Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയയിൽ ഉരുണ്ടുകൂടുന്നത്

Missile-Test ഉത്തര കൊറിയ ഹ്വാസോങ് 14 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചപ്പോൾ (ഫയൽ ചിത്രം)

ഉത്തരകൊറിയയുടെ ആണവ, മിസൈൽ പരീക്ഷണ വാർത്തകൾ അവസാനിക്കുന്നത് യുദ്ധഭീതിയെക്കുറിച്ചുള്ള ചർച്ചകളിൽ.

ഇനിയും പൂർണമായി വ്യക്തമല്ല, ഉത്തര കൊറിയയുടെ മനസ്സിലിരിപ്പ്. വർഷാരംഭം മുതൽ കേൾക്കുന്ന ആണവ, മിസൈൽ പരീക്ഷണ വാർത്തകളെല്ലാം ഏറിയും കുറഞ്ഞും യുദ്ധഭീതിയെക്കുറിച്ചുള്ള ചർച്ചകളിലാണ് അവസാനിക്കുന്നത്. ഈ ഭീതിക്കു വലിയൊരളവിൽ കാരണമാകുന്നതാകട്ടെ ഉത്തര കൊറിയയെക്കുറിച്ചുള്ള അജ്ഞതയാണ്.

രാജ്യത്തു നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും നടപ്പാക്കുന്നതും എങ്ങനെയാണെന്നതു സംബന്ധിച്ച ധാരണക്കുറവും പ്രചാരത്തിലുള്ള മറ്റു വിവരങ്ങളുമാണ് ഉത്തര കൊറിയ ലക്ഷ്യമിടുന്നത് യുദ്ധം തന്നെ എന്ന ഉത്തരത്തിലേക്കു നയിക്കുന്നത്. കൃത്യമായ ഇടവേളകളിലെ ആയുധ പരീക്ഷണങ്ങളും പിന്നാലെയെത്തുന്ന വാചകക്കസർത്തുകളും ഇതിന് ആക്കം കൂട്ടുന്നു.

പ്രഹരപരിധിയിൽ ലോകം

ജൂലൈ നാലിനും 28നുമായി നടത്തിയ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണങ്ങളാണ് ഏറ്റവുമൊടുവിൽ ഉത്തര കൊറിയയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. കൃത്യമായി ലക്ഷ്യം വയ്ക്കുകയാണെങ്കിൽ പടിഞ്ഞാറൻ അമേരിക്ക മുഴുവൻ പ്രഹരപരിധിക്കുള്ളിലാക്കാൻ ശേഷിയുള്ളതാണ് ഇതിൽ രണ്ടാമത്തേത്. പരീക്ഷണവേളയിൽ സഞ്ചരിച്ച ദൂരം കണക്കാക്കിയാൽ അമേരിക്കയെ മാത്രമല്ല, ലോകത്തിലെ മറ്റു പല ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യം വയ്ക്കാവുന്നതാണ് ഈ മിസൈൽ എന്നതാണു വസ്തുത.

അതുകൊണ്ടുതന്നെ ഭയപ്പെടുകയാണെങ്കിൽ യുഎസിനു മാത്രമല്ല, ലോകത്തിനു മുഴുവൻ ഇതു ബാധകമാണ്. ഉത്തര കൊറിയയുമായി മിസൈൽ സാങ്കേതികവിദ്യയിൽ സഹകരിച്ചതായി പിന്നീടു വ്യക്തമാക്കിയ പാക്കിസ്ഥാന്റെ നീക്കവും ഇതിനോടു ചേർത്തു വായിക്കാം.

വരിഞ്ഞ്, ഉപരോധം

ഉത്തര കൊറിയയുടെ ആണവ പദ്ധതികളോടു കടുത്ത ഭാഷയിലാണ് അമേരിക്കയുടെ പ്രതികരണം. ഓഗസ്റ്റ് അഞ്ചിന് ഐക്യരാഷ്ട്ര രക്ഷാസമിതി ഐകകണ്ഠ്യേന പാസാക്കിയ പ്രമേയത്തിന്റെ മർമം തന്നെ ഉത്തര കൊറിയയ്ക്കെതിരായ ഉപരോധമാണ്. കയറ്റുമതി വരുമാനത്തിൽ 33 ശതമാനം വരെ കുറവുണ്ടാകുംവിധം ഉത്തര കൊറിയയിൽ നിന്നുള്ള മിക്കവാറും സാധനങ്ങളുടെ കയറ്റുമതിക്ക് പ്രമേയം വിലക്ക് ഏർപ്പെടുത്തി.

Kim-Moon-Trump ഉത്തര കൊറിയൻ രാഷ്ട്രത്തലവൻ കിം ജോങ് ഉൻ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജാ ഇൻ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

വിദേശനാണ്യ വിനിമയ നിയന്ത്രണം ലക്ഷ്യമിട്ട്, ഉത്തര കൊറിയയിൽ നിന്നുള്ള തൊഴിലാളികളുടെ നിയമനങ്ങളും വിലക്കി. ഉത്തര കൊറിയയുടെ വിദേശ സാമ്പത്തിക ഇടപാടുകൾക്കു പല തട്ടിലുള്ള നിരോധനം ഏർപ്പെടുത്തി. അംഗരാജ്യങ്ങളെല്ലാം കർശനമായി നടപ്പാക്കണമെന്ന വ്യവസ്ഥ പ്രകാരമുള്ള പ്രമേയമാണിത്.

ആധുനിക കാലത്ത് ഏതെങ്കിലുമൊരു രാജ്യത്തിനുമേൽ ഏർപ്പെടുത്തിയ ഏറ്റവും ശക്തമായ ഉപരോധമെന്നാണ് യുഎസ് ഇതിനെ വിശേഷിപ്പിച്ചത്.

പ്രകോപനം തേടി

അതേസമയം, യുഎസ് സൈനികതാവളമായ ഗുവാം ദ്വീപ് ലക്ഷ്യം വയ്ക്കുമെന്ന് ആദ്യം ഭീഷണി മുഴക്കിയ ഉത്തര കൊറിയ പിന്നീട് യുഎസിന്റെ ഭാഗത്തുനിന്നു പ്രകോപനം ഇല്ലാത്തിടത്തോളം ഇത്തരത്തിൽ ചിന്തിക്കില്ലെന്നു നിലപാടു മയപ്പെടുത്തി. യുഎസിന്റെ ഏതു നടപടിയും പ്രകോപനപരമെന്നു വ്യാഖ്യാനിക്കാമെന്നിരിക്കെയാണ് ഈ ചുവടുമാറ്റം.

ദക്ഷിണ കൊറിയ – യുഎസ് സംയുക്ത സൈനികാഭ്യാസം പോലും പ്രകോപന കാരണമായി ഉത്തര കൊറിയയ്ക്കു വ്യാഖ്യാനിക്കാം. ആ അർഥത്തിൽ പ്രതിസന്ധി പൂർണതോതിൽ അയഞ്ഞെന്നു പറയാനാകില്ല.

സാധ്യതകൾ പലത്

വിനാശകരമായ നീക്കങ്ങളിലേക്ക് ഉത്തര കൊറിയ നീങ്ങാത്തിടത്തോളം യുദ്ധം വിദൂര സാധ്യത മാത്രമാണ്. ദക്ഷിണ കൊറിയയിൽ നിന്ന് യുഎസ് അണ്വായുധങ്ങൾ പിൻവലിപ്പിക്കുകയാണ് അവരുടെ അടിയന്തര ലക്ഷ്യം.

ഇത്തരമൊരു നീക്കത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ തുടക്കത്തിൽ സൂചന നൽകിയിരുന്നു. എന്നാൽ, യുഎസ് സെനറ്റിന്റെ ശക്തമായ ഇടപെടൽ മറികടക്കാൻ ട്രംപിനും കഴിയില്ല. കൊറിയ ആണവമുക്തമായാൽ ജപ്പാൻ മേഖലയിലെ സൈനിക ശക്തിയാകുമെന്നത് അമേരിക്കയ്ക്കും ചൈനയ്ക്കും ഒരുപോലെ പ്രതിസന്ധിയാണ്.

ഏതായാലും കാര്യങ്ങൾ യുദ്ധത്തിലേക്കു നീങ്ങാൻ അനുവദിക്കില്ലെന്നു ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ വ്യക്തമാക്കിക്കഴിഞ്ഞു. സൈനിക നടപടികൾക്കു പകരം ചർച്ചകൾക്കുള്ള സാധ്യതയ്ക്കു തന്നെയാണു മുൻതൂക്കം.

(വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ സ്ഥാനപതിയായിരുന്നു ലേഖകൻ)