Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനന്ദത്തിലേക്ക് വഴി തുറക്കാൻ

കേരളത്തിന്റെ സന്തോഷവഴികൾ തേടി മനോരമ ന്യൂസ് ടിവി ചാനൽ സംഘടിപ്പിച്ച ന്യൂസ് കോൺക്ലേവ് പലവഴികളിലെ സാധ്യതകൾ അറിയിച്ചാണു നിറവുള്ളതായിത്തീർന്നത്. കേരളത്തിനുവേണ്ട ഏറ്റവും വലിയ ആനന്ദമന്ത്രം വികസനംതന്നെയാണെന്ന് ഉറപ്പിച്ചു പറ‍യുകകൂടി ചെയ്ത സംഗമം വിവിധ മേഖലകളിലെ പ്രമുഖരുടെ മൊഴിയും വഴിയുമറിഞ്ഞു സാർഥകമായി. 

സമൂഹത്തിന്റെയും വ്യക്തിയുടെയും മാനസികാരോഗ്യത്തിന്റെ പ്രതിഫലനം തന്നെയാണ് ആനന്ദമെന്നിരിക്കെ, ഒരു ദിനം മുഴുവൻ സന്തോഷമെന്ന വിശാലവിഷയം ചർച്ചചെയ്ത കോൺക്ലേവ് അക്കാരണം കൊണ്ടു തന്നെ വേറിട്ടുനിന്നു. സന്തോഷം നിലനിർത്താനുള്ള മാർഗം ‘നാം തന്നെയാണു സന്തോഷ’മെന്ന തിരിച്ചറിവാണെന്നു പറഞ്ഞ ജീവനകല ആചാര്യൻ ശ്രീശ്രീ രവിശങ്കർ മുതൽ ഒട്ടേറെ പ്രമുഖർ തങ്ങളുടെ മേഖലകളിലെ അനുഭവപാഠങ്ങൾകൊണ്ട് ഈ സന്തോഷസമ്മേളനം സമൃദ്ധമാക്കിയപ്പോൾ കേരളം ഇതുവരെ ആലോചിക്കാത്ത ഒരു വിഷയം ബഹുതലസ്പർശങ്ങളിലൂടെ അടുത്തറിയുകയായി.

മലയാളികൾക്കു സന്തോഷം കുറവെന്ന മനോരമ ന്യൂസ് ടിവി ചാനൽ സന്തോഷസൂചിക സർവേ ഫലമാണു കോൺക്ലേവിന് ആധാരമായത്. ഭൗതിക, സാമൂഹിക മേഖലകളിൽ മുന്നിലെന്ന് അവകാശപ്പെടുന്ന മലയാളികളുടെ സന്തോഷസൂചിക പത്തിൽ 4.4 മാത്രം.

നിത്യജീവിതത്തിൽ മലയാളികൾക്കു സന്തോഷം നൽകുന്ന കാര്യങ്ങളും സേവനങ്ങളും എത്ര തൃപ്തികരമാണെന്ന വിശകലനത്തിലൂടെയാണു സന്തോഷസൂചിക രൂപപ്പെടുത്തിയത്. ജീവിതച്ചെലവിനെച്ചൊല്ലിയാണു മലയാളി ഏറ്റവുമധികം ആശങ്കപ്പെടുന്നത്-63%. വാർധക്യകാല സുരക്ഷയും (55%) തൊഴിലില്ലായ്മയും (52%) ആരോഗ്യപരിരക്ഷയും (50%) കുട്ടികളുടെ ഭാവിയും (47%) ആശങ്കയുടെ കാരണങ്ങളിൽ തൊട്ടുപിന്നിലായി ഇടംപിടിച്ചു. 

സർവേയിൽ പങ്കെടുത്ത 71% പേരും കേരളത്തിൽ അഴിമതി വ്യാപകമാണെന്നും രാഷ്്ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥർക്കും അതേപ്പറ്റി ചിന്തയില്ലെന്നും അഭിപ്രായപ്പെട്ട സാഹചര്യത്തിലാണു സമ്മേളനം ഉദ്ഘാടനംചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ കൂടുതൽ പ്രസക്തമാവുന്നത്: ‘അഴിമതി കുറഞ്ഞ സംസ്ഥാനം എന്നല്ല, അഴിമതി ഇല്ലാത്ത സംസ്ഥാനം എന്ന പേരാണ് നാം ആഗ്രഹിക്കുന്നത്’. അഞ്ചുവർഷത്തെ ഭരണം പൂർത്തിയാക്കുമ്പോൾ എന്താവും ഏറ്റവും സന്തോഷം പകരുക എന്ന ചോദ്യത്തിന്റെ ഉത്തരം ഇതായിരുന്നു:

‘നാടിന്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള വികസനം കൊണ്ടുവരാൻ കഴിയുന്നത്’. നാലുവരി ദേശീയപാതാ വികസനവും ദേശീയ ജലപാതയും എൽഎൻജി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയുമെല്ലാം പൂർത്തിയാക്കി നാടു വികസിപ്പിക്കുമെന്ന് ഉറപ്പിച്ചുപറഞ്ഞ അദ്ദേഹം, വിവാദങ്ങളിൽ പദ്ധതികൾ മുടങ്ങാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയപ്പോൾ അതു േകരളത്തിന്റെ സന്തോഷത്തിനുവേണ്ടിയുള്ള ദിശാസൂചികയായി.

കേരളത്തിൽ വ്യവസായം നടത്തിക്കൊണ്ടു പോകാൻ പ്രയാസമുണ്ടെന്ന് ഒരു വ്യവസായിയും പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തോടൊപ്പം, ചുവപ്പുനാടയും നൂലാമാലകളും അനാവശ്യ നിയമക്കുരുക്കുകളും പൊട്ടിച്ചെറിഞ്ഞാൽ മാത്രമേ വികസന പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകാനാകൂ എന്നു കേന്ദ്ര സർക്കാരിന്റെ ആസൂത്രണ വിഭാഗമായ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞതുകൂടി ചേർത്തുവയ്ക്കേണ്ടതുണ്ട്.

പുതിയ സംരംഭകർക്കും നിക്ഷേപകർക്കും ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന സംസ്ഥാനമാണു കേരളമെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. രാഷ്ട്രീയപ്പാർട്ടികൾ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങൾ മാറ്റി സുസ്ഥിര വികസനമെന്ന പുതിയ പ്രത്യയശാസ്ത്രം സ്വീകരിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് കേരളത്തിലെ മുൻ ടൂറിസം സെക്രട്ടറി കൂടിയായ അമിതാഭ് കാന്ത് പറ‍ഞ്ഞപ്പോൾ അതിൽ മുൻനോട്ടത്തിന്റെ വെളിച്ചം തെളി‍ഞ്ഞു.

കേരളം സന്തോഷം കണ്ടെത്താൻ പ്രമുഖർ ന്യൂസ് കോൺക്ലേവിൽ അവതരിപ്പിച്ച വ്യത്യസ്ത ആനന്ദമാർഗങ്ങൾ കേട്ടുമറക്കാനുള്ളതല്ല; ആത്മപരിശോധനയ്ക്കും ക്രിയാത്മകമായ ഉടച്ചുവാർക്കലിനും വേണ്ടിയുള്ളതാണ്. ഭരണാധികാരികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ–സാമൂഹിക–സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തകരും പൊതുജനങ്ങളും കൈകോർത്താൽ, വികസനം സർവചൈതന്യങ്ങളോടെ യാഥാർഥ്യമാക്കാനായാൽ ആനന്ദകേരളം സഫലമാകും; തീർച്ച.