Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിരാശരേ ഇതിലേ, ഇതിലേ...

congress-deseeyam

മുഖ്യമന്ത്രിയാകാൻ പറ്റാത്തതിൽ നൈരാശ്യം പൂണ്ടുകഴിയുന്ന പ്രതിപക്ഷ പാർട്ടി നേതാക്കളെ പാർട്ടിയിലേക്കു സ്വീകരിക്കുന്ന തിരക്കിലാണു ബിജെപി. ബംഗാളിൽ മുകുൾ റോയിയും മഹാരാഷ്ട്രയിൽ നാരായൺ റാണെയുമാണ് ഇങ്ങനെ ഒടുവിൽ ബിജെപിയിലേക്ക് എത്തിയത്. ശിവസേനയിലാണു നാരായൺ റാണെയുടെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. കോൺഗ്രസിലേക്കു ചേക്കേറിയത് ഉദ്ധവ് താക്കറെയുമായുള്ള അഭിപ്രായവ്യത്യാസം മൂലമാണ്. അന്നു റാണെ പറഞ്ഞത് എൻസിപി–കോൺഗ്രസ് സഖ്യം അധികാരത്തിലെത്തിയാൽ തന്നെ മുഖ്യമന്ത്രിയാക്കാമെന്നു സോണിയ ഗാന്ധി വാഗ്ദാനം നൽകിയിട്ടുണ്ടെന്നാണ്. എന്നാൽ, എൻസിപി – കോൺഗ്രസ് സഖ്യം മഹാരാഷ്ട്ര ഭരിച്ച 15 വർഷവും റാണെ മുഖ്യമന്ത്രിയായില്ല. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾക്കു റാണെ ഒട്ടും സ്വീകാര്യനായിരുന്നില്ല. കോൺഗ്രസുകാരായ അശോക് ചവാനും പൃഥ്വിരാജ് ചവാനും മുഖ്യമന്ത്രിമാരാകുകയും ചെയ്തു.

ഇപ്പോൾ മുഖ്യമന്ത്രിസ്ഥാനം കാട്ടിയാണു റാണെയെ ബിജെപി പാർട്ടിയിലേക്ക് എടുത്തത്. കൊങ്കൺ മേഖലയിൽ റാണെയുടെ സ്വാധീനമാണ് അദ്ദേഹത്തിനുള്ള രാഷ്ട്രീയ പ്രാധാന്യം. മേഖലയിൽ കോൺഗ്രസിനെയും ശിവസേനയെയും ദുർബലപ്പെടുത്താൻ റാണെയെ ഉപയോഗിക്കാമെന്നാണു ബിജെപി ലക്ഷ്യമിടുന്നത്. പ്രതിപക്ഷ പാർട്ടികളിലെ എംഎൽഎമാരെ സൂത്രത്തിൽ വശത്താക്കാനുള്ള ദൗത്യം കൂടി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, റാണെയെ ഏൽപിച്ചിട്ടുണ്ട്. അങ്ങനെവന്നാൽ, ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിനു ശിവസേനയുടെ പിന്തുണയില്ലാതെ ഭരിക്കാനാകും. റാണെയുടെ വരവിൽ ബിജെപിയിലെ മുതിർന്ന ചില നേതാക്കൾക്കു കടുത്ത അതൃപ്തിയുണ്ട്. എന്നാൽ, റാണെക്കെതിരായ അഴിമതി ആരോപണം തുറുപ്പുചീട്ടാക്കി, ഫഡ്നാവിസിന്റെയും നരേന്ദ്ര മോദിയുടെയും സംശുദ്ധപ്രതിച്ഛായയെ ചോദ്യം ചെയ്യാനാണു ശിവസേനയുടെ പദ്ധതി.

മറുവശത്ത്, തൃണമൂൽ കോൺഗ്രസിലെ രണ്ടാമനായിരുന്ന മുകുൾ റോയിയുടെ വരവുമായി ബന്ധപ്പെട്ടു ബിജെപിക്കെതിരെ വിമർശനമുയർന്നുകഴിഞ്ഞു. ശാരദ ചിട്ടിഫണ്ട് കുംഭകോണവുമായി ബന്ധപ്പെട്ട് പണ്ടു ബിജെപി പ്രതിക്കൂട്ടിലാക്കിയ തൃണമൂൽ നേതാക്കളിലൊരാളായിരുന്നു മുകുൾ റോയി. എന്നാൽ, ബംഗാളിൽ ദുർബലമായ ബിജെപിക്ക് മമതയ്ക്കെതിരെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. മമത തന്റെ അനന്തരവനെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നതിന്റെ പേരിൽ പിണങ്ങി പാർട്ടി വിട്ട മുകുൾ റോയിയെ ഉപയോഗിച്ച് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും തൃണമൂലിൽ അന്തശ്ഛിദ്രം വളർത്തുകയാണു ബിജെപിയുടെ ലക്ഷ്യം.

കഴിഞ്ഞവർഷം അസം നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിമാന്ത ബിശ്വാസ് ശർമയിലൂടെ സാധ്യമാക്കിയത് ബംഗാളിലും ആവർത്തിക്കാനാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. തരുൺ ഗൊഗോയ് സർക്കാരിൽ രണ്ടാമനായിരുന്ന ബിശ്വാസ് ശർമ സ്വപ്നം കണ്ടതു പ്രായാധിക്യം അലട്ടുന്ന ഗൊഗോയ് വിരമിച്ചാൽ മുഖ്യമന്ത്രിക്കസേരയിലിരിക്കാനാകുമെന്നായിരുന്നു. എന്നാൽ, ഗൊഗോയ്ക്കു വേറെ പദ്ധതികളുണ്ടായിരുന്നു. അദ്ദേഹം മകൻ ഗൗരവിനെ രാഷ്ട്രീയത്തിലിറക്കി. ഗൗരവ്, രാഹുൽ ഗാന്ധിയുമായി നല്ല ബന്ധമുണ്ടാക്കിയതോടെ ശർമ ഭൂരിപക്ഷം എംഎൽഎമാരെയും തനിക്കു പിന്നിൽ അണിനിരത്തി. ഹൈക്കമാൻഡ് പക്ഷേ, ഗൊഗോയിയെ മാറ്റാൻ തയാറായില്ല. രാഹുലിനു ഗൗരവമുള്ള കാര്യങ്ങൾ കേൾക്കുന്നതിനേക്കാൾ, നായയ്ക്കു ബിസ്കറ്റ് കൊടുക്കുന്നതിലാണു താൽപര്യമെന്ന് അന്നു പരിഹസിച്ചതു ബിശ്വാസ് ശർമയാണ് (പിഡി എന്ന ഈ നായ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ട്വിറ്ററിലെ തന്റെ ജനപ്രീതിക്കു കാരണം ഈ നായയാണെന്നു രാഹുൽ പരിഹാസരൂപേണ പറഞ്ഞതാണു കാരണം). ശർമയെ മുഖ്യപ്രചാരകനാക്കിയാണു ബിജെപി അസമിൽ തിരഞ്ഞെടുപ്പു നേരിട്ടത്. മുകുൾ റോയ് ബംഗാളിൽ ഇതാവർത്തിക്കുമെന്നാണു ബിജെപി പ്രതീക്ഷിക്കുന്നത്. എന്നാൽ തരുൺ ഗൊഗോയിയെപ്പോലെ വയോധികനും സൗമ്യനുമായ നേതാവല്ല പോരാട്ടവീര്യവും കർശനനിലപാടുമുള്ള മമത.

സിദ്ധരാമയ്യയെ വീഴ്ത്താൻ ശേഷിയുള്ള ഒരു വലിയ കോൺഗ്രസ് നേതാവിനെ വലയിലാക്കാനാണു കർണാടകയിലും ബിജെപി ഉന്നമിടുന്നത്. ഇതിനു പ്രാപ്തിയുള്ള നേതാവ് എസ്.എം. കൃഷ്ണ മാത്രമാണ്. അദ്ദേഹമാകട്ടെ ഇപ്പോൾ സജീവവുമല്ല.