Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറ്റടങ്ങി; ക്ഷമയോടെ അംഗല മെർക്കൽ

angela-merkel അംഗല മെർക്കൽ, മാർട്ടിൻ ഷൂൾസ്

കഴിഞ്ഞ പത്തു വർഷത്തിലേറെയായി, ഈ ഭൂമിയിലെ ഏറ്റവും പ്രബലയായ വനിത. ഇടയ്ക്കെപ്പോഴോ ആ പ്രതാപവും പ്രശസ്തിയും തെല്ലു മങ്ങി. പക്ഷേ ഇപ്പോഴിതാ, ഘടികാരം വീണ്ടും ചലിച്ചു തുടങ്ങിയിരിക്കുന്നു. ജർമൻ ചാൻസലർ അംഗല മെർക്കലിന് അടുത്ത നാലു വർഷത്തേക്കു കൂടി ആ വലിയ പദവിയിൽ തുടരാൻ സഹായകരമായ ചുറ്റുപാടുകൾ ഒത്തുവരികയാണ്.

സെപ്റ്റംബറിൽ നടക്കുന്ന ദേശീയ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ (ജയിക്കുമെന്നു തന്നെ വിദഗ്ധർ കരുതുന്നു), ജർമൻ ചാൻസലറെന്ന നിലയിൽ മെർക്കലിന്റെ നാലാമൂഴമായിരിക്കുമത്. ഈ ഭൂഗോളത്തിൽ, വിശേഷിച്ചും യൂറോപ്പിൽ, വീശിയടിച്ച കൊടുങ്കാറ്റുകൾക്കിടയിൽ അതു തീർച്ചയായും അവിശ്വസനീയ നേട്ടം. 

പത്രസ്വാതന്ത്ര്യത്തിന്റെ ആഗോളകാവലാളായ ഇന്റർനാഷനൽ   പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ ഞാനിപ്പോൾ ഹാംബർഗിലാണ്; ജർമനിയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ മനോഹര തുറമുഖ നഗരത്തിൽ.

ഈയിടെ തിരഞ്ഞെടുപ്പു നടന്ന മൂന്നു സംസ്ഥാനങ്ങളിലും മെർക്കലിന്റെ ക്രിസ്ത്യൻ ഡമോക്രാറ്റിക് പാർട്ടി (സിഡിയു)യാണു ജയിച്ചത്. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാങ്കേതിക മാറ്റങ്ങളുടെ കുത്തൊഴുക്കിൽ പാകതയോടെ രാജ്യത്തെ മുന്നോട്ടു നയിക്കാൻ ഏറ്റവും പറ്റിയയാൾ മെർക്കൽ തന്നെയെന്ന വോട്ടർമാരുടെ വിശ്വാസമാണ് തിരഞ്ഞെടുപ്പു ഫലങ്ങളിൽ പ്രതിഫലിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. പ്രധാന എതിരാളിയായ സോഷ്യൽ ഡമോക്രാറ്റ് സ്ഥാനാർഥി മാർട്ടിൻ ഷൂൾസിന്റെ പ്രയത്നങ്ങളെല്ലാം വിഫലമാകുമെന്നും. 

∙ ഷൂൾസ്: പഴയ രക്ഷകൻ

യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് പദവി ജനുവരിയിൽ ഷൂൾസ് രാജിവച്ചത് സോഷ്യൽ ഡമോക്രാറ്റ് പാർട്ടി(എസ്‌പിഡി) മേധാവിയായി ജർമൻ രാഷ്ട്രീയത്തിലേക്കു തിരിച്ചുവരാനും മെർക്കലിന്റെ കയ്യിൽനിന്നു ചാൻസലർ പദവി സ്വന്തമാക്കാനുറച്ചുമാണ്. ഒരു വ്യാഴവട്ടം നീണ്ട അംഗല മെർക്കൽ ഭരണത്തിൽനിന്ന് വോട്ടർമാർ ഒരു മാറ്റം കൊതിക്കുന്നുവെന്നായിരുന്നു വിലയിരുത്തൽ.  

കാര്യക്ഷമതയും സൂക്ഷ്മബുദ്ധിയും വേണ്ടുവോളമുള്ള, ജർമനു പുറമേ ഇംഗ്ലിഷും ഫ്രഞ്ചും ഇടതടവില്ലാതെ     പറയുന്ന   ഷൂൾസ് ജർമൻ ജനതയ്ക്ക്     അത്രമേൽ അത്യാവശ്യമായ ശുദ്ധവായുവാണെന്നാണ്  അന്നു പരക്കെ കരുതപ്പെട്ടത്. പക്ഷേ, ഇപ്പോൾ അദ്ദേഹം ആ പഴയ കവിവാക്യത്തിന്റെ പുതിയ ഉദാഹരണമായി മാറുമോയെന്ന ആശങ്കയിലാണ്: ഇടിമുഴക്കമായി അവതരിച്ച് ദൈന്യമായ മോങ്ങലിൽ അവസാനിക്കുക! 

ലോകത്തെ ഏറ്റവും വലിയ പബ്ലിക് ബ്രോഡ്കാസ്റ്ററായ ജർമൻ എആർഡിയിലെ യൂറ്റ് ബ്രക്കർ പറയുന്നതിങ്ങനെ: ഒരു രക്ഷകനെപ്പോലെയാണ് ഷൂൾസ് അവതരിച്ചത്. പക്ഷേ, ഇപ്പോൾ അദ്ദേഹം ഊർജമില്ലാതെ വിഷമിക്കുന്ന കാഴ്ചയാണ്.

സാമൂഹിക നീതി ഉൾപ്പെടെ വിഷയങ്ങളിലൂന്നിയായിരുന്നു ഷൂൾസിന്റെ പ്രചാരണം. പക്ഷേ, അതൊന്നും വോട്ടർമാരുടെ മനസ്സു  മാറ്റാൻ പോന്നതായില്ലെന്നു മാത്രം. 

നോർത്ത് റൈൻ വെസ്റ്റ്ഫേലിയ മേഖലയിൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ പരാജയം ദയനീയമായിപ്പോയെന്ന് സെഡ്ഡിഎഫ് ടെലിവിഷൻ ന്യൂസ് മേധാവി     എൽമർ ടെവിസെൻ ചൂണ്ടിക്കാട്ടുന്നു. ദേശീയ     തിരഞ്ഞെടുപ്പിന്റെ ‘ട്രെൻഡ് സെറ്റർ’ എന്നു വിശേഷിപ്പിക്കാവുന്നതാണ് നോർത്ത് റൈൻ വെസ്റ്റ്ഫേലിയയിലെ ഫലം.

ജർമനിയിലെ വോട്ടർമാരിൽ അഞ്ചിലൊരാൾ ഈ മേഖലയിൽനിന്നാണ്. ഷൂൾസിനു തരാൻ സന്ദേശങ്ങളൊന്നുമില്ലെന്നതാണ് ഈ തിരഞ്ഞെടുപ്പു ഫലം നൽകുന്ന ഏറ്റവും വലിയ സന്ദേശമെന്നും ടെവിസെൻ പറയുന്നു. 

പാർട്ടിയെ സംബന്ധിച്ചും തനിക്കു വ്യക്തിപരമായും അതൊരു സങ്കടദിനമായിരുന്നെന്നാണ് തിരഞ്ഞെടുപ്പു പരാജയം സമ്മതിച്ചുകൊണ്ട് ഷൂൾസ് പറഞ്ഞത്. ജന്മനാട്ടിൽത്തന്നെ ഷൂൾസിന് അത്രവലിയ പരാജയം നേരിടേണ്ടിവന്നു. സുപ്രധാന സംസ്ഥാനം കൈവിട്ടുപോയി. 

∙ കാലം പോയ പോക്ക് 

രണ്ടു വർഷം മുൻപ്, ചാൻസലർ പീഠത്തിൽനിന്ന് എപ്പോൾ വേണമെങ്കിലും താഴേക്കു പതിക്കാമെന്ന നിലയിൽ അപകടകരമായി നിൽക്കുകയായിരുന്നു മെർക്കൽ. അവരുടെ കുടിയേറ്റ നയം ഒരു വലിയ ബഹളപ്പെട്ടിയുടെ അടപ്പു തുറന്നു. സിറിയയിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നും കുടിയേറ്റക്കാർ പ്രവഹിച്ചതോടെ യൂറോപ്പിലെമ്പാടും ആശങ്കകളും അമർഷവും സംഘർഷവും. പത്തു ലക്ഷം കുടിയേറ്റക്കാർക്ക് ജർമനി അഭയം പ്രഖ്യാപിച്ചതോടെ പ്രാദേശിക സമൂഹങ്ങൾക്കിടയി‍ൽ അത് ആശങ്കയുണ്ടാക്കി. 

പക്ഷേ, മെർക്കൽ അടിപതറാതെ നിന്നു. കിഴക്കൻ ജർമനിയിൽനിന്ന് അഭയാർഥിയായി എത്തിയ മെർക്കലിന് കുടിയേറ്റക്കാരോടു സഹാനുഭൂതിയുണ്ടാകുന്നതു സ്വാഭാവികം. അഭയമേകുന്ന രാജ്യത്തിനു മുതൽക്കൂട്ടായി മാറാനുള്ള കുടിയേറ്റത്തിന്റെ സാധ്യതകളിൽ അവർ വിശ്വസിക്കുന്നു. ജനനനിരക്കിലെ ഇടിവ് ജർമനിയുടെ ശാപമാണ്.

സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവു പകരാനും നികുതിദായകരുടെ എണ്ണത്തിൽ വർധനയുണ്ടാക്കാനും കുടിയേറ്റക്കാരുടെ സ്ഥിരമായ ഒഴുക്കിനു കഴിയും. എന്നാൽ, ജനവികാരം കണക്കിലെടുത്തും സ്വന്തം പാ‍ർട്ടിക്കുള്ളിൽനിന്നുണ്ടായ വിമർശനം പരിഗണിച്ചും കുടിയേറ്റക്കാർക്കു വാതിൽ തുറന്നിടുന്ന തന്റെ നയം മെർക്കൽ അൽപം മയപ്പെടുത്തി. കുടിയേറ്റം നിയന്ത്രിക്കാൻ അതിർത്തി കാവൽ കൂടുതൽ കർശനമാക്കണമെന്നും അവർ ഒടുവിൽ സമ്മതിച്ചു. 

∙ ട്രംപിന്റെ നേർ വിപരീതം

മുഖ്യധാരാ പാർട്ടികളായ എസ്പിഡിയും സിഡിയുവും കൂടി കുടിയേറ്റ നിയന്ത്രണ ആവശ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയതോടെ മുസ്‌ലിം വിരുദ്ധ, കുടിയേറ്റ വിരുദ്ധ നിലപാടുകളുള്ള ഓൾട്ടർനേറ്റിവ് ഫോർ ഡമോക്രസി (എഎഫ്ഡി) എന്ന തീവ്രവലതുപക്ഷ പാർട്ടിയുടെ  ഊർജമെല്ലാം വാർന്നു പോയി. 16 പ്രാദേശിക നിയമസഭകളിൽ 13ലും എഎഫ്ഡി സാന്നിധ്യമുണ്ടെങ്കിലും അവരും എസ്പിഡിയും ഉൾപ്പോരുമൂലം തളർന്ന അവസ്ഥയിലുമാണ്. 

സെപ്റ്റംബറിലെ തിരഞ്ഞെടുപ്പിൽ മെർക്കൽ തന്നെ വിജയിക്കുമെന്നു ബ്രക്കർ പറയുന്നു. മറ്റൊരു പോംവഴി നിലവിലില്ലെന്നതു തന്നെ കാരണം. ബ്രെക്സിറ്റും ട്രംപിന്റെ ഉദയവും കണ്ട പ്രക്ഷുബ്ധമായ വർഷത്തിനു ശേഷം യൂറോപ്പ് ആശ്വാസത്തിന്റെ നെടുവീർപ്പിടുകയാണിപ്പോൾ.

ഡോണൾഡ് ട്രംപിന്റെ ഉജ്വല വിജയം യൂറോപ്യൻ തീവ്രവലതുപക്ഷത്തിനു വേണ്ട ഇന്ധനം നിറച്ചു. പക്ഷേ, അധികാരമേറ്റതിനു ശേഷം ട്രംപ് കാട്ടിക്കൂട്ടിയ കോലാഹലങ്ങളും അനുഭവപരിചയമില്ലാത്തതിന്റെ പ്രശ്നങ്ങളും ലോകം കണ്ടു. പാകതയില്ലാത്ത വാക്കുകളും എടുത്തു ചാടിയുള്ള പ്രവൃത്തികളും. 

നെതർലൻഡ്സിലും ഫ്രാൻസിലും തീവ്രവലതുപക്ഷ സ്ഥാനാ‍ർഥികൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് യൂറോപ്യൻ യൂണിയൻ നേതാക്കൾക്ക് ആശ്വാസത്തിനു വക നൽകി. നയങ്ങളിലും വ്യക്തിത്വം കൊണ്ടും അംഗല മെർക്കൽ, ഡോണൾഡ് ട്രംപിന്റെ നേർവിപരീതമാണ്. നാടകീയതയോ ആശയക്കുഴപ്പമോ ഒന്നും മെർക്കലിൽനിന്നു പ്രതീക്ഷിക്കേണ്ട. അവർ പ്രവചനാതീതയല്ല.

പഴഞ്ചൻ മനസ്ഥിതിക്കാരിയെന്നോ മുഷിപ്പൻ കഥാപാത്രമെന്നോ പോലും വേണമെങ്കിൽ വിളിക്കാം. പക്ഷേ, അതെല്ലാം രാജ്യഭരണത്തിൽ വിലമതിക്കാനാകാത്ത യോഗ്യതകളുമാണല്ലോ. വോട്ടർമാർക്കു തന്നെ അതു മനസ്സിലാക്കാവുന്നതേയുള്ളൂ. 

എന്നിരുന്നാലും വോട്ടർമാരുടെ മനസ്സിളകാം. പുതിയൊരു ഭീകരാക്രമണമുണ്ടായാൽ സ്ഥിതിഗതികൾ മാറിമറിയാം. അടുത്ത മാസം ഷൂൾസ് തന്റെ വിശദമായ കാര്യപരിപാടികൾ അവതരിപ്പിക്കും. പിന്നെ ആവേശപ്പോരാട്ടം പ്രതീക്ഷിക്കാം. ജർമൻ ടിവി സെഡ്ഡിഎഫിന്റെ ഏറ്റവും പുതിയ അഭിപ്രായവോട്ടെടുപ്പ് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു.

മെർക്കലിന്റെ സിഡിയു പാർട്ടിക്ക് 38%, എസ്പിഡിക്ക് 27%, എഎഫ്ഡിക്ക് അതിന്റെ ഏറ്റവും താണ നിരക്കായ 7% എന്നിങ്ങനെയാണ് അഭിപ്രായവോട്ടെടുപ്പു ഫലം. ഇത്ര വലിയ അന്തരം ചാടിക്കടന്ന് മെർക്കലിന്റെ ഒപ്പമെത്താൻ എസ്പിഡിക്കു പ്രയാസമായിരിക്കുമെന്ന് ടെവിസെൻ നിരീക്ഷിക്കുന്നു. കുറച്ചുകൂടി തീവ്രമായ നിലപാടെടുത്തതാണ് എഎഫ്ഡിയുടെ ജനകീയത കുറച്ചത്. 

∙ മാറ്റം, വെല്ലുവിളികൾക്കൊത്ത്

പുതിയ മാറ്റങ്ങൾക്കനുസരിച്ചു യൂറോപ്യൻ യൂണിയൻ(ഇയു) സ്വയം പുതുക്കണമെന്നത് നയതന്ത്ര വിദഗ്ധരും രാഷ്ട്രീയ നേതാക്കളും സമ്മതിക്കുന്ന കാര്യമാണ്. കുടിയേറ്റം, ദേശീയത, ഭീകരത, ഭീകരാനുകൂല നിലപാട്, സാമ്പത്തിക നിയന്ത്രണം, അസമത്വം എന്നിങ്ങനെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വെല്ലുവിളികളെ കൈകാര്യം ചെയ്യാൻ ഈ പുതുക്കൽ ആവശ്യമാണ്. 

ജർമനിയാണ് ഇ.യുവിന്റെ നേതൃശക്തി. പ്രക്ഷുബ്ധമായ കടലിലൂടെ ജർമനിയെയും യൂറോപ്പിനെയും മുന്നോട്ടു നയിക്കാൻ അനുഭവസമ്പത്തുള്ള, ഉറച്ച കൈകൾ വേണം. ആ കൈകൾ ഇനി കുറച്ചു കാലത്തേക്കു കൂടി അംഗല മെർക്കലിന്റേതാകാം.