Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണ്ണാ ഡിഎംകെയിൽ ജനപിന്തുണ ഏതു പക്ഷത്തിന്? ചിത്രം അവ്യക്തം

palaniswami ops

അണ്ണാ ഡിഎംകെയിൽ വെടിപൊട്ടിച്ച മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം ഇന്നുമുതൽ കാഞ്ചീപുരത്തുനിന്നു സംസ്ഥാന പര്യടനം നടത്തുകയാണ്. പാർട്ടിയിലെ ഇരുപക്ഷങ്ങൾക്കുമിടയിലുള്ള ലയനചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ തന്റെ ജനസ്വാധീനം തെളിയിക്കുകയെന്ന ലക്ഷ്യത്തോടെയാണു പനീർസെൽവം സംസ്ഥാന പര്യടനം തുടങ്ങുന്നത്.

ശശികലയും പനീർസെൽവവും തമ്മിലാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ശശികല ജയിലിലായതോടെ ഏറ്റുമുട്ടൽ എടപ്പാടി പളനിസാമിയും (ഇപിഎസ്) പനീർസെൽവവും (ഒപിഎസ്) തമ്മിലായി.

∙ പ്രതിസന്ധിയിൽ അണ്ണാ ഡിഎംകെ

ജനറൽ സെക്രട്ടറിയും ഡപ്യൂട്ടി ജനറൽ സെക്രട്ടറിയും ജയിലിലുള്ള അപൂർവം പാർട്ടിയാവും അണ്ണാ ഡിഎംകെ. അനധികൃത സ്വത്തുകേസിൽ ജയിലിലായ ശശികലയ്ക്ക് ഇനിയൊരു മടങ്ങിവരവ് അസാധ്യം.

പകരം ചുമതലയേൽപിച്ച ടി.ടി.വി.ദിനകരനും കൈക്കൂലിക്കേസിൽ ജയിലിലായി. ജയയുടെ മരണശേഷം മാസങ്ങൾക്കുള്ളിലാണ് അണ്ണാ ഡിഎംകെ വൻപ്രതിസന്ധിയിൽ വീണത്. തനിക്കു പിന്നിൽ ഒരു രണ്ടാമനെ വളരാൻ ജയലളിത അനുവദിക്കാതിരുന്നതിന്റെ ദുരന്തം.

ശശികലയ്ക്കെതിരെ കലാപക്കൊടിയുയർത്തി ഒ.പനീർസെൽവം പിണങ്ങി മാറിയതോടെ പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമായി. പ്രശ്നപരിഹാര ചർച്ചകൾക്കായി പനീർസെൽവം പക്ഷവും എടപ്പാടി പളനിസാമി പക്ഷവും പ്രത്യേക സമിതികൾ രൂപീകരിച്ചെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല.

ശശികല കുടുംബത്തെ പൂർണമായും ഒഴിവാക്കണമെന്നും ജയലളിതയുടെ മരണത്തെക്കുറിച്ചു സിബിഐ അന്വേഷണം നടത്തണമെന്നുമുള്ള പനീർസെൽവം പക്ഷത്തിന്റെ ആവശ്യം എതിർപക്ഷം അംഗീകരിച്ചിട്ടില്ല.

പാർട്ടി ആസ്ഥാനത്തുനിന്നു ശശികലയുടെ ഫ്ലക്സ് ബോർഡുകൾ നീക്കിയെങ്കിലും ശശികല കുടുംബത്തിന്റെ സ്വാധീനം ഇപ്പോഴും പാർട്ടിയിൽ ശക്തം. ദിനകരനു പദവിയിലായിരുന്നു കണ്ണെങ്കിൽ, ശശികലയുടെ ഭർത്താവ് നടരാജനും സഹോദരൻ ദിവാകരനും പാർട്ടിയെ അണിയറയിൽ നിന്നു നിയന്ത്രിക്കുന്ന ‘കിങ് മേക്കർ’മാരാകാനാണു താൽപര്യം.

∙ വീഴുമോ ഇപിഎസ് സർക്കാർ?

‘‘ഒപിഎസുമില്ല (ഒ.പനീർസെൽവം), ഇപിഎസുമില്ല (എടപ്പാടി പളനിസാമി); തമിഴ്നാട്ടിൽ ഭരണം ഇപ്പോൾ യുപിഎസിൽ.’’ – സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ സന്ദേശങ്ങളിൽ കഴമ്പില്ലാതില്ല. പാർട്ടിക്കുള്ളിൽ അടി മൂത്തതോടെ ഭരണത്തിൽ ശ്രദ്ധിക്കാനൊന്നും മന്ത്രിമാർക്കു നേരമില്ല.

അണ്ണാ ഡിഎംകെ സർക്കാർ ഒന്നാം വർഷം പിന്നിടാൻ ഒരുങ്ങുകയാണ്. പക്ഷേ, ഒന്നാം വാർഷികം ആഘോഷിക്കാനുള്ള മൂഡിലൊന്നുമല്ല പാർട്ടി. സർക്കാരിനു കാലാവധി തികയ്ക്കാനാവില്ലെന്നു കരുതുന്നവർ പാർട്ടിക്കുള്ളിൽത്തന്നെ ഏറെയാണ്. ശശികല കുടുംബത്തെ ഇപിഎസ് പക്ഷം തള്ളിയാൽ സർക്കാർ വീഴാനുള്ള സാധ്യത കൂടും. സർക്കാരിനെ അനുകൂലിക്കുന്ന അണ്ണാ ഡിഎംകെ എംഎൽഎമാർ ശശികല പക്ഷം, ഇപിഎസ് പക്ഷം എന്നിങ്ങനെ രണ്ടു തട്ടിലാണ്.

ഏറെ വൈകാതെ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം വ്യക്തമാകും. അണ്ണാ ഡിഎംകെയിൽ ഏതു പക്ഷത്തിനാണു ജനപിന്തുണയെന്നതും ഇതിലൂടെ അറിയാം. മാറ്റിവച്ച ആർകെ നഗർ ഉപതിരഞ്ഞെടുപ്പു വീണ്ടും നടത്തുമ്പോൾ ചിത്രം ഒന്നുകൂടി തെളിയും.

∙ പ്രതീക്ഷയോടെ ഡിഎംകെ

അണ്ണാ ഡിഎംകെയിലെ തമ്മിലടി ഡിഎംകെയുടെ പ്രതീക്ഷ വർധിപ്പിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഡിഎംകെയുടെ നില ഏറക്കുറെ ഭദ്രമാണ്. കരുണാനിധിയിൽനിന്നു സ്റ്റാലിനിലേക്കുള്ള അധികാരക്കൈമാറ്റം സ്വാഭാവികം മാത്രം.

അഴഗിരി പുറത്തായതിനാൽ ഉൾപ്പാർട്ടി പ്രശ്നങ്ങൾ ഇപ്പോൾ ഡിഎംകെയെ കാര്യമായി വലയ്ക്കുന്നില്ല. അഴഗിരിയുടെ തിരിച്ചുവരവ് സ്റ്റാലിന്റെ പൂർണസമ്മതത്തോടെ മാത്രമേ സംഭവിക്കൂ. അർധസഹോദരി കനിമൊഴിക്കു ഡൽഹിയിലാണു താൽപര്യമെന്നതിനാൽ പാർട്ടിയിൽ വലിയ തർക്കങ്ങൾക്കുള്ള സാധ്യത കുറവ്. മറ്റു വഴികളില്ലാത്ത കോൺഗ്രസ് ഡിഎംകെ പാളയത്തിൽത്തന്നെ ഒതുങ്ങിക്കൂടും.

എന്നാൽ, സംസ്ഥാന രാഷ്ട്രീയത്തിൽ ഇടപെടാനുള്ള ബിജെപിയുടെ ശ്രമങ്ങളെ ഡിഎംകെ സംശയദൃഷ്ടിയോടെയാണു കാണുന്നത്. അണ്ണാ ഡിഎംകെയെ കൂട്ടുപിടിച്ചു സംസ്ഥാനത്തു ശക്തി വർധിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾ ഡിഎംകെയ്ക്കു ഭീഷണിയാണ്.

അണ്ണാ ഡിഎംകെയിലെ ഇരുപക്ഷവും ബിജെപിയോടു മൃദുസമീപനമാണു സ്വീകരിക്കുന്നതും. ബിജെപിക്കെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള ഒരുക്കത്തിലാണു ഡിഎംകെ.

പ്രമുഖ ദ്രാവിഡ കക്ഷികളെ കൂടെ കൂട്ടാത്ത പുതിയ രാഷ്ട്രീയ പരീക്ഷണങ്ങളൊന്നും തമിഴ്നാട്ടിൽ പച്ചപിടിച്ച ചരിത്രമില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി രൂപം നൽകിയ മഴവിൽ സഖ്യവും നിയമസഭാ തിരഞ്ഞെടുപ്പിലെ ഡിഎം‍ഡികെ – ജനക്ഷേമ മുന്നണി സഖ്യവും ഇതിനു സാക്ഷ്യം.

തമിഴ്നാട് ഇനി ആർക്കൊപ്പം സഞ്ചരിക്കുമെന്ന ചോദ്യത്തിനു കാലമാണ് ഉത്തരം നൽകേണ്ടത്. അധികാരത്തിൽ ദ്രാവിഡകക്ഷികളുടെ കൊടി പാറിയതിന്റെ അൻപതാം വർഷത്തിൽ തമിഴ്നാട് രാഷ്ട്രീയം ആകെ കലങ്ങിമറിയുകയാണ്; അതു തെളിയാൻ ഇനിയും ഏറെ സമയമെടുക്കും. കാലാകാലങ്ങളായി തമിഴകം അടക്കി ഭരിക്കുന്ന ദ്രാവിഡകക്ഷികൾക്ക് എതിരെ ചില ചൂണ്ടുവിരലുകൾ ഉയരുന്നുണ്ടെന്നു വ്യക്തം.

∙ ഒപിഎസ് x ഇപിഎസ്

ജാതീയതയെ എതിർത്താണു ദ്രാവിഡ കക്ഷികൾ ശക്തിപ്രാപിച്ചതെങ്കിലും ഇപ്പോൾ തമിഴ്നാട്ടിൽ എല്ലാറ്റിലും ജാതിയാണ്. പനീർസെൽവം പക്ഷവും മുഖ്യമന്ത്രി എടപ്പാടി പളനിസാമി പക്ഷവും തമ്മിലുള്ള വടംവലിയിലും ഇതു കാണാം. കൊങ്ങുനാട് ഉൾപ്പെടുന്ന തമിഴ്നാടിന്റെ പടിഞ്ഞാറൻ മേഖലയിൽനിന്നുള്ള കരുത്തനായ നേതാവാണു പളനിസാമി. കൊങ്ങു വെള്ളാള ഗൗണ്ടർ സമുദായാംഗം. അതേസമയം, തെക്കൻ മേഖലയിൽനിന്നുള്ള തേവർ സമുദായാംഗമാണു പനീർസെൽവം.

പരമ്പരാഗതമായി തമിഴ്നാട്ടിലെ പ്രബലമായ തേവർ സമുദായമാണ് അണ്ണാ ഡിഎംകെയെ മുൻപു നിയന്ത്രിച്ചിരുന്നത്. ശശികല തേവർ സമുദായത്തിലെ കള്ളർ ഉപവിഭാഗത്തിലും പനീർസെൽവം തേവർ സമുദായത്തിലെ മരവർ ഉപവിഭാഗത്തിലുമുള്ളവരാണ്.

പളനിസാമിക്കു പുറമേ ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ എം.തമ്പിദുരൈ, പാർട്ടി പ്രസീഡിയം ചെയർമാൻ കെ.എ.സെങ്കോട്ടയ്യൻ തുടങ്ങിയവരും ഗൗണ്ടർ സമുദായക്കാരാണ്.

കൊങ്ങുനാട് മേഖലയിൽനിന്നും ഗൗണ്ടർ സമുദായത്തിൽനിന്നും ആദ്യമായി മുഖ്യമന്ത്രിപദവിയിലെത്തുന്നയാളാണു പളനിസാമി. അതു കളഞ്ഞുള്ള ഒരു ഒത്തുതീർപ്പിനും കൊങ്ങുനാടോ ഗൗണ്ടർ സമുദായമോ തയാറാവില്ല. അതുകൊണ്ടുതന്നെ അണ്ണാ ഡിഎംകെയിലെ ഇരുപക്ഷങ്ങൾക്കുമിടയിൽ മ‍ഞ്ഞുരുകൽ അത്രയെളുപ്പം സംഭവിക്കാനിടയില്ല. 

(പരമ്പര അവസാനിച്ചു)