Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂട്ടുകൂടാം; കരുത്തരാകാം

kids-school

വാകകൾ പൂത്തൊരു വസന്തകാലം,
പള്ളിക്കൂടക്കാലം
വാടികൾ തോറും പാറിനടക്കും പൂമ്പാറ്റക്കാലം
..........

വരവായ് വീണ്ടും വസന്തകാലം,
പള്ളിക്കൂടക്കാലം...

ഇക്കുറി വിദ്യാലയ വർഷാരംഭത്തിൽ പാടാൻ അണിയറയിൽ പൂർത്തിയായിക്കഴിഞ്ഞ പ്രവേശനോൽസവ ഗാനത്തിൽനിന്നുള്ള വരികളാണിവ. ഈ പൂമ്പാറ്റക്കാലത്തിലേക്ക് ഇനി രണ്ടു ദിവസം മാത്രമേയുള്ളൂ.  ചുവരുകൾ ചായമടിച്ചും പരിസരം വൃത്തിയാക്കിയും തോരണങ്ങൾ തൂക്കിയും നമ്മുടെ സ്‌കൂളുകൾ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ഒരുങ്ങിക്കൊണ്ടിരിക്കുകയാണിപ്പോൾ. മഴയുടെ കൈപിടിച്ചു പുത്തൻ കുടയും ബാഗുമെല്ലാമായി സ്‌കൂളിലേക്കെത്തുന്ന വിദ്യാർഥികളെക്കാത്തു മധുരമിഠായികളും പായസവും സമ്മാനങ്ങളുമെല്ലാം തയാറായിരിക്കുന്നു.

സ്‌ഫടികക്കുപ്പികളിൽ നിറച്ചുവച്ച പലവർണ മിഠായികളെപ്പോലെ കുട്ടികൾ നിറഞ്ഞു ചിരിക്കുന്ന ഒരു കുട്ടിക്കാലമാണോ നാം അവർക്കായി ഒരുക്കിയിരിക്കുന്നത്? ഒറ്റദിവസത്തിന്റെ കളിചിരികളിൽ അവസാനിച്ചുപോകുമോ നമ്മുടെ കുട്ടികളുടെ പൂമ്പാറ്റക്കാലം?

kids-abuse-assault-woman

∙ ഇതുപോലെ ആകരുത്, ഒരു കാലവും

പേടിപ്പിക്കുന്ന വാർത്തകളുടെ കാലത്താണു നാം. കുട്ടികളോടുള്ള അക്രമവും കുട്ടികൾ കുറ്റവാളികളാകുന്ന സാഹചര്യങ്ങളും വർധിച്ച കാലഘട്ടമാണിത്. ഇങ്ങനെയൊക്കെയാണോ ദൈവത്തിന്റെ സ്വന്തം നാടെന്ന ഭീതി ജനിപ്പിക്കുന്ന വാർത്തകളുടെ കുത്തൊഴുക്കായിരുന്നു കഴിഞ്ഞ അധ്യയനവർഷം.

കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിനെ പൊളിച്ചടുക്കുന്ന എത്രയെത്ര വാർത്തകൾ. പീഡനക്കേസുകളിൽ ബന്ധുക്കൾ തന്നെ പ്രതികളാകുന്ന സംഭവങ്ങൾ. യഥാർഥത്തിൽ സംഭവിക്കുന്നതിന്റെ നാലിലൊന്നുപോലും നമ്മുടെ മുന്നിലെത്തുന്നില്ലെന്നു കൂടി അറിയുക. അണുകുടുംബം, സമയമില്ലായ്മ, പുതിയ സാങ്കേതികവിദ്യകളുടെ ധാരാളിത്തം തുടങ്ങി ഇത്തരം സംഭവങ്ങൾക്കു കാരണങ്ങൾ ഒരുപാടുണ്ടു പറയാൻ. ഒറ്റപ്പെട്ട സംഭവങ്ങളല്ലേ എന്നും ചോദിച്ചൊഴിയാം. എന്റെ വീട്ടിൽ, എന്റെ പരിചിതവലയങ്ങളിൽ ഇങ്ങനൊന്നും സംഭവിക്കുന്നില്ലല്ലോ എന്ന് ആശ്വസിച്ച് അടുത്ത വാർത്തയിലേക്ക് ഓടിക്കയറാം. 

പക്ഷേ, ഇനിയും ഇത്തരം വാർത്തകൾ കേൾക്കാതിരിക്കാൻ കാതുപൊത്തുകയോ കാണാതിരിക്കാൻ കണ്ണുപൊത്തുകയോ അല്ല ചെയ്യേണ്ടത്. സമൂഹമെന്ന നിലയിൽ ഉണരുകയേ മാർഗമുള്ളൂ. 

kids-woman-tear

∙ യാദൃച്ഛികമല്ല സാദൃശ്യം 

ഈ സംഭവത്തിനു ജീവിച്ചിരിക്കുന്നവരുമായി സാമ്യം തോന്നിയാൽ അത് യാദൃച്ഛികമല്ല. കാരണം സംഭവം യഥാർഥമാണ്. ഒരു മനഃശാസ്‌ത്ര കൗൺസലറുടെ അനുഭവത്തിൽനിന്നുള്ള പകർത്തിയെഴുത്താണിത്. ആലപ്പുഴ ജില്ലയിൽനിന്നാണ് അവർ അദ്ദേഹത്തിന്റെ മേശയ്‌ക്കുമുന്നിലെത്തിയത്. ഭർത്താവ് ഓടിച്ച ബൈക്കിൽ അയാളുടെ പിന്നിലിരുന്നു വന്ന യുവതി. കൂടെ ഏഴുവയസ്സുള്ള പെൺകുട്ടിയും. വിവാഹമോചനത്തിന്റെ വക്കിലാണവർ.

അവസാനശ്രമമെന്ന നിലയിലാണീ വരവ്. ഈ ദമ്പതികൾ പരസ്‌പരം സംസാരിച്ചിട്ട് ആറു വർഷമായി. രണ്ടുപേരും സമൂഹത്തിൽ നല്ല വിലയുള്ളവർ. കുട്ടിയാണ് ഇവരുടെ ആശയവിനിമയ ഉപാധി. അമ്മയ്‌ക്ക് അച്‌ഛനോടു പറയാനുള്ളതും അച്‌ഛന് അമ്മയോടു പറയാനുള്ളതും കുട്ടി വഴിയാണു പരസ്പരം അറിയിക്കുന്നത്. 

വന്നിരുന്ന ഉടനെ കൗൺസലർ ചോദിച്ചത് ‘എന്താണു ഭർത്താവിന്റെ ചുമലിൽ പിടിച്ചിരുന്നത്’ എന്നാണ്. വീഴാതിരിക്കാനാണ് എന്നായിരുന്നു ഉത്തരം. ജീവിതത്തിൽ മൂക്കുകുത്തി വീഴുന്നതിന്റെ വക്കിലാണവരെന്നത് അവർക്കൊരു പ്രശ്നമേയല്ല. ഭർത്താവിനോടുള്ള സംശയമാണു ഭാര്യയെ ആറുവർഷമായി നാവില്ലാത്തവളാക്കിയത്. ഭർത്താവുമായി രക്‌തബന്ധമുള്ളവരെപ്പോലും സംശയമാണ്. 

ഭർത്താവുമായി ദേഷ്യം കടുക്കുമ്പോൾ കുട്ടിയെയും ഉപദ്രവിക്കും. നിന്നെ കൊന്നിട്ട് ഞാനും ചാവും എന്നു ഭീഷണിപ്പെടുത്തും. ഇതുകേട്ടു മുരടിച്ചുനിൽക്കുകയാണ് ആ കുട്ടിയുടെ ബാല്യം. സംസാരിച്ചുസംസാരിച്ചു ചെന്നപ്പോഴാണ് അറിയുന്നത്, അവരുടെ കുട്ടിക്കാലത്തു നേരിട്ട അനുഭവങ്ങളാണ് ഈ അവസ്‌ഥയിൽ എത്തിച്ചതെന്ന്. അമ്മയ്‌ക്കുണ്ടായിരുന്ന വഴിവിട്ട ബന്ധം നേരിട്ടു കണ്ടതിന്റെ ഷോക്കിലായിരുന്നു അവരുടെ കുട്ടിക്കാലം. അതാണ് അവരെ സംശയരോഗിയാക്കിയത്. 

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പരീക്ഷയ്‌ക്കിടെ പൊട്ടിക്കരഞ്ഞതാണ് ഇപ്പോൾ അമ്മയായ ആ പഴയ പെൺകുട്ടി. അതു പരീക്ഷയോടുള്ള ഭയമായി വ്യാഖ്യാനിക്കപ്പെട്ടു. അന്നതു കൃത്യമായി പരിഹരിച്ചിരുന്നെങ്കിൽ കാലമിത്ര കഴിഞ്ഞ് ഈയൊരവസ്‌ഥയിലേക്കു വളരില്ലായിരുന്നു. കുട്ടിക്കും അതേ അവസ്ഥതന്നെയാണല്ലോ നിങ്ങൾ സമ്മാനിക്കുന്നതെന്ന ചോദ്യത്തിനൊന്നും അവർക്കു മറുപടിയില്ല. എന്തായാലും കൗൺസലിങ് ഇപ്പോഴും തുടരുകയാണ്.

ഈ സംഭവത്തിൽ ആരാണു കുറ്റക്കാർ? സ്‌കൂളിൽ കുട്ടിയുടെ പെരുമാറ്റവൈകല്യം നിസ്സാരമാക്കിത്തള്ളിയ അധ്യാപകരോ, ഇതൊക്കെയെന്ത് എന്ന മട്ടിൽ ഗൗനിക്കാതിരുന്ന വീട്ടുകാരോ? എന്തായാലും അന്നു പരിഹരിക്കാമായിരുന്ന പ്രശ്നമാണ് 30 വർഷത്തിലേറെയായി അവരെ നിരന്തരം എരിച്ചുകൊണ്ടിരിക്കുന്നത്. 

∙ ഉൽസവം തന്നെയാകണം പ്രവേശനം

വീണ്ടും നമുക്ക് സ്‌കൂളിലേക്കു പോകാം; പ്രവേശനോൽസവമാണല്ലോ. രണ്ടുമാസത്തെ അവധിക്കാലം കഴിഞ്ഞാണ് കുട്ടികൾ സ്‌കൂളിലേക്കെത്തുന്നത്. ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളാകട്ടെ മാതാപിതാക്കളുടെ തണലിൽനിന്ന് ചിലപ്പോൾ ആദ്യമായാകും മാറിനിൽക്കുന്നത്. അവരെ സ്‌കൂൾ അന്തരീക്ഷത്തിലേക്കു ക്ഷണിക്കുകയാണ് പ്രവേശനോൽസവങ്ങളുടെ ലക്ഷ്യം. 

പ്രവേശനോൽസവത്തിന്റെ രീതികൾ മാറ്റണമെന്ന പക്ഷക്കാരനാണ് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ.സി. നായർ. അത് ഒരാഴ്‌ചനീളുന്ന ഉൽസവമാക്കണമെന്നാണു ശിശുരോഗ വിദഗ്‌ധനും മനഃശാസ്‌ത്രജ്‌ഞനുമായ ഇദ്ദേഹത്തിന്റെ അഭിപ്രായം. ഒന്നാം ക്ലാസിൽ മാത്രമല്ല എല്ലാ ക്ലാസിലും പ്രവേശനോൽസവം വേണം. രക്ഷിതാക്കൾ കൂടി പങ്കാളിത്തം വഹിക്കണം. 

കുട്ടികളെ സ്‌കൂളിന്റെ സ്വന്തമാക്കുന്നതിൽ ഈയൊരാഴ്ച ഏറെ പ്രധാനമാണ്. എല്ലാറ്റിനും പുതുമ അനുഭവപ്പെടുന്ന കാലമാണിത്. അത് സ്‌കൂൾ അന്തരീക്ഷത്തിൽ മാത്രമല്ല, അധ്യാപകരുടെ സമീപനത്തിലും വേണം. അവധിയുടെ രണ്ടു മാസം കൊണ്ട് അധ്യാപകർ പുതുതായി എന്തു പഠിച്ചു എന്ന ചോദ്യവും പ്രധാനമാണെന്ന് ഇദ്ദേഹം പറയുന്നു. ഓരോ ദിവസവും പുതുക്കേണ്ട പാഠപുസ്‌തകമാണ് ഓരോ അധ്യാപകനും. 

∙ ഇങ്ങനെയാകാം, പ്രവേശനോൽസവം

അവധിക്കാലത്തെ കുട്ടികളുടെ അനുഭവങ്ങൾ പങ്കുവയ്‌ക്കാനുള്ള അവസരമാണിത്. യാത്രകൾ, വിനോദങ്ങൾ തുടങ്ങി അനുഭവങ്ങൾ പങ്കുവയ്‌ക്കുമ്പോൾ കുട്ടികളുടെ സഭാകമ്പം മാറും. ചെറിയ ചെറിയ സമ്മാനങ്ങൾ നൽകി കുട്ടികളുടെ അനുഭവകഥനത്തെ പ്രോൽസാഹിപ്പിക്കുകയും വേണം. 

കൂട്ടുകാരെ അറിയാനുള്ള അവസരം കൂടിയാകണം ഇക്കാലങ്ങൾ. ഇതിനുവേണ്ടിയുള്ള ചെറിയ ചെറിയ കളികൾ നേരത്തേതന്നെ തയാറാക്കിവയ്‌ക്കണം. കുട്ടികളിൽ പോസിറ്റിവ് ചിന്ത ഉണ്ടാക്കിയെടുക്കാൻ ഇത്തരം കളികൾ ഗുണകരമാണ്. കുട്ടിയുടെ താൽപര്യങ്ങൾ തിരിച്ചറിഞ്ഞ് കൂട്ടായ്‌മകൾ (ക്ലബ്ബുകൾ) ഉണ്ടാക്കാൻ അധ്യാപകർ മുൻകയ്യെടുക്കണം. സംഘക്കരുത്തിൽ പങ്കാളികളാകുന്ന കുട്ടികൾ ഒരിക്കലും മോശം ചിന്തയിലേക്കോ പ്രവൃത്തിയിലേക്കോ വഴുതിമാറില്ല.

woman-school-phone-kids

∙ അരുത്, അവർ തൊട്ടാവാടികളാകരുത്

ചൂടാറാത്ത വാർത്തയാണിത്; കൊച്ചിയിൽനിന്ന്. മൊബൈൽ ഫോൺ ഏറെ നേരം ഉപയോഗിച്ചതിന് അമ്മ വഴക്കു പറഞ്ഞതിനെത്തുടർന്നു പതിനഞ്ചുകാരി ജീവനൊടുക്കി. എസ്‌എസ്‌എൽസിക്ക് 70 ശതമാനം മാർക്കും വാങ്ങി പ്ലസ്‌ വൺ പ്രവേശനം കാത്തിരിക്കുന്ന കുട്ടിയാണ്. 

എന്തുകൊണ്ടാകാം നമ്മുടെ കുഞ്ഞുങ്ങൾ ചെറിയ പ്രതിസന്ധികളിൽ പോലും പിടിച്ചുനിൽക്കാതെ വാടിപ്പോകുന്നത്? ലഹരിമരുന്നിന്റെയും അനാവശ്യ പ്രവണതകളുടെയും പിടിയിൽ അതിവേഗം അകപ്പെടുന്നത്? ഉത്തരം നമ്മൾ തന്നെ. നമ്മിലേക്കും നമ്മുടെ കുടുംബങ്ങളിലേക്കും നോക്കി കണ്ടുപിടിക്കേണ്ട കാരണങ്ങൾ. 

അവയെക്കുറിച്ചു നാളെ

related stories