Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെലവു കൂടി, വരവു കുറഞ്ഞു; സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ

LDR

‘‘ട്രഷറിയിൽ ആവശ്യത്തിനു പണമുണ്ടോഎന്നു നോക്കാതെയാണു കഴിഞ്ഞ സർക്കാർ ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിച്ചത്. ഇവ നടപ്പാക്കാൻ താങ്ങാവുന്നതിലധികം കടം വാങ്ങി. ഒരുവശത്തു ചെലവു ക്രമാതീതമായി കൂടിയിട്ടും വരുമാനം വർധിപ്പിക്കാൻ ശ്രമങ്ങളുണ്ടായില്ല. നികുതിപിരിവിൽ വൻ വീഴ്ച വരുത്തി. നികുതിപിരിവിലെ വളർച്ചാനിരക്ക് 20% എങ്കിലും വേണ്ടിയിരുന്നിടത്തു വർധിച്ചത്‌ 10–12% വരെ മാത്രം’’ 

തോമസ് ഐസക് ധനമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ, കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ധനവിനിയോഗത്തെ അടിമുടി വിമർശിച്ചു പുറത്തിറക്കിയ ധവളപത്രത്തിലെ വാക്യങ്ങളാണ് മേൽപറഞ്ഞത്. ഇന്ന് അതേ വാക്കുകളിലൂടെ കണ്ണോടിച്ചാൽ അത് ഇൗ സർക്കാരിനു നേർക്കുള്ള ബൂമറാങ് ആകും. ട്രഷറിയിൽ ആവശ്യത്തിനു പണമില്ല. കടം വാങ്ങുന്നതിലും കുറവില്ല. ചെലവു ചുരുക്കാനും കഴിയുന്നില്ല. ഇളവുകൾ ഒട്ടേറെ പ്രഖ്യാപിച്ചിട്ടും നികുതി കുടിശിക പിരിഞ്ഞുകിട്ടുന്നുമില്ല. ജിഎസ്ടി വരുന്നതോടെ നികുതിവരുമാനം വർധിക്കുമെന്നു പ്രഖ്യാപിച്ച മന്ത്രിക്കു മുന്നിൽ അതു പ്രതീക്ഷിച്ചത്ര ഉയരാത്തതിന്റെ കണക്കുകളാണ്. കേന്ദ്രം നൽകുന്ന ജിഎസ്ടി നഷ്ടപരിഹാരമാണ് ഇപ്പോൾ ആശ്വാസം.

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയതിനു മറ്റൊരു കാരണം കഴിഞ്ഞ ഓണക്കാലത്തു കിട്ടിയ പണം മുഴുവൻ വാരിക്കോരി ചെലവാക്കിയതുകൂടിയാണ്. ഓണച്ചെലവുകൾക്കായി 8,500 കോടി രൂപയാണു പൊതുവിപണിയിൽനിന്നു കടമെടുത്തത്. ഓണത്തിനു ശമ്പളം, പെൻഷൻ, ക്ഷേമ പെൻഷൻ, ബോണസ്, ഉത്സവബത്ത എന്നിവയ്ക്കു മാത്രമായി 6500 കോടി രൂപ ചെലവഴിച്ചു. എല്ലാംകൂടി 12,000 കോടി രൂപയെങ്കിലും ചെലവിട്ടുവെന്നാണു കണക്ക്. ഇതെല്ലാം കൊടുക്കേണ്ടതുതന്നെയാണ്. എങ്കിലും, പകരം മറുവശത്തു ചെലവു ചുരുക്കാനുള്ള കർശന നടപടികൾ കൂടി സ്വീകരിക്കാത്തതാണു തിരിച്ചടിയായത്. 

sketch-2

പ്രതിസന്ധിക്കു കാരണമെന്ത് ? 

∙ ജിഎസ്ടി നടപ്പാക്കിയതോടെ സംസ്ഥാനത്തിനു ലഭിക്കേണ്ട നികുതിയിൽ കുറവു വന്നു. അതു നികത്തേണ്ടതു കേന്ദ്രമാണ്. എന്നാൽ, രണ്ടു മാസം കൂടുമ്പോൾ മാത്രമേ കേന്ദ്രം നഷ്ടപരിഹാരത്തുക നൽകുന്നുള്ളൂ. 1200 കോടി രൂപ ആ വകയിൽ കുടിശികയായി കിടക്കുന്നു. 

∙ ശമ്പളപരിഷ്കരണ കുടിശികയുടെ രണ്ടാം ഗഡുവായി പെൻഷൻകാർക്കു കഴിഞ്ഞമാസം ഒറ്റയടിക്ക് 750 കോടി രൂപ പണമായിത്തന്നെ നൽകേണ്ടിവന്നു. ഇതു ട്രഷറിയെ പരുങ്ങലിലാക്കി. 

∙ മുൻപു പദ്ധതിച്ചെലവ് ഏറ്റവും കൂടുതൽ വരുക സാമ്പത്തിക വർഷം അവസാനിക്കുന്ന ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ്. ഇക്കുറി പദ്ധതി നടത്തിപ്പു വേഗത്തിലായതു കാരണം ഇപ്പോഴേ പണം ചെലവിട്ടുതുടങ്ങി.

∙ 10 കൊല്ലം മുൻപെടുത്ത വായ്പത്തുകയിൽ 800 കോടി രൂപ ഒറ്റയടിക്കു തിരിച്ചടയ്ക്കേണ്ടിവന്നു. കഴിഞ്ഞയാഴ്ച അപ്രതീക്ഷിതമായി ഇൗ പണം നൽകേണ്ടിവന്നതോടെ നീക്കിയിരുപ്പു കുത്തനെ താണു. 

∙ ക്രിസ്മസിന് 1,500 കോടി രൂപയാണു ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ മാത്രം വേണ്ടിവരുന്നത്. കൂടാതെ രണ്ടു മാസത്തെ ശമ്പളവും പെൻഷനും നൽകണം. എല്ലാത്തിനും കൂടി വേണ്ടത് 5,000 കോടി രൂപ. ഡിസംബറിൽ മാത്രം അധികച്ചെലവു പ്രതീക്ഷിക്കുന്നത് 3,000 കോടി രൂപ. 

ചെലവ്, ബജറ്റിൽ പറഞ്ഞതിലുമധികം

ക്ഷേമ പെൻഷൻ കുടിശികയടക്കം കൃത്യമായി വിതരണം ചെയ്യണമെന്നത് ഇൗ സർക്കാരിന്റെ നയമാണ്. എന്നാൽ, എത്ര തുക വിതരണം ചെയ്യേണ്ടിവരുമെന്ന കണക്കുകൂട്ടൽ തെറ്റി. ബജറ്റിൽ പ്രഖ്യാപിച്ചതിനെക്കാൾ 2300 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ മാത്രമായി ചെലവിടേണ്ടിവന്നത്. റേഷൻ നൽകാൻ പ്രതീക്ഷിച്ചതിലും 45 കോടി അധികമായി. കെഎസ്ആർടിസിക്കു 300 കോടി അധികം നൽകി. ഇൗ സർക്കാർ വന്നശേഷം 21,000 തസ്തികകളാണു പുതുതായി സൃഷ്ടിച്ചത്. ഇതു ബാധ്യത വീണ്ടും കൂട്ടി. ഇതെല്ലാം സർക്കാരിന്റെ നയത്തിന്റെ ഭാഗമാകാം. എന്നാൽ, ചെലവ് ബജറ്റിൽ പ്രഖ്യാപിച്ചതിനപ്പുറം കുത്തനെ ഉയരുന്നതു നല്ല ധന മാനേജ്മെന്റിന്റെ ലക്ഷണമല്ല. 

sketch-1

പെരുകുന്ന കടം

ഇൗ സർക്കാർ അധികാരമേൽക്കുമ്പോൾ പൊതുകടം ഒരുലക്ഷം കോടി രൂപയായിരുന്നു. ഇപ്പോൾ അക്കൗണ്ടന്റ് ജനറലിന്റെ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് കഴിഞ്ഞ ഡിസംബറിൽ കടം 1,21,183 കോടി രൂപയായി വർധിച്ചു. ഇതിനു പുറമേയാണ് ഓണക്കാലത്ത് 8500 കോടി രൂപ കടമെടുത്തത്. ആകെ കടം 1,29,683 കോടിയായി. ഇൗ സാമ്പത്തികവർഷം കടമെടുപ്പുപരിധി 18,524 കോടിയായി കേന്ദ്രം നിശ്ചയിച്ചിട്ടുണ്ട്. ഇനി ജനുവരിയിലേ കടമെടുക്കാൻ കഴിയൂ. അതുവരെ ധനവിനിയോഗം ക്രമീകരിച്ചു തള്ളിനീക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. വായ്പയെടുക്കുന്നതിൽ നല്ലപങ്കും ദൈനംദിന ചെലവുകൾക്കായാണു വിനിയോഗിക്കുന്നത്. വരുമാനം നോക്കി വേണം ചെലവിടാനെന്നാണ് ട്രഷറിക്കു നൽകിയിരിക്കുന്ന നിർദേശം. 100 കോടി രൂപവരെ ദിവസേന വിതരണം ചെയ്തിരുന്ന ട്രഷറിയോട് ഇത് 50 കോടിയായി വെട്ടിച്ചുരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

ട്രഷറി നിയന്ത്രണം എങ്ങനെ ബാധിക്കും?

∙ 25 ലക്ഷം രൂപയിൽ കൂടുതൽ പണം ട്രഷറിയിൽനിന്നു കൈമാറില്ല. 

∙ കരാറുകാർക്കു നൽകാനുള്ള 1400 കോടി രൂപ ഇനിയും കൊടുത്തു തീർത്തിട്ടില്ല. ഇതിനു പുറമെ ഇനി പണം കിട്ടാത്ത അവസ്ഥയും വരും. ജിഎസ്ടിയുടെ പേരിൽ സമരത്തിലായിരുന്ന കരാറുകാർ സഹകരിച്ചു തുടങ്ങിയതിനു പിന്നാലെയാണ് ഇൗ തിരിച്ചടി.

∙ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ മുടങ്ങും. 

∙ മറ്റു മാർഗങ്ങളിലൂടെ വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തും. പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും വാഹന പരിശോധന, കുടിശിക പിരിക്കൽ എന്നിവ പ്രതീക്ഷിക്കാം. 

പിരിച്ചെടുക്കാതെ 12,000 കോടി

സംസ്ഥാനം വിവിധ ഇനങ്ങളിൽ പിരിച്ചെടുക്കാനുള്ള നികുതി

∙ വാണിജ്യ നികുതി: 7,582 കോടി

∙ ലാൻഡ് റിക്കവറി: 2,793 കോടി

∙ മോട്ടോർ വാഹന വകുപ്പ്: 1765 കോടി (1433 കോടിയും കെഎസ്ആർടിസി നൽകാനുള്ളത്)

∙ അബ്കാരി: 241 കോടി 

∙ ലാൻഡ് റവന്യു: 313 കോടി 

∙ റജിസ്ട്രേഷൻ: 28 കോടി

related stories