Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിന്നമ്മയെ നയിച്ചു; സ്വന്തം ചുവടു പിഴച്ചു

sasikala-dinakar ശശികല , ടി.ടി.വി. ദിനകരൻ

ടി.ടി.വി.ദിനകരൻ രണ്ടടി പിന്നോട്ടു വയ്ക്കുന്നുവെങ്കിൽ അതു നാലടി കുതിക്കാനാണെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവരൊക്കെ പറയും. അണ്ണാ ഡിഎംകെയിലെ രാഷ്ട്രീയ വിസ്ഫോടനത്തിൽ പരാജിതനായി പിൻവാങ്ങുമ്പോഴും എതിരാളികൾപോലും ദിനകരനെ എഴുതിത്തള്ളാൻ മടിക്കുന്നത് ഈ മെയ്‌വഴക്കം അറിയാവുന്നതുകൊണ്ടാണ്.

ശശികലയുടെ സഹോദരി വനിതാമണിയുടെ മകനായ ദിനകരനാണ് ‘മന്നാർഗുഡി സംഘ’ത്തിന്റെ ബോസ്. ശശികലയ്ക്കൊപ്പം ജയയുടെ വസതിയിൽ ചേക്കേറിയ മന്നാർഗുഡിയിലെ ബന്ധുക്കളുടെയെല്ലാം നേതാവ്; ജയലളിതയുടെ മരണശേഷം ശശികലയെ മുഖ്യമന്ത്രിസ്ഥാനത്ത് അവരോധിക്കാനുള്ള നീക്കങ്ങളുടെ മുഖ്യസൂത്രധാരൻ. 

കളി പിഴച്ചു ശശികല ജയിലിലേക്കു പോയതു ദിനകരനെ പാർട്ടി ഡപ്യൂട്ടി ജനറൽ സെക്രട്ടറിസ്ഥാനത്ത് അവരോധിച്ചാണ്. പാർട്ടിയിൽ താൻ കൈപിടിച്ചുയർത്തിയവർപോലും തള്ളിപ്പറയുകയും നിയമത്തിന്റെ കുരുക്കു മുറുകുകയും ചെയ്തതോടെയാണു തൽക്കാലത്തേക്കു പിൻവാങ്ങാൻ ദിനകരൻ തീരുമാനിച്ചത്.

പുറത്താക്കുന്നതിനു കാർമികത്വം വഹിച്ച പനീർസെൽവത്തെ പാർട്ടിയിൽ ഉയരങ്ങളിലേക്കു കൈപിടിച്ചു നടത്തിയതു ദിനകരൻതന്നെയാണെന്നതു കഥയിലെ മറ്റൊരു കൗതുകം. ശശികലയിലൂടെയാണു ദിനകരനും പോയസ് ഗാർഡനിലേക്കു വഴിവെട്ടിയത്. എംജിആറിന്റെ മരണശേഷം അണ്ണാ ഡിഎംകെ പിടിച്ചെടുക്കുന്നതിനു ജയലളിത നടത്തിയ പോരാട്ടത്തിൽ നിഴൽപോലെ കൂടെ നിന്നു.

എന്നാൽ, ശശികലയുടെ ഭർത്താവ് നടരാജനുമായുള്ള അടുപ്പത്തെത്തുടർന്നു ജയയുടെ ഗുഡ് ബുക്കിൽനിന്നു പുറത്തായി. ശശികലയുടെ ശക്തമായ പിന്തുണ ലഭിച്ചതോടെ വീണ്ടും അമ്മയുടെ സ്വന്തം ‘മകനാ’യി. 1999ൽ പെരിയകുളത്തു മൽസരിച്ചു ലോക്സഭാംഗമായി.

അന്നു ദിനകരന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാൻ പിടിച്ചതു പ്രാദേശിക നേതാവായിരുന്ന പനീർസെൽവം. പിന്നീടു പെരിയകുളത്തുനിന്നു പനീർസെൽവത്തിനു നിയമസഭാ സീറ്റ് ലഭിക്കാൻ സഹായമായതും ദിനകരനുമായുള്ള ഈ അടുപ്പമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണകാലത്തു ദിനകരൻ പലപ്പോഴും താമസിച്ചതു പനീർസെൽവത്തിന്റെ വീട്ടിലായിരുന്നുവത്രേ. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും രാജ്യസഭാംഗമായി ഡൽഹിയിലേക്ക്. ഇതിനിടെ പനീർസെൽവത്തിന്റെ രാഷ്ട്രീയജീവിതം മാറ്റിമറിച്ച സംഭവത്തിലും ദിനകരന്റെ കയ്യുണ്ടായിരുന്നു.

2001ൽ അനധികൃത സ്വത്തുസമ്പാദനക്കേസിൽ ജയ ജയിലിലേക്കു പോയപ്പോൾ പകരം മുഖ്യമന്ത്രിയായി പനീർസെൽവത്തെ നിർദേശിച്ചതു ദിനകരനാണ്. 2011ൽ മന്നാർഗുഡി സംഘത്തെ പോയസ് ഗാർഡനിൽനിന്നു പടിയിറക്കിയപ്പോൾ ദിനകരനും പുറത്തായി. ജയലളിതയുടെ മരണശേഷം മാപ്പെഴുതി വാങ്ങി ശശികല വീണ്ടും അനന്തരവനു മുന്നിൽ വാതിൽ തുറന്നു.

പാർട്ടിയും ഭരണവും പിടിച്ചെടുക്കാൻ ശശികല കാണിച്ച ധൃതിയാണു പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന വിലയിരുത്തൽ അവരുടെ അനുകൂലികൾക്കുപോലുമുണ്ട്. ദിനകരന്റെ ഉപദേശമാണ് എടുത്തുചാട്ടത്തിന് അവരെ പ്രേരിപ്പിച്ചത്.

ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ ശശികലവിഭാഗത്തിന്റെ സ്ഥാനാർഥിയായ ദിനകരനു ചുവടുപിഴച്ചത് വിശ്വസ്തനായ മന്ത്രി സി.വിജയഭാസ്കറിന്റെ വീട്ടിൽ നടന്ന ആദായനികുതി വകുപ്പു പരിശോധനയോടെയാണ്. നാലു മന്ത്രിമാർക്കെതിരെ വ്യക്തമായ തെളിവു ലഭിച്ചതോടെ പാർട്ടിയിൽ അതൃപ്തി പുകഞ്ഞു. 

എങ്കിലും, വിജയഭാസ്കറെ കൈവിടാൻ ദിനകരൻ തയാറായില്ല. രണ്ടില ചിഹ്നം ലഭിക്കുന്നതിനു തിരഞ്ഞെടുപ്പു കമ്മിഷനെ കോഴകൊടുത്തു സ്വാധീനിക്കാനുള്ള കേസിലും പെട്ടതോടെ തഞ്ചാവൂരിലെ കരുത്തനു പൂർണമായും ചുവടുപിഴച്ചു. ഇതിനിടെ ശശികലയുമായുള്ള ബന്ധത്തിലും വിള്ളൽ വീണതായാണു സൂചന.

ആർകെ നഗർ ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിനു തന്റെ ചിത്രം പോസ്റ്ററുകളിൽ ഉൾപ്പെടുത്താതിരുന്ന ദിനകരന്റെ നടപടിയിൽ ശശികലയ്ക്കു കടുത്ത അതൃപ്തിയുണ്ടെന്നു പാർട്ടിവൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ ദിവസം ബെംഗളൂരു പാരപ്പന അഗ്രഹാര ജയിലിൽ സന്ദർശിക്കാനെത്തിയ ദിനകരനു ശശികല സന്ദർശനാനുമതി നിഷേധിച്ചതായും റിപ്പോർട്ടുകളുണ്ട്. 

മന്നാർഗുഡി സംഘത്തെ പുറത്താക്കാൻ എടപ്പാടി കെ.പളനിസാമിയെ അനുകൂലിക്കുന്ന വിഭാഗം തീരുമാനിച്ചശേഷം ദിനകരനു പരസ്യപിന്തുണ പ്രഖ്യാപിച്ചത് എട്ട് എംഎൽഎമാർ മാത്രമാണ്. അടുപ്പക്കാരായിരുന്ന പല മന്ത്രിമാരും നിലനിൽപു മുന്നിൽ കണ്ടു കളംമാറ്റിച്ചവിട്ടിയതോടെ പ്രതീക്ഷിച്ച പിന്തുണയില്ലെന്നു ദിനകരനു വ്യക്തമായി.

കളമറിഞ്ഞു തൽക്കാലത്തേക്കു പിൻവലിഞ്ഞെങ്കിലും എഴുതിത്തള്ളുന്നത് അബദ്ധമാകുമെന്നുതന്നെയാണ് ഇതുവരെയുള്ള അനുഭവം. കാരണം, കക്ഷി ദിനകരനാണ്; പാർട്ടി അണ്ണാ ഡിഎംകെയും.

Your Rating: