Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റെന്റ് വിൽപന: ‘ബ്ലോക്കില്ലാതെ’ ലാഭക്കൊതി !

in-stent

എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയപ്രശ്നങ്ങളുമായി ആ വയോധികയെ പ്രവേശിപ്പിച്ചത് ഫെബ്രുവരി 17ന്. സ്റ്റെന്റ്‌വിലയ്ക്കു നിയന്ത്രണം ഏർപ്പെടുത്തി നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) വിജ്ഞാപനം വന്നതിന്റെ നാലാംദിവസം.

24,000 രൂപ ആദ്യം മുൻകൂറായി അടച്ചു. ആൻജിയോഗ്രാം നടത്തി, 7500 രൂപ. തുടർന്ന് ആൻജിയോ പ്ലാസ്റ്റി. ഇതിനിടെ വീണ്ടും കുറച്ചു പണം അടച്ചു. അഞ്ചു ദിവസം കഴിഞ്ഞു ഡിസ്ചാർജായപ്പോൾ ബിൽ 1.25 ലക്ഷം രൂപ. സ്റ്റെന്റിന് എൻപിപിഎ വിജ്ഞാപന പ്രകാരമുള്ള 29,600 രൂപ തന്നെ. എന്നാൽ, ആൻജിയോപ്ലാസ്റ്റി ചാർജ് എന്ന പേരിൽ എടുത്തിരിക്കുന്നു, 45,000 രൂപ! 

മുൻകൂർ തുക കഴിച്ച് 74,000 രൂപ അടച്ചാലേ ഡിസ്ചാർജ് ചെയ്യൂ എന്ന് ആശുപത്രി. ബന്ധുക്കൾ ചോദ്യം ചെയ്തപ്പോൾ 5000 രൂപ കുറയ്ക്കാമെന്നായി. ആൻജിയോപ്ലാസ്റ്റി ചാർജ് ഏതിനൊക്കെ എത്ര വീതം എന്നു തരംതിരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതു ‘കോൺഫിഡൻഷ്യലാ’ണെന്ന് ആശുപത്രിയുടെ മറുപടി.

സൂചിയുടെയും സിറിഞ്ചിന്റെയും ചില്ലറപ്പൈസവരെയുള്ള ബില്ലിൽ ഇതു മാത്രം ‘രഹസ്യം’. ഏതായാലും തർക്കത്തിനൊടുവിൽ 50,000 രൂപ കൂടി അടച്ച് അവർ ആശുപത്രി വിട്ടു. ബാക്കി 24,000 രൂപ അടയ്ക്കുമോ എന്നു ചോദിച്ച് ആശുപത്രി പിആർഒയുടെ ഫോൺവിളികൾ എത്തുന്നുണ്ട് ഇപ്പോൾ. 

നിയന്ത്രണത്തിനു ശേഷവും സ്റ്റെന്റിന് ഉയർന്ന വില ഈടാക്കിയാൽ മാത്രമേ ആശുപത്രികൾക്കെതിരെ നടപടിയെടുക്കാൻ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിനു സാധിക്കൂ. മറ്റു ഫീസുകളുടെ കാര്യത്തിൽ ഒരു നിയന്ത്രണവും സാധ്യമല്ല. സ്റ്റെന്റിന് ഇത്തരത്തിൽ ഉയർന്ന വില ഈടാക്കിയ രണ്ട് ആശുപത്രികൾക്കു നോട്ടിസ് നൽകി. പണം രോഗികൾക്കു മടക്കിക്കൊടുത്ത് തടിയൂരുകയായിരുന്നു ഇരുകൂട്ടരും.

കണ്ണൂരിൽ സഹകരണ മേഖലയിലുള്ള പ്രമുഖ മെഡിക്കൽ കോളജ് അമിത നിരക്ക് ഈടാക്കിയതു വിവാദമായതോടെ നാലു രോഗികൾക്കു പണം തിരികെ നൽകി. ചിലരുടെ ബില്ലിൽ അധിക തുക രേഖപ്പെടുത്തിയിരുന്നതും പിൻവലിച്ചു. കാരുണ്യ പദ്ധതിയിലൂടെ ഹൃദയ ചികിൽസ തേടിയ രോഗികളാണു പരാതിയുമായി അധികൃതരെ സമീപിച്ചത്. 

എന്താണ് സ്റ്റെന്റ്?

ശസ്‌ത്രക്രിയ കൂടാതെ ഹൃദയത്തിലെ ബ്ലോക്ക് (രക്‌തതടസ്സം) നീക്കുന്ന പ്രക്രിയയാണ് ആൻജിയോപ്ലാസ്റ്റി. കയ്യിലെയോ തുടയിലെയോ രക്തധമനികളിൽക്കൂടി കത്തീറ്റർ കടത്തിവിടുകയാണു ചെയ്യുക.

ഇതിലുള്ള പ്രത്യേകതരം ബലൂൺ രക്തക്കട്ടകളെ പൊട്ടിച്ചുകളയും. തുടർന്നു രക്തയോട്ടം സുഗമമാക്കാൻ അവിടെ സ്ഥാപിക്കുന്ന ലോഹച്ചുരുളാണു സ്റ്റെന്റ്. ചിലർക്ക് ഒന്നിലേറെ സ്റ്റെന്റുകൾ ഉപയോഗിക്കേണ്ടി വരും. ഹൃദയധമനികളിലെ ബ്ലോക്കുകൾ കണ്ടെത്താനുള്ള പരിശോധനയാണ് ആൻജിയോഗ്രാം. 

stent-1

സ്റ്റെന്റുകൾ പലതരം

∙ ബെയർ മെറ്റൽ സ്റ്റെന്റ് 

ലോഹസങ്കരം കൊണ്ടു നിർമിച്ചിട്ടുള്ളത്. പഴയ വില 30,000 മുതൽ 75,000 രൂപ വരെ. ഇപ്പോൾ വില 7,260 രൂപ. 

∙ ഡ്രഗ് ഇല്യൂട്ടിങ് സ്റ്റെന്റ് 

രക്തം വീണ്ടും കട്ടപിടിക്കുന്നതു തടയുന്നതിനായി നിശ്ചിത അളവിൽ മരുന്നു പുറപ്പെടുവിക്കുന്നതരം സ്റ്റെന്റുകൾ. ഇവയ്ക്കു മരുന്നിന്റെ ആവരണമുണ്ടാകും. പഴയവില 22,500 മുതൽ 1.80 ലക്ഷം രൂപ വരെ. ഇപ്പോൾ വില 29,600 രൂപ 

∙ ബയോ റിസോർബബിൾ 

വാസ്കുലർ സ്കഫോൾഡ് (ബിവിഎസ്) 

നിശ്ചിത കാലത്തിനു ശേഷം സ്വയം അലിഞ്ഞില്ലാതാകുന്നതരം ‌ജൈവ സ്റ്റെന്റുകൾ. പഴയ വില 1.25 ലക്ഷം മുതൽ മുകളിലേക്ക്. (വില 29,600 ആയി ക്രമപ്പെടുത്തിയതോടെ ഇപ്പോൾ വിപണിയിൽ ‘കാണാനില്ല’. ഏറ്റവും നൂതന ശ്രേണിയിൽ പെട്ട ‘ഫ്ലെക്സിബിൾ സ്റ്റെന്റു’കളുടെയും സ്ഥിതി ഇതു തന്നെ). 

വില നിയന്ത്രണം 

സ്റ്റെന്റുകളുടെ വില നിജപ്പെടുത്തി നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) വിജ്ഞാപനം പുറപ്പെടുവിച്ചത് ഫെബ്രുവരി 13ന്.

എന്തെല്ലാം ഓമനപ്പേരുകൾ; പാക്കേജ് പുറമെ

‘എല്ലാം കൂടി ഒരു ഒന്നര ലക്ഷത്തിനു തീർക്കാം’. വീടിന്റെ മതിൽ കെട്ടുന്ന കാര്യമല്ല, ആശുപത്രി പ്രവേശനം മുതൽ തിരികെ വീട്ടിലേക്ക് ആംബുലൻസിൽ കൊണ്ടു ചെന്നാക്കി കൊടുക്കുന്നതു വരെയുള്ള ‘ഹൃദ്രോഗ ചികിൽസാ പാക്കേജ്’ ആണ്.

ഒരു സ്റ്റെന്റിട്ടു ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഐപി സർവീസ് ചാർജ് എന്ന പേരിൽ മാത്രം ഈടാക്കിയത് 1,30,693 രൂപ. ചോദ്യംചെയ്തപ്പോൾ നിരക്ക് ഒരു ലക്ഷമായി (ഉപയോഗിക്കുന്ന സ്റ്റെന്റുകളുടെ എണ്ണം കൂടുന്നതനുസരിച്ചു ശസ്ത്രക്രിയയുടെ നിരക്ക് സ്വാഭാവികമായി കൂടും.)

ഐപി ചാർജസ് അല്ലെങ്കിൽ പ്രൊസീജിയർ ചാർജ് എന്നിങ്ങനെ പല ഓമനപ്പേരുകളിലാണു പുതിയ നിരക്കു വർധന. ചില ബില്ലുകളിൽ  മുറിവാടക, കാത്ത് ലാബ് വാടക, നഴ്സിങ് സേവന നിരക്ക് എന്നിവയ്ക്കൊപ്പം ആൻജിയോപ്ലാസ്റ്റിക്ക് ഉപയോഗിക്കുന്ന കത്തീറ്റർ, വയറുകൾ, ബലൂൺ തുടങ്ങിയവയുടെ നിരക്കും ‘പ്രൊസീജിയർ സി’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ധമനികൾ വികസിപ്പിക്കാനായി ഉപയോഗിക്കുന്ന ബലൂണുകളുടെ തുക ഇപ്പോൾ വലിയ തോതിൽ ‘വർധിച്ചിട്ടുണ്ടെന്നു’ ഡോക്ടർമാർ തന്നെ രഹസ്യമായി പറയുന്നു.  വിലനിയന്ത്രണത്തിനുശേഷമാണു ചില സ്വകാര്യ ആശുപത്രികൾ സ്റ്റെന്റിന്റെ വില പ്രത്യേകമായി ബില്ലിൽ രേഖപ്പെടുത്താൻ തന്നെ തുടങ്ങിയത്. അതിനു മുൻപ് ‘കൺസ്യൂമബിൾസ്’ എന്ന പേരിൽ മറഞ്ഞിരിക്കുകയായിരുന്നു സ്റ്റെന്റ്.

ഇത്രയും വിലയോ എന്നു രോഗി ചോദ്യം ചെയ്താൽ സാങ്കേതിക പദങ്ങൾ പറഞ്ഞു ‘വിരട്ടും’. ഇതോടെ രോഗി പിൻവാങ്ങും. കാർഡിയോളജി ചാർജ് എന്നു ബില്ലിൽ രേഖപ്പെടുത്തുന്ന രീതിയുമുണ്ട്. ഹൃദയസംബന്ധമായ എല്ലാ ചെലവും ഇതിൽ വരുമെന്നു മനസ്സിലാക്കിക്കൊള്ളണം. ചോദ്യങ്ങൾ പാടില്ല. 

അതേസമയം, കോഴിക്കോട്ടെ ഒരു ആശുപത്രി പറയുന്നതു സ്റ്റെന്റിനു ലഭിക്കുന്നത് 600 രൂപയുടെ ലാഭം മാത്രമാണെന്നാണ്. എന്നാൽ, ഇതേ ആശുപത്രി ഓരോ സ്റ്റെന്റ് പ്രൊസീജിയറിലും ഈടാക്കുന്നത് 20 ശതമാനത്തിലേറെ ലാഭമാണെന്നു ബില്ലുകൾ സാക്ഷ്യപ്പെടുത്തുന്നു. 

ആവശ്യമില്ലാതെയും സ്റ്റെന്റ് ഇടുന്നോ?

സ്റ്റെന്റ് വിലനിയന്ത്രണത്തിലെ ‘നഷ്ടം’ നികത്താൻ സ്വകാര്യ ആശുപത്രികൾ മറ്റു ഫീസുകൾ കൂട്ടിയതിനെതിരെ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലുണ്ടായതു കൊച്ചി നഗരസഭാംഗം തമ്പി സുബ്രഹ്മണ്യന്റെ പരാതിയിലാണ്.

അദ്ദേഹം ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്നു വളരെ ശ്രദ്ധേയം, ആശുപത്രികളുടെ പണക്കൊതി അനാവശ്യ ആൻജിയോപ്ലാസ്റ്റികൾക്കു കാരണമാകുന്നുണ്ടോ?  കാരണം, ആൻജിയോപ്ലാസ്റ്റിക്കായി പണം സ്വരുക്കൂട്ടി, ഓപ്പറേഷൻ തിയറ്ററിനുള്ളിൽ വരെ എത്തിയശേഷം ചില ഡോക്ടർമാരുടെ ഇടപെടലുകളിലൂടെ രക്ഷപ്പെട്ടയാളാണു തമ്പി.

നെഞ്ചുവേദനയുമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിയ അദ്ദേഹത്തിന് എക്കോ, ടിഎംടി (ട്രെഡ് മിൽ ടെസ്റ്റ്) പരിശോധനകൾ നടത്തിയ ശേഷം ഡോക്ടർമാർ പറഞ്ഞിതങ്ങനെ: പരിശോധനകളിൽ കുഴപ്പം കണ്ടെത്തിയിട്ടുണ്ട്. ആൻജിയോഗ്രാം ചെയ്യണം. ഫലം പോസിറ്റീവ് ആണെങ്കിൽ ഉടൻ ആൻജിയോപ്ലാസ്റ്റിയും. 

അങ്ങനെ ഓപ്പറേഷൻ തിയറ്ററിലേക്കു മാറ്റി. ഇതിനിടെ, ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഒന്നര ലക്ഷത്തോളം രൂപ സമാഹരിച്ചു. ആൻജിയോഗ്രാമിനുശേഷം ആൻജിയോപ്ലാസ്റ്റിക്കു സമയം നോക്കി തിയറ്ററിൽ കിടന്നപ്പോഴാണു ഡോക്ടർ പറഞ്ഞത്, തകരാറില്ല, ശസ്ത്രക്രിയ വേണ്ട.

എല്ലാവരും ഇങ്ങനെ രക്ഷപ്പെടില്ലെന്നും ഡോക്ടർമാരുടെ ടാർഗറ്റ് തികയ്ക്കാൻ ആവശ്യമില്ലാത്ത സ്റ്റെന്റും പേറി ജീവിക്കുന്നവരുമുണ്ടാകാമെന്നും തമ്പി പറയുന്നു. ആൻജിയോഗ്രാം നടത്തുന്നതിൽ 80 ശതമാനം പേരും ആൻജിയോപ്ലാസ്റ്റിക്കും വിധേയരാകേണ്ടിവരുന്നു. 

‘ജിയോഗ്രഫി ആൻഡ് യു’ എഡിറ്റർ ഇൻ ചീഫ് സുലഗന ചതോപാധ്യായയാണ് അനാവശ്യമായി നടത്തുന്ന ആൻജിയോപ്ലാസ്റ്റികളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു രാജ്യസഭയുടെ പെറ്റീഷൻ കമ്മിറ്റിയെ സമീപിച്ചത്. 

പ്രിയം വിദേശി; ‘കട്സ് ’ വേണം

ചില കമ്പനികളുടെ മരുന്നു കുറിച്ചുകൊടുത്താൽ ഡോക്ടർക്കു കമ്മിഷനും മറ്റു സമ്മാനങ്ങളും കിട്ടുമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സ്റ്റെന്റ് കമ്പനികളും നൽകുന്നുണ്ട് ഇത്തരം വാഗ്ദാനങ്ങൾ– സ്റ്റെന്റ് കട്സ്. ഇത് എത്ര ശതമാനം എന്നു തീരുമാനിക്കുന്നതു വിപണിയിലെ മൽസരം അടിസ്ഥാനപ്പെടുത്തിയാണ്.

സ്വകാര്യ ആശുപത്രികളിൽ മാനേജ്മെന്റ് തലത്തിലാണു പർച്ചേസ് എന്നതിനാൽ ഡോക്ടർക്കു സ്റ്റെന്റ് കട്സ് സാധാരണ ലഭിക്കാറില്ല. മാനേജ്മെന്റിൽനിന്നു പർച്ചേസിൽ ഇടപെടുന്നയാൾക്കാകും പകരം ഇതു ലഭിക്കുക. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുമായി നേരിട്ടാണ് ഇടപാട്. എന്നാൽ, വളരെ ചെറിയ ശതമാനം ഡോക്ടർമാർ മാത്രമേ കമ്പനികളുടെ വലയിൽ കുടുങ്ങിയിട്ടുള്ളൂ.  

60,000 രൂപയ്ക്കു മുകളിൽ വിലയുമായി വിപണിയിലെത്തിയിരുന്ന സ്റ്റെന്റിന് നിർമാണച്ചെലവു പരമാവധി 20,000 രൂപയിൽ താഴെയാണെന്നു കൊച്ചിയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ പറഞ്ഞു. അതായത്, രോഗി നൽകേണ്ടതു മൂന്നിരട്ടി അധികം തുക. വിവിധ തലങ്ങളിലെ കമ്മിഷൻ കഴിഞ്ഞാലും വൻ തുക കമ്പനിക്കു ലാഭം.

രാജ്യാന്തര കമ്പനിയുടെ അതേ മാതൃകയിലുള്ള സ്റ്റെന്റ് ഇന്ത്യൻ കമ്പനി കുറഞ്ഞ തുകയ്ക്ക് ഉൽപാദിപ്പിക്കുന്നുണ്ട്. രണ്ടും തമ്മിൽ വൈദ്യശാസ്ത്രപരമായി വ്യത്യാസമൊന്നുമില്ലെന്നു ഡോക്ടർമാർക്കും അറിയാം. എങ്കിലും വിദേശിയേ കുറിക്കൂ. അതിന്റെ ഗുണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും രോഗിയെ കാണിക്കും. ഈ കുറിപ്പുകൾ വിദേശ കമ്പനിയുടെ പരസ്യതന്ത്രങ്ങളിൽ ഒന്നാണെന്നതു രോഗികൾക്കറിയാത്ത രഹസ്യം. 

ബൾക് പർച്ചേസ് ആയാണു സ്വകാര്യ ആശുപത്രികൾ സ്റ്റെന്റുകൾ വാങ്ങിക്കൂട്ടുക. ഓരോമാസവും ഇത്ര സ്റ്റെന്റുകൾ ഉപയോഗിക്കണമെന്ന നിർദേശമാണു മാനേജ്മെന്റ് ഡോക്ടർമാർക്കു നൽകുന്നത്. പാലിച്ചില്ലെങ്കിൽ ജോലി പോകും.

നിങ്ങൾ ‘അതു’ കുറച്ചാൽ ഞങ്ങൾ ‘ഇതു’ കൂട്ടും ! 

ഒരു സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ കേരള ഡ്രഗ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയത്

∙ വിലനിയന്ത്രണത്തിന് മുൻപത്തെ ബിൽ 

സ്റ്റെന്റിന്റെ വില 40,000 രൂപ 

ഡോക്ടർ ഫീസ് 20,000 

കാത്ത് ലാബ് ചാർജ് 30,000 

∙ വിലനിയന്ത്രണത്തിന് ശേഷം ബിൽ 

സ്റ്റെന്റ് 29,600 

ഡോക്ടറുടെ ഫീസ് 25,000 

കാത്ത് ലാബ് ചാർജ് 35,000

വിലനിയന്ത്രണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിപണിയിൽ നിന്ന് സ്റ്റെന്റുകൾ ‘കാണാതായി’. അതെക്കുറിച്ചു നാളെ

Your Rating: