Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂരം എന്ന മാനസികാവസ്ഥ

namboothiri

ഇങ്ങനെയൊരു കാഴ്ച വേറെ ഉണ്ടാകുമോ? ഇല്ലെന്ന് ഉറപ്പിച്ചു പറയാനാകും.‌ രാവിലെ തുടങ്ങി രാത്രി കഴിഞ്ഞു നേരംവെളുക്കുന്നതുവരെ പൂരം. തൃശൂർ പൂരമെന്നു പറഞ്ഞാൽ അതു കാഴ്ച മാത്രമല്ലതാനും. ലക്ഷക്കണക്കിനു ജനങ്ങളെ ഇതുപോലെ സന്തോഷിപ്പിക്കുന്ന മനോഹരമായൊരു കൂടിച്ചേരൽ വേറെ എവിടെയുണ്ടാകാനാണ്!

രാവിലെ മുതൽ പൂരപ്പറമ്പിലേക്കു പൂരങ്ങൾ വന്നുതുടങ്ങും. ഒരു വലിയ വൃത്തത്തിനു നടുവിലായി ഉയർന്ന ഭൂമിയിൽ നിൽക്കുന്ന ക്ഷേത്രവും വലിയ ചുറ്റുമതിലും പൂരപ്പറമ്പിനു നൽകുന്ന ഗാംഭീര്യം വളരെ വലുതാണ്. ഇവിടേക്കാണ് ആനകളുടെയും മേളക്കാരുടെയും ഘോഷയാത്ര ഒന്നൊന്നായി വരുന്നത്. പൂരം വേണ്ടെന്നുവയ്ക്കണമെന്നു പറയുന്ന ചിലരുണ്ട്. അവർ വേണ്ടെന്നുവയ്ക്കാൻ പറയുന്നതു ലോകത്തിലെ ഏറ്റവും മനോഹര കാഴ്ചയും ജനകീയ സംഗമവുമാണ്.

തിരുവമ്പാടിയുടെ മ​ഠ​ത്തിൽവരവു പഞ്ചവാദ്യം കേൾക്കാനായി മാത്രം എത്രയോദൂരത്തുനിന്നു വരുന്നവരുണ്ട്. മൂന്നാനപ്പുറത്താണ് എഴുന്നള്ളിപ്പു തുടങ്ങുക. ചെറിയവഴിയിലൂടെ പ്രദക്ഷിണ വഴിയിലേക്ക് ഈ എഴുന്നള്ളിപ്പ് എത്തുമ്പോഴേക്കും പഞ്ചവാദ്യം കാലം കയറിയിരിക്കും. കൊട്ടുന്ന ആളുകളും എണ്ണവും മാറിയില്ലെങ്കിലും അതു കൊട്ടുന്ന സ്ഥലം മാറുന്നതോടെ വലിയ മാറ്റമുണ്ടാകും.

പാറമേക്കാവ് തെക്കോട്ടിറങ്ങുമ്പോൾ പൊരിവെയിലാകും. എന്നാലും ആയിരക്കണക്കിനാളുകളുണ്ടാകും. പാണ്ടിമേളത്തിലെ വമ്പന്മാരെല്ലാം ഇവിടെ കൊട്ടിയിട്ടുണ്ട്. ഇലഞ്ഞിത്തറ മേളവും മഠത്തിൽവരവു പഞ്ചവാദ്യവും സത്യത്തിൽ കാഴ്ചക്കാരെ വേറിട്ടൊരു അവസ്ഥയിലേക്കു കൊണ്ടുപോകും. ആ മാനസികാവസ്ഥയാണു പൂരം.

പൂരത്തിന് ആനകളെ തിരഞ്ഞെടുക്കുന്നതിലെ വാശി വളരെ വലുതാണ്. നല്ലതിൽ നല്ലതിനെ മാത്രമേ പൂരത്തിന് എഴുന്നള്ളിക്കൂ. ഉയരം മാത്രം പോരാ. ഭംഗിയും നല്ല സ്വഭാവവും വേ‌ണം. പൂരത്തിനുള്ള ഓരോ ആനയെയും എത്ര കരുതലോടെയാണു പരിചരിക്കുന്നതെന്നു ഞാൻ നോക്കിക്കണ്ടിട്ടുണ്ട്. ആനയെ ഉപദ്രവിക്കുന്നവർ ഉണ്ടാകാം.

എല്ലാ മൃഗങ്ങളും ഉപദ്രവിക്കപ്പെടുന്നുണ്ട്. ആനയെപ്പോലെ ഇത്രയും സ്നേഹത്തോടെ പരിചരിക്കപ്പെടുന്ന മൃഗങ്ങളും കുറവാണ്. ആനയും നെറ്റിപ്പട്ടവും വാദ്യവും വെടിക്കെട്ടും മാത്രമായി ആരാണു പൂരം ഡിസൈൻ ചെയ്തതെന്നു പലപ്പോഴും അദ്ഭുതത്തോടെ ആലോചിച്ചിട്ടുണ്ട്.

കുട്ടിക്കാലത്തു പൂരത്തിനു പോകുമ്പോൾ ആൽത്തറയിലും ദേവസ്വം കൊക്കർണി പറമ്പിലും ശാന്തിക്കാർ സംഭാരം നൽകുന്നതു കണ്ടിട്ടുണ്ട്. പൂരത്തിന് എത്തുന്നവരെക്കുറിച്ചുള്ള കരുതലാണിത്. പൂരത്തിന്റെ ഓരോ അണുവിലുമുള്ളതു സ്നേഹവും സന്തോഷവുമാണ്. കേരളത്തിലെ രാഷ്ട്രീയചരിത്രത്തിൽ തേക്കിൻകാടിനു വലിയ സ്ഥാനമുണ്ട്.

എത്രയോ നേതാക്കളുടെ പ്രസംഗംകൊണ്ടു നിറഞ്ഞ മൈതാനമാണിത്. അവിടെത്തന്നെയാണു പൂരവും.  ഇതുപോലെ സാംസ്കാരിക പാരമ്പര്യമുള്ള ഏതു മൈതാനമുണ്ടാകും? അതാണു പറയുന്നതു പൂരം ആഘോഷം മാത്രമല്ല, നാടിന്റെ സംസ്കാരംകൂടിയാണ്. വെടിക്കെട്ടിന്റെയും ആനയുടെയും പേരിൽ അതു തകർക്കാൻ നോക്കുന്നത് ഈ നാടു നൂറ്റാണ്ടുകൾകൊണ്ടു കെട്ടിപ്പടുത്ത സംസ്കാരം തകർക്കലാണെന്നു തോന്നിയിട്ടുണ്ട്.

ഇത്രയും വലിയൊരു കാഴ്ച സങ്കൽപത്തിലും അപ്പുറത്താണ്. ചിത്രത്തിനും ക്യാമറയ്ക്കും ഒതുങ്ങുന്നതല്ല അത്. പൂരം കണ്ടും കേട്ടും അറിയേണ്ടതാണ്. നല്ല വെയിലത്തു നടന്നും തളർന്നും ദാഹിച്ചും തിക്കിലും തിരക്കിലും പെട്ടു വലഞ്ഞും ബസിലും ട്രെയിനിലും ഇരിക്കാനിടമില്ലാതെ നിന്നുമെല്ലാമാണു പൂരം കാണാൻ പോകുന്നത്. ഈ പ്രയാസങ്ങളെല്ലാം മറക്കുന്നതു പൂരത്തിന്റെ കാഴ്ചകളിലൂടെയാണ്. അതാണു പൂരത്തെ മറ്റെല്ലാറ്റിൽനിന്നും വ്യത്യസ്തമാക്കുന്നത്. എത്ര തളർന്നാലും പറയും അടുത്തതവണയും പൂരത്തിനു പോകണമെന്ന്.

പുറത്തുനിന്നു കാണുന്നതു മാത്രമല്ല പൂരം. ഇതിനു പുറകിൽ എത്രയോപേരുടെ അധ്വാനമുണ്ട്. കുടയുടെ തുണി തുന്നുന്നവർ, ആനയ്ക്കു പച്ച വെട്ടുന്നവർ, പന്തം കെട്ടുന്നവർ, കൊടി തുന്നുന്നവർ, തോരണം തൂക്കുന്നവർ, കൊട്ടുകാർക്കു വെള്ളം കൊടുക്കുന്നവർ, വെടിക്കെട്ടിനു കുഴി കുത്തുന്നവർ, മരുന്നുനിറയ്ക്കുന്നവർ അങ്ങനെ എത്രയോപേരുടെ അധ്വാനമാണു പൂരം. ഇതിൽ പലതും പ്രതിഫലത്തിനുവേണ്ടി ചെയ്യുന്നതല്ല. സന്തോഷത്തിനുവേണ്ടി ചെയ്യുന്നതാണ്. ആ സന്തോഷമാണു പൂരം.

പൂരം കഴിഞ്ഞു പിറ്റേദിവസം നടക്കുന്ന പകൽപൂരം പൂരത്തോളംതന്നെ ഭംഗിയുള്ളതാണ്. വടക്കുന്നാഥന്റെ ശ്രീമൂല സ്ഥാനത്തെ രണ്ടു മേളങ്ങൾ ഇരമ്പുന്ന മേളങ്ങളാണ്. സ്ത്രീകളും കുട്ടികളും ആൽത്തറയിലും ചുറ്റും നിന്നു കൈ ഉയർത്തി താളം പിടിക്കുന്നതുതന്നെയൊരു കാഴ്ചയാണ്. സൂര്യനുദിച്ചുവരുമ്പോൾ നെറ്റിപ്പട്ടം കെട്ടിയ ആനകൾ തേക്കിൻകാട്ടിലൂടെ വടക്കുന്നാഥന്റെ മുറ്റത്തേക്കു കയറിവരുന്നത് എന്തൊരു കാഴ്ചയാണെന്നോ.

ഇതെല്ലാം കണ്ടശേഷം പൂരം അവസാനിക്കുമ്പോൾ വലിയ വിമ്മിട്ടമാണ്. മനസ്സിൽ വല്ലാത്ത സങ്കടം വരും. സ്വന്തമായ എന്തോ നഷ്ടപ്പെട്ടതുപോലെ. ഓരോ പൂരവും അവസാനിക്കുന്നത് ആ സങ്കടത്തിലാണ്. തൊട്ടടുത്തദിവസംതന്നെ പൂരത്തിനുള്ള ഒരുക്കം പൂരം നടത്തിപ്പുകാർ മനസ്സിൽ തുടങ്ങും. കാഴ്ചക്കാർ പോകാനുള്ള ഒരുക്കവും. അതാണു പൂരം.