട്ടുണ്ട്. അറ്റോർണി ജനറൽ മുകുൾ റോഹത്‌ഗിയുടെ നേതൃത്വത്തിലാണ് ഹർജി തയാറാക്കിയത്.

അദ്ദേഹം കേസിൽ ഹാജരാകുമെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. സൗമ്യയുടെ അമ്മ സുമതി ഗണേശ് കഴിഞ്ഞ ദിവസം പുനഃപരിശോധനാ ഹർജി നൽകിയിരുന്നു. സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയിട്ടെന്നായിരുന്നു വിചാരണക്കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രോസിക്യൂഷന്റെ നിലപാട്.

എന്നാൽ, സൗമ്യ ചാടി രക്ഷപ്പെടുന്നതായി കണ്ടെന്ന് ഒരു മധ്യവയസ്‌കൻ പറഞ്ഞതായി ടോമി ദേവസി (നാലാം സാക്ഷി), അബ്‌ദുൽ ഷുക്കൂർ (40–ാം സാക്ഷി) എന്നിവർ നൽകിയ മൊഴിയും പ്രധാന്യത്തോടെ ഉന്നയിച്ചു. ഒപ്പം, സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയിട്ടതാണെന്ന അനുമാനം സാധൂകരിക്കുന്ന പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടും ഡോക്‌ടറുടെ മൊഴിയും ഉന്നയിച്ചു.

ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്തിയത് ഒഴിവാക്കിയപ്പോൾ സുപ്രീം കോടതി പ്രധാനമായി ഉന്നയിച്ചത് സൗമ്യയെ തള്ളിയിട്ടതാണെന്ന വാദവും ദൃക്‌സാക്ഷികളായി വിശേഷിപ്പിക്കപ്പെട്ട രണ്ടു പേരുടെ മൊഴിയും തമ്മിലുള്ള പൊരുത്തക്കേടാണ്. ഇതു കണക്കിലെടുത്താണ്, സൗമ്യ ചാടിയതാവാമെന്ന വാദം തള്ളിക്കളയുന്നില്ലെന്ന നിലപാടെടുക്കാൻ സംസ്‌ഥാന സർക്കാർ തീരുമാനിച്ചതെന്നാണ് സൂചന.

ഹർജിയിൽ പറയുന്നത്:

∙ഗോവിന്ദച്ചാമിയുടെ ആക്രമണത്തിൽ സൗമ്യയ്‌ക്കു മൂന്നു ഗുരുതര പരുക്കുകളേറ്റു. നീങ്ങുന്ന ട്രെയിനിൽ സൗമ്യയെ കൊല്ലുകയോ പീഡിപ്പിക്കുകയോ ആയിരുന്നു പ്രതിയുടെ ഉദ്ദേശ്യമെന്നു വ്യക്‌തം. സൗമ്യ ട്രെയിനിൽനിന്നു ചാടിയതാണെങ്കിൽതന്നെ അതിനു കാരണക്കാരൻ പ്രതിയാണ്. ചാടിയില്ലെങ്കിൽ സൗമ്യയ്‌ക്ക് ജീവനോ മാനമോ നഷ്‌ടപ്പെടുമായിരുന്നു.

∙പ്രതി തള്ളിയിട്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചല്ല ശിക്ഷ നൽകേണ്ടത്. ജീവനും മാനവും നഷ്‌ടപ്പെടാമെന്നു ഭയന്ന്, പരുക്കേറ്റ അവസ്‌ഥയിൽ, സൗമ്യ ട്രെയിനിൽനിന്നു ചാടിയതാവാം.

∙കേട്ടുകേൾവിയുടെ അടിസ്‌ഥാനത്തിൽ നാലും നാൽപതും സാക്ഷികൾ നൽകിയ മൊഴികൾ അവഗണിക്കണം. കാരണം, ആദ്യത്തെ മുറിവേറ്റശേഷം സൗമ്യ സ്വയം ചലിക്കാനോ സ്വമേധയാ പ്രതികരിക്കാനോ സാധിക്കുന്ന അവസ്‌ഥയിലല്ലായിരുന്നുവെന്നാണ് ഫോറൻസിക്, മെഡിക്കൽ തെളിവുകൾ വ്യക്‌തമാക്കുന്നത്. നാലും നാൽപതും സാക്ഷികളുടെ മൊഴികൾ കണക്കിലെടുത്ത സുപ്രീം കോടതിയുടെ നടപടി നിയമവിരുദ്ധവും പിഴവുമാണ്.

മലർത്തിക്കിടത്തിയാൽ മരിക്കുമെന്ന് പ്രതിക്ക് അറിവില്ലായിരുന്നുവെന്ന സുപ്രീം കോടതിയുടെ നിലപാട്, ഐപിസി 300–ാം വകുപ്പു പ്രകാരം ‘അറിവ്’ എന്നതിൽ ശാസ്‌ത്രീയമായ അറിവു മാത്രമേ ഉൾപ്പെടൂ എന്ന സ്‌ഥിതിയാവും. അത് ദുരുപയോഗത്തിനും ദുർവ്യാഖ്യാനത്തിനും ഇടനൽകും.

ഗോവിന്ദച്ചാമിയെപ്പോലെയുള്ളവരെ കൊലക്കുറ്റത്തിൽനിന്ന് ഒഴിവാക്കുന്നത് രാജ്യത്തെ നിയമലംഘനങ്ങളും നിയമത്തോടുള്ള ഭയമില്ലായ്‌മയും വർധിക്കാൻ ഇടയാക്കുമെന്നും ഹർജിയിൽ പറയുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.