Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി: ഏറെ സങ്കീർണ വ്യവസ്ഥകൾ

gst

വ്യവസായ, വാണിജ്യ മേഖലകളിലെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായകമായ പരിഷ്‌കാരമാണെങ്കിലും ജിഎസ്‌ടിയുമായി ബന്ധപ്പെട്ട വ്യവസ്‌ഥകൾ ഏറെയാണ്; വളരെ സങ്കീർണവും. വ്യവസ്‌ഥകളുടെ ബാഹുല്യവും അവയുടെ സങ്കീർണതയും തന്നെയാണു വ്യവസായ, വാണിജ്യ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. വളരെ പ്രസക്‌തമായ ചില വ്യവസ്‌ഥകൾ ഇങ്ങനെ:

ഇൻപുട് ടാക്‌സിന്റെ ക്രെഡിറ്റ്

ജിഎസ്‌ടിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പ്രയോഗമാണ് ഇൻപുട് ടാക്‌സ് ക്രെഡിറ്റ് . ബിസിനസ് ആവശ്യത്തിനു വാങ്ങേണ്ടിവരുന്ന ഉൽപന്നത്തിന്റെയോ സേവനത്തിന്റെയോ മേൽ നികുതിയടയ്‌ക്കുന്നതുകൊണ്ട് അർഹമാകുന്ന ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിനെയാണ് ഇൻപുട് ടാക്‌സ് ക്രെഡിറ്റ് എന്നു വിശേഷിപ്പിക്കുക. ഉദാഹരണം: ഒരു ആർക്കിടെക്‌ട് ഓഫിസ് മോടിപിടിപ്പിക്കുന്നുവെന്നു കരുതുക. മോടിപിടിപ്പിക്കാൻ വാങ്ങുന്ന സാധനങ്ങൾക്കു നൽകുന്ന നികുതിയെ കക്ഷികളിൽനിന്ന് ഈടാക്കുന്ന സേവന നികുതിയിൽ സെറ്റ് ഓഫ് ചെയ്യാം.

കോംപസിഷൻ സമ്പ്രദായം സ്വീകരിക്കാം

ഒരു സാമ്പത്തികവർഷം 75 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ളവർക്കു കോംപസിഷൻ സമ്പ്രദായം സ്വീകരിക്കാവുന്നതാണെന്നു ജിഎസ്‌ടി നിയമം വ്യവസ്‌ഥ ചെയ്യുന്നു. ഈ സമ്പ്രദായം സ്വീകരിക്കുന്നവർ ആകെ വിറ്റുവരവിന്റെ നിശ്‌ചിതശതമാനമാണു നികുതി ഇനത്തിൽ അടയ്‌ക്കേണ്ടത്. അതേസമയം, ഇവർ ഒരുവിധ നികുതിയും സ്വീകരിക്കാൻ പാടില്ലെന്നു വ്യവസ്‌ഥയുണ്ട്. ഇവർക്ക് ഇൻപുട് ടാക്‌സ് ക്രെഡിറ്റിന് അർഹതയുണ്ടായിരിക്കുന്നതുമല്ല.

സപ്ലൈ ഓഫ് സർവീസസ്, വർക്‌സ് കോൺട്രാക്‌ട് സർവീസസ് എന്നിവ നടത്തുന്നവർക്കു കോംപസിഷൻ സമ്പ്രദായം ബാധകമല്ല.

വാറ്റ് സമ്പ്രദായത്തിലെ അനുമാന നികുതിയും ജിഎസ്‌ടി സംവിധാനത്തിലെ കോംപസിഷൻ സമ്പ്രദായവും തമ്മിൽ വ്യത്യാസമുണ്ട്. ആദ്യവിൽപന നടത്തുന്നവർക്ക് അനുമാന നികുതി അടയ്‌ക്കാൻ വാറ്റിൽ സാധ്യമല്ല. ജിഎസ്‌ടിയിലാകട്ടെ ആദ്യവിൽപന നടത്തുന്നവർക്കു കോംപസിഷൻ സമ്പ്രദായം സ്വീകരിക്കാം. അന്യസംസ്‌ഥാനത്തുനിന്ന് ഉൽപന്നം വാങ്ങുന്നവർക്കും കോംപസിഷനാകാം. കോംപസിഷൻ തിരഞ്ഞെടുത്തവർ സംസ്‌ഥാനാന്തര വിൽപന നടത്താൻ പാടുള്ളതല്ല.

നികുതിയും റിട്ടേണും

എല്ലാമാസവും 20നു മുമ്പു മുൻമാസത്തെ നികുതി അടച്ചിരിക്കണം. കോംപസിഷൻ സമ്പ്രദായം സ്വീകരിക്കുന്നവർ ത്രൈമാസ അടിസ്‌ഥാനത്തിലാണു നികുതി അടയ്‌ക്കേണ്ടത്.

നികുതി ബാധ്യതയുണ്ടെങ്കിൽ അത് അടച്ചതിനുശേഷമുള്ള റിട്ടേണിനു മാത്രമേ സാധുതയുണ്ടായിരിക്കുകയുള്ളൂ. ഇൻപുട്ട് ടാക്‌സിന്റെ അടിസ്‌ഥാനത്തിലുള്ള ക്രെഡിറ്റ് ലഭിക്കുന്നതിനും ഇതാണ് ആവശ്യം.

സാധാരണ റജിസ്‌ട്രേഷനുള്ളവർ മാസംതോറും റിട്ടേൺ ഫയൽ ചെയ്യണം. വാർഷിക റിട്ടേണും ഫയൽ ചെയ്യേണ്ടതുണ്ട്. സാമ്പത്തിക വർഷം കഴിഞ്ഞുവരുന്ന ഡിസംബറിലാണു വാർഷിക റിട്ടേൺ നൽകേണ്ടത്. നടപ്പു സാമ്പത്തിക വർഷത്തെ റിട്ടേൺ 2018 ഡിസംബറിൽ സമർപ്പിക്കണം. വാർഷിക വിറ്റുവരവ് ഒരുകോടി രൂപയ്‌ക്കു മുകളിലാണെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഡിറ്റ് സ്‌റ്റേറ്റ്‌മെന്റ് സഹിതമായിരിക്കണം റിട്ടേൺ നൽകേണ്ടത്. റിട്ടേൺ യഥാസമയം നൽകിയില്ലെങ്കിൽ ദിവസം 100 രൂപയാണു പിഴ. എന്നാൽ പിഴയുടെ പരമാവധി 5000 രൂപ എന്നു നിശ്‌ചയിച്ചിട്ടുണ്ട്.

ചരക്കുനീക്കത്തിന് സമയപരിധി

ചരക്കുകൾ വാഹനത്തിൽ കൊണ്ടുപോകുമ്പോൾ വിതരണം സംബന്ധിച്ച സമയക്രമം പാലിച്ചില്ലെങ്കിൽ നികുതി സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാം. നിശ്‌ചയിക്കപ്പെട്ടിരിക്കുന്ന സമയക്രമം ഇങ്ങനെ:

100 കിലോമീറ്ററിൽ താഴെ: ഒരുദിവസം; 100 – 300 കിലോമീറ്റർ: മൂന്നുദിവസം; 300 – 500 കിലോമീറ്റർ: അഞ്ചുദിവസം; 500 – 1000 കിലോമീറ്റർ: 10 ദിവസം; 1000 കിലോമീറ്ററിനു മുകളിൽ: 15 ദിവസം.

കുറ്റകൃത്യങ്ങളുടെ നീണ്ട പട്ടിക

ഇൻവോയ്‌സ് ഇല്ലാതെയോ തെറ്റായ ഇൻവോയ്‌സ് ഉപയോഗിച്ചോ സപ്ലൈയിൽ ഏർപ്പെടുന്നതു ജിഎസ്‌ടി നിയമപ്രകാരം കുറ്റകൃത്യമായി കണക്കാക്കും. സപ്ലൈ നടത്താതെ ഇൻവോയ്‌സ് നൽകുന്നതും കുറ്റകരം.

ഈടാക്കിയ നികുതി മൂന്നുമാസം കഴിഞ്ഞിട്ടും അടയ്‌ക്കാതിരിക്കുക, സ്രോതസ്സിൽത്തന്നെ നികുതി തട്ടിക്കിഴിക്കേണ്ടതാണെങ്കിൽ അങ്ങനെ ചെയ്യാതിരിക്കുക, സ്രോതസ്സിൽ തട്ടിക്കിഴിച്ച നികുതി വകുപ്പ് 51 പ്രകാരം നിക്ഷേപിക്കാതിരിക്കുക, ചരക്കോ സേവനമോ സ്വീകരിക്കാതെ ഇൻപുട് ടാക്‌സ് ക്രെഡിറ്റ് എടുക്കുക, തെറ്റായ കണക്കുകളും രേഖകളും നൽകുക, നിശ്‌ചിത രേഖകളില്ലാതെ ചരക്കു കടത്തുക തുടങ്ങിയവയും കുറ്റകൃത്യങ്ങളായാണു നിർവചിച്ചിരിക്കുന്നത്.

പരാതികൾ ഓൺലൈനായി സമർപ്പിക്കാം

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്‌എംഇ) ജിഎസ്‌ടി സംബന്ധിച്ചു പരാതികളുണ്ടെങ്കിൽ അത് ഓൺലൈനായി സമർപ്പിക്കാം. എംഎസ്‌എംഇ മന്ത്രാലയം ഒരുക്കിയിരിക്കുന്ന ഈ സൗകര്യം സംരംഭകരാകാൻ ഉദ്ദേശിക്കുന്നവർക്കും പ്രയോജനപ്പെടുത്താം.

വ്യാപാരികൾക്കായി ചോദ്യോത്തരങ്ങൾ

ജിഎസ്‌ടി സംബന്ധമായ സംശയങ്ങളെല്ലാം ദൂരീകരിക്കാൻ സെൻട്രൽ ബോർഡ് ഓഫ് എക്‌സൈസ് ആൻഡ് കസ്‌റ്റംസിന്റെ വെബ് സൈറ്റ് സന്ദർശിച്ചാൽ മതി. 

വിലാസം: www. cbec.gov.in

ഇംഗ്ലിഷിനു പുറമെ മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ തയാറാക്കിയ ചോദ്യോത്തരങ്ങൾ വ്യാപാരികൾക്ക് ഏറെ സഹായകമാണ്.

ജിഎസ്‌ടി ശൃംഖല: നികുതിദായകർ 85 ലക്ഷത്തോളം

ജിഎസ്‌ടി ഘടനയ്‌ക്കു കീഴിൽ വരുന്ന നികുതിദായകരുടെ എണ്ണം 85 ലക്ഷത്തോളമായിരിക്കും. ഇവരിൽനിന്നു പ്രതിമാസം 300 കോടിയോളം ഇൻവോയ്‌സുകൾ സ്വീകരിക്കാൻ ജിഎസ്‌ടി ശൃംഖല (ജിഎസ്‌ടിഎൻ) സജ്‌ജമാണ്. ഈ ശൃംഖലയാണു ജിഎസ്‌ടിക്കുള്ള അടിസ്‌ഥാന ഐടി സംവിധാനം. ജിഎസ്‌ടിയുടെ ഏറ്റവും നിർണായക ഘടകമായ ഇൻവോയ്‌സ് മാച്ചിങ് (പൊരുത്ത പരിശോധന) നടത്തുന്നത് ഈ സംവിധാനത്തിന്റെ സഹായത്തോടെയാണ്.

അവസാനിച്ചു