Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നു; ഇനിയുമരുത്, നിശ്ശബ്ദത

JOB-NOTTAM

കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ച് അടിയന്തര ഇടപെടൽ ആവശ്യമായ സാഹചര്യത്തിലാണു കേരളം.  കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം സംബന്ധിച്ച പോക്‌സോ കേസുകൾ സംസ്ഥാനത്ത് 2013 ൽ 1002 ആയിരുന്നതു 2016 ആയപ്പോഴേക്കും 2093 ആയി. കേന്ദ്ര വനിതാ വികസന മന്ത്രാലയത്തിന്റെ 2007ലെ പഠനമനുസരിച്ചു രാജ്യത്തെ 53 ശതമാനം കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. സൈബർ മേഖലയിലെ ലൈംഗിക ചൂഷണം ഉൾപ്പെടാതെയുള്ള കണക്കാണിത്.

കുട്ടികൾക്കെതിരായ ലൈംഗിക പീഡനം ഗുരുതരമായ കുറ്റമാണ്. ലൈംഗിക പീഡനം കുട്ടികളിലുണ്ടാക്കുന്ന മാനസിക ആഘാതം ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതും അവർ വലുതാകുമ്പോഴുള്ള തൊഴിൽപരമായ ഉൽപാദനക്ഷമതയെ വരെ ബാധിക്കുന്നതുമാണ്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതുമൂലം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) രണ്ടു ശതമാനത്തിന്റെ കുറവുണ്ടാകുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

കുട്ടികൾ ഏറ്റവും സുരക്ഷിതരായിരിക്കുമെന്നു കരുതപ്പെടുന്നതു വീടുകളിലാണ്. എന്നാൽ, ലൈംഗിക പീഡനം വീടുകളിൽ കൂടുതലായി നടക്കുന്നതു ഞെട്ടലുളവാക്കുന്നു. 

‘നോ, ഗോ, ടെൽ’ എന്നിവയാണു കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാനമായ മാർഗങ്ങളെന്നു വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. പീഡനത്തിനായി ശ്രമിക്കുമ്പോൾത്തന്നെ അരുത് (നോ) എന്ന് ഉറക്കെ പറയാൻ കുട്ടികളെ പഠിപ്പിക്കുകയും പ്രാപ്‌തരാക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. മിക്കവാറും പീഡിപ്പിക്കാൻ ശ്രമിക്കുന്നതു കുട്ടിയുടെ അടുത്ത ബന്ധുവോ പരിചയക്കാരോ ആവും. ആദ്യം നടത്തുന്ന പീഡനം റിപ്പോർട്ട്  ചെയ്യപ്പെട്ടില്ലെങ്കിൽ പീഡിപ്പിക്കുന്ന ആൾക്ക് അതു ധൈര്യം നൽകുകയും പീഡനം ആവർത്തിക്കുകയും ചെയ്യുമെന്നു പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പീഡിപ്പിക്കാൻ ശ്രമിക്കുന്നയിടത്തുനിന്നു സുരക്ഷിതമായ സ്ഥലത്തേക്ക് ഓടിപ്പോകണമെന്നു (ഗോ) കുട്ടിയെ ബോധ്യപ്പെടുത്തണം. 

പീഡനം നടന്ന കാര്യം ധൈര്യമായി മാതാപിതാക്കളോടു പറയാം (ടെൽ) എന്ന വിശ്വാസം കുട്ടിയിൽ ഉണ്ടാക്കണം. കുട്ടിയെ പൂർണമായും വിശ്വസിക്കുന്നുവെന്നും ഇത്തരം സംഭവം ഉണ്ടായത് അവരുടെ കുറ്റമല്ലെന്നും മാതാപിതാക്കൾ കുട്ടികളോടു പറയുന്നതു സുപ്രധാനമാണ്. ശരീരഭാഗങ്ങൾ, നല്ലതും ചീത്തയുമായ സ്‌പർശനം, സ്വകാര്യ ഭാഗങ്ങളിൽ ആർക്കൊക്കെ സ്‌പർശിക്കാം (കുളിപ്പിക്കുമ്പോൾ മാതാപിതാക്കൾക്ക്, പരിശോധിക്കുമ്പോൾ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ഡോക്‌ടർക്ക്) തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്കു മനസ്സിലാകുന്നവിധത്തിൽ പ്രായബന്ധിതമായി പറഞ്ഞുകൊടുക്കണം. പീഡനം നടത്തിയയാളെ നിയമപരമായി നേരിടുകയും സമൂഹത്തിനു മുമ്പിൽ തുറന്നുകാട്ടുകയുമാണ് ഇതിനോടനുബന്ധിച്ചു ചെയ്യാവുന്ന മറ്റൊരു കാര്യം. കുട്ടിയും പീഡിപ്പിച്ച ആളും തമ്മിൽ ഇടപെടാനുള്ള സാഹചര്യം ഒഴിവാക്കണം.

കുട്ടികൾക്കെതിരെയുള്ള ലൈംഗികപീഡനം തടയാൻ സ്കൂളുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കണം. പ്രത്യേക കമ്മിറ്റികളുടെ പ്രവർത്തനം ശക്തിപ്പെടുത്തണം. ഗ്രാമതല ജാഗ്രതാസമിതികൾ കൂടുതൽ ഫലപ്രദമാക്കണം. പൊലീസ് സ്റ്റേഷനുകളിലെ ശിശുക്ഷേമ ഓഫിസറുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണം.

പോക്‌സോ നിയമത്തിലെ 19 ാം സെക്‌ഷൻ അനുസരിച്ചു കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ എത്രയും പെട്ടെന്നു പൊലീസിൽ അറിയിക്കേണ്ടതുണ്ട്. ഇതു റിപ്പോർട്ട് ചെയ്യാതിരിക്കുന്നതു പോക്‌സോ നിയമത്തിലെ സെക്‌ഷൻ 21 അനുസരിച്ച് ഒരുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. കുട്ടികൾക്കെതിരായ ലൈംഗിക പീഡനത്തിനെതിരെ മൗനം വെടിഞ്ഞു നാം ശബ്‌ദമുയർത്തണം. കുടുംബങ്ങളിൽ ഇത്തരം സംഭവങ്ങൾ ഒതുക്കുന്നരീതിയുണ്ട്. ഈ മൗനം പീഡനം നടത്തിയയാളെ സംരക്ഷിക്കാനും പീഡനം ആവർത്തിക്കാനും ഇടയാക്കും.

അതിഹീനമായ ഈ കുറ്റകൃത്യം പൂർണമായി അവസാനിപ്പിക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണ്. കുട്ടികൾക്കെതിരെയുള്ള ചൂഷണം തടയാനുള്ള രാജ്യാന്തര ദിനമാണു നാളെ എന്നുള്ളത് ഈ ചർച്ചയ്ക്കു ശക്തിപകരട്ടെ. 

(യുനിസെഫ് കേരള– തമിഴ്‌നാട് മേധാവിയാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)