Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഎൽഎമാർ ഇറങ്ങിയ പിന്നാലെ റിസോർട്ട് അടച്ചു; ‘അറ്റകുറ്റപ്പണി’ക്കായി

resort-under-maintanace

പതിനൊന്നു ദിവസമായി അണ്ണാ ഡിഎംകെ എംഎൽഎമാരെ ശശികല പക്ഷം താമസിപ്പിച്ചിരുന്ന മഹാബലിപുരം കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ട് അറ്റകുറ്റപ്പണികൾക്കായി അടച്ചു. എംഎൽഎമാർ വിശ്വാസവോട്ടിൽ പങ്കെടുക്കാൻ പുറപ്പെട്ടതിനു തൊട്ടുപിന്നാലെ, റിസോർട്ട് ഗേറ്റിനു സമീപത്തെ മതിലിൽ ‘അറ്റകുറ്റപ്പണി നടക്കുകയാണ്’ എന്ന നോട്ടിസ് പതിച്ചു. എന്നാൽ പെട്ടെന്ന് അറ്റകുറ്റപ്പണിക്കുള്ള കാരണം വ്യക്തമല്ല. ഈസ്റ്റ് കോസ്റ്റ് റോഡിൽ ചെന്നൈയിൽനിന്ന് 80 കിലോമീറ്റർ അകലെയാണു കൂവത്തൂർ എന്ന മത്സ്യബന്ധന ഗ്രാമം. സമീപത്തു പൂന്തണ്ടലത്തെ മറ്റൊരു റിസോർട്ടിലും കുറച്ച് എംഎൽഎമാർ താമസിച്ചിരുന്നു.

അറിഞ്ഞുകളിച്ച് ഡിഎംകെ; നായകനായി സ്റ്റാലിൻ

stalin-protest പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിൻ മറീനയിലെ ഗാന്ധി ശിലയ്ക്കു സമീപം നിരാഹാരമാരംഭിച്ചപ്പോൾ. പിന്നീട് പൊലീസ് അറസ്റ്റുചെയ്തു നീക്കി. ചിത്രം: മനോരമ

കൃത്യമായി തയാറാക്കിയ തിരക്കഥ പ്രകാരമായിരുന്നു ഡിഎംകെ നീക്കങ്ങൾ; പനീർസെൽവത്തെ പോലും പിന്തള്ളി സ്റ്റാലിൻ താരമാകുകയും ചെയ്തു. ഭൂരിപക്ഷം അണ്ണാ ഡിഎംകെ എംഎൽഎമാരും മുഖ്യമന്ത്രി പളനിസാമിക്കൊപ്പം ഉറച്ചു നിൽക്കുന്നതിനാൽ വിശ്വാസപ്രമേയം പരാജയപ്പെടില്ലെന്നു വ്യക്തം. രഹസ്യവോട്ടെടുപ്പു നടത്തിയാൽ കുറച്ചു സാമാജികർ മറിച്ചു ചിന്തിച്ചേക്കാമെന്ന പ്രതീക്ഷമാത്രം പങ്കിട്ടു പനീർസെൽവം പക്ഷം. ഈ സാഹചര്യത്തിൽ പരമാവധി ‘പോയിന്റുകൾ’ സ്വന്തമാക്കാൻ ഡിഎംകെ അറിഞ്ഞു കളിച്ചു. വിശ്വാസപ്രമേയത്തിൽ രഹസ്യവോട്ടെടുപ്പു നടത്തുക, അല്ലെങ്കിൽ വോട്ടെടുപ്പു മാറ്റിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു സഭ പൂർണമായും സ്തംഭിപ്പിക്കാൻ സകല ആയുധങ്ങളും പുറത്തെടുത്തു.

പനീർസെൽവം പക്ഷമാകട്ടെ ബഹളത്തിനിറങ്ങിയുമില്ല. മുഴുവൻ ഡിഎംകെ അംഗങ്ങളും ചേർന്നു നടുത്തളം അങ്കത്തട്ടാക്കി. സമീപകാലത്തു തമിഴ്നാടു നിയമസഭ കണ്ട ഏറ്റവും വലിയ പ്രതിഷേധം; രണ്ടുതവണ സഭ നിർത്തിവച്ചു വീണ്ടും ചേർന്നപ്പോഴും ഡിഎംകെ അൽപംപോലും അയഞ്ഞില്ല. ജയയുടെ സാരഥ്യം ഇല്ലാതായതോടെ കരുത്തുചോർന്ന അണ്ണാ ഡിഎംകെയെ തങ്ങളുടെ ‘ശക്തി’ കാട്ടിക്കൊടുക്കുകയായിരുന്നു ഡിഎംകെ. പാർട്ടി അധ്യക്ഷൻ കരുണാനിധി ആരോഗ്യകാരണങ്ങളാൽ സഭയിലെത്താതിരുന്നപ്പോൾ തന്റെ നേതൃത്വത്തിലെ പോരാട്ടത്തിന്റെ വീര്യം കാട്ടിക്കൊടുത്തു, സ്റ്റാലിൻ. നാടകീയ ഇടപെടലുകളും ബലപ്രയോഗവും അതിരുവിട്ട പ്രതിഷേധങ്ങളുമെല്ലാമായി വരവറിയിക്കുകയും ചെയ്തു. 

കുടുംബ രാഷ്ട്രീയത്തോട് എതിർപ്പ്: വിട്ടുനിന്ന അംഗം

PTI2_18_2017_000181a

അണ്ണാ ഡിഎംകെ സർക്കാർ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും ശശികലയുടെ കുടുംബ രാഷ്ട്രീയത്തെ അംഗീകരിക്കാൻ വയ്യെന്നു വിശ്വാസ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്ന കോയമ്പത്തൂർ നോർത്ത് എംഎൽഎ പി.ആർ.ജി. അരുൺകുമാർ പറഞ്ഞു. എംജിആറും ജയലളിതയും കുടുംബാംഗങ്ങളെ പാർട്ടിയിലേക്കു കൊണ്ടുവന്നിരുന്നില്ല. അതേസമയം, പനീർസെൽവത്തെ പിന്തുണയ്ക്കുകയോ അദ്ദേഹത്തെ കാണാൻ പോകുകയോ ചെയ്യില്ലെന്നും പറഞ്ഞു. പത്തു ദിവസത്തെ വാസത്തിനുശേഷം വെള്ളിയാഴ്ച രാത്രിയാണ് അരുൺകുമാർ കൂവത്തൂരിലെ റിസോർട്ട് വിട്ടത്. ഇന്നലെ രാവിലെ കോയമ്പത്തൂരിലെത്തി. റിസോർട്ടിൽ എംഎൽഎമാർക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്ന ആരോപണം അരുൺകുമാർ നിഷേധിച്ചു. എല്ലാവരെയും ടിവി കാണാനും മൊബൈൽ ഫോൺ ഉപയോഗിക്കാനും അനുവദിച്ചിരുന്നു. മുതിർന്ന നേതാക്കളോടു സംസാരിച്ചശേഷമാണു താൻ റിസോർട്ടിൽനിന്നു മടങ്ങിയത്. 

prg-arunkumar പി.ആർ.ജി. അരുൺകുമാർ
Your Rating: