Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്കെതിരെയും ട്രംപ്

Nottam-TP-Sreenivasan

അമേരിക്കയെ ശുദ്ധമാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയപരിപാടികളിൽ പ്രധാനമാണ് അമേരിക്കയിലുള്ള 11 ദശലക്ഷത്തോളം വരുന്ന നിയമവിരുദ്ധരായ കുടിയേറ്റക്കാരെ പുറത്താക്കുക എന്നുള്ളത്. നിയമവിരുദ്ധമായി അമേരിക്കയിൽ കുട്ടിക്കാലത്തു വരികയും ഇപ്പോൾ 33 വയസ്സിനു താഴെയുള്ളവരും ആയവർക്കായി മുൻ പ്രസിഡന്റ് ബറാക് ഒബാമ കൊടുത്തിരുന്ന സൗജന്യം പിൻവലിച്ചുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് ഇത്തരം നടപടികളിൽ ഒന്നാണ്. 

കുട്ടിക്കാലത്തു വന്നവരെ പുറത്താക്കുന്ന നടപടിയെ രണ്ടുവർഷത്തേക്കു മാറ്റിവയ്ക്കുക എന്നതായിരുന്നു ഒബാമ ചെയ്തത്. അതുകൊണ്ടു സൗജന്യത്തെ Deferred Action for Childhood Arrivals (DACA) എന്നു വിളിക്കുന്നു. ‘ഡാക’ അവസാനിക്കുന്നതു 2018 മാർച്ചിലാകും. അതിനുമുൻപ് ഈ പ്രശ്നം പരിഹരിക്കാൻ അമേരിക്കൻ കോൺഗ്രസിനു സമയം നൽകിയിട്ടുണ്ട്. 

പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് 80000ത്തോളം ‘ഡ്രീമേഴ്സ്’ എന്നറിയപ്പെടുന്ന ഒരു സമൂഹത്തെയാണു ബാധിക്കുന്നത്. ഇവരെ ഡ്രീമേഴ്സ് എന്നു വിളിക്കാൻ കാരണം അവർ Development Relief and Education for Alien Minors (DREAM) എന്ന ഒരു നിയമം അമേരിക്കൻ കോൺഗ്രസ് പാസാക്കുമെന്നുള്ള സ്വപ്നം കാണുന്നവരാണ് എന്നതാണ്. എന്നാൽ ഈ നിയമം ഇന്നുവരെ അമേരിക്കൻ കോൺഗ്രസ് പാസാക്കിയിട്ടില്ല. ഒബാമയുടെ താൽക്കാലിക പദ്ധതി 2018 മാർച്ചിൽ അവസാനിക്കുന്നതിനു മുൻപു കോൺഗ്രസ് ഈ നിയമം പാസാക്കിയില്ലെങ്കിൽ ഡ്രീമേഴ്സിന് അമേരിക്ക വിട്ടുപോകേണ്ടിവരും. 

പുതിയ നിയമം പാസാക്കാൻ കോൺഗ്രസിനു വളരെ കുറച്ചു സമയമേ നൽകിയിട്ടുള്ളൂ എന്ന കാരണംകൊണ്ടു ‘ഡാക’ രണ്ടു കൊല്ലമെങ്കിലും നിലനിർത്തണമെന്നാണു ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളും ചില റിപ്പബ്ലിക്കൻ അംഗങ്ങളും ആവശ്യപ്പെടുന്നത്. അതിനായി 15 അമേരിക്കൻ സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചുകഴി​ഞ്ഞു. എന്നാൽ പ്രസിഡന്റ് ട്രംപിന്റെ നയപരിപാടികളെ എതിർക്കാറുള്ള കോൺഗ്രസിന്റെ സ്പീക്കർ (പോൾ റിയാൻ) പ്രസിഡന്റിന്റെ നടപടിയെ സ്വാഗതം ചെയ്യുകയും പുതിയ നിയമം കഴിയുന്നത്ര വേഗം പാസാക്കണമെന്നു കോൺഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തു. 

ട്രംപിന്റെ ഉത്തരവു കൂടുതലും ബാധിക്കുന്നതു കുട്ടിക്കാലത്ത് അവിഹിതമായി അമേരിക്കയിലെത്തിയ ലാറ്റിൻ അമേരിക്കയിലെ പൗരന്മാരെയാണ്. ഏഷ്യയിൽനിന്നു ദക്ഷിണ കൊറിയയിലെയും ഫിലിപ്പീൻസിലെയും പൗരന്മാർ ഇതിൽ ഉൾപ്പെടുന്നു. ഇവരിൽ 7000 ഇന്ത്യക്കാരും ഉള്ളതായി കണക്കുകൾ കാണിക്കുന്നു. 

പുതിയ ഉത്തരവു ഭാഗികമായ ഒരു നടപടി മാത്രമാണെന്നും കുടിയേറ്റക്കാരെ നിയന്ത്രിക്കാനുള്ള സംവിധാനം അമേരിക്കൻ അതിർത്തിയിൽ ഇല്ലെന്നുമാണു പ്രസിഡന്റ് ട്രംപിന്റെ വിശ്വാസം. അതിനാൽ ‘‍ഡാക’ കാരണം ഒബാമ അവിഹിതമായ കുടിയേറ്റത്തെ സഹായിക്കുകയാണു ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ പരാതി. 

‘ഡാക’ ഇല്ലാതാക്കുന്നതു മനുഷ്യത്വമില്ലാത്ത പ്രവൃത്തിയാണെന്ന് ഒബാമയും മറ്റു ഡെമോക്രാറ്റിക് പാർട്ടി നേതാക്കന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. കോടതികളും ഒരുപക്ഷേ, ‘ഡാക’ നിലനിർത്താൻ തീരുമാനിക്കാനും സാധ്യതയുണ്ട്. എന്നാൽ തനിക്കു ചെറുപ്പക്കാരായ കുടിയേറ്റക്കാരോടു സ്നേഹമുണ്ടെന്നും അവരെ സഹായിക്കാനായി നിയമമുണ്ടാക്കാൻ കോൺഗ്രസിനെ നിർബന്ധിക്കുകയാണു താൻ ചെയ്തതെന്നും ട്രംപ് പറയുന്നു. തന്റെ പ്രധാന ഉദ്ദേശ്യം കുറ്റവാളികളെയും ഭീകരവാദികളെയും നിയമധ്വംസകരെയും പുറത്താക്കുക എന്നതാണെന്നും കുട്ടികളുടെ കാര്യത്തിൽ കോൺഗ്രസ് സ്ഥിരമായി നിയമമുണ്ടാക്കേണ്ടതാണെന്നും അദ്ദേഹം പ്രസ്താവിച്ചു. പക്ഷേ, പുതിയ നിയമം സമയബന്ധിതമായി പാസാക്കിയില്ലെങ്കിൽ ധാരാളം കുടുംബങ്ങൾ ശിഥിലമാകും എന്നു തീർച്ചയാണ്. 

ദക്ഷിണേഷ്യൻ അമേരിക്കക്കാരുടെ സംഘടന പറയുന്നത് ഈ പുതിയ ഉത്തരവ് 20,000 ഇന്ത്യക്കാരെ ബാധിക്കും എന്നാണ്. ‘ഡാക’യിൽനിന്ന് 27,000 ദക്ഷിണേഷ്യക്കാർക്ക് ആശ്വാസം ലഭിച്ചിരുന്നുവെന്നും 23,000 പേർ അതിന്റെ സംരക്ഷണം അർഹിക്കുന്നവരായി ഉണ്ടെന്നും ഈ സംഘടന പറയുന്നു. 

ഇവർക്കെല്ലാം നാടുകടത്തൽ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് ആശങ്ക. മറ്റൊരു രാജ്യത്തും പോകാൻ കഴിയാത്ത ഇവർ വലിയ ദുരിതം അനുഭവിക്കേണ്ടിവരും. കുട്ടിക്കാലത്ത് അമേരിക്കയിലെത്തിയ ഇവർക്ക് അമേരിക്കയല്ലാതെ മറ്റൊരു ദേശവുമില്ല. ഇപ്പോൾ ഉത്തരവാദിത്തമുള്ള ജോലികൾ ചെയ്യുന്ന ഇവർക്കു ജോലി വിടേണ്ടതായും വരും. 

കോൺഗ്രസ് ശുഷ്കാന്തിയോടെ ഇക്കാര്യത്തിൽ ഇടപെടുമെന്നും ‘ഡാക’ അവസാനിക്കുന്നതിനുമുൻപു ‘ഡ്രീം’ നിയമം പാസാക്കും എന്നുമാണു പ്രതീക്ഷ. എന്നാൽ കുടിയേറ്റക്കാരെപ്പറ്റിയുള്ള നിയമങ്ങൾ പാസാക്കാൻ കോൺഗ്രസിനു വളരെക്കാലം വേണ്ടിവരുമെന്നുള്ള യാഥാർഥ്യമാണു പുതിയ ഉത്തരവിന്റെ ഇരകളാകാനിടയുള്ളവരുടെ വലിയ ആശങ്ക. കുട്ടികളെപ്പോലും പ്രസിഡന്റ് ട്രംപ് വെറുതെവിടുന്നില്ല എന്ന ആക്ഷേപവും കേൾക്കേണ്ടിവന്നിരിക്കുന്നു അദ്ദേഹത്തിന്.

(ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും സൊമാലിയയുടെ കൂടി ചുമതലയോടെ കെനിയയിലും വിവിധ  രാജ്യങ്ങളിലും ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയുമായിരുന്നു ലേഖകൻ)