Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈ പ്രളയത്തിൽ നമുക്കുള്ള പാഠങ്ങൾ

പ്രളയക്കെടുതിയിൽനിന്നു മുംബൈ നഗരം കരകയറിത്തുടങ്ങിയതിൽ ആശ്വാസം കൊള്ളുകയാണു രാജ്യം. ഈ ജലദുരന്തം അവശേഷിപ്പിച്ച പാഠങ്ങൾ കേരളത്തിനു കൂടിയുള്ളതാണ്; ഒരു നല്ല മഴയ്ക്കുപോലും തോൽപിക്കാവുന്ന അവസ്ഥയിലേക്കു നമ്മുടെ പല നഗരങ്ങളും എത്തിച്ചേർന്ന സാഹചര്യത്തിൽ വിശേഷിച്ചും.

ഒരു മാസം കൊണ്ടു ലഭിക്കേണ്ട മഴ ഒറ്റദിവസംകൊണ്ടു പെയ്തിറങ്ങിയ മുംബൈയിലെ കെടുതികളിൽ മരിച്ചതു തിരുവനന്തപുരം സ്വദേശി ഉൾപ്പെടെ ഏറെ പേരാണ്. 331 മില്ലീമീറ്റർ മഴ ഇക്കഴിഞ്ഞ ചൊവ്വാഴ്ച മാത്രം പെയ്തു. റോഡ്, റെയിൽ, വ്യോമ ഗതാഗത സംവിധാനങ്ങളെല്ലാം വെള്ളത്തിൽ മുക്കിയ മഴയിൽ ജനജീവിതം സ്തംഭിച്ചു. നഗരമേഖലകളിലും പ്രാന്തപ്രദേശങ്ങളിലും ഒരുപോലെ തുടർച്ചയായി മഴ പെയ്തതാണു നഗരത്തെ പ്രളയത്തിലേക്കു തള്ളിവിട്ടത്.

അശാസ്ത്രീയമായ നഗരവികസനംമൂലം ഇന്ത്യൻ നഗരങ്ങൾ നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രശ്നം വെള്ളപ്പൊക്കമാണെന്നു ദേശീയ ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റി മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഇപ്പോൾ മുംബൈയിലും നേരത്തേ ചെന്നൈയിലും ബെംഗളൂരുവിലുമൊക്കെയുണ്ടായ പ്രളയങ്ങളെല്ലാം ഒരു പരിധിവരെ മനുഷ്യസൃഷ്‌ടിയായിരുന്നുവെന്നതിൽ തർക്കമില്ല. മഴയായിരുന്നില്ല 2015 ഡിസംബറിൽ ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ യഥാർഥ കാരണം; മഴവെള്ളത്തിന് ഒഴുകിപ്പോകാൻ വഴികളില്ലാത്തതായിരുന്നു. ഒട്ടും ആസൂത്രണമില്ലാതെയുള്ള നഗരവികസനത്തിന്റെ പരിണതഫലമായിരുന്നു ആ മഹാദുരന്തം.

മുംബൈ പ്രളയത്തിന്റെ കാരണവും മുഴുവനായി പ്രകൃതിക്ഷോഭത്തിന്റെ കണക്കിലെഴുതരുത്. അനിയന്ത്രിതമായ നിർമാണ പ്രവർത്തനങ്ങളും ചതുപ്പുനിലങ്ങളുടെ നികത്തിയെടുക്കലും വെള്ളം ഒഴുകിപ്പോകുന്നതിനു തടസ്സമുണ്ടാക്കി. 2005 ജൂലൈ 26ന് തുടർച്ചയായി പെയ്ത കനത്ത മഴയിൽ മുംബൈ നഗരം, കൊങ്കൺ, പുണെ എന്നിവിടങ്ങളിലും ഇതരഭാഗങ്ങളിലും ജനജീവിതം സ്തംഭിച്ചിരുന്നു. ആ വലിയ വെള്ളപ്പൊക്കത്തിൽനിന്ന് ഇനിയും പാഠം പഠിച്ചിട്ടില്ലാത്ത അധികൃതർ ഓടകളും തോടുകളും വൃത്തിയാക്കുന്നതിൽ വർഷങ്ങളായി തുടരുന്ന അനാസ്ഥയാണു നഗരത്തെ വെള്ളത്തിന്റെ തടവറയിൽ തളച്ചിട്ടതെന്നു പറയാം. ഓരോ ദിവസവും ടൺകണക്കിനു മാലിന്യങ്ങളാണ് മുംബൈ നഗരത്തിലെ അഴുക്കുചാലുകളിലും മറ്റും അടിയുന്നത്. അതിൽ നല്ലൊരളവ് പ്ലാസ്റ്റിക് മാലിന്യങ്ങളുണ്ട്.

നഗരങ്ങളിൽ മാലിന്യക്കൂമ്പാരങ്ങളുയരുന്നതും വേണ്ടത്ര ജലനിർഗമന മാർഗങ്ങൾ ഇല്ലാത്തതും ഓടകൾ അടഞ്ഞുകിടക്കുന്നതും മഴക്കാല പൂർവ ഒരുക്കങ്ങൾ കാര്യമായി നടക്കാത്തതുമാണ് കേരളത്തിലെ പലയിടത്തെയും വെള്ളക്കെട്ടിനു കാരണം. മഴ രണ്ടോ മൂന്നോ ദിവസം കനത്താൽ കൊച്ചിയും തിരുവനന്തപുരവും അടക്കമുള്ള സംസ്‌ഥാനത്തെ പല നഗരങ്ങളും വെള്ളത്തിലാകുന്നത് ആസൂത്രണത്തിന്റെ പാളിച്ചയിലേക്കല്ലേ വിരൽചൂണ്ടുന്നത്? സമുദ്രനിരപ്പിനോടടുത്തു കിടക്കുന്നതടക്കം മുംബൈ നഗരവുമായി പല സമാനതകളും പങ്കിടുന്ന കൊച്ചിക്കു വലിയൊരു മുന്നറിയിപ്പാണ് ഇപ്പോഴത്തെ പ്രളയം നൽകുന്നത്.

വ്യക്‌തമായ ആസൂത്രണത്തിന്റെയും ഏകോപനത്തിന്റെയും അഭാവമാണ് ഓരോ മഴക്കെടുതിക്കാലത്തും കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തം. വെള്ളം ഒഴുകിപ്പോകാൻ ഫലപ്രദമായ സംവിധാനങ്ങൾ ഉണ്ടാകുന്നില്ല. നിലവിലുള്ള ഓടകളുടെയും തോടുകളുടെയും തുടർച്ചയായ പരിരക്ഷണം നടക്കുന്നുമില്ല. പുഴകളും നീർത്തടങ്ങളും വ്യാപകമായി കയ്യേറ്റം ചെയ്യപ്പെട്ട സാഹചര്യത്തിൽ, കേരളത്തിൽ അതിശക്തമായൊരു മഴ പെയ്താലുണ്ടാകാവുന്ന ദുരന്തം ഭീകരമായിരിക്കുമെന്നു ദുരന്തനിവാരണ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്. ദുരന്തനിവാരണത്തിനു നാം എത്രത്തോളം സജ്ജമാണെന്ന ആത്മപരിശോധനയും ആവശ്യമാകുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയാറാക്കി‌യ, കേരളത്തിലെ പ്രധാന നഗരങ്ങളിലെ വെള്ളപ്പൊക്ക സാധ്യതാ ഭൂപടത്തെ മുൻനിർത്തി തുടർനടപടികൾ ഉണ്ടാകേണ്ടതുണ്ട്. ഇപ്പോഴേ നാം സമഗ്രശ്രദ്ധ കൊടുത്തില്ലെങ്കിൽ പ്രളയക്കെടുതി എന്തെന്നു കേരളത്തിലെ നഗരങ്ങളും അനുഭവിക്കേണ്ടിവരും. അതിന് ഇടവരുത്തിക്കൂടാ.