Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ജനങ്ങളെ ശ്രദ്ധിക്കുന്ന സർക്കാർ: കാനം രാജേന്ദ്രൻ

Kanam Rajendran

ഇടതു സർക്കാരിനെ വിലയിരുത്തിയും െഎക്യ സ്വപ്നങ്ങളുടെ വാദങ്ങൾ നിരത്തിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മനസ്സു തുറക്കുന്നു

∙ പിണറായി സർക്കാരിന്റെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?

ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റ് അധികാരത്തിൽ വന്ന് ഒരു വർഷത്തിലേറെയായി. രാഷ്ട്രീയ തലത്തിലും മറ്റും അഴിമതി ഇല്ലാതാക്കാൻ കർശന നിലപാട് സ്വീകരിച്ചു എന്നതാണ് ഈ സർക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് ഉയർന്നുവന്ന ആരോപണങ്ങൾ അനവധിയാണ്. അതിനെതിരെ വലിയ പ്രക്ഷോഭങ്ങളും സമരങ്ങളും നടന്നു. അതിൽനിന്നു വ്യത്യസ്തമായി, ജനങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന സർക്കാരാണിത് എന്ന സന്ദേശം നൽകാൻ ഈ കാലയളവിലെ പ്രവർത്തനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്.

ഈ സർക്കാർ വന്നശേഷം കേരളത്തിന്റെ കാർഷിക – വ്യാവസായിക മേഖലകളിൽ വളർച്ച ലക്ഷ്യമിട്ടുളള നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചു. നവ ലിബറൽ സാമ്പത്തിക നയങ്ങളുടെ ഫലം സാമൂഹിക സുരക്ഷയുടെ പ്രാധാന്യം കുറയ്ക്കുക എന്നതാണ്. കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമാണ്. നമ്മുടെ സാമൂഹിക സുരക്ഷാ നടപടികളല്ലാം കഴിഞ്ഞ സർക്കാരിന്റെ കാലത്തു തകർത്തെറിഞ്ഞതാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ഉടൻ,  സാമൂഹികക്ഷേമ പദ്ധതികളിൽ മുൻ ഗവൺമെന്റ് വരുത്തിയ വീഴ്ചകൾ തിരുത്തി കുടിശ്ശിക സഹിതം സാധാരണക്കാരായ തൊഴിലാളികൾക്കു നൽകാൻ തയാറായി. ജനങ്ങളെ ശ്രദ്ധിക്കുന്ന സർക്കാരാണിത് എന്ന ഫീൽ ഉണ്ടായി.

∙ മുൻകാലത്തെ ഇടതു ഗവൺമെന്റുകൾക്ക് ജനകീയ മുഖം ഉണ്ടായിരുന്നു. എന്നാൽ പിണറായി സർക്കാർ സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ചുളള ബ്യൂറോക്രാറ്റിക് ഭരണ രീതിയല്ലേ പിൻതുടരുന്നത്?

ഭരണത്തിന്റെ സ്വഭാവത്തെപ്പറ്റി മനസ്സിലാകാത്തതുകൊണ്ട് ഉയർന്നു വരുന്ന ആക്ഷേപങ്ങളാണിത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വാഭാവികമായും വിവിധ കക്ഷികൾ ചേരുന്ന ഒരു മുന്നണിയാണ്. ഞങ്ങൾ അംഗീകരിച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണ് അഞ്ചു വർഷത്തെ ഭരണത്തിൽ നടപ്പിലാക്കുന്നത്. അത് ഒന്നൊന്നായി ജനകീയമായി നടപ്പിലാക്കാനുളള പരിശ്രമമാണ് ഈ സർക്കാരിന്റേത്. നവകേരള മിഷനുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ടു വച്ച പരിപാടി എങ്ങനെയാണ് ബ്യൂറോക്രാറ്റിക് സംവിധാനമാകുന്നത്? ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ട പരിപാടി നടപ്പിലാക്കാൻ തീരുമാനിച്ചാൽ അത് എങ്ങനെയാണ് ബ്യൂറോക്രാറ്റിക് ഭരണസംവിധാനമായി മാറുന്നത്? തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ ഫണ്ടും അധികാരവും നൽകുക വഴി നമ്മുടെ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിൽ ഒരു പുതിയ മുഖം തുറന്നത് എൽഡിഎഫ് ആണ്. വീണ്ടു ആ വഴിക്ക് കേരളത്തെ കൊണ്ടുപോകുകയാണ് എൽഡിഎഫ് . വികസന പ്രവർത്തനങ്ങൾ ഫലപ്രദമായും ജനകീയമായും നടപ്പിലാക്കാനുളള ശ്രമങ്ങളാണ് എൽഡിഎഫ്  സർക്കാരിന്റേത്.

∙ വിലക്കയറ്റം പിടിച്ചു നിറുത്തുന്നതിൽ ഈ ഗവൺമെന്റ് പരാജയപ്പെടുകയല്ലേ?

കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. പുതിയ സാമ്പത്തിക നയങ്ങളുടെ പ‌ശ്ചാത്തലത്തിൽ ഒരു സംസ്ഥാന ഗവൺമെന്റിനു മാത്രമായി വിലക്കയറ്റം പിടിച്ചു നിർത്തുക അസാധ്യമാണ്. ഇന്ന് ഒരു കമ്പോളം ഒരു ടാക്സ് എന്ന സ്ഥിതിയാണ്. ആ ആശയത്തോടൊന്നും പൂർണ്ണമായി യോജിക്കുന്നവരല്ല ഞങ്ങൾ. Free Flow Of Goods and Capital - അതാണ് പുതിയ നയത്തിന്റെ സമ്പ്രദായം. ആ നയം നടപ്പിലാക്കുന്ന സ്ഥലത്ത് ഒരു സംസ്ഥാന നയം നടപ്പിലാക്കാൻ സാധ്യമല്ല. ജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ സംസ്ഥാന ഗവൺമെന്റിന് ഉത്തരവാദിത്തമുണ്ട്. വില കുറയ്ക്കാൻ, വിപണിയിൽ ഇടപെട്ടുകൊണ്ട് പൊതുവിതരണം ശക്തമാക്കുക എന്നതു മാത്രമേ സംസ്ഥാന ഗവൺമെന്റിനു സാധിക്കൂ.

ജിഎസ്ടി വന്ന സാഹചര്യത്തിൽ സംസ്ഥാന ഗവൺമെന്റിന് ഇടപെടാനുളള സാഹചര്യം കുറഞ്ഞു വരികയാണ്. പൊതുവിതരണം ശക്തമാക്കിക്കൊണ്ട് കമ്പോളത്തിൽ ഇടപെടുകയാണ് എൽഡിഎഫ്  സർക്കാർ. പൊതുവിപണിയിൽ 45–50 രൂപ വിലയുളള ജയ അരി 25 രൂപയ്ക്ക് വിൽക്കാൻ സംവിധാനം ഒരുക്കുക. അതാണ് വിലക്കയറ്റം പിടിച്ചുനിർത്താൻ ഗവൺമെന്റിനു ചെയ്യാനുളളത്. വരുന്ന ഒരു വർഷക്കാലത്തേക്ക് ഇത്തരത്തിൽ ആന്ധ്രാ അരി വാങ്ങാനുളള ധാരണ സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി ഉണ്ടാക്കിയിട്ടുണ്ട്. ഈ ഒാണക്കാലത്ത് 7000 ടൺ അരിയാണ് പൊതുവിപണിയിൽ എത്തിച്ചത്. അതാണ് വിപണിയിലെ ഇടപെടൽ. 

കോടി 30 ലക്ഷം ജനങ്ങൾക്ക് റേഷൻ കിട്ടിയിരുന്ന ഒരു സംസ്ഥാനത്ത്, അത് ഒരു കോടി 54 ലക്ഷമായി ചുരുക്കാൻ കേന്ദ്രഗവൺമെന്റ് തീരുമാനിച്ചു. അതുവഴി പൊതുവിതരണ മേഖലയിൽ നമ്മൾ അനുഭവിച്ചുകൊണ്ടിരുന്ന ഗുണം പകുതിയാക്കാൻ  കേന്ദ്രഗവൺമെന്റ് തീരുമാനിച്ചു. അതിനെ ചെറുത്തുകൊണ്ടാണ് രണ്ടു കോടി 85 ലക്ഷം ആളുകൾക്ക് റേഷൻ കൊടുക്കാൻ എൽഡിഎഫ്  പരിശ്രമിക്കുന്നത്.

∙ പനിമരണങ്ങൾ കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങൾക്കു നാണക്കേടായി മാറിയപ്പോൾ, സർക്കാർ നോക്കുകുത്തിയായില്ലേ?

പനിമരണങ്ങൾ സംബന്ധിച്ച് കുറച്ചുകൂടി കാര്യക്ഷമമായി സർക്കാർ ഇടപെടേണ്ടതായിരുന്നു. അതിന് യാതൊരു സംശയവും ഇല്ല. മരണസംഖ്യ കുറച്ചു കാണിക്കുന്നതും അവർ പ്രായം ചെന്നു മരിച്ചതാണ് എന്നു പറയുന്നതുമൊന്നും ശരിയല്ല. പകർച്ചവ്യാധികളെ കേരളത്തിൽനിന്നു തുടച്ചുനീക്കാൻ ദീർഘകാലാടിസ്ഥാനത്തിൽ പൊതുജനാരോഗ്യരംഗത്ത് പ്രവർത്തിച്ചവരാണ് നമ്മൾ. കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിൽ ഇന്നുണ്ടായിട്ടുളള മാറ്റങ്ങളാണ് ഈ പല കാര്യങ്ങൾക്കും അടിസ്ഥാനം. പൊതുജനാരോഗ്യത്തിന്റെ പൊതുമേഖല ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പാവപ്പെട്ടവന് ചികിൽസയ്ക്കു മാർഗ്ഗമില്ല. ഇവിടെ ഇന്നു നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഹെൽത്ത് ടൂറിസം ആണ്. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന കാര്യമായ ആരോഗ്യസംരക്ഷണത്തിൽ ഗവൺമെന്റ് കൂടുതൽ ജാഗ്രത കാണിച്ചുകൊണ്ട് പൊതുസ്ഥാപനങ്ങൾ ശക്തിപ്പെടുത്തണം. നാം പ്രതീക്ഷിക്കുന്നതിനപ്പുറം രോഗികളുടെ എണ്ണം ഉയരുകയാണ്. വളരെ പ്രധാനപ്പെട്ട വിഷയമെന്ന നിലയിൽ, യുദ്ധകാലാടിസ്ഥാനത്തിൽ ഇത് പരിഹരിക്കാനുളള നടപടികള്‍ ഗവൺമെന്റ് സ്വീകരിക്കേണ്ടതാണ്.

∙  ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതിലൂടെ സിപിഎം, സിപിെഎയുടെ ചെകിട്ടത്ത് അടിക്കുകയായിരുന്നില്ലേ?

അങ്ങനെ ഒരു തോന്നൽ ഞങ്ങൾക്കില്ല. ശ്രീറാം വെങ്കിട്ടരാമനായാലും അഥീന മുഹമ്മദായാലും ഒരു െഎഎഎസ് ഉദ്യോഗസ്ഥന് സംസ്ഥാനഭരണത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ വളരെ പരിമിതമാണ്. ഉദ്യോഗസ്ഥർക്ക് നിയമം നടപ്പിലാക്കാനല്ലേ കഴിയൂ. നിയമം ഉണ്ടാക്കാൻ പറ്റില്ലല്ലോ. എന്നാൽ ഗവൺമെന്റിന്റെ ഇച്ഛാശക്തിയാണ് പുതിയ തീരുമാനങ്ങൾ എടുക്കുന്നതും അത് കർശനമായി നടപ്പാക്കുന്നതും. എൽഡിഎഫ് ഗവൺമെന്റ് കയ്യേറ്റക്കാരെ ഒഴിപ്പിക്കണം എന്ന ശക്തമായ നിലപാടാണ് സ്വീകരിച്ചത്. അത് മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ആവർത്തിച്ച് നിയമസഭയിൽ പറഞ്ഞിട്ടുളളതാണ്. ആ നയങ്ങളാണ് ശ്രീറാം വെങ്കിട്ടരാമനും അഥീന മുഹമ്മദുമൊക്കെ അവരുടെ അധികാര പരിധിക്കുളളിൽ നടപ്പിലാക്കുന്നത്. അതുകൊണ്ട് ഒരു ഉദ്യോഗസ്ഥനെ മാറ്റി മറ്റൊരു ഉദ്യോഗസ്ഥനെ വച്ചു എന്നതുകൊണ്ടുമാത്രം ഗുണമോ ദോഷമോ ഉണ്ടാകുന്നില്ല.

∙ മുഖ്യമന്ത്രി വിളിച്ചുചേർത്ത മൂന്നാർ യോഗത്തിൽ റവന്യൂമന്ത്രി പങ്കെടുത്തില്ലല്ലോ?

റവന്യൂമന്ത്രി അറിഞ്ഞെങ്കിൽ പങ്കെടുക്കും. സ്വാഭാവികമായും മുഖ്യമന്ത്രി ഒരു യോഗം വിളിക്കണമെങ്കിൽ ആ യോഗം വിളിക്കേണ്ടത് റവന്യൂമന്ത്രി വഴിയാണ്. അതിനുപകരം മുഖ്യമന്ത്രിയുടെ ഒാഫിസ് നേരിട്ട് റവന്യൂ സെക്രട്ടറിക്ക്  അറിയിപ്പ് കൊടുക്കുകയും അദ്ദേഹം വഴി യോഗം വിളിക്കുകയും ചെയ്താൽ അതിനു പോകേണ്ട കാര്യം റവന്യൂമന്ത്രിക്കില്ല. അദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെ ആ വകുപ്പിനുളളിൽ ഒരു യോഗം വിളിക്കാനും കഴിയില്ല. നമ്മുടെ ക്യാബിനറ്റിന്റെ റൂൾസും നടപടികളും അനുസരിച്ച് ആ വകുപ്പിന്റെ തലവൻ ആരാണ് ? ചുമതല ആർക്കാണ്? അദ്ദേഹത്തിന്റെ സ്ഥലത്ത് ആ മേഖലയിൽ ഒരു യോഗം വിളിക്കണമെങ്കിൽ മുഖ്യമന്ത്രിക്ക്  യോഗം വിളിക്കാം. പക്ഷേ, അദ്ദേഹം കൂടി അറിയണം. ഒരു െഎഎഎസ് ഉദ്യോഗസ്ഥനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ അദ്ദേഹം അനുസരിക്കേണ്ടി വരും. ആ യോഗത്തില്‍ തീരുമാനം ഒന്നും എടുക്കാൻ പറ്റിയില്ലല്ലോ. ഇതൊക്കെ ഭരണപരിചയത്തിന്റെ കുറവ് കൊണ്ട് സംഭവിക്കുന്നതാണ്.

∙ ഫലത്തിൽ മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ നിലച്ചിരിക്കുകയല്ലേ?

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് പതിമൂന്നര ഏക്കർ ഒഴിപ്പിച്ചു. ഒഴിപ്പിക്കുന്നത് വാർത്തയാകുന്നത് ഹൈക്കോടതിയിൽ കേസ് ആകുമ്പോഴോ മറ്റോ ആണ്. ലാൻഡ് കൺസർവൻസി ആക്ടിന്റെ ഭാഗമായി നോട്ടിസ് നൽകി കയ്യേറ്റക്കാരെ ഓരോന്നായി ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കയ്യേറ്റക്കാര്‍ക്ക് നിയമപരമായി നോട്ടിസ് നൽകി അതിന് അവർ മറുപടി നൽകണം. എല്ലാ ഹിയറിങ്ങും കഴിഞ്ഞതിനുശേഷമാണ് ഒഴിപ്പിക്കുന്നത്.

ജോർജിന്റെ കയ്യേറ്റം ഒഴിപ്പിച്ചതും അങ്ങനെയാണ്. അത് ഒഴിപ്പിക്കരുത് എന്നു പറഞ്ഞപ്പോഴാണ് വാർത്തയായത്. അതിനുമുൻപ് എന്തു സംഭവിച്ചെന്ന് ആർക്കും അറിയില്ല. നടപടികളെല്ലാം പൂർത്തിയായി കലക്ടർ ഉത്തരവിട്ടു കഴിഞ്ഞ ശേഷമാണ് ഒഴിപ്പിക്കാൻ പോയത്. അതുകൊണ്ടാണ് ഹൈക്കോടതിയിൽ കേസിനുപോയപ്പോൾ നടപടി ശരിയാണെന്ന് ഒരാഴ്ചയ്ക്കുളളിൽ ഉത്തരവ് വന്നത്. നിയമവും നിയമം അനുശാസിക്കുന്ന അവകാശങ്ങളും അർഹര്‍ക്ക് നൽകിയില്ലെങ്കിൽ അവരതു കോടതിയിൽ ചോദ്യചെയ്യും.

അതുകൊണ്ടാണ് കഴിഞ്ഞ എൽഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് സുരേഷ്കുമാർ ഉൾപ്പെടെയുളള ചില ആളുകൾ അവിടെ നടത്തിയ അതിക്രമങ്ങൾ സംബന്ധിച്ച് ആളുകൾ പരാതി പറഞ്ഞപ്പോൾ, എല്ലാ നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടില്ല എന്നതുകൊണ്ട് അവരുടെ വ്യക്തിപരമായ ബാധ്യതയായി കണക്കാക്കാൻ കോടതി ഉത്തരവായത്. ഈ ഗവൺമെന്റ് പറഞ്ഞിരിക്കുന്നത് നിയമപ്രകാരമുളള എല്ലാ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് നിയമം നടപ്പിലാക്കി സര്‍ക്കാരിന്റെ ഭൂമി സംരക്ഷിക്കണം എന്നാണ്. അതാണ് ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനിയും ചെയ്യും, എവിടെയും ചെയ്യും.

∙ കേരളത്തിൽ അടുത്തിടെ നടന്ന നഴ്സിങ് സമരത്തോട് രാഷ്ട്രീയപാർട്ടികളും ട്രേഡ് യൂണിയനുകളും മുഖം തിരിച്ച് നിൽക്കുകയായിരുന്നല്ലോ?

നഴ്സിങ് സമരവും അവരുടെ സംഘടനകളുമായി വളരെ അടുത്ത ബന്ധമുളള ഒരാളാണ് ഞാൻ. ഏതാണ്ട് പത്തു വർഷം മുൻപ് ഡൽഹിയിലുണ്ടായ ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് നഴ്സിങ് സംഘടനകൾ ട്രേഡ് യൂണിയന്റെ അടുത്തെത്തുന്നത്. നഴ്സസ് അസോസിയേഷൻ മുന്നോട്ടു വച്ച കാര്യങ്ങളെ പൂർണമായി പിന്തുണച്ച സംഘടനകളാണ് ഞങ്ങളുടേത്. നഴ്സസ് അസോസിയേഷന്റെ തൃശൂർ അവകാശ പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുത്ത ഏക രാഷ്ട്രീയ നേതാവ് ഞാൻ മാത്രമാണ്. അവരുടെ പ്രശ്നങ്ങളോട് ഞങ്ങൾക്കുളള ബന്ധവും ഇഴയടുപ്പവുമാണ് ഇത് സൂചിപ്പിക്കുന്നത്. എൽഡിഎഫിന് നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗം ചേർന്നു സുപ്രീം കോടതിയുടെ ഗൈഡ് ലൈൻസിന്റെ  അടിസ്ഥാനത്തിൽ നഴ്സസ് അസോസിയേഷന്‍ ഉയർത്തുന്ന ആവശ്യങ്ങൾ ചര്‍ച്ച ചെയ്ത് ഒത്തുതീർപ്പാക്കണം എന്ന് ഗവൺമെന്റിനോടാവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ യോഗം വിളിച്ച് പ്രശ്നം പരിഹരിച്ചു. സമരം അവസാനിപ്പിക്കാതെ തന്നെയാണ് ഒത്തുതീർപ്പിലെത്തിയത്.

∙ വിശാലമായ ഇടതുപക്ഷ കമ്യൂണിസ്റ്റ് ഐക്യത്തെപ്പറ്റി സിപിെഎ എപ്പോഴും പറയാറുണ്ടല്ലോ, എന്തടിസ്ഥാനത്തിലാണ് ഐക്യം ഉണ്ടാകേണ്ടത്?

പിളർന്നുപോയ കമ്യൂണിസ്റ്റുകളെല്ലാം ഒരുമിക്കണം. ഇടതുപക്ഷ ആശയങ്ങൾ പിന്തുടരുന്ന രാഷ്ട്രീയപാർട്ടികളാകട്ടെ അല്ലാത്തവരാകട്ടെ, അവരെല്ലാം ഒരുമിച്ച് ഒരു പൊതുപ്ലാറ്റ്ഫോമിൽ വരണം. അവരുടെ സമരങ്ങൾ മുന്നോട്ട് പോകുമ്പോള്‍ അവർക്ക് നാളെ ഒരുമിക്കാൻ കഴിയണം. സാമൂഹിക പുരോഗതി ആഗ്രഹിക്കുന്ന ഏതൊരു കമ്യൂണിസ്റ്റുകാരന്റെയും സ്വപ്നമാണിത്. സ്വപ്നങ്ങൾ കാണാൻ നിയന്ത്രണങ്ങളൊന്നുമില്ലാത്ത രാജ്യമാണ് നമ്മുടേത്.. അതുകൊണ്ട് ഞങ്ങൾക്ക് സ്വപ്നം കാണാനുളള അവകാശമുണ്ട്. അത് എന്നു യാഥാർത്ഥ്യമാകണമെന്ന് കാലമാണ്  തീരുമാനിക്കേണ്ടത്.

∙ കമ്യൂണിസ്റ്റ് ഐക്യത്തിന് മുൻകൈ എടുക്കേണ്ടത് ആരാണ്?

എല്ലാവരും മുൻകൈ എടുക്കണം. ഒരു കൈ മാത്രം വീശിയാൽ ശബ്ദമുണ്ടാകില്ല. ഈ ആശയത്തോട് യോജിപ്പുളളവർ മുൻകൈ എടുക്കണം‌. ഇടതുപക്ഷം ഇന്ത്യയിൽ ദുർബലപ്പെടുകയാണ് എന്ന യാഥാർഥ്യം തിരിച്ചറിയുന്ന പാർട്ടിയാണ് സിപിെഎ. ഇന്ന്് ആർഎസ്പിയും ഫോർവേഡ് ബ്ലോക്കും കേരളത്തിൽ ഞങ്ങളോടൊപ്പമില്ല. പക്ഷേ ബംഗാളിൽ ഞങ്ങളോടൊപ്പമുണ്ട്.

ഇടയ്ക്ക് ഞങ്ങളോടൊപ്പം വന്ന എസ്‌യുസിെഎ കമ്യൂണിസ്റ്റ് ഇന്ന് ഞങ്ങളോടൊപ്പമില്ല. വിശാല ഇടതുപക്ഷ സഖ്യത്തിൽ വന്ന എസ്‌യുസിെഎ കമ്യൂണിസ്റ്റ് ഇപ്പോൾ പറയുന്നു സമരത്തിൽ മാത്രമേ ഐക്യമുളളൂ എന്ന്. സിപിഐ (എംഎൽ) ലിബറേഷൻ ഞങ്ങളോടൊപ്പം വിശാല സഖ്യത്തിലേക്ക് വരികയും ബീഹാറിൽ മൂന്നു സീറ്റിൽ വിജയിക്കുകയും ചെയ്തു. സിപിെഎക്ക് അവിടെ ഒരു സീറ്റിലാണ് വിജയിക്കാന്‍ കഴിഞ്ഞത്. അവരെല്ലാം ഒന്നിക്കണം . ഇടതുപക്ഷത്ത് ഇപ്പോൾ മുഖ്യപാർട്ടികൾ സിപിെഎയും സിപിഎമ്മും മാത്രമാണ്. നാഷനൽ കോ ഓർഡിനേഷൻ കമ്മറ്റിയിലുളള പാര്‍ട്ടിയിൽ സിപിെഎയും സിപിഎമ്മും മാത്രമാണ്. ഇടതുപക്ഷത്തിന് എല്ലാം ആകും എന്ന ധാരണ ഞങ്ങൾക്കില്ല.

∙ ജനകീയ ജനാധിപത്യ വിപ്ലവം എന്ന് സിപിഎമ്മും ദേശീയ ജനാധിപത്യ വിപ്ലവം എന്ന് സിപിെഎയും പറയുന്നല്ലോ?

അതിന്റെയൊക്കെ കാലം കഴിഞ്ഞുപോയി. അതൊക്കെ 1964 ൽ പറഞ്ഞതാണ്. ആ സാഹചര്യങ്ങളൊന്നും ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇപ്പോൾ മോഡിയുടെ നവ ലിബറൽ ഫാസിസ്റ്റ് നയങ്ങൾക്കെതിരായി മുന്നോട്ടു പോവുകയാണ് വേണ്ടത്. ഭരണകൂടത്തിന്റെ നിർവചനമല്ല, ഭരണകൂടത്തിന്റെ നടപടികളെയാണ് ചോദ്യം ചെയ്യേണ്ടത്.

∙ വിശാലമായ ഇടതുപക്ഷ കമ്യൂണിസ്റ്റ് ഐക്യത്തിന് സിപിഎമ്മിന്റെ വല്ല്യേട്ടൻ മനോഭാവം തടസ്സമാണോ?

വല്ല്യേട്ടൻ എന്ന പ്രയോഗത്തോട് എനിക്ക് ഒട്ടും യോജിപ്പില്ല. ആദ്യം ജനിച്ച ആളിനെയല്ലേ ചേട്ടാ എന്നു വിളിക്കുന്നത്. അങ്ങനെയാണെങ്കിൽ 1925 ലാണ് സിപിെഎയുടെ ജനനം, സിപിഎം ആകട്ടെ 1964 ലും. വല്ല്യേട്ടൻ എന്ന പ്രയോഗം ഒട്ടും ശരിയല്ല. ചേട്ടൻ എന്ന് വിളിക്കുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് .

തയ്യാറാക്കിയത് : ഷിബു.എസ് വയലകത്ത്

related stories