Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറുന്ന, തിളയ്ക്കുന്ന കേരള രാഷ്ട്രീയം

keraleeyam

സംസ്ഥാനത്ത് ഒരു വർഷത്തിനിടെ ഇരുനൂറോളം സിപിഎം ഓഫിസുകളും പ്രവർത്തകരുടെ വീടുകളും ആക്രമിച്ചുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഈയിടെ വിലയിരുത്തിയത്. ബിജെപിയും ആർഎസ്എസുമാണ് അതു ചെയ്തതെന്നും പാർട്ടി ആരോപിക്കുന്നു. എന്നാൽ, ബിജെപി–ആർഎസ്എസ് നേതാക്കൾ ചൊവ്വാഴ്ച ഗവർണർ പി. സദാശിവത്തെ കണ്ടു കുറ്റപ്പെടുത്തിയത് സമീപദിവസങ്ങളിൽ സിപിഎം അഴിച്ചുവിട്ട അക്രമത്തിൽ 348 കേസുകൾ റജിസ്റ്റർ ചെയ്യേണ്ടിവന്നുവെന്നാണ്.

രണ്ടു കൂട്ടർക്കുമെതിരെ വടകരയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നു സമാധാന പദയാത്ര നടത്താനും പോകുന്നു. 

പുതുവൈപ്പിനിലുണ്ടായതു പോലെയുള്ള ജനകീയ സമരങ്ങളും അതിന്റെ രാഷ്ട്രീയമാനവും വേറെ. തൊട്ടാൽ പൊട്ടുന്ന തരത്തിൽ രാഷ്ട്രീയ സംഘർഷങ്ങൾ വളർന്നുവരുന്നുവെന്നാണ് ഇക്കഴിഞ്ഞ സംസ്ഥാന കമ്മിറ്റിക്കുശേഷം ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവരുടെ യോഗം വിളിച്ചു സിപിഎം നേതൃത്വം റിപ്പോർട്ട് ചെയ്യുന്നത്. ‘പ്രകോപനങ്ങൾക്ക് ഒരു തരത്തിലും അടിപ്പെടരുത്, പ്രശ്നങ്ങളുണ്ടെങ്കിൽ പൊലീസിൽ റിപ്പോർട്ട് ചെയ്യണം, സമാധാന ചർച്ചകൾക്കു പ്രാദേശികമായി മുൻകൈ എടുക്കണം’ – സിപിഎം നിഷ്കർഷിക്കുന്നു. 

പാർട്ടി പ്രവർത്തകർക്കു മുന്നിൽ മേനി നടിക്കാനുള്ള അടവുകളാണ് ഇതെല്ലാമെന്നു ബിജെപിയും ആർഎസ്എസും പുച്ഛിച്ചുതള്ളുന്നു. ഡൽഹിയിൽ എകെജി ഭവനിൽ സീതാറാം യച്ചൂരിക്കെതിരെയുണ്ടായ കയ്യേറ്റശ്രമത്തിന്റെ പേരിൽ അക്രമം അഴിച്ചുവിടുന്നത് സ്വന്തം സർക്കാർ ഭരിക്കുമ്പോഴല്ലേയെന്ന് അവർ ചോദിക്കുന്നു. 

തങ്ങളുടെ ശക്തികേന്ദ്രങ്ങളിലാണ് ബിജെപി അക്രമം അഴിച്ചുവിടുന്നതെന്നാണു സിപിഎം വിലയിരുത്തലെങ്കിൽ ബിജെപിയുടെ വിശകലനം നേരെ തിരിച്ചാണ്. ജില്ല തിരിച്ചുള്ള കണക്കിൽ കണ്ണൂരിനെക്കുറിച്ചുള്ള ഭാഗം അവർ മുന്നോട്ടുവയ്ക്കുന്നു. 

തലശ്ശേരിയിൽ മൂന്നിടത്ത് ബോംബേറ്. ചൊക്ലി പാറാലിൽ ബിജെപി പ്രവർത്തകൻ രാധാകൃഷ്ണന്റെ കടയ്ക്ക് നേരെയും ടെംപിൾ റോഡിൽ പ്രദീപ്, വടക്കുമ്പാട് സുധീഷ് എന്നിവരുടെ വീടിനു നേരെയും ബോംബേറ്’ – പതിവു സംഘർഷവേദിയായ കണ്ണൂരിനെക്കുറിച്ച് ഇത്രയുമേയുള്ളൂവെങ്കിൽ മറ്റു ജില്ലകളിൽ സംഭവിച്ചതിനെക്കുറിച്ച് അതിലും നീണ്ട പട്ടികയാണ് ബിജെപി നേതൃത്വം ഗവർണർക്കു കൈമാറിയത്. എന്നാൽ ഇടതു സർക്കാരുള്ള കേരളത്തിൽ, പാർട്ടിയുടെ സ്വാധീനമേഖലകളിലാകെ സംഘർഷമെന്നു വരുത്തിത്തീർത്ത് ഭരണത്തെ അവമതിപ്പിലാക്കുകയാണ് ബിജെപി തന്ത്രമെന്നു സിപിഎം വിശ്വസിക്കുന്നു. 

വർഗീയ വേർതിരിവുണ്ടാക്കി ഇവിടെ അധികാരത്തിലേറാൻ കഴിയില്ലെന്നു വന്നതോടെ അടവു മാറ്റിപ്പിടിക്കുകയാണെന്ന സന്ദേഹമാണ് അവരുടേത്. 

‘14–15% വോട്ട് നേടാൻ കഴിഞ്ഞിട്ടും കേരളത്തിൽ കരകയറാനാകില്ലെന്ന് അമിത് ഷാ മനസ്സിലാക്കിക്കഴിഞ്ഞു. പാർട്ടി പ്രസിഡന്റിന്റെ രോഷം മുഴുവൻ ഇവിടെ പ്രവർത്തകർ അക്രമത്തിലൂടെ തീർക്കുന്നു. നിരാശയും പരിഭ്രാന്തിയുമാണ് ഇതിലെല്ലാമുള്ളത്’ – സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

‘അമിത് ഷാ വന്നുപോയതിനുശേഷം കേരളത്തിൽ അക്രമം വ്യാപകമായെന്നു ബോധപൂർവം പ്രചരിപ്പിക്കുകയാണ് സിപിഎം. എകെജി ഭവനിലുണ്ടായ സംഭവങ്ങളുടെ പേരിൽ ഇന്ത്യയിൽ മറ്റേതു സംസ്ഥാനത്താണ് അക്രമം ഉണ്ടായത്? ഭരണകക്ഷി തന്നെ കലാപത്തിനു നേതൃത്വം കൊടുക്കുകയും മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയെപ്പോലെ അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന വിചിത്ര കാഴ്ചയാണുള്ളത്’ – ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ മറുപടി. 

ഈ രണ്ടു കൂട്ടരും കേരളത്തിന് ആപത്താണെന്നു ജനം തിരിച്ചറിയുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഏതാനും ദിവസങ്ങളിലെ ശാന്തതയ്ക്കുശേഷം ഒരു മാധ്യമപ്രവർത്തകന്റെ വീടിനുനേരെ ബോംബേറുണ്ടായ നാദാപുരമടക്കമുള്ള എല്ലാ സംഘർഷ മേഖലകളിലും സമാധാനസന്ദേശമെത്തിച്ചു വേറിട്ട രാഷ്ട്രീയം പയറ്റാനാണ് യുഡിഎഫ് നീക്കം. 

മെട്രോയിൽ പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്ത കുമ്മനത്തെ ഒരു നുഴഞ്ഞുകയറ്റക്കാരനായാണ് സിപിഎം കേന്ദ്രങ്ങൾ ആക്ഷേപിക്കുന്നത്. അതു ശരിയായാലും തെറ്റായാലും ഇരുമുന്നണികളും നിയന്ത്രിച്ചുവന്ന കേരള രാഷ്ട്രീയത്തിൽ ബിജെപിയുടെ നുഴഞ്ഞുകയറ്റമുണ്ടാക്കിയ മാറ്റം ഈ സംഘർഷാത്മകതയിൽ പ്രതിഫലിക്കുന്നു. 

യാത്രയിൽ കുമ്മനം കൂടെയുണ്ടാകണമെന്നത് പ്രധാനമന്ത്രിയുടെ തീരുമാനമാണെന്നു ബിജെപി കേന്ദ്രങ്ങൾ അവകാശപ്പെടുന്നു. പിണറായി വിജയനോടും രമേശ് ചെന്നിത്തലയോടും ഉപചാരവാക്കുകൾ നരേന്ദ്ര മോദി പറഞ്ഞുവെന്നത് യാഥാർഥ്യം.  ചെന്നിത്തലയോട് ‘ഉമ്മൻ ചാണ്ടി എവിടെ’ എന്നാരായാനും മുതിർന്നു. കുമ്മനത്തെ കണ്ടപ്പോൾ പക്ഷേ, തോളിൽ തട്ടിയുള്ള വേറിട്ട സ്നേഹപ്രകടനം! ശേഷം തനിക്കും മുഖ്യമന്ത്രിക്കും ഗവർണർക്കുമൊപ്പം മെട്രോയിൽ ഇരിപ്പിടം.   

കേരളത്തിൽ വേരുറപ്പിക്കാനുള്ള എല്ലാ വഴിയും നോക്കുകയാണ് ബിജെപി. ചെറുക്കാൻ ശ്രമിക്കുന്നതിനിടയിൽ കോൺഗ്രസിനും സിപിഎമ്മിനും പരസ്പരമുള്ള കണക്കുകളും തീർക്കണം. അതുകൊണ്ട് അക്രമങ്ങൾക്കും സംഘർഷങ്ങൾക്കും ശമനം എളുപ്പമുണ്ടാകണമെന്നില്ല. 

ഹർത്താൽ പരമ്പരകൾക്കിടയിൽ വൈപ്പിനിലും ഇന്നു ഹർത്താലാണ്. വളരുന്ന രാഷ്ട്രീയമത്സരം നാടിനെ ബാധിക്കാതിരിക്കാനുള്ള സമാധാനക്കരാറിനു സർക്കാർ മുൻകൈ എടുക്കണമെന്നാഗ്രഹിക്കുന്നവർ മൂന്നു കൂടാരങ്ങളിലുമുണ്ട് എന്നതു യാഥാർഥ്യം; പ്രത്യാശ നിലനിർത്തുന്ന കാര്യവും.