Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ബില്ലിനെ ഭയക്കുന്നതാര് ?

rajeev-sadanandan രാജീവ് സദാനന്ദൻ

ആശുപത്രികളുടെമേൽ സാമൂഹിക നിയന്ത്രണം വേണമെന്ന ആവശ്യത്തിനു ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. പലതവണ ഇതിനുള്ള ശ്രമങ്ങൾ നടന്നിട്ടുമുണ്ട്. എന്നാൽ, ശക്തമായ ലോബികൾ ആ ശ്രമങ്ങളെയൊക്കെ ചെറുത്തുതോൽപിച്ചു. ഇതിനായി പുതിയൊരു ബിൽ നിയമസഭയുടെ കഴിഞ്ഞസമ്മേളനത്തിൽ അവതരിപ്പിച്ചു. പിന്നാലെ, പ്രതീക്ഷിച്ചതുപോലെ അതിനെതിരായ പടയൊരുക്കവും ആരംഭിച്ചുകഴിഞ്ഞു. സബ്ജക്ട് കമ്മിറ്റി പരിശോധന ആരംഭിക്കുമ്പോൾത്തന്നെ എതിർപ്പു മൂർധന്യത്തിൽ എത്തിക്കാനാണു ലോബികളുടെ ശ്രമം. എന്നാൽ, പ്രധാന നിർദേശങ്ങൾ അംഗീകരിച്ചുകൊണ്ട് ഈ ബിൽ പാസാക്കാനാണു സർക്കാർ ശ്രമം. കാരണം, ഇതു കാലഘട്ടത്തിന്റെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ഈ ശ്രമത്തിനു ജനപിന്തുണയുമുണ്ട്. ഇത്തവണ ഈ ബില്ലിനെ പരാജയപ്പെടുത്തുന്നത് എളുപ്പമാവില്ല.

ബില്ലിനെ എതിർക്കുന്നവർ അതു പഠിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. അവരുടെ മാതൃസംഘടനകൾ കേന്ദ്ര ബില്ലിനെ എതിർത്ത അതേ വാദഗതികളാണ് ഇക്കൂട്ടരും ഉയർത്തുന്നത്. കേന്ദ്രനിയമവും മറ്റു ചില സംസ്ഥാനങ്ങൾ പാസാക്കിയ നിയമങ്ങളും പരിശോധിച്ച് അപ്രായോഗികവും അനാവശ്യവുമായ വ്യവസ്ഥകൾ ഒഴിവാക്കി, ചെറുകിട ആശുപത്രികൾക്ക് ഉണ്ടാവാൻ സാധ്യതയുള്ള പ്രയാസങ്ങൾ പരമാവധി കുറച്ചിട്ടാണു ബിൽ രൂപകൽപന ചെയ്തിരിക്കുന്നത്. ചെറുകിട ആശുപത്രികൾ കേരളത്തിന്റെ ആരോഗ്യരംഗത്തിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന സമീപനം തന്നെ ചട്ടങ്ങൾ തയാറാക്കുമ്പോഴും സ്വീകരിക്കും.

നിയമം നിലവിൽവന്നുകഴിയുമ്പോൾ ആശുപത്രിക്കും ഡയഗ്നോസ്റ്റിക് ലബോറട്ടറിക്കും അത് ഏതുവിഭാഗത്തിൽപെട്ടതാണെങ്കിലും, ആരുടെ ഉടമസ്ഥതയിൽ ഉള്ളതാണെങ്കിലും റജിസ്ട്രേഷൻ ഇല്ലാതെ കേരളത്തിൽ പ്രവർത്തിക്കാൻ കഴിയില്ല. ഒഴിവാക്കിയിട്ടുള്ളത് ഒരു ഡോക്ടർ കൺസൽട്ടേഷൻ മാത്രം നടത്തുന്ന സ്ഥാപനങ്ങളും പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളും മാത്രം. ജില്ലാതല അതോറിറ്റിയാണു റജിസ്ട്രേഷൻ നൽകേണ്ടത്. സംസ്ഥാന അതോറിറ്റി നിശ്ചയിക്കുന്ന കുറഞ്ഞ മാനദണ്ഡ‍ങ്ങൾ കൈവരിച്ച സ്ഥാപനങ്ങൾക്കേ റജിസ്ട്രേഷൻ നൽകൂ. പ്രധാനമായും ജീവനക്കാരുടെ യോഗ്യതകൾ, മിനിമം സൗകര്യങ്ങൾ എന്നിവ ആയിരിക്കും ഈ മാനദണ്ഡങ്ങളിൽപെടുക. ഇപ്പോൾ നിലവിലുള്ള സ്ഥാപനങ്ങൾ രണ്ടു വർഷത്തിനകം ഈ യോഗ്യത കൈവരിച്ചാൽ മതി. അതുവരെ താൽക്കാലിക റജിസ്ട്രേഷൻ ലഭ്യമാകും. ഇതു ചെറുകിട ആശുപത്രികളെ ദോഷകരമായി ബാധിക്കും എന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. കാരണം ഇന്നു കേരളത്തിൽ ഇത്രയെങ്കിലും സൗകര്യങ്ങൾ ഇല്ലാത്ത ഒരു ആശുപത്രിയെയും സമൂഹം അംഗീകരിക്കില്ല. ഈ വ്യവസ്ഥയെ വ്യാജ ഡോക്ടർമാർ മാത്രം ഭയന്നാൽ മതി.

നിയമം നടപ്പിൽ വരുമ്പോൾ പ്രകടമായ മാറ്റം ഉണ്ടാകാൻപോകുന്നത് ആശുപത്രികൾ പാലിക്കേണ്ടിവരുന്ന സുതാര്യതയിലാണ്. ആശുപത്രിയിൽ ജോലിചെയ്യുന്ന ഡോക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവരുടെ വിവരങ്ങൾ, ആശുപത്രിയിലെയും ലാബിലെയും സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസ്, സൗകര്യങ്ങൾ എന്നിവ എല്ലാവർക്കും ലഭ്യമാവണം. ആശുപത്രിയിൽ നടത്തിയ പരിശോധനയുടെ ഫലം, നൽകിയ ചികിൽസയുടെ വിവരം, മരുന്നുകൾ എന്നിവയുടെ വിശദാംശങ്ങൾ രോഗിക്കു നൽകണം. നിയമപരമായി കാര്യങ്ങൾ ചെയ്യുന്ന ആശുപത്രികളിൽ ഇപ്പോൾത്തന്നെ ഈ സുതാര്യത ഉണ്ട്. എല്ലാ സ്ഥാപനങ്ങളിലെയും നിരക്കുകൾ സർക്കാർ പ്രഖ്യാപിക്കുമെന്ന കേന്ദ്രനിയമത്തിലെ വ്യവസ്ഥ അപ്രായോഗികമായതിനാൽ അത് ഒഴിവാക്കിയിട്ടുണ്ട്. നിരക്കുകൾ അതതു സ്ഥാപനങ്ങൾ നിശ്ചയിച്ചു പ്രദർശിപ്പിക്കണം.

ഈ നിയമം കേരളത്തിലെ ആരോഗ്യരംഗത്തു വമ്പിച്ച മാറ്റങ്ങളുണ്ടാക്കുമെന്നതിൽ സംശയമില്ല. വർധിച്ച സുതാര്യത രോഗികളെയും അവരുടെ കൂട്ടായ്മകളെയും ശാക്തീകരിക്കും. ആശുപത്രികളുടെ അവകാശവാദങ്ങളുടെ നിജസ്ഥിതി എല്ലാവർക്കും പരിശോധിക്കാൻ കഴിയും. നിരക്കുകളെയും സൗകര്യങ്ങളെയും കുറിച്ചുള്ള വിവരം പൊതുസമൂഹത്തിലെത്തുമ്പോൾ നമ്മുടെ മിടുക്കരായ ‘ഐടി കുട്ടികൾ’ അവ താരതമ്യം ചെയ്യാൻ കഴിയുന്ന സോഫ്റ്റ്‌വെയറും ആപ്പുകളും ഇറക്കും. സാമൂഹിക പ്രതിബദ്ധതയുള്ള ഡോക്ടർമാർ സൈറ്റുകളി‍ൽ അപ്‌ലോഡ് ചെയ്യപ്പെടുന്ന രേഖകൾ പരിശോധിച്ചു പാളിച്ചകൾ പുറത്തുകൊണ്ടുവരും. രോഗികളെ പറ്റിച്ച്, പബ്ലിക് റിലേഷൻകൊണ്ടു പിടിച്ചുനിൽക്കുന്ന ചില ഭിഷഗ്വരന്മാരുടെ തനിനിറം വെളിവായേക്കും. ഇതൊക്കെ ചില വ്യക്തികൾക്കു പ്രശ്നങ്ങളുണ്ടാക്കുമെങ്കിലും സമൂഹത്തിനു ഗുണകരമാകും. ബില്ലിൽ ചില ന്യൂനതകൾ ഉണ്ടാവാം. അവ ചർച്ച ചെയ്തു പരിഹരിക്കണം. പൊതുജനാരോഗ്യത്തിൽ താൽപര്യമുള്ളവർ ബില്ലിനെ കണ്ണുമടച്ച് എതിർക്കാതെ, കഴിയുന്നത്ര കുറ്റമറ്റതാക്കാൻ സഹായിക്കുകയാണു വേണ്ടത്. 

(ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാണു ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)