Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവാവിന്റെ കൊലപാതകം: പഞ്ചായത്തംഗം ഉൾപ്പെടെ ആറുപേർ പിടിയിൽ

perunna-murder ജനാധിപത്യ കേരള കോൺഗ്രസ് തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റ് കുന്നുംപുറം മുരിങ്ങവന മനു മാത്യു കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായവർ. സിജോ സെബാസ്റ്റ്യൻ, ആലുംമൂട്ടിൽ നിധിൻ, കെ.എസ്.അർജുൻ, സൂരജ് സോമൻ, ബിനു സിബിച്ചൻ, ഷെമീർ ഹുസൈൻ.

ചങ്ങനാശേരി ∙ ജനാധിപത്യ കേരള കോൺഗ്രസിന്റെ യുവനേതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവായ പഞ്ചായത്തംഗം ഉൾപ്പെടെ ആറുപേർ പിടിയിൽ. തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റ് കുന്നുംപുറം മുരിങ്ങവന മനു മാത്യു (33) ഞായറാഴ്ച രാത്രിയിൽ പെരുന്ന സ്റ്റാൻഡിലാണു കുത്തേറ്റു മരിച്ചത്.

യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും തൃക്കൊടിത്താനം പഞ്ചായത്തംഗവുമായ നിധിൻ മുൻ വൈരാഗ്യത്തെ തുടർന്നു ഗുണ്ടാസംഘത്തിന്റെ സഹായത്തോടെ കൊലപാതകം നടത്തിയതാണെന്നു പൊലീസ് പറഞ്ഞു.

പെരുന്ന ഫാത്തിമാപുരം വെട്ടുകുഴി സിജോ സെബാസ്റ്റ്യൻ (22), തൃക്കൊടിത്താനം കോട്ടമുറി ആലുംമൂട്ടിൽ നിധിൻ ജോസഫ് (നിധിൻ ആലുംമൂട്ടിൽ–29), പായിപ്പാട് നാലുകോടി കൊല്ലാപുരം കടുത്താനം കെ.എസ്.അർജുൻ (22), തൃക്കൊടിത്താനം ചക്രാത്തിക്കുന്നു ചെറുവേലിപ്പറമ്പിൽ സൂരജ് സോമൻ (26), ചെത്തിപ്പുഴ വേരൂർ കുരിശുമ്മൂട് അറയ്ക്കൽ ബിനു സിബിച്ചൻ (23), ഫാത്തിമാപുരം മഠത്തിൽപറമ്പിൽ വാടകയ്ക്കു താമസിക്കുന്ന വേളൂർ കാരാപ്പുഴ തിരുവാതുക്കൽ വാഴയിൽ ഷെമീർ ഹുസൈൻ (29) എന്നിവരെയാണു ഡിവൈഎസ്പി വി.അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

കത്തിയും രണ്ടു ജീപ്പുകളും നാല് ഇരുചക്ര വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മുൻപു കോൺഗ്രസ് പ്രവർത്തകനായിരുന്ന മനു നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണു ജനാധിപത്യ കേരള കോൺഗ്രസിൽ ചേർന്നത്. ഞായറാഴ്ച രാത്രി മനു പെരുന്ന ബസ് സ്റ്റാൻഡിനു സമീപം കാർ പാർക്ക് ചെയ്തിരുന്നു. നിധിൻ സ്വന്തം കാർ മനുവിന്റെ കാറിനു മുന്നിലിട്ടു തടസ്സം സൃഷ്ടിച്ചു.

തുടർന്നു ക്വട്ടേഷൻ സംഘാംഗങ്ങളായ ഷെമീറിനെയും സുഹൃത്തുക്കളെയും സ്ഥലത്തു വിളിച്ചുവരുത്തിയെന്നും ഇവർ വന്ന ബൈക്കുകളിൽ ഒന്നു മനുവിന്റെ കാറിനു പിന്നിൽ വച്ചെന്നും പൊലീസ് പറയുന്നു. മനു എത്തിയപ്പോൾ കാർ നീക്കാനാവാത്ത സ്ഥിതിയിലായിരുന്നു. തുടർന്ന് അവിടെ ഉണ്ടായിരുന്ന ക്വട്ടേഷൻ സംഘവുമായി തർക്കമായി.

ഇതിനിടെ സൂരജ് മനുവിന്റെ കൈകൾ പിന്നിലേക്കാക്കി പിടിച്ചു നിർത്തിയെന്നും മറ്റു രണ്ടുപേർ മർദിച്ചെന്നും പൊലീസ് പറയുന്നു. ഈ സമയം നിധിന്റെ വാഹനത്തിനു പിന്നിൽ ഒളിച്ചു നിൽക്കുകയായിരുന്ന സിജോ ഓടിയെത്തി മനുവിനെ കുത്തിയെന്നാണ് കേസ്. കുത്തേറ്റു കുതറിയ മനു ഓടാൻ ശ്രമിച്ചെങ്കിലും സംഘം പിന്തുടർന്നു കുത്തുകയായിരുന്നത്രേ. വയറ്റിലും നെഞ്ചിലുമായി ഒൻപതു കുത്തുകളാണു മനുവിന് ഏറ്റത്.

മനുവിനെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ ക്വട്ടേഷൻ സംഘത്തിലെ അർജുനും സൂരജിനും കുത്തേറ്റു. ചോരവാർന്നു റോഡിൽ വീണ മനുവിനെ നിധിന്റെ കാറിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഈ കാറിലിരുന്നു തന്നെ ഷെമീറിനെ വിളിച്ച നിധിൻ ക്വട്ടേഷൻ സംഘാംഗങ്ങളോടു സംഭവ സ്ഥലത്തുനിന്നു മാറാൻ നിർദേശം നൽകിയെന്നും പൊലീസ് പറയുന്നു.

ഇവരെ പിന്നീടു കോട്ടയം തിരുനക്കരയിലെ ഒരു വീട്ടിൽനിന്നു പൊലീസ് അറസ്റ്റ് ചെയ്തു.
കൺമുന്നിൽ കൊലപാതകം നടന്നിട്ടും നിധിൻ പൊലീസിനെ വിളിക്കാൻ തയാറാകാതിരുന്നതിൽ സംശയം തോന്നി ചങ്ങനാശേരി സിഐ: ബിനു വർഗീസിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തതോടെയാണു യഥാർഥ സംഭവം പുറത്തായത്.

ഫോൺ വിളിച്ച ചില നമ്പരുകൾ നിധിൻ ഡിലീറ്റ് ചെയ്തത് പൊലീസ് കണ്ടെത്തി. ചങ്ങനാശേരി കേന്ദ്രീകരിച്ചുള്ള ഗുണ്ടാ ഇടപാടുകളെച്ചൊല്ലിയും തൃക്കൊടിത്താനം സ്വദേശിയായ പെൺകുട്ടിയുമായുള്ള ബന്ധത്തെച്ചൊല്ലിയും രാഷ്ട്രീയ നിലപാടുകളെച്ചൊല്ലിയും മനുവും നിധിനുമായി പലതവണ തർക്കമുണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.