Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കയ്യേറ്റത്തിനു മറയല്ല കുരിശ്

nottam

പരിസ്ഥിതിയെ നശിപ്പിച്ചു ജീവൻ ഇല്ലാതാക്കുന്ന കയ്യേറ്റമാണു മൂന്നാറിൽ നടക്കുന്നത്. കുരിശിന്റെ സന്ദേശം ജീവന്റെ സന്ദേശമാണെന്നിരിക്കെ ജീവൻ നശിപ്പിക്കുന്നിടത്തു കുരിശു സ്ഥാപിക്കുന്നതു വൈരുധ്യം തന്നെ. കയ്യേറ്റസ്ഥലത്തെ കുരിശു നീക്കം ചെയ്ത സംഭവത്തെ ബാബറി മസ്ജിദ് തകർത്ത സംഭവവുമായി സാമ്യപ്പെടുത്തി അധികാരസ്ഥാനത്തിരുന്നവർ നടത്തിയ പരാമർശങ്ങൾ എന്തിനെന്നു മനസ്സിലാകുന്നില്ല. അതു സദുദ്ദേശ്യത്തോടെയാണെന്നു വിലയിരുത്താനാകുന്നുമില്ല.

ബാബറി മസ്ജിദ് സംഭവവും തുടർന്നുണ്ടായ നിർഭാഗ്യകരമായ കാര്യങ്ങളെയും പോലെ അസാധാരണമായി നടന്ന എന്തിനെയെങ്കിലും വച്ച് ഇപ്പോഴത്തെ തെറ്റുകളെ ന്യായീകരിക്കുന്നതു സമൂഹത്തിൽ വിഭാഗീയതയുണ്ടാക്കാൻ പോരുന്നത്ര അപകടകരമാണ്. കുരിശു സ്ഥാപിച്ചു കൊള്ളയടിക്കാമെന്നു കരുതുന്നതു കടുത്ത ദൈവനിന്ദയാണ്.

കുരിശ് സമർപ്പണത്തിന്റെയും സ്വയംത്യജിക്കുന്നതിന്റെയും പ്രതീകമാണ്. അല്ലാതെ, കയ്യേറ്റത്തിന്റെ മറയല്ല. ക്രൈസ്തവ ദർശനത്തിൽ മാർഗവും ലക്ഷ്യവും ശുദ്ധമായിരിക്കണം. അതും അപ്പാടെ തകർത്തിരിക്കുകയാണു മൂന്നാറിൽ. ഏതു മതത്തിലാണെങ്കിലും വിശ്വാസത്തെ ഉറപ്പിക്കുന്നതു തിന്മയുടെ മാർഗത്തിലൂടെയാകരുത്.

കയ്യേറിയ ഭൂമിയുടെ നടുക്കു കുരിശു സ്ഥാപിക്കുന്നതും വിശ്വാസത്തെ കൊണ്ടുവരാൻ ശ്രമിക്കുന്നതും കുരിശിലേറിയ കർത്താവിന്റെ മനുഷ്യത്വചിന്തകൾക്കെതിരാണ്. ഇത്തരക്കാരെ അകറ്റിനിർത്താൻ യഥാർഥമായി കുരിശു ധരിക്കുന്ന സഭാനേതൃത്വവും വിശ്വസികളും ആത്മധൈര്യവും ആത്മവിശ്വാസവും കാണിക്കണം.

കേരളത്തിലെ മിടുക്കരായ ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നിന്ദ ആത്മാഭിമാനം ഉള്ളവർ ഈ മേഖലയിലേക്കു വരുന്നതിനെ തടയും. കേരളത്തിലേക്കു വരാൻ മിടുക്കരായ ഓഫിസർമാർ മടിക്കുകയാണ്. കഴിഞ്ഞദിവസം തന്നെ യുവ ഐഎഎസ് ഓഫിസർക്കെതിരെ മന്ത്രി നടത്തിയ പരാമർശങ്ങൾ നിർഭാഗ്യകരമാണ്.

സത്യസന്ധരും മിടുക്കരുമായവർ ഈ മേഖലയിൽ നിന്നു പോകുന്നതും ആത്മാഭിമാനം തകരുന്നതു ഭയന്ന് അത്തരമൊരു തലമുറ നമ്മുടെ ഭരണതലപ്പത്തു വരാതിരിക്കുന്നതും രാജ്യത്തിനു ദോഷം ചെയ്യും. ഇതു ദീർഘവീഷണമുള്ള ഭരണാധികാരികൾ തിരിച്ചറിയണം. മൂന്നാറിൽ ലാൻഡ് സീലിങ് വേണം. സംരക്ഷണഭൂമിയായി സർക്കാർ തീരുമാനിച്ച്, അതു നടപ്പാക്കണം.

നിർമാണങ്ങൾക്കു കൃത്യമായ രൂപരേഖയും നിയന്ത്രണവും വേണം. തമിഴ്നാട്ടിൽ പോലും ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതു മുന്നോട്ടുപോകുന്നു. കൊടൈക്കനാൽ പോലുള്ള സ്ഥലങ്ങൾ ഇങ്ങനെ സംരക്ഷിക്കപ്പെടുന്നു. വഴിയോരങ്ങളിൽ എല്ലാ മതസ്ഥരും ആരാധനാലയങ്ങൾ ഉണ്ടാക്കിവയ്ക്കും. റോഡ് വികസനത്തിന് ഇവയൊക്കെയാണ് ഇപ്പോൾ തടസ്സം.

കൃത്യമായ നിയമം കൊണ്ടുവന്നു സർക്കാർ ഇതിനൊക്കെ തടയിടുകതന്നെ വേണം.
അതേപോലെ, കേരളത്തിന്റെ അഭിമാനത്തെയും അന്തസ്സുള്ള സംസ്കാരത്തെയും ലോകത്തിനു മുന്നിൽ താഴ്ത്തിക്കെട്ടുന്നതാണു ചില ജനപ്രതിനിധികളുടെ ഭാഷയെന്നതു ലജ്ജാകരമാണ്. ജനപ്രതിനിധിയായി ഇരിക്കുന്നത് അവരുടെ മിടുക്കുമാത്രം കൊണ്ടല്ലെന്ന് ഓർക്കുക.

നിയമസഭയെന്നതു ജനങ്ങളുടെ ഭാവിയെ നിർണയിക്കുന്ന നിയമമുണ്ടാക്കുന്ന സഭയാണെന്നുള്ള ബോധ്യം വേണം, ആ വിശുദ്ധി വേണം. അവിടെയിരിക്കുന്ന ചിലർ പറയുന്നത് അപരിഷ്കൃതർ പോലും ഉപയോഗിക്കാത്ത വാക്കുകളാണ്. അപരിഷ്കൃതരെന്നു നമ്മൾ കരുതുന്നവർ പോലും മൃഗങ്ങളെ വിളിക്കുന്നതിനും കൂടെയുള്ള മനുഷ്യരെ വിളിക്കുന്നതിനും ബഹുമാനം നിറഞ്ഞ ഭാഷയാണ് ഉപയോഗിക്കുന്നത്.

ജനാധിപത്യ കേരളത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് അപകടമാണ്. കെട്ടുറപ്പുള്ള സംസ്കാരത്തിന്റെ ഭാവിക്കു ഭീഷണിയാണ് ഇത്തരം ഭാഷകൾ.
അധികാരസ്ഥാനത്തിരുന്നു സ്ത്രീകൾക്കെതിരെ അശ്ലീലപരാമർശം നടത്തുന്നവർ ആ സ്ഥാനത്തിന് അർഹരാണോ എന്ന ചോദ്യത്തിനു പ്രസക്തി ഏറെയാണ്.

(സിഎസ്ഐ മോഡറേറ്ററാണു ലേഖകൻ)