Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഷ്യ കടക്കട്ടെ ഹോക്കി മുന്നേറ്റം

ഒരിക്കൽകൂടി ഏഷ്യാ വൻകരയിൽ ഇന്ത്യൻ ഹോക്കി വെന്നിക്കൊടി പാറിച്ചിരിക്കുന്നു. മലേഷ്യയെ 2–1ന് തോൽപിച്ച് ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്ത്യ നേടിയ വിജയം പത്തുവർഷം മുൻപു ചെന്നൈയിലെ കിരീടധാരണത്തിനു ശേഷമുള്ള അഭിമാനമുഹൂർത്തമായി. ചിരവൈരികളായ പാക്കിസ്ഥാനെ രണ്ടു തവണ തോൽപിച്ചാണ് ഇത്തവണ ധാക്കയിൽ ഇന്ത്യ കിരീടത്തിലെത്തിയത്.

ഒരു വർഷമായി ഇന്ത്യൻ ഹോക്കി തുടരുന്ന പ്രതീക്ഷാജനകമായ പ്രകടനത്തിന്റെ തുടർച്ചയാണ് ഈ വിജയമെന്നു പറയാം. 2016 ഏപ്രിലിൽ മലേഷ്യയിലെ ഇപ്പോയിൽ നടന്ന അസ്‌ലൻ ഷാ ഹോക്കിയിലെ വെള്ളിയായിരുന്നു തുടക്കം. ലണ്ടൻ ചാംപ്യൻസ് ട്രോഫിയിലെ വെള്ളി, മലേഷ്യയിൽ നടന്ന ഏഷ്യൻ ചാംപ്യൻസ് ട്രോഫി സ്വർണം എന്നിവ പിന്നാലെയെത്തി. റിയോ ഒളിംപിക്സിൽ എട്ടാമതായിപ്പോയതു നിരാശ പടർത്തി.

ഏഷ്യാ ഹോക്കി വിജയത്തിന്റെ ആവേശദിനത്തിൽ തന്നെ മറ്റൊരു ആഹ്ലാദനേട്ടം കൂടി ഇന്ത്യയ്ക്കു സ്വന്തമായി; ഡെന്മാർക്ക് ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റനിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിനു കിരീടം. കൊറിയയുടെ ലീ ഹ്യൂണിനെതിരായ ഫൈനൽ വിജയത്തോടെ ശ്രീകാന്ത് ഈ വർഷം സ്വന്തമാക്കിയതു മൂന്നാം സൂപ്പർ സീരീസ് കിരീടമാണ്. ഇന്തൊനീഷ്യ, ഓസ്ട്രേലിയ ഓപ്പൺ കിരീടങ്ങൾ നേടിയ ശ്രീകാന്തിന്റെ കുതിപ്പ് ഇന്ത്യൻ ബാഡ്മിന്റന് കൂടുതൽ ആവേശം പകരുന്നതായി. 

കഴിഞ്ഞ വർഷത്തെ മികച്ച നേട്ടങ്ങളുടെ ഊർജം ചോർന്നു പോകുന്നുണ്ടോ എന്നു സംശയിച്ചു തുടങ്ങുന്ന സമയത്താണ് ഈ ഏഷ്യാകപ്പ് വിജയം. ഈ വർഷം അസ്‌ലൻ ഷാ കപ്പിൽ മൂന്നാം സ്ഥാനത്തായ ഇന്ത്യൻ ടീമിന് ഹോക്കി ലോക ലീഗിൽ ആറാമതെത്താനേ കഴിഞ്ഞുള്ളൂ. നിരന്തര മൽസരങ്ങൾ കൊണ്ട് കളിക്കാർ ക്ഷീണിതരായ സമയത്തായിരുന്നു അത് എന്നു പറയാമെങ്കിലും അതൊരു സൂചനയാണ്: ലോക നിലവാരത്തിലെത്തുമ്പോൾ ഇന്ത്യ ഇപ്പോഴും കളി മറക്കുന്നു. പാക്കിസ്ഥാനെ രണ്ടു വട്ടം തോൽപിച്ചതു മാത്രമാണ് ആ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് ആകെയുള്ള ആശ്വാസം. ഹോക്കിയിൽ പരമ്പരാഗത ശക്തിയല്ലാത്ത കാനഡയോടാണ് ഇന്ത്യ കീഴടങ്ങിയത് എന്നത് മറ്റൊരു ഞെട്ടലായി. പിന്നാലെ പരിശീലകൻ റോളന്റ് ഓൾട്ട്മാൻസിനെ പുറത്താക്കി ഹോക്കി അധികാരികൾ പതിവു കാത്തു. വനിതാ ടീമിന്റെ പരിശീലകൻ സോർദ് മാരിനെയാണ് പകരമെത്തിയത്. അതു മറ്റൊരു വിവാദത്തിനു തിരി കൊളുത്തുകയും ചെയ്തു.

ഇതേ സമയത്തു വന്ന രണ്ടു വാർത്തകൾ കൂടി ഇന്ത്യൻ ഹോക്കിയെ ഇഷ്ടപ്പെടുന്നവരെ ആശങ്കപ്പെടുത്തുന്നതായിരുന്നു. ഹോക്കി പ്രോ–ലീഗിൽ നിന്ന് ഇന്ത്യ പിൻമാറിയതും 2018ൽ ഹോക്കി ഇന്ത്യ ലീഗ് നടത്തേണ്ട എന്നു തീരുമാനിച്ചതുമായിരുന്നു അത്. 2013ൽ തുടക്കമിട്ട ശേഷം ഇന്ത്യൻ ഹോക്കിക്ക് ഗുണങ്ങളേറെ ചെയ്ത ലീഗ് നിർത്താൻ ഹോക്കി ഇന്ത്യ തീരുമാനിച്ചതിനു പിന്നിലെ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല; 2019ൽ ലീഗ് തിരിച്ചു വരും എന്ന വാഗ്ദാനം ആശ്വാസമാണെങ്കിലും. രാജ്യാന്തര ഹോക്കി ഫെഡറേഷൻ 2019ൽ തുടങ്ങാൻ ഉദ്ദേശിച്ച ഹോക്കി പ്രോ–ലീഗിൽ നിന്ന് ഇന്ത്യ പിൻമാറിയതും അപ്രതീക്ഷിതമായിരുന്നു. 

കളത്തിനു പുറത്തെ കളികൾക്കിടയിലും ഇന്ത്യൻ ടീം പ്രതീക്ഷ നിലനിർത്തുന്നു എന്നതിൽ അവരെ അഭിനന്ദിച്ചേ തീരൂ. പക്ഷേ, ലോക ഹോക്കിയിൽ നമ്മുടെ പ്രതാപകാലത്തിന്റെ അടുത്തെങ്കിലും തിരിച്ചെത്താൻ ഇതു മതിയോ എന്നതു ചിന്തിക്കേണ്ട കാര്യമാണ്. പാക്കിസ്ഥാനെപ്പോലെ ഇപ്പോൾ തീർത്തും ദുർബലരായ ടീമിനെതിരെയുള്ള വിജയങ്ങൾ വൈകാരികമായ സംതൃപ്തിയേ നൽകുകയുള്ളൂ. ഓസ്ട്രേലിയ, ഹോളണ്ട്, ജർമനി തുടങ്ങിയവരുടെ നിലവാരത്തിലെത്താൻ ഇനിയും ഏറെ പോകേണ്ടതുണ്ട്. രണ്ടാം തട്ടിലുള്ള മലേഷ്യ, കാനഡ, അർജന്റീന, ബൽജിയം തുടങ്ങിയവർക്കൊപ്പമാണ് ഇപ്പോഴും ഇന്ത്യയുടെ സ്ഥാനം. ശൈലീമാറ്റത്തിന്റെ സൂചനകൾ ഈ ടീമിൽ കാണുന്നുണ്ട് എന്നതു ശുഭകരമാണ്. വിശേഷിച്ചും മുന്നേറ്റനിരയുടെ പ്രകടനത്തിൽ.

ഏഷ്യാ കപ്പിലെ പൂൾ ഘട്ടത്തിലെ മൂന്നു കളികളിൽ 15 ഗോളുകളും സൂപ്പർ ഫോറിലെ മൂന്നു കളികളിൽ പതിനൊന്നു ഗോളുകളുമാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. ലോകകപ്പും ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസും നടക്കുന്ന വർഷമാണ് 2018 എന്നതിനാൽ ഉയിർത്തെഴുന്നേൽക്കാൻ ഇതിലും നല്ലൊരു അവസരമില്ല.

related stories