Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി. ധനപാൽ: അയവില്ല, നിലപാടുകളിൽ

TN-Speaker

എടപ്പാടി പളനിസാമിയെ തമിഴ്നാട് മുഖ്യമന്ത്രിക്കസേരയിൽനിന്നു വീഴ്ത്താൻ ടി.ടി.വി. ദിനകരനും അദ്ദേഹത്തിന്റെ മന്നാർഗുഡി സംഘവും ഒരു ചൂണ്ട തയാറാക്കിവച്ചിരുന്നു. ദലിത് കാർഡ് എന്ന ആ ചൂണ്ടയിൽ കൊത്തുമെന്നു പ്രതീക്ഷിച്ചിരുന്ന സ്പീക്കർ പി. ധനപാൽ ആണ് ഇപ്പോൾ ആ പക്ഷത്തെ 18 എംഎൽഎമാരെ അയോഗ്യരാക്കി സർക്കാരിന്റെ രക്ഷകനായിരിക്കുന്നത്. 

പളനിസാമിക്കു പകരം ധനപാലിനെ മുഖ്യമന്ത്രിയാക്കുകയെന്ന ഫോർമുല മുന്നോട്ടുവച്ചതു ശശികലയുടെ സഹോദരൻ വി.കെ. ദിവാകരനാണ്. സംസ്ഥാനത്തെ ആദ്യത്തെ ദലിത് മുഖ്യമന്ത്രിയെന്ന ജാതി കാർഡും ഇറക്കി. ഇതൊക്കെ എത്ര കണ്ടിരിക്കുന്നുവെന്ന നിസ്സംഗതയായിരുന്നു ധനപാലിന്റെ നിശ്ശബ്ദ പ്രതികരണം. 

പിളർപ്പിന്റെ കാലത്ത് എവിടെ നിൽക്കണമെന്നു നന്നായി അറിയാമെന്നു മുൻപു തെളിയിച്ചിട്ടുണ്ട് ധനപാൽ. എംജിആറിന്റെ മരണശേഷം അണ്ണാ ഡിഎംകെ പിളർന്നപ്പോൾ ജയലളിതയ്ക്കൊപ്പം ഉറച്ചുനിന്ന 33 എംഎൽഎമാരിൽ ഒരാളാണ് ഈ അറുപത്തിയാറുകാരൻ. പുതുതായി പാർട്ടിയിൽ വന്ന പലരും മറികടന്നു മുന്നേറിയപ്പോഴും തന്റെ സമയം വരുമെന്ന വിശ്വാസത്തിൽ കാത്തുനിന്നു. ആ ആത്മാർഥതയ്ക്കു പ്രതിഫലമായി 2001ൽ മന്ത്രിപദം. 2011ൽ ഡപ്യൂട്ടി സ്പീക്കറായി; ഒരു വർഷത്തിനകം സ്പീക്കറും. 2016ൽ ജയലളിത ഭരണം നിലനിർത്തിയപ്പോൾ തുടർന്നും സ്പീക്കർ. 

മരണമുഖത്തു നിന്നുള്ള അത്ഭുതകരമായ രക്ഷപ്പെടലിന്റെ ചരിത്രമുണ്ട് ധനപാലിന്. 1984ൽ സേലത്തുവച്ച് കാറിൽ ട്രക്കിടിച്ച് അതീവ ഗുരുതരാവസ്ഥയിൽ മാസങ്ങളോളം ആശുപത്രിവാസം. അപകടത്തിന്റെ അടയാളങ്ങൾ വലതു കൈപ്പത്തിയിൽ ഇപ്പോഴുമുണ്ട്. വലതുകൈ കൊണ്ട് ഒന്നും അമർത്തിപ്പിടിക്കാനാകില്ല. നിലപാടുകളിൽ പക്ഷേ, ആ അയവില്ല. 

സേലം കറുപ്പൂരിലെ ദലിത് കുടുംബത്തിൽ ജനിച്ച ധനപാൽ കഠിനാധ്വാനം കൈമുതലാക്കിയാണു വളർന്നത്. സേലം ഗവ. ആർട്സ് കോളജിലെ പഠനകാലത്തു ഡിഎംകെയിലൂടെയായിരുന്നു രാഷ്ട്രീയത്തിലെ തുടക്കം. 1972ൽ എംജിആർ അണ്ണാ ഡിഎംകെ രൂപീകരിച്ചപ്പോൾ കളം മാറ്റി. 1977 മുതൽ ആറു നിയമസഭാ തിരഞ്ഞെടുപ്പു വിജയങ്ങൾ. 18 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി പുതിയ രാഷ്ട്രീയ, നിയമ പോരാട്ടങ്ങൾക്കാണു വഴിതുറക്കുന്നത്. ചരിത്രത്തിൽ എംഎ ബിരുദമുള്ള പി. ധനപാൽ അങ്ങനെ തമിഴ്നാട് രാഷ്ട്രീയചരിത്രത്തിലും തന്റേതായ ഇടം കണ്ടെത്തിയിരിക്കുന്നു.