Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതുകൂടി ഷെയർ ചെയ്യൂ !

man-mobile

അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കൺ കൊലചെയ്യപ്പെട്ടപ്പോൾ ആ വാർത്ത ലോകം എങ്ങനെയാണ് അറിഞ്ഞത്? അന്ന് കടലുകടന്ന് ഒരു വാർത്ത മറ്റൊരു നാട്ടിൽ എത്തണമെങ്കിൽ ഒരു കപ്പൽ കടലു കടക്കണമായിരുന്നു. അതുകൊണ്ടുതന്നെ ആ വാർത്ത യൂറോപ്പിൽ അറിഞ്ഞത് ഒരാഴ്ച കഴിഞ്ഞാണ്. കഷ്ടിച്ചു നൂറ്റൻപതു വർഷം മുൻപ് അതായിരുന്നു ആശയവിനിമയത്തിന്റെ വേഗം എന്നത് ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷേ അംഗീകരിക്കാൻ തന്നെ കഴിഞ്ഞെന്നു വരില്ല. 

വിവരം സഞ്ചരിക്കുന്ന വേഗവും, അതുവഴി കയ്യിലെത്തുന്ന വിവരങ്ങളുടെ എണ്ണവും ജ്യാമിതീയാനുപാതത്തിൽ കൂടിയപ്പോഴാണ്, മനുഷ്യരുടെ ഒരു പ്രധാന ദൗർബല്യം വെളിപ്പെട്ടു തുടങ്ങിയത്. വിവരങ്ങൾ സ്വീകരിക്കാനും കൈമാറ്റം ചെയ്യാനുമുള്ള താൽപര്യം, അവയുടെ ആധികാരികതയോ വിശ്വാസ്യതയോ പരിശോധിക്കുന്നതിൽ നമുക്കു തീരെയില്ല എന്നതാണത്. ഇന്നിന്റെ ചായക്കടച്ചർച്ചാവേദികളായ സോഷ്യൽ മീഡിയയും വാട്സാപ്പ് പോലുള്ള ദ്രുതവിനിമയോപാധികളും പരിശോധിച്ചാൽ ഓരോ സെക്കൻഡിലും നമ്മൾ കേട്ടും കണ്ടും കൈമാറിയും തള്ളുന്ന വിവരങ്ങൾ അതിശയകരമാം വിധം വിശാലവും, അത്രത്തോളം തന്നെ പൊള്ളയും ആണ്. 

വെറും പരദൂഷണം പറയുന്ന ലാഘവത്തോടെ, പിണ്ണാക്കെന്നോ പ്രപഞ്ചോൽപത്തിയെന്നോ വ്യത്യാസമില്ലാതെ എന്തിനെയും അധികരിച്ചു പലരും പലതും അടിച്ചുവിടുന്നു. എട്ടാം ക്ലാസുകാരെന്നോ എംഎസ്‌സിക്കാരെന്നോ വ്യത്യാസമില്ലാതെ മിക്കവരും അതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങുകയും, അങ്കണവാടിമേറ്റ്സ്, സ്കൂൾമേറ്റ്സ്, കോളജ് മേറ്റ്സ്, ഓഫിസ് മേറ്റ്സ്, കസിൻ ഗ്രൂപ്പ്, കുടുംബഗ്രൂപ്പ്, കവലഗ്രൂപ്പ് എന്നിങ്ങനെ വാട്സാപ്പിലെ ഗ്രൂപ്പായ ഗ്രൂപ്പിലേക്കെല്ലാം മൊത്തവിതരണം ചെയ്യുകയും ചെയ്യുന്നു. 

മുറിവു തുടച്ച പഞ്ഞിയിൽ നിന്ന് ഇയർ ബഡ്സ് ഉണ്ടാക്കുന്നത്, പ്ലാസ്റ്റിക് കൊണ്ട് ഒരു കമ്പനി പാക്കറ്റ് സ്നാക്സ് ഉണ്ടാക്കുന്നത്, ചൊവ്വയിൽ നിന്നു നട്ടപ്പാതിരയ്ക്ക് കോസ്മിക് രശ്മികൾ വരുന്നത്, ശീതളപാനീയ കമ്പനിയിലെ എയ്ഡ്സ് രോഗി അതിൽ രക്തം കലർത്തിവിട്ടത്... ഇങ്ങനെ മലയാളി താലോലിച്ചു വളർത്തുന്ന പല കിംവദന്തികൾക്കും ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. 

ലോകത്തെല്ലായിടത്തും ഇത്തരം ഹോക്സുകൾക്ക് (hoax) നല്ല പ്രചാരമുണ്ട്. പക്ഷേ, ഒരേ സമയം വൻ ഡിഗ്രിശേഖരത്തെക്കുറിച്ചും പ്രബുദ്ധതയെക്കുറിച്ചും വീമ്പു പറയുകയും സ്കൂൾ നിലവാരം പോലും കാണിക്കാതെ എമണ്ടൻ മണ്ടത്തരങ്ങളെ കൊണ്ടുപിടിച്ച് ആഘോഷിക്കുകയും ചെയ്യുന്നൊരു ജനത വേറെയുണ്ടോ എന്നു സംശയമാണ്. 

സഹജീവികൾക്കു വലിയ ഉപകാരം ചെയ്യുന്ന മട്ടിലാണ്, പ്രത്യക്ഷത്തിൽ തന്നെ മണ്ടത്തരമായ കാര്യങ്ങൾ പോലും മുന്നും പിന്നും നോക്കാതെ നമ്മൾ ഷെയർ ചെയ്യുന്നത്. അവയിൽ നിർദോഷകരമായ നുണകളും കുത്സിതലക്ഷ്യങ്ങളുള്ള തട്ടിപ്പുകാരുടെ പ്രചാരണങ്ങളും മനോവൈകല്യമുള്ളവർ മറ്റുള്ളവരെ ദ്രോഹിക്കാൻ വേണ്ടി പടച്ചുവിടുന്ന കുരുട്ടുവേലകളും ഒക്കെയുണ്ടാകും. 

ഇന്ന് ഏറ്റവും പ്രചാരം കിട്ടുന്ന ഹോക്സുകളുടെ സ്വഭാവം പരിശോധിച്ചാൽ അവയിൽ ചില പൊതുഘടകങ്ങൾ കാണാം. സത്യമാകാൻ സാധ്യതയില്ലാത്തത്ര ആകർഷകമായ ഓഫറുകളാണ് ഒരെണ്ണം. ദിവസവും രാവിലെ ഒരു ഗ്ലാസ് പച്ചവെള്ളം വെറുംവയറ്റിൽ കുടിച്ചാൽ കാൻസർ വരില്ല എന്ന ഓഫർ കേൾക്കാൻ എത്ര സുഖമുള്ളതാണ്! എന്നാൽ മറ്റൊരു കൂട്ടം സന്ദേശങ്ങൾ അവഗണിക്കാൻ കഴിയാത്തവിധം പേടിപ്പിക്കുന്നതാണ്. തൈരും മാംസവും കൂടി ഒരുമിച്ചു കഴിച്ചാൽ കാൻസറുണ്ടാകുമെന്നു ‘വാട്സാപ്പ് വിജ്ഞാനകോശ’ത്തിൽ കണ്ടാൽ സ്കൂളിൽ പഠിക്കേണ്ടതൊന്നും പഠിക്കേണ്ടപോലെ പഠിക്കാത്ത നമുക്കു പേടിയാകും.

മറ്റൊരു ഹോക്സ് ലക്ഷണം, നമ്മുടെ പൂർവികരുടെ ഭയങ്കരൻ കണ്ടുപിടിത്തങ്ങളുടെ വർണനയാണ്. ഇതൊക്കെയുണ്ടെങ്കിലും ഒരു ഹോക്സിന്റെ ട്രേഡ്മാർക്ക് എന്നു വിശേഷിപ്പിക്കാവുന്നത് അതിനോടൊപ്പമുള്ള അഭ്യർഥനയാണ്. നിങ്ങൾ മാത്രം അറിഞ്ഞാൽ പോരാ, കണ്ടാലുടൻ കിട്ടുന്ന ഗ്രൂപ്പിലുള്ളവരെയൊക്കെ വിളിച്ചു കാണിക്കണേ എന്നൊരു അപേക്ഷ കൂടിയില്ലാതെ അതു പൂർത്തിയാകില്ല. അതനുസരിക്കാതെ നമുക്കു സമാധാനവുമാകില്ല.

related stories