Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിരപ്പിള്ളി വെറും വെള്ളാന

Kanam Rajendran

അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്നു സിപിഎം പറയുമ്പോൾ അനുവദിക്കില്ല എന്നു സിപിഐ. ഇതടക്കം എൽഡിഎഫിലെ അഭിപ്രായഭിന്നതകളുടെ പശ്ചാത്തലത്തിൽ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ സംസാരിക്കുന്നു.

അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയെങ്കിൽ സിപിഐ അനുകൂലിക്കുമോ?

ഒരു കാരണവശാലും പ്രായോഗികമായ പദ്ധതിയല്ല അതിരപ്പിള്ളി. പ്രകൃതിയെയും മനുഷ്യനെയും കേന്ദ്രബിന്ദുവാക്കിക്കൊണ്ടുള്ള വികസനമാണ് ഇടതുമുന്നണിയുടെ നയം. അതു പ്രകടനപത്രികയിലും വ്യക്തമാക്കിയിട്ടുണ്ട്. അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും 163 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ജലം ചാലക്കുടി പുഴയിലൂടെ ഒഴുകിയെത്തുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. 

ഇത്രയും കോടി രൂപ മുടക്കി പദ്ധതി പൂർത്തിയാക്കിയാൽ ലഭിക്കുന്ന വൈദ്യുതിയുടെ വില എന്താകുമെന്ന കാര്യത്തിലും വ്യക്തതയില്ല. രണ്ടു രൂപയ്ക്കു സൗരോർജ വൈദ്യുതി ലഭിക്കുന്ന കാലമാണ്. അതുകൊണ്ടുതന്നെ പദ്ധതി സാമ്പത്തികമായി പ്രയോജനം ചെയ്യുമോ എന്ന കാര്യം സംശയമാണ്. അതിരപ്പിള്ളിയെക്കുറിച്ച് എസ്എൻസി ലാ‌വ്‌ലിൻ നേരത്തെ നടത്തിയ പഠനത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. 

മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് എല്ലാ അനുമതിയും ലഭിച്ചിട്ടുണ്ടെന്നാണല്ലോ? 

എല്ലാ അനുമതികളും ലഭിച്ച പദ്ധതികൾ പോലും ഹരിത ട്രൈബ്യൂണലിന്റെ ഇടപെടൽ മൂലം നിർത്തിവച്ചിട്ടില്ലേ? പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നതിനാൽ പല രാജ്യങ്ങളും ജലവൈദ്യുത പദ്ധതികളിൽ നിന്നു പിന്മാറിക്കൊണ്ടിരിക്കുകയാണ്. ഇടുക്കി അണക്കെട്ടിൽ ഇത്തവണത്തെ മഴക്കാലത്തുപോലും വേണ്ടത്ര വെള്ളമില്ല. 

പരിസ്ഥിതിപ്രശ്നങ്ങളും കാലാവസ്ഥാ വ്യതിയാനവും നേരിടുന്നതിനു പകരം വീണ്ടും ജലപദ്ധതികളിലേക്കു പോകുകയല്ല വേണ്ടത്. അതിരപ്പിള്ളി പദ്ധതിയുടെ പരിസ്ഥിതി ആഘാതത്തെക്കുറിച്ചു ദേശീയനിലവാരമുള്ള ഏജൻസികളൊന്നും പഠനം നടത്തിയിട്ടില്ല. അതിരപ്പിള്ളി വനത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചു ഹൈക്കോടതിയിൽ കേസുണ്ട്. കാടർ ആദിവാസി വിഭാഗത്തിന് അവകാശപ്പെട്ടതാണെന്നാണ് അവരുടെ വാദം. അണക്കെട്ടു പണിയേണ്ടെന്നാണ് അവരുടെ ഊരുകൂട്ടത്തിന്റെ തീരുമാനം. 

സിപിഎമ്മും സിപിഐയും പുറത്ത് പരസ്പരം പോരടിക്കുന്നുണ്ടെങ്കിലും ഇടതുമുന്നണിയിൽ ഇതു സംബന്ധിച്ച് ചർച്ച നടക്കുന്നുണ്ടോ? 

മുപ്പത്തഞ്ചു കൊല്ലമായി വൈദ്യുതി ബോർഡ് കൊണ്ടുനടക്കുന്ന അതിരപ്പിള്ളി പദ്ധതി ഒരു വെള്ളാനയാണ്. ഇതിനുവേണ്ടി പൊടിച്ച കോടികൾ ജനങ്ങളുടെ പണമാണ്. 

പദ്ധതി നടപ്പായാൽ 25 പഞ്ചായത്തുകളിലെ കുടിവെള്ളം മുടങ്ങും, കൃഷി നശിക്കും. ഈ പ്രശ്നങ്ങളൊന്നും കാണാതെ വൈദ്യുതി കിട്ടും എന്നതുകൊണ്ടുമാത്രം അതിനെ അനുകൂലിക്കാനാകില്ല. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ കാര്യത്തിൽ മാത്രമേ എൽഡിഎഫ് ഘടകകക്ഷികൾ തമ്മിൽ അഭിപ്രായ ഐക്യം ഉണ്ടാകണമെന്നു ശഠിക്കാനാകൂ.

മൂന്നാ‍ർ വിഷയത്തിലെ പരസ്യമായ ഭിന്നതയും തീർന്നിട്ടില്ലല്ലോ?

മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന കാര്യത്തിൽ ഇടതുമുന്നണിക്ക് ഒറ്റ നിലപാടേ ഉള്ളൂ. മുഖ്യമന്ത്രിയും റവന്യു മന്ത്രിയും നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കയ്യേറ്റക്കാരോടു സന്ധിയില്ല. അവരെ ഒഴിപ്പിക്കും. കയ്യേറ്റഭൂമി പിടിച്ചെടുക്കും. കുടിയേറ്റക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകും. ഇക്കാര്യത്തിൽ സിപിഐയുടെ നിലപാടുകൾ ശരിയാണെന്നു ഹൈക്കോടതി വിധിന്യായങ്ങളിൽ വ്യക്തമാണ്. 

കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന പ്രകടനപത്രികയിലെ വാഗ്ദാനം പൂർണമായി ലംഘിക്കപ്പെട്ടില്ലേ? 

കഴിഞ്ഞ രണ്ടോ മൂന്നോ എ‍ൽഡിഎഫ് യോഗങ്ങളിൽ ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. പക്ഷേ, നടപടികളൊന്നുമുണ്ടായിട്ടില്ല. എൽഡിഎഫ് കൺവീനർ കെഎസ്ആർടിസി യൂണിയൻ ഭാരവാഹി കൂടിയാണ്. പെൻഷൻ ബാധ്യത പൂർണമായി സർക്കാർ ഏറ്റെടുക്കണമെന്നാണ് എഐടിയുസിയുടെ നിലപാട്.

ഹ്രസ്വകാല വായ്പകൾ ദീർഘകാലവായ്പകളാക്കി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നൊക്കെ മന്ത്രി തോമസ് ചാണ്ടി പറയുന്നുണ്ടെങ്കിലും ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ല. ഇതു ഗൗരവമുള്ള പ്രശ്നമാണ്. 

സിപിഐ മന്ത്രിമാരുടെ പ്രകടനത്തെ പാർട്ടി വിലയിരുത്തുന്നതെങ്ങനെ? മന്ത്രിമാർക്കു പ്രവർത്തനസ്വാതന്ത്ര്യമില്ലെന്ന് പരക്കെ വിമർശനങ്ങളുണ്ടല്ലോ?

മന്ത്രിമാരുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചു പാർട്ടി കമ്മിറ്റികളിൽ നല്ല അഭിപ്രായമാണു രേഖപ്പെടുത്തിയിട്ടുള്ളത്. അവരുടെ പ്രകടനം തുടക്കകാലത്തെ അപേക്ഷിച്ചു വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ ഇക്കാര്യം പാർട്ടി വിലയിരുത്തുന്നുണ്ട്. തിരുത്തലുകൾ വരുത്തേണ്ടതുണ്ടെങ്കിൽ അതു കൃത്യമായി അവരെ അറിയിക്കുന്നുമുണ്ട്.

related stories