Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണാം, ഇറ്റലിയുടെ മാതൃക

WASTE-BASKETS-IN-ITALLY

ഇറ്റലിയിലെ അൾത്താവില്ല എന്ന കൊച്ചുഗ്രാമത്തിൽ താമസിക്കാനായി എത്തിയതിന്റെ പിറ്റേദിവസം, ആ സ്ഥലത്തെ പഞ്ചായത്ത് ഓഫിസിനോടു സമാനമായ കാര്യാലയത്തിൽ രേഖകൾ സമർപ്പിക്കാനും, വീട്, അഡ്രസ്‌ എന്നിങ്ങനെയുള്ള ചില കാര്യങ്ങൾ ബോധ്യപ്പെടുത്താനുമായി ചെന്നു. അവർ എല്ലാം വിശദമായി പരിശോധിച്ചു തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ തന്നു.

അതിനൊപ്പം മറ്റു ചിലതു കൂടി – 200 പേജ് ബുക്കിന്റെ കട്ടിയുള്ള ഒരു പുസ്തകം, ഒരു ചാർട്ട്, അടപ്പുള്ള പല നിറങ്ങളിലുള്ള നാലു ബക്കറ്റുകൾ. ചാർട്ടും ബുക്കും പരിശോധിച്ചപ്പോഴാണ്, നമ്മുടെ നാട് മാത‍ൃകയാക്കേണ്ട ചില കാര്യങ്ങൾ കണ്ടെത്തിയത്.

ചാർട്ടുകൾ മാലിന്യം വേർതിരിക്കാൻ

വീട്ടിലെ മാലിന്യങ്ങളിൽ പറയുന്ന സാധനങ്ങൾ പറയുന്ന ഇടത്തല്ലാതെ കൊണ്ടുപോയി ഇട്ടാൽ പണി ഉറപ്പാണ് – പിഴ 200 യൂറോ മുതൽ 2,000 യൂറോ വരെ! ആഴ്ചയിൽ ആറു ദിവസവും ശേഖരിക്കുന്ന മാലിന്യങ്ങളെ കൃത്യമായി വേർതിരിച്ചിട്ടുണ്ട് ചാർട്ടിൽ.

∙ തിങ്കൾ: ജൈവ മാലിന്യങ്ങൾ.
∙ ചൊവ്വ: പ്ലാസ്റ്റിക്/പേപ്പർ
∙ ബുധൻ: ചില്ല്/സെറാമിക്
∙ വ്യാഴം, വെള്ളി: പ്ലാസ്റ്റിക് –മെറ്റൽ
∙ ശനി: ജൈവ മാലിന്യങ്ങളും, ഇതര മാലിന്യങ്ങളും (മരുന്നു സ്ട്രിപ്പ്, അലുമിനിയം ഫോയിൽ, സാനിറ്ററി വസ്തുക്കൾ, കളിപ്പാട്ടങ്ങൾ)

എല്ലാ ദിവസവും രാവിലെ, വേർതിരിച്ച മാലിന്യങ്ങൾ അതതു ബക്കറ്റിൽ വീടിനു പുറത്തുവച്ചാൽ അധികൃതർ ശേഖരിച്ചു കൊണ്ടുപോകും. വീട്ടിലെ ഇലക്ട്രോണിക് സാധനങ്ങൾ, ഫർണിച്ചറുകൾ എന്നിവ കളയാൻ പ്രത്യേകം അനുവാദം വാങ്ങി, കൃത്യസ്ഥലത്തു കൊണ്ടുപോയി കൈമാറണം. ഇതിനു പുറമേ, പുറത്തിറങ്ങിയാൽ ഓരോ മുക്കിലും നാലു നിറങ്ങളിലുള്ള കുട്ടകൾ മാലിന്യങ്ങൾ വേർതിരിച്ചിടാനായി (പ്ലാസ്റ്റിക്, ഓർഗാനിക്, മെറ്റൽ, ചില്ല്) സ്ഥാപിച്ചിട്ടുമുണ്ട്.

മാലിന്യങ്ങൾ എന്തു ചെയ്യുന്നു?

ഓരോന്നും ഓരോ രീതിയിൽ സംസ്കരിക്കുന്നു – റീസൈക്ലിങ് മുതൽ ഊർജ ഉൽപാദനം വരെ.

∙ ജൈവ (ഓർഗാനിക് ) മാലിന്യങ്ങൾ: കംപോസ്റ്റ്, ബയോഗ്യാസ് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
∙ കുപ്പി/ചില്ല് വസ്തുക്കൾ: ഇറ്റലിയിൽ പ്രതിവർഷം 70 ശതമാനത്തിനു മേൽ ഗ്ലാസ് റീസൈക്കിൾ ചെയ്യുന്നുണ്ട് എന്നാണു കണക്ക്.
∙ പേപ്പർ: തൊണ്ണൂറുകളുടെ അവസാനം വരെ നോർത്ത് യൂറോപ്പിൽനിന്നു പേപ്പർ ഇറക്കുമതി ചെയ്തിരുന്ന രാജ്യമാണ് ഇറ്റലി. എന്നാൽ ഇന്നു റീസൈക്കിൾ വഴി പേപ്പർ കയറ്റുമതി രാജ്യമായി മാറി.
∙ തടി: വീടുകളിലും ഓഫിസുകളിലും ഉപയോഗിക്കുന്ന ഫർണിച്ചർ പ്രാദേശികമായി ശേഖരിച്ച് അറ്റകുറ്റപ്പണി ചെയ്തു പുതിയ രൂപത്തിൽ വിൽക്കുന്നു. റീസൈക്കിൾ ചെയ്തു പുതിയ ഫർണിച്ചറും ഉണ്ടാക്കുന്നു.

∙ അലുമിനിയം: എത്രതവണ റീസൈക്കിൾ ചെയ്താലും സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെടാത്ത അലുമിനിയം റീസൈക്കിൾ ചെയ്യുന്നതു വഴി 95% ഊർജവും 100% അലുമിനിയവും സംരക്ഷിക്കപ്പെടുന്നു.
∙ പ്ലാസ്റ്റിക് മാലിന്യങ്ങൾ: സാധാരണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ നിറങ്ങൾ അനുസരിച്ചു വീണ്ടും വേർതിരിച്ച്, മാലിന്യങ്ങൾ നീക്കി കഷണങ്ങളാക്കിയശേഷം കഴുകി, ഉണക്കി, ശുദ്ധമായ പ്ലാസ്റ്റിക് ഗ്രാന്യൂളുകൾ ആക്കി മാറ്റി വീണ്ടും ഉപയോഗിക്കുന്നു.
ഇതിനു പുറമേ പ്ലാസ്റ്റിക്കും റബറും മറ്റു പെട്രോളിയം ഉൽപന്നങ്ങളും ഇൻസിനറേറ്ററിൽ കത്തിച്ച് വൈദ്യുതിയും താപോർജവും ഉൽപാദിപ്പിക്കുന്നുമുണ്ട്.
∙ ഇലക്ട്രോണിക് മാലിന്യങ്ങൾ: വീട്ടിലെ ഇലക്ട്രോണിക് മാലിന്യങ്ങൾ വീടുകളിൽ വന്നു ശേഖരിക്കുന്ന രീതിയും കടകളിൽ ശേഖരിക്കുന്ന രീതിയും നിലവിലുണ്ട് (പുതിയതു വാങ്ങുമ്പോൾ പഴയതു നമുക്കു കടയിൽ തിരികെ ഏൽപിക്കാം). റീസൈക്കിൾഡ് ഇലക്ട്രോണിക് വസ്തുക്കളുടെ നല്ല വിപണി ഇറ്റലിയിലുണ്ട്.

മാലിന്യസംസ്കരണം എന്ന സംസ്കാരം

ഈ മികച്ച മാലിന്യ സംഭരണ, സംസ്കരണ രീതികളൊന്നും ഈ കൊച്ചുഗ്രാമം ഒരു രാത്രികൊണ്ട് നേടിയെടുത്തവയല്ല. നാളുകൾ നീണ്ട ബോധവൽക്കരണവും പൊലീസിന്റെ ഇടപെടലുകളും പിഴകൾ ചുമത്തലും എല്ലാം വഴി ഒരു സംവിധാനമായി രൂപപ്പെടുത്തിയെടുത്തതാണ്. നമ്മുടെ കയ്യിൽനിന്ന് അറിയാതെയെങ്കിലും ഒരു പ്ലാസ്റ്റിക്‌ കുപ്പി താഴെ വീണാൽ, അതെടുത്തു നമ്മുടെ കയ്യിൽ തിരികെ തരികയോ, പ്ലാസ്റ്റിക്കിനായി നിശ്ചയിച്ചിട്ടുള്ള ബാസ്കറ്റിൽ നിക്ഷേപിക്കുകയോ ചെയ്യും ഇവിടത്തുകാർ!