Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടില ചിഹ്നം: കോഴപ്പണം ഡൽഹിയിലെത്തിച്ചത് കൊച്ചിയിലെ ഹവാല റാക്കറ്റെന്നു സംശയം

aiadmk-randila-bribe-dinakar

രണ്ടില ചിഹ്നം അനുവദിച്ചു കിട്ടാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥനു പണം കോഴ നൽകാൻ തമിഴ്നാട്ടിലെ അണ്ണാ ഡിഎംകെ നേതാക്കൾ ശ്രമിച്ചെന്ന കേസിൽ അന്വേഷണം കൊച്ചിയിലേക്കും. ഡൽഹി ക്രൈംബ്രാഞ്ച് പൊലീസാണു കേസിൽ സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരുടെ സഹകരണത്തോടെ കൊച്ചിയിലെ ഹവാല റാക്കറ്റിന്റെ വിവരങ്ങൾ ശേഖരിക്കുന്നത്. 

തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥനു കോഴയായി നൽകാനുള്ള പത്തുകോടി രൂപ ന്യൂഡൽഹിയിൽ എത്തിച്ച ഹവാല റാക്കറ്റിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണു കൊച്ചിയിലെത്തിയത്. ഇതിൽ കൂടുതൽ തുക റാക്കറ്റ് ന്യൂഡൽഹിയിലെത്തിച്ചതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 

കേരളത്തിൽ സിബിഐ അന്വേഷിക്കുന്ന രണ്ടു വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഹവാല റാക്കറ്റുകളുടെ വിവരങ്ങളാണ് അന്വേഷണ സംഘം ശേഖരിക്കുന്നത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു വേണ്ടി നഴ്സുമാരെ റിക്രൂട്ട് ചെയ്ത കേസിൽ 100 കോടി രൂപയിലധികം വിദേശത്തേക്കു കടത്താൻ പ്രതികളെ സഹായിച്ച, കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹവാല റാക്കറ്റിന്റെ വിശദാംശങ്ങളാണ് അന്വേഷണ സംഘം മുഖ്യമായി തേടുന്നത്. 

എമിഗ്രേഷൻ ഉദ്യോഗസ്ഥർ അടക്കം പ്രതികളായ നെടുമ്പാശേരി സ്വർണക്കടത്തു കേസിൽ പണം വിദേശത്തേക്കു കടത്താൻ പങ്കാളികളായ ഹവാല റാക്കറ്റിന്റെ വിശദാംശങ്ങളും സംഘം പരിശോധിക്കും. 

രണ്ടു കേസുകളിലും കള്ളപ്പണ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ടു സമർപ്പിച്ചിരുന്നു. പിന്നീടു രണ്ടു കേസുകളും ഏറ്റെടുത്ത് അന്വേഷിക്കുന്നത് സിബിഐയാണ്. 

തമിഴ്നാട്ടിലെ സിനിമാലോകവുമായി അടുത്ത ബന്ധമുള്ള മലയാളി യുവതിയും ഹവാലറാക്കറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്നതായി തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസ് സേനയും റിപ്പോ‍ർട്ടു ചെയ്തിട്ടുണ്ട്. ചെന്നൈയിൽ പല സാമ്പത്തിക കുറ്റകൃത്യങ്ങളിലും മലയാളി യുവതി പ്രതിസ്ഥാനത്തുണ്ട്. 

കൊച്ചിയിലെ സാമ്പത്തിക ഇടപാടുകളിലും ഈ യുവതിക്കു നേരിട്ടു ബന്ധമുള്ളതായും സൂചനയുണ്ട്. ആഴ്ചകളോളം മലയാളി യുവതി കൊച്ചിയിൽ തങ്ങിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ന്യൂഡൽഹിയിൽ കഴിഞ്ഞ ദിവസം പിടിയിലായ കള്ളപ്പണ ഇടപാടുകാരൻ ബെംഗളൂരു സ്വദേശി സുകാഷ് ചന്ദ്രശേഖറിന്റെ മൊഴികളാണ് കേസിന്റെ അന്വേഷണത്തെ കൊച്ചിയിലേക്ക് എത്തിച്ചത്.

related stories