Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിഭാഷകവൃത്തിക്ക് ഒരു ചൂണ്ടുപലക

അഭിഭാഷകവൃത്തിയെ സംശുദ്ധമാക്കാനുള്ള നീക്കവുമായി ലോ കമ്മിഷൻ ഓഫ് ഇന്ത്യ മുന്നോട്ടുപോകുമ്പോൾ നിർദിഷ്ട അഡ്വക്കറ്റ്സ് നിയമ ഭേദഗതി ബില്ലിലെ വ്യവസ്ഥകളിൽ പ്രതിഷേധിച്ച് ഈ മാസം 31നു രാജ്യവ്യാപകമായി അഭിഭാഷകർ പണിമുടക്കുന്നത് ആശങ്കയ്ക്കു കാരണമായിരിക്കുന്നു. 

അൻപത്തഞ്ചു വർഷം പഴക്കമുള്ള അഡ്വക്കറ്റ്‌സ് നിയമം (1961) സമഗ്രമായി പരിഷ്‌കരിക്കാനുള്ള ശുപാർശകളാണു ലോ കമ്മിഷൻ ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരിനു കഴിഞ്ഞയാഴ്‌ച കൈമാറിയത്.

സിവിൽ ജഡ്‌ജിയെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഒരു കേസിൽ കഴിഞ്ഞ വർഷം നൽകിയ വിധിയിൽ അഡ്വക്കറ്റ്‌സ് നിയമം പരിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നു സുപ്രീം കോടതി പറയുകയുണ്ടായി. അതിന്റെ ചുവടുപിടിച്ചാണ് അഡ്വക്കറ്റ്‌സ് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നിർദേശങ്ങൾ ലോ കമ്മിഷൻ വ്യക്‌തമാക്കിയത്.

റിപ്പോർട്ട് സർക്കാരിനു നൽകിക്കൊണ്ടുള്ള ആമുഖത്തിൽത്തന്നെ അഭിഭാഷകവൃത്തിയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളിലേക്കു ലോ കമ്മിഷൻ വിരൽചൂണ്ടുന്നു. അഭിഭാഷകരുടെ നടപടികൾ നേരിട്ടും അല്ലാതെയും കോടതികളെ ബാധിക്കുന്നുവെന്നും കേസുകൾ തീർപ്പാക്കുന്നതിലെ കാലതാമസത്തിനു കാരണമാകുന്നുവെന്നും കമ്മിഷൻ എടുത്തുപറയുന്നുണ്ട്.

അഭിഭാഷകരുടെ പണിമുടക്കിനെക്കുറിച്ചു രാജ്യത്തെ എല്ലാ ഹൈക്കോടതികളിൽനിന്നും ലോ കമ്മിഷൻ വിവരം ശേഖരിച്ചു. അമ്പരപ്പിക്കുന്ന കണക്കുകളാണത്രേ ലഭിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കനുസരിച്ച്, യുപിയിലെ ജില്ലാ കോടതികളിൽ പ്രതിവർഷം ശരാശരി 115 ദിവസം അഭിഭാഷകർ പണിമുടക്കി.

തമിഴ്‌നാട്, രാജസ്‌ഥാൻ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്‌ഥാനങ്ങളിലും സ്‌ഥിതി ഇത്തരത്തിൽ പരിതാപകരമാണ്. അഭിഭാഷകർ ജോലി ചെയ്യാതിരിക്കാൻ കാരണം കാത്തിരിക്കുന്ന സാഹചര്യമെന്നാണു കമ്മിഷൻ ഇതിനെ വിശേഷിപ്പിക്കുന്നത്. തീർത്തും അപ്രസക്‌തമായ കാര്യങ്ങൾക്കുവേണ്ടിപ്പോലും അഭിഭാഷകർ പണിമുടക്കുന്ന രീതി കമ്മിഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്.

വ്യാജ അഭിഭാഷകരുടെ എണ്ണം, കക്ഷികൾക്കു കൃത്യവും ന്യായവുമായ സേവനം ഉറപ്പാക്കുന്നതിൽ അഭിഭാഷകർ വരുത്തുന്ന വീഴ്‌ച, കോടതിയിലെ പെരുമാറ്റം, കക്ഷികളോടു വാങ്ങുന്ന ഉയർന്ന ഫീസ് തുടങ്ങിയ പ്രശ്‌നങ്ങളും പരിഗണിച്ചു കമ്മിഷൻ വ്യക്‌തമാക്കിയത്, നിലവിലെ നിയമം പരിഷ്‌കരിച്ചേ മതിയാവൂ എന്നാണ്.

രാജ്യത്തെ അഭിഭാഷകരിൽ 33 മുതൽ 45%വരെ വ്യാജൻമാർ എന്നു കമ്മിഷൻ ചൂണ്ടിക്കാട്ടുമ്പോൾ, നമ്മുടെ നീതിനിർവഹണ സംവിധാനത്തിന്റെ നിലവാരത്തെക്കുറിച്ചാണ് ആശങ്ക ഉയരുന്നത്. അഭിഭാഷകരും അഭിഭാഷക സംഘടനകളും പണിമുടക്കുന്നതും പണിമുടക്കിന് ആഹ്വാനം ചെയ്യുന്നതും നടപടിദൂഷ്യമായി കണക്കാക്കിയുള്ള നിയമഭേദഗതിയാണു കമ്മിഷൻ നിർദേശിച്ചിട്ടുള്ളത്. 

യോഗ്യതയില്ലാതെ പ്രാക്‌ടീസ് ചെയ്യുന്നവർക്കു ജയിൽശിക്ഷയാണു കമ്മിഷൻ തയാറാക്കിയ കരട് ബിൽ വ്യവസ്‌ഥ ചെയ്യുന്നത്. കക്ഷികളോടുള്ള മര്യാദകളിൽ വീഴ്‌ചവരുത്തുന്ന അഭിഭാഷകർക്കു പിഴയും നിർദേശിക്കുന്നു.

കോടതിയുടെ ഉദ്യോഗസ്‌ഥരായാണ് അഭിഭാഷകർ പ്രവർത്തിക്കുന്നതെന്നും അവർ അഭിഭാഷകവൃത്തിയുടെ അന്തസ്സും ധാർമികതയും കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ലോ കമ്മിഷൻ ഓർമിപ്പിക്കുന്നുണ്ട്. 

കഴിഞ്ഞ വർഷം ജൂലൈയിൽ തുടങ്ങി, എട്ടു മാസം കൊണ്ടാണു ലോ കമ്മിഷൻ റിപ്പോർട്ട് തയാറാക്കിയത്. ജുഡീഷ്യറിയുടെ പ്രവർത്തന മേഖലയിലെ സജീവപങ്കാളികളോടെല്ലാം ലോ കമ്മിഷൻ അഭിപ്രായം ശേഖരിച്ചിരുന്നു. ബാർ കൗൺസിൽ ഓഫ് ഇന്ത്യ വിശദമായ ശുപാർശകളാണു നൽകിയത്. അവയിൽ പലതും ലോ കമ്മിഷന്റെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

എന്നാൽ, പണിമുടക്കിനെ നടപടിദൂഷ്യമായി കണക്കാക്കണമെന്ന ആദ്യ നിലപാടിൽനിന്നു ബാർ കൗൺസിൽ പിന്നീടു പിൻവലിഞ്ഞു. ഈ നിലപാടുമാറ്റം കണക്കിലെടുക്കാൻ ലോ കമ്മിഷൻ തയാറായതുമില്ല. ലോ കമ്മിഷന്റെ റിപ്പോർട്ടിനെതിരെയാണു രാജ്യവ്യാപകമായി ഈ മാസം 31നു പ്രതിഷേധസമരത്തിന് ഇപ്പോൾ ബാർ കൗൺസിൽ ആഹ്വാനം ചെയ്‌തിരിക്കുന്നത്.

അഭിഭാഷക പ്രതിഷേധം പരിധിവിടുന്നതിനെക്കുറിച്ചാണു ലോ കമ്മിഷന്റെ റിപ്പോർട്ടിലെ ഊന്നൽ. പരിധിവിട്ടുള്ള പ്രതിഷേധം എങ്ങനെ രാജ്യത്തെ നിയമസംവിധാനത്തിനു ദോഷമുണ്ടാക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ആ റിപ്പോർട്ടിനെതിരെയും അഭിഭാഷകർ സ്വീകരിക്കുന്നതു പ്രതിഷേധ സമരത്തിന്റെ മാർഗമാകുമ്പോൾ, നിയമവാഴ്‌ചയെയും അതിനു മധ്യസ്‌ഥരാവുന്ന അഭിഭാഷകരുടെ രീതികളെയും കുറിച്ചുള്ള ആശങ്കകൾ വർധിക്കുകയാണ്.