Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരുത്, ഈ നഷ്ടക്കൈമാറ്റം

LP-GEORGE-JOHN-nottam

തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽനിന്നു നേമം മുതൽ തിരുനെൽവേലി വരെയുള്ള റെയിൽപാത മധുര ഡിവിഷനിൽ ചേർക്കാനുള്ള നീക്കം നടക്കുന്നുവെന്നാണു വാർത്തകൾ. തിരുവനന്തപുരം ഡിവിഷന്റെ കൈവശമുള്ള (153 കിലോമീറ്റർ) പാത മധുര ഡിവിഷനു നൽകാനും പകരം കൊല്ലം - ചെങ്കോട്ട പാത (94 കിലോമീറ്റർ) തിരുവനന്തപുരം ഡിവിഷനിൽ ലയിപ്പിക്കാനുമാണു നീക്കം. 

ഏറെക്കാലമായി ചർച്ച ചെയ്തിരുന്ന വിഷയം ഇപ്പോൾ റെയിൽവേ ഗൗരവമായി പരിഗണിക്കുന്നുവെന്നാണു വാർത്തകളിൽനിന്നു മനസ്സിലാകുന്നത്. ഈ നീക്കം കേരളത്തിനു ദോഷകരമാണെന്ന കാര്യത്തിൽ സംശയമില്ല. റെയിൽവേ സോൺ എന്ന കേരളത്തിന്റെ ആവശ്യത്തിനു തുരങ്കംവയ്ക്കുന്നതുമാണിത്.

തിരുവനന്തപുരത്തും കൊച്ചുവേളിയിലുമാണു തലസ്ഥാനത്തുനിന്നുള്ള പ്രധാന ട്രെയിനുകളെല്ലാം കൈകാര്യം ചെയ്യുന്നത്. ട്രെയിനുകളുടെ എണ്ണത്തിന് ആനുപാതികമായി അറ്റകുറ്റപ്പണി സൗകര്യങ്ങൾ ഇവിടെയില്ല. സ്ഥലപരിമിതി മൂലം തുടർവികസനവും സാധ്യമല്ല. ഈ സാഹചര്യത്തിലാണു തിരുവനന്തപുരം സെൻട്രലിൽനിന്ന് ഏഴു കിലോമീറ്റർ അകലെ നേമത്തു പുതിയ ടെർമിനൽ നിർമിക്കാൻ റെയിൽവേ പദ്ധതി തയാറാക്കിയത്. ഇതിനാവശ്യമായ ഭൂമി നേമത്തു ലഭ്യമാണ്. 

നേമം മുതൽ തിരുനെൽവേലി വരെയുള്ള ഭാഗം മധുര ഡിവിഷനിലേക്കു മാറ്റുമ്പോൾ നേമത്തെ നിർദിഷ്ട ടെർമിനലും ഒപ്പം നാഗർകോവിലിലെയും കന്യാകുമാരിയിലെയും അടിസ്ഥാന സൗകര്യങ്ങളുമാണു തിരുവനന്തപുരം ഡിവിഷനു നഷ്ടമാകുക. വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള ചരക്കുനീക്കത്തിൽനിന്നുള്ള വരുമാനവും മധുരയ്ക്കു ലഭിക്കും. വിഴിഞ്ഞത്തുനിന്നു ബാലരാമപുരം വരെ പാതയുടെ സർവേ നേരത്തേ പൂർത്തിയായതാണ്.

നല്ല വരുമാനമുള്ള എ ക്ലാസ് സ്റ്റേഷനുകളാണു നാഗർകോവിലും കന്യാകുമാരിയും. പകരം ലഭിക്കുന്ന കൊല്ലം - ചെങ്കോട്ട പാതയിൽ കാര്യമായ വരുമാനമില്ല. ഗാട്ട് സെക്‌ഷനായതിനാൽ ട്രെയിനുകളുടെ എണ്ണവും കുറവായിരിക്കും. പാത കൈമാറപ്പെട്ടാൽ പുതുതായി നാഗർകോവിലിൽനിന്ന് ആരംഭിക്കുന്ന ട്രെയിനുകൾ പൂർണമായും തമിഴ്നാട് വഴിയാകും സർവീസ് നടത്തുക. കേരളത്തിനു പ്രയോജനം ചെയ്യുകയില്ല.

നേമം മുതൽ തിരുനെൽവേലി വരെയുള്ള പാത മധുര ഡിവിഷനിൽ ലയിപ്പിക്കുന്നതോടെ തിരുവനന്തപുരം ഡിവിഷന്റെ നിലനിൽപുതന്നെ അപകടത്തിലാകും. സേലം ഡിവിഷൻ രൂപീകരണത്തിന്റെ ഭാഗമായി പാലക്കാട് ഡിവിഷന്റെ ഭാഗങ്ങൾ വിട്ടുനൽകിയെങ്കിലും പകരം കേരളം പ്രതീക്ഷിച്ച സോണും കോച്ച് ഫാക്ടറിയും ലഭിച്ചിട്ടില്ല.

തിരുനെൽവേലി മുതൽ നേമം വരെയുള്ള പാത നഷ്ടമാകാതിരിക്കാൻ രാഷ്ട്രീയ ഇച്ഛാശക്തിയാണ് ആവശ്യം. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾ ചേർത്തു സോൺ രൂപീകരിക്കാനുള്ള നടപടികളാണു വേണ്ടത്. ഇതിന്റെ ആവശ്യകത പ്രധാനമന്ത്രിയെ കണ്ടു ബോധ്യപ്പെടുത്താൻ കേരളത്തിനു കഴിയണം. 20 വർഷത്തിനിടയിൽ പുതിയ പാതകളൊന്നും കേരളത്തിൽ ഉണ്ടായിട്ടില്ല. അങ്കമാലി - എരുമേലി ശബരി പദ്ധതി മാത്രമാണു സമീപഭാവിയിൽ വരാൻ സാധ്യതയുള്ള പാത. റെയിൽ മേഖലയിൽ കേരളത്തിന്റെ പിന്നാക്കാവസ്ഥയ്ക്കു മാറ്റം വരണമെങ്കിൽ കേരളം ആസ്ഥാനമായി സോൺ ആവശ്യമാണ്.

സർവേയുടെ വിവിധ ഘട്ടങ്ങളിലുള്ള ഡിണ്ടിഗൽ - കുമളി, കൊച്ചി - മധുര, പുനലൂർ - നെടുമങ്ങാട് - തിരുവനന്തപുരം, ചെങ്ങന്നൂർ - കൊട്ടാരക്കര തുടങ്ങിയ പാതകൾ പിന്നീടു വരുമ്പോൾ തിരുവനന്തപുരം ഡിവിഷൻ നിലനിൽക്കേണ്ടതുണ്ട്. അടുത്ത 50 വർഷത്തെ റെയിൽവേ വികസനം മുൻകൂട്ടിക്കണ്ടാകണം കേരളത്തിന്റെ ഈ വിഷയത്തിലെ നിലപാടുകൾ. കയ്യിലുള്ള പാതകൾ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതും നമ്മൾതന്നെയാണ്.

(ദക്ഷിണ റെയിൽവേ സർവേ ആൻഡ് കൺസ്ട്രക്‌ഷൻ മുൻ ഡപ്യൂട്ടി ഓപ്പറേഷൻസ് മാനേജരാണു ലേഖകൻ)