Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർക്കുവേണ്ടി ഈ കമ്മിഷനുകൾ ?

commission

‘‘അന്വേഷണ കമ്മിഷൻ നിയമംപോലെ ദുരുപയോഗിക്കപ്പെടുന്ന മറ്റൊരു നിയമം ഉണ്ടോ എന്നറിയില്ല. ഭരണപരമായ അടിയന്തര സാഹചര്യം മുൻനിർത്തിയാണു പലപ്പോഴും ജുഡീഷ്യൽ കമ്മിഷനുകൾ നിയമിക്കപ്പെടുന്നത്. എന്നാൽ, കമ്മിഷനുകളെ നിയമിച്ചുകഴിയുന്നതോടെ, പിന്നീടതിന്റെ പ്രസക്തി ഇല്ലാതാകുന്നു എന്നു പറഞ്ഞാലും തെറ്റില്ല. കാലാവധി പൂർത്തിയാക്കി അന്വേഷിച്ചു റിപ്പോർട്ടു നൽകിയാൽത്തന്നെ അതു പരിഗണിച്ചു നടപടിയെടുക്കുന്ന കാര്യത്തിൽ സർക്കാരും ഉദ്യോഗസ്ഥരും ശുഷ്കാന്തി കാണിക്കാറില്ല’’ – പറയുന്നതു ജസ്റ്റിസ് ടി.കെ.ചന്ദ്രശേഖരദാസ്.

ഹൈക്കോടതി മുൻ ന്യായാധിപനായ ചന്ദ്രശേഖരദാസ് കുപ്പണ മദ്യദുരന്തത്തെക്കുറിച്ചുള്ള അന്വേഷണ കമ്മിഷനായും റോ‍ഡപകടങ്ങളെക്കുറിച്ചുള്ള അന്വേഷണ കമ്മിഷനായും പ്രവർത്തിച്ചിരുന്നു.കമ്മിഷനുകൾ നൽകുന്ന റിപ്പോർട്ടുകൾക്ക് എന്തു സംഭവിക്കുന്നു? ചന്ദ്രശേഖരദാസിന്റെ വാക്കുകൾ വായിക്കുക: 

‘‘ആരെയും ഒരുതരത്തിലും കുറ്റപ്പെടുത്താത്ത, പൊതുജന നന്മ മാത്രം ലക്ഷ്യമിട്ടുള്ള റിപ്പോർട്ടുകൾപോലും പുറംലോകം കാണാത്ത അവസ്ഥയാണ്. അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷനായി എന്നെ നിയോഗിച്ചു. കാലമേറെയായിട്ടും റിപ്പോർട്ട് സെക്രട്ടേറിയറ്റിലെ അലമാരയിൽ ഭദ്രമായിരിക്കുന്നു. കേരളത്തിലെ പ്രധാനറോഡുകളിലെ ഏകദേശം 761 ‘ബ്ലാക്ക് സ്പോട്ടു’കൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി‌യിരുന്നു. എന്തെല്ലാം മുൻകരുതൽ എടുക്കണമെന്നും പറഞ്ഞിരുന്നു. പൊലീസ്, പിഡബ്ല്യു‍ഡി, ആർടിഎ ജില്ലാ മേധാവികളുടെ സാന്നിധ്യത്തിൽ ഓരോ സ്പോട്ടും സന്ദർശിച്ചാണു പ്രതിവിധി നിർദേശിച്ചത്. ആരെയും കുറ്റപ്പെടുത്താതെ, എന്നാൽ പൊതുജനങ്ങൾക്കു വളരെ ഉപകാരപ്പെടുന്ന ശുപാർശകൾ. റിപ്പോർട്ടു പരിഗണിച്ചു പൊതുറോഡുകളിൽ അപകടം തടയാൻ എന്തു നടപടിയെടുത്തുവെന്നു നാട്ടുകാർ അറിയേണ്ടതല്ലേ?’’ 

കമ്മിഷനെ നിയോഗിക്കുന്ന സർക്കാർതന്നെ പിന്നീട് അക്കാര്യം മറക്കുന്നു. സർക്കാരിൽനിന്നു സഹായം ലഭിക്കുന്നില്ലെന്നു പരാതിപ്പെട്ട് ഒരു കമ്മിഷൻ രാജിവച്ച സംഭവം ഈയിടെയാണ് ഉണ്ടായത്. കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ നിയമിച്ച ജുഡീഷ്യൽ അന്വേഷണ കമ്മിഷനായ റിട്ട.ജസ്റ്റിസ് എൻ.കൃഷ്ണൻ നായരാണ് സർക്കാരിന്റെ നിസ്സഹകരണത്തിൽ പ്രതിഷേധിച്ചു രാജിവച്ചത്. 

judicial

കഴിഞ്ഞവർഷം ഏപ്രിൽ 10ന് ആണ് 110 പേർ മരിക്കുകയും 700 പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തമുണ്ടായത്. അപകടത്തിലേക്കു നയിച്ച സാഹചര്യങ്ങളും കാരണങ്ങളും അന്വേഷിക്കാനാണു ജുഡീഷ്യൽ അന്വേഷണം തീരുമാനിച്ചത്. പൊലീസിനും ജില്ലാ ഭരണകൂടത്തിനുമുണ്ടായ വീഴ്ചകൾ ആയിരുന്നു പ്രധാന അന്വേഷണ വിഷയം. 

ഏപ്രിൽ 21നു ഹൈക്കോടതി റിട്ട.ജഡ്ജി ജസ്റ്റിസ് എൻ.കൃഷ്ണൻ നായരെ അന്വേഷണ കമ്മിഷനായി നിയമിച്ചു. മേയ് രണ്ടിന് അദ്ദേഹം ചുമതലയേറ്റു. എന്നാൽ, കമ്മിഷന്റെ പ്രവർത്തനകാലാവധിയായ ആറുമാസം കഴിഞ്ഞിട്ടും കമ്മിഷനു പ്രവർത്തിക്കാൻ മതിയായ ഫണ്ടോ ജീവനക്കാരെയോ വാഹനമോ സംസ്ഥാന സർക്കാർ അനുവദിച്ചില്ല. ഇതു നൽകണമെന്നാവശ്യപ്പെട്ടു സർക്കാരിനു രണ്ടു തവണ കത്തു നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് അദ്ദേഹം രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.    

കാലാവധി നീട്ടിനൽകാൻ ആഭ്യന്തര വകുപ്പ് ശുപാർശ ചെയ്തെങ്കിലും സർക്കാർ താൽപര്യമെടുത്തില്ല. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും സർക്കാരിലെ ഉന്നതരെ സ്വാധീനിച്ചു കമ്മിഷന്റെ പ്രവർത്തനം ഇല്ലാതാക്കാൻ സർക്കാർ ഭരണത്തിൽ വന്ന നാൾ മുതൽ ശ്രമം നടത്തിയിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു. ജസ്റ്റിസ് കൃഷ്ണൻ നായർ ലോകായുക്ത ആയിരിക്കെ കേരള സർവകലാശാല അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച ചില ഉത്തരവുകൾ ഇടതുനേതാക്കളുടെ അപ്രീതിക്കു കാരണമായിരുന്നു. ഇതുതന്നെയാണു സർക്കാരിന്റെ നിസ്സഹകരണത്തിനു പിന്നിലെന്നും ആരോപണമുണ്ടായിരുന്നു. പിന്നീടു കഴിഞ്ഞ ഫെബ്രുവരിയിൽ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ നായരെ പുതിയ കമ്മിഷനായി നിയമിച്ചു. 

തോട്ടംമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നേരത്തെ സർക്കാർ ജസ്റ്റിസ് എൻ.കൃഷ്ണൻ നായരെ അന്വേഷണ കമ്മിഷനായി നിയമിച്ചിരുന്നു. കമ്മിഷൻ റിപ്പോർട്ടു നൽകിയെങ്കിലും ഇക്കാര്യത്തിൽ സർക്കാർ നടപടികളൊന്നുമെടുത്തിട്ടില്ല. കമ്മിഷൻ റിപ്പോർട്ടിനെക്കുറിച്ചു പഠിക്കാൻ തൊഴിൽവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണു മന്ത്രി ടി.പി.രാമകൃഷ്ണന്റെ പ്രതികരണം. 

ആറു മാസം എന്നു പറഞ്ഞിട്ട് ഇപ്പോൾ...

സോളർ തട്ടിപ്പുകേസിൽ ആറുമാസത്തിനകം റിപ്പോർട്ടു സമർപ്പിക്കണമെന്ന നിർദേശത്തോടെയാണു 2013 ഒക്ടോബർ 28നു സർക്കാർ ജസ്റ്റിസ് ജി.ശിവരാജൻ കമ്മിഷനെ നിയമിച്ചത്. കാലാവധി ഏഴുതവണ നീട്ടിനൽകി. ഏറ്റവുമൊടുവിൽ കഴിഞ്ഞ ഏപ്രിൽ 28നു കാലാവധി മൂന്നുമാസത്തേക്കുകൂടി നീട്ടി. 

വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖയിലാണു കമ്മിഷനുവേണ്ടി ഇതുവരെ 1,23,66,385 രൂപ ചെലവഴിച്ചതായി ആഭ്യന്തരവകുപ്പ് അറിയിച്ചത്. കമ്മിഷൻ സെക്രട്ടറിയായി റിട്ട. ജില്ലാ ജഡ്ജി, കോർട്ട് ഓഫിസർ, അക്കൗണ്ടന്റ്, പ്രൈവറ്റ് സെക്രട്ടറി, സ്റ്റെനോഗ്രഫർ, എൽഡി ക്ലാർക്ക്, രണ്ടു ശിപായിമാർ, ഡ്രൈവർ, പാർട്ട് ടൈം സ്വീപ്പർ എന്നിവർക്കു പുറമെ കമ്മിഷനെ സഹായിക്കാൻ റീടൈനർ വ്യവസ്ഥയിൽ അഭിഭാഷകനെയും നിയമിച്ചിട്ടുണ്ട്. 

കേരളത്തിലെ കമ്മിഷനുകൾ

കേരളത്തിലെ ജുഡീഷ്യൽ അന്വേഷണങ്ങളുടെ തുടക്കം സംസ്ഥാന രൂപീകരണത്തിനു മുൻപു തുടങ്ങുന്നു. 1954 ലെ മാർത്താണ്ഡം വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് ശങ്കരൻ കമ്മിഷനെ നിയമിച്ചിരുന്നു. ഇതുവരെ 211 ജുഡീഷ്യൽ അന്വേഷണങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രഥമ ഇഎംഎസ് മന്ത്രിസഭയുടെകാലത്ത് ആന്ധ്ര അരിവാങ്ങൽ അഴിമതി അന്വേഷിക്കാൻ പി.ടി.രാമൻ നായർ കമ്മിഷനെ നിയമിച്ചിരുന്നു. 

ശ്രദ്ധേയമായ ചില ജുഡീഷ്യൽ അന്വേഷണങ്ങൾ  

∙ ജസ്റ്റിസ് എം.യു.ഐസക് കമ്മിഷൻ: 

കാർഷിക സർവകലാശാലയ്ക്കുവേണ്ടി മണ്ണുത്തിയിൽ ആയിരം ഏക്കർ ഭൂമിവാങ്ങൽ വിവാദം (1971)

∙ ജസ്റ്റിസ് പി.ജാനകിയമ്മ കമ്മിഷൻ: 

പ്രീഡിഗ്രി ബോർഡ് വിവാദം (1987)

∙ ജസ്റ്റിസ് കെ.സുകുമാരൻ കമ്മിഷൻ: 

ഇടമലയാർ അഴിമതി (1987)

∙ ജസ്റ്റിസ് പത്മനാഭൻ കമ്മിഷൻ: 

ലോവർ പെരിയാർ ടണൽ നിർമാണ അഴിമതി (1992)

∙ ജസ്റ്റിസ് കെ.അരവിന്ദാക്ഷൻ കമ്മിഷൻ: 

പൂന്തുറ വെടിവയ്പ് (1992)

∙ ജസ്റ്റിസ് കെ.പി.രാധാകൃഷ്ണ മേനോൻ കമ്മിഷൻ: 

മാർക്ക് തട്ടിപ്പു കേസ് (1993)

∙ ജസ്റ്റിസ് കെ. പത്മനാഭൻനായർ കമ്മിഷൻ: 

കൂത്തുപറമ്പ് വെടിവയ്പു കേസ് (1995)

∙ ആർ.ഗോപാലകൃഷ്ണ പിള്ള കമ്മിഷൻ: 

വിഴിഞ്ഞം കലാപം (1995)

∙ ജസ്റ്റിസ് വി.ഭാസ്‌കരൻ നമ്പ്യാർ കമ്മിഷൻ: 

ശിവഗിരി അക്രമം (1996)

∙ ജസ്റ്റിസ് ചന്ദ്രശേഖര മേനോൻ കമ്മിഷൻ: 

ശബരിമല അപകടം (1999)

∙ ജസ്റ്റിസ് ജി.ശശിധരൻ കമ്മിഷൻ: 

നളിനി നെറ്റോ – നീലലോഹിത ദാസൻ നാടാർ കേസ് (2000)

∙ ജസ്റ്റിസ് കെ.തങ്കപ്പൻ കമ്മിഷൻ: 

ചങ്ങനാശേരി സചിവോത്തമപുരം കോളനിയിലെ 

അന്തേവാസിയുടെ മരണം (2000)

∙ ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷൻ: 

സർക്കാർ സർവീസിലെ സംവരണം (2000)

∙ ജസ്റ്റിസ് വി.പി.മോഹൻ കുമാർ കമ്മിഷൻ: 

കല്ലുവാതുക്കൽ മദ്യദുരന്തം (2000)

∙ ജസ്റ്റിസ് രാജപ്പൻ ആചാരി കമ്മിഷൻ: 

തുമ്പയിലെ പൊലീസ് വെടിവയ്പ്‌ (2002)‌

∙ ജസ്‌റ്റിസ് കെ.നാരായണ കുറുപ്പ് കമ്മിഷൻ: 

കുമരകം ബോട്ടപകടം (2002)

∙ തോമസ് പി.ജോസഫ് കമ്മിഷൻ: മാറാട് കലാപം (2003)

∙ ജസ്റ്റിസ് സി.ഖാലിദ് കമ്മിഷൻ: 

എൻജിനീയറിങ് വിദ്യാർഥി രജനിയുടെ ആത്മഹത്യ (2005)

∙ കെ.കെ.നരേന്ദ്രൻ കമ്മിഷൻ: രാജകുമാരി ഭൂമിയിടപാട് (2007)

∙ ഇ. മൈതീൻകുഞ്ഞ് കമ്മിഷൻ: തേക്കടി ദുരന്തം (2009)

∙ കെ.രാമകൃഷ്‌ണൻ കമ്മിഷൻ: ചെറിയതുറ വെടിവയ്‌പ് (2009)

∙ എസ്.രാജേന്ദ്രൻ നായർ കമ്മിഷൻ: 

മലപ്പുറം വിഷക്കള്ള് ദുരന്തം (2010)

ആഭ്യന്തരവകുപ്പിനു കീഴിൽ മാത്രം അഞ്ചെണ്ണം

സംസ്ഥാനത്ത് ആഭ്യന്തരവകുപ്പിനു കീഴിൽ മാത്രം ഇപ്പോൾ അഞ്ചു കമ്മിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. സോളർ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി.ശിവരാജൻ കമ്മിഷൻ (നിയമനം 2013 ഒക്ടോബർ), കോട്ടയം മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണം അന്വേഷിക്കുന്ന ഡി.ശ്രീവല്ലഭൻ കമ്മിഷൻ (2016 ജനുവരി), മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള ഭിന്നതയെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് പി.എ.മുഹമ്മദ് കമ്മിഷൻ (2016 നവംബർ), പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ കമ്മിഷൻ (2017 ഫെബ്രുവരി), ഫോൺ കെണി വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് പി.എസ്.ആന്റണി കമ്മിഷൻ (2017 മാർച്ച്). ഇതിനുപുറമെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജസ്റ്റിസ് സി. എൻ.രാമചന്ദ്രൻ നായർ കമ്മ‌ിഷനും. 

സർക്കാരേ, ഇങ്ങനെ കള്ളം പറയാമോ ? 

പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെക്കുറിച്ചുള്ള കമ്മിഷൻ പ്രവർത്തനത്തെക്കുറിച്ചു വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് ആഭ്യന്തരവകുപ്പു നൽകിയ മറുപടിയാണു കൗതുകകരം – പുറ്റിങ്ങൽ ദുരന്തം അന്വേഷിക്കുന്നതിനു ജസ്റ്റിസ് എൻ.കൃഷ്ണൻ നായരെ അന്വേഷണ കമ്മിഷനായി നിയമിച്ചെങ്കിലും അദ്ദേഹം ചുമതലയേൽക്കാത്തതിനെത്തുടർന്നു ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ കമ്മിഷനെ നിയമിച്ചു. വാസ്തവവിരുദ്ധമായ കാര്യങ്ങൾ സർക്കാർതന്നെ രേഖാമൂലം നൽകുമ്പോൾ വിവരാവകാശ കമ്മിഷൻ ഇടപെടുമോ?

നാളെ: ഹൈക്കോടതി വിധി പോലും മാനിക്കാതെ സർക്കാർ