Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരുത്, ആ തിരി കെടുത്തരുത്

nottam

മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ സ്വീകരിച്ചുള്ള അവയവമാറ്റ ശസ്ത്രക്രിയകളുടെ കാര്യത്തിൽ കഴിഞ്ഞവർഷം കേരളം ഇന്ത്യയിൽ ഒന്നാമതെത്തിയിരുന്നു. ബൈപാസ് ശസ്ത്രക്രിയയ്ക്കു പോലും രോഗികൾ കേരളത്തിൽ നിന്നു മറ്റു സംസ്ഥാനങ്ങളിലേക്കു പോയിരുന്ന സാഹചര്യത്തിൽനിന്നാണു കേരളം ഇക്കാര്യത്തിൽ ഒന്നാമതെത്തിയത്.

അതേസമയം, അവയവമാറ്റത്തിനായി കഴിഞ്ഞ​ വർഷത്തേതിൽ നിന്നു വ്യത്യസ്തമായി ഇപ്പോൾ ആളുകൾ മറ്റു സംസ്ഥാനങ്ങളിലേക്കു പോകുകയാണ്. ഇതിന് ഒറ്റ കാരണമേയുള്ളൂ; അവയവമാറ്റം സംബന്ധിച്ച് ആദ്യം സമൂഹ മാധ്യമങ്ങളിലും പിന്നീടു പ്രശസ്തരായ ചില വ്യക്തികളും നടത്തിയ വ്യാജപ്രചാരണങ്ങൾ. 

അവയവമാറ്റ ചികിൽസയുടെ ചെലവു ശസ്ത്രക്രിയയുടേതു മാത്രമല്ല, അതിനു ശേഷം വേണ്ടിവരുന്ന ആശുപത്രി വാസത്തിന്റെയും വിലകൂടിയ മരുന്നുകളുടെയും പരിശോധനകളുടെയും എല്ലാം കൂടിയാണ്. സർക്കാർ മെഡിക്കൽ കോളജിൽ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് രണ്ടുലക്ഷം രൂപയേ ചെലവു വരൂ. അതുതന്നെയേ സ്വകാര്യ ആശുപത്രിയിലും ചെലവുള്ളൂ.

എന്നാൽ, അതിനു ശേഷം വരുന്ന തുകയിലാണു വ്യത്യാസം. സർക്കാർ ആശുപത്രിയിൽ ആ തുക സർക്കാർ മുടക്കുന്നു. സ്വകാര്യ ആശുപത്രിയിൽ രോഗി മുടക്കുന്നു. ഏതുതരം ശസ്ത്രക്രിയയ്ക്കാണെങ്കിലും ഇന്ത്യയിലെ ഏതു സംസ്ഥാനത്തെക്കാളും ചെലവു കുറവു കേരളത്തിലാണ്. 

അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വേണ്ടിവരുന്ന ചെലവു സംബന്ധിച്ചു പെരുപ്പിച്ച കണക്കുകളാണു പലരും പ്രചരിപ്പിക്കുന്നത്. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ എല്ലാ അവയവങ്ങളും മാറ്റിവയ്ക്കുമ്പോൾ 1.60 കോടി രൂപയുടെ കച്ചവടമാണു നടക്കുന്നതെന്നാണ് ആരോപണം.

ഹൃദയ ശസ്ത്രക്രിയയ്ക്ക് എല്ലാ ചെലവും ഉൾപ്പെടെ പരമാവധി വരുന്നത് 10 ലക്ഷം രൂപയാണ്. ഹൃദയവും ശ്വാസകോശവും ഒന്നിച്ചു മാറ്റിവച്ച ശസ്ത്രക്രിയയ്ക്ക് 14.39 ലക്ഷം രൂപയാണ് ആശുപത്രി ബിൽ. കേരളത്തിനു പുറത്ത് ഇതിന് 50 ലക്ഷം രൂപ ചെലവുവരും. അവയവങ്ങൾ സൗജന്യമായി ലഭിച്ചിട്ടും ഇത്രയും തുകയോ എന്നു പലരും ചോദിക്കാം.

അവയവങ്ങൾക്കല്ല, അതു കേടുകൂടാതെ സൂക്ഷിക്കാനുള്ള ലായനികൾക്കാണു ചെലവ്. ശ്വാസകോശം കേടുകൂടാതെ കൊണ്ടുവരാനുള്ള ഫ്ലൂയിഡിനു മാത്രം മൂന്നു ലക്ഷം രൂപ ചെലവുവരും. ഹൃദയവും കൂടിയാവുമ്പോൾ ഇതിന് അഞ്ചു ലക്ഷം രൂപ വേണ്ടിവരും. 

ഇൗ മേഖലയിൽ സർക്കാർ ഏർപ്പെടുത്തുന്ന ഏതു നിയന്ത്രണത്തെയും സ്വാഗതം ചെയ്യുന്നു. പക്ഷേ, ഏറെനാളത്തെ അധ്വാനംകൊണ്ട് അവയവദാനം സംബന്ധിച്ചു സമൂഹത്തിലുണ്ടായ ഗുണപരമായ മാറ്റം ഇല്ലാതാക്കരുത്. അത് ഇപ്പോൾ സംഭവിച്ചിരിക്കുന്നു. ഇൗ വർഷം ഇതുവരെ അഞ്ച് അവയവദാനങ്ങളാണു നടന്നിട്ടുള്ളത്. ഓരോ മാസവും ശരാശരി ആറു ശസ്ത്രക്രിയ നടന്ന സ്ഥാനത്താണിത്. 

സർക്കാർ മേൽനോട്ടത്തിലാണു കേരളത്തിൽ അവയവദാനം. ലോകമാകെ പ്രശംസിച്ച മാതൃകയാണത്. സംസ്ഥാന നിയമസഭ ഇതനുസരിച്ചു നിയമവും പാസാക്കിയിട്ടുണ്ട്. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയിൽനിന്നെടുക്കുന്ന അവയവങ്ങളിൽ ഒന്നെങ്കിലും സർക്കാർ മേഖലയിലെ ആശുപത്രികളിൽ നൽകുന്നുണ്ട്.

കേരളത്തിൽ നടന്നിട്ടുള്ള അവയവദാനങ്ങളിൽ വളരെക്കുറച്ചു മാത്രമേ സർക്കാർ ആശുപത്രികളിൽ നിന്നുണ്ടായിട്ടുള്ളൂ. കോട്ടയം മെഡിക്കൽ കോളജിൽ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു ഹൃദയം ലഭിച്ചതും സ്വകാര്യ ആശുപത്രികളിലെ മസ്തിഷ്ക മരണത്തിൽനിന്നാണ്. 

അവയവമാറ്റം നടത്തിയവർ ഒരുവർഷത്തിനപ്പുറം ജീവിക്കുന്നില്ലെന്നാണു മറ്റൊരു ആക്ഷേപം. അതായത്, 20 പേരുടെ ശസ്ത്രക്രിയ കഴിഞ്ഞാൽ ഒരാൾ മാത്രം ജീവിച്ചിരിക്കുന്നു എന്ന്! കേരളത്തിൽ അവയവമാറ്റം കഴിഞ്ഞ 90% ആളുകളും ആരോഗ്യത്തോടെ തുടർജീവിതം നടത്തുന്നുവെന്നതാണു വസ്തുത. അവയവമാറ്റത്തിനു മേൽനോട്ടം വഹിക്കുന്ന സർക്കാർ ഏജൻസിയിൽ തന്നെ ഇതിന്റെ കണക്കുകൾ ലഭ്യമാണ്. 

മസ്തിഷ്ക മരണത്തെത്തുടർന്ന് അവയവദാനത്തിനു സമ്മതിച്ച ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാനും ചിലർ ശ്രമിക്കുന്നത് ഏറെ വേദനാജനകമാണ്. ഓരോ അവയവദാന ശസ്ത്രക്രിയയുടെ പിറകിലും മൂന്നോ നാലോ ഡോക്ടർമാരുടെയും അതിലേറെ മെഡിക്കൽ സ്റ്റാഫിന്റെയും മറ്റ് ഒട്ടേറെപ്പേരുടെയും മണിക്കൂറുകൾ നീണ്ട പരിശ്രമമുണ്ടാവും.

തിരുവനന്തപുരത്തുനിന്നു ഹൃദയം എറണാകുളം ലിസി ആശുപത്രിയിലെത്തിച്ച് മാത്യു ആച്ചാടനു ശസ്ത്രക്രിയ നടത്തിയത് 48 മണിക്കൂർ സമയം കൊണ്ടാണ്. 120 കിലോമീറ്റർ വേഗത്തിൽ പോകുന്ന ആംബുലൻസിൽ ഒരു സംഘം ഡോക്ടർമാരും സ്റ്റാഫും ജീവൻ പണയം വച്ചാണ് യാത്രചെയ്യുന്നത്.

അതല്ലെങ്കിൽ, കാലപ്പഴക്കമുള്ള ഡോണിയർ വിമാനങ്ങളിലാണ് യാത്ര. കേരളത്തിൽ ഇന്നുള്ള ട്രാൻസ്പ്ലാന്റ് സർജൻമാർ എല്ലാവരും തന്നെ ഇതൊരു വികാരമായി സ്വീകരിച്ചവരാണ്. എത്രയോ ശസ്ത്രക്രിയകൾ മാറ്റിവച്ചാണ് ഒരു അവയവമാറ്റത്തിനു വേണ്ടി പരിശ്രമിക്കുന്നത്.

മസ്തിഷ്ക മരണം റിപ്പോർട്ട് ചെയ്യുന്ന ആശുപത്രികൾക്ക് ഇക്കാര്യത്തിൽ ഒരു നേട്ടവുമില്ല. അവയവദാനം നടത്തിയ വ്യക്തിയുടെ കുടുംബങ്ങളെപ്പോലും ബ്ലാക്മെയിൽ ചെയ്ത് ഡോക്ടർമാരെ സംശയനിഴലിൽ ആക്കിയതോടെ അവരുടെ മനോവീര്യം തകർന്നു. പല ആശുപത്രികളും ഇപ്പോൾ മസ്തിഷ്ക മരണം റിപ്പോർട്ട് ചെയ്യുന്നില്ല. 

ഓരോ അവയവമാറ്റ ശസ്ത്രക്രിയയ്ക്കു പിന്നിലും വൻസംഘത്തിന്റെ അധ്വാനമുണ്ട്. പ്രിയപ്പെട്ടവരുടെ അവയവങ്ങൾ, ഏറെ ദുഃഖത്തിനിടയിലും ദാനംചെയ്യുന്നവരുടെ പ്രാർഥനയുണ്ട്. വിലമതിക്കാനാവാത്ത സന്ദേശമാണ് ഇത്തരം ദാനങ്ങളിലൂടെ സമൂഹത്തിന് അവർ നൽകുന്നത്. ഒരിക്കൽ കൊളുത്തിവച്ച ആ തിരി കെടുത്താനോ, കെട്ടുപോകാനോ നാം അനുവദിക്കരുത്.