Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരും അറിയാതെ മൂന്നു മരണം; ആശങ്ക അകലാതെ നാട്ടുകാർ

Murder

പിറവം ∙ അപ്പോളോ ജംക്‌ഷനു സമീപം ഗൃഹനാഥനും മക്കളും വീടിനുള്ളിൽ മരിച്ചു കിടക്കുന്നുവെന്ന വാർത്ത സമീപവാസികളെ നടുക്കി. കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലാത്ത പ്രദേശമാണിത്. അതുകൊണ്ടുതന്നെ പുലർച്ചെ ഇവരുടെ വീട്ടിലേക്കുള്ള വഴിയിൽ ജനപ്രവാഹമായി. പൊലീസ് ഏറെ പണിപ്പെട്ടാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. സംഭവം നടന്ന വീട്ടിൽ നിന്നു പത്തു മീറ്റർ ചുറ്റളവിൽ വീടുകൾ ഉണ്ട്. ഇവിടങ്ങളിൽ ആരുടെയും ശ്രദ്ധയിൽ പെടാതെ മൂന്നു മരണങ്ങൾ നടന്നത് നാട്ടുകാരുടെ സംശയത്തിന് ഇട നൽകുന്നു. റെജിയുടെ വീട്ടിൽ നിന്ന് അസ്വാഭാവിക ശബ്ദമൊന്നും കേട്ടില്ലെന്നാണ് പരിസരവാസികളും പറയുന്നത്.

കളമശേരി പൊലീസ് ക്യാംപിൽ നിന്നു റോണി എന്ന പൊലീസ് നായയെ എത്തിച്ചെങ്കിലും മൃതദേഹങ്ങൾക്കു സമീപത്തു തന്നെ ചുറ്റിത്തിരിയുകയായിരുന്നു. ആലുവയിൽ നിന്നു സൂസൻ ആന്റണിയുടെ നേതൃത്വത്തിൽ എത്തിയ ശാസ്ത്രീയ അന്വേഷണ സംഘവും വിരലടയാള വിദഗ്ധരും തെളിവു ശേഖരിച്ചു. പിറവം കൊള്ളിക്കൽ അ‍ഞ്ചു സെന്റ് കോളനിയിലായിരുന്നു നേരത്തെ റെജി താമസിച്ചിരുന്നത്. ഇവിടെ നിന്നു മാറേണ്ടി വന്നതോടെ ഏറെക്കാലം റോഡ് പുറമ്പോക്കിലും പിന്നീടു വാടകയ്ക്കും താമസിച്ചു.

എട്ടു വർഷം മുൻപു പഞ്ചായത്ത് ഭരണസമിതി മുൻകൈ എടുത്താണ് അപ്പോളോ ജംക്‌ഷനിലെ വീട് നിർമിച്ചു നൽകിയത്. ചർച്ച് ഓഫ് ഗോഡ് സഭയിൽ ചേർന്നതിനു ശേഷവും പെയിന്റിങ് ജോലികൾക്കു പോയിരുന്നു. വീട്ടിൽ ഉയർന്ന ശബ്ദത്തിൽ സംസാരിക്കുകയും കലഹിക്കുകയുമൊക്കെ പതിവായിരുന്നുവെങ്കിലും തങ്ങളുമായി റെജിക്ക് അലോസരമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. ആരുമായും കാര്യമായ സൗഹൃദവും ഉണ്ടായിരുന്നില്ല. നേരത്തെ തയ്യൽ ജോലിയും മറ്റും ചെയ്തിരുന്ന സന്ധ്യക്ക് ഏതാനും മാസം മുൻപാണ് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ അറ്റൻഡറായി ജോലി ലഭിച്ചത്.

പാലക്കാടാണ് സന്ധ്യയുടെ മാതാപിതാക്കൾ താമസിക്കുന്നത്. അടുത്ത ആഴ്ച സന്ധ്യയുടെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് റെജി ബഹളം ഉണ്ടാക്കുന്നുവെന്നറിഞ്ഞതോടെ വീടും സ്ഥലവും വിറ്റിട്ടാണെങ്കിലും തുക നൽകാമെന്ന് ഇവർ അറിയിച്ചിരുന്നുവത്രേ. ഇക്കാര്യം ഞായറാഴ്ച റെജിയുടെ പരിസരവാസികളുടെ വീടുകളിലേക്കും ഫോണിൽ വിളിച്ചറിയിച്ചിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.