Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാറിലെ കയ്യേറ്റം: അന്വേഷണറിപ്പോർട്ടുകൾ എട്ടെണ്ണം, നടപടിയില്ല

Munnar-Town മൂന്നാർ ടൗൺ.

മൂന്നാറിലെ ഭൂമി കയ്യേറ്റത്തെക്കുറിച്ച് വിവിധ ഉദ്യോഗസ്ഥർ നടത്തി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടുകൾ അട്ടിയായി വച്ചാൽ അതിന് ആനമുടിയെക്കാളും ഉയരം വരുമെന്ന തമാശ ഉദ്യോഗസ്ഥർക്കിടയിൽ പ്രചാരത്തിലുണ്ട്. അതു വെറും തമാശയല്ല താനും. ഭൂമി കയ്യേറ്റത്തെക്കുറിച്ച് അന്വേഷണം നടത്താത്ത വകുപ്പുകൾ ചുരുക്കമാണ്. പൊലീസ്, വിജിലൻസ്, റവന്യു... അതും ഒരേ വകുപ്പിലെ പല ഉദ്യോഗസ്ഥർ. ഫിഷറീസ്, തുറമുഖം തുടങ്ങിയ വകുപ്പുകൾ അന്വേഷണം നടത്താത്തതു മൂന്നാറിൽ കടലും കായലുമില്ലാത്തതു കൊണ്ടാണെന്ന് ആദ്യഫലിതത്തിന്റെ അനുബന്ധ ഫലിതം. റിപ്പോർട്ടുകൾ കുന്നുകൂടിയെങ്കിലും അവയിലൊന്നിലും നടപടി ഉണ്ടായില്ല. ശുപാർശകൾ നടപ്പാക്കുന്നതിനു പകരം എങ്ങനെ നടപ്പാക്കാതിരിക്കാമെന്നാണു മാറിമാറി വന്ന സർക്കാരുകൾ ഗവേഷണം നടത്തിയത്. അതിൽ അവർ വിജയിക്കുകയും ചെയ്തു. 

∙ ചുവപ്പുനാടയിൽ ‘പൂത്ത്’ അന്വേഷണ റിപ്പോർട്ടുകൾ

നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനമേഖല ഉൾപ്പെടുന്ന ഇടുക്കി ജില്ലയിലെ വട്ടവട– കൊട്ടാക്കമ്പൂർ വില്ലേജുകളിൽ വ്യാജരേഖകളിലൂടെ ഭൂമി കയ്യടക്കിയതുമായി ബന്ധപ്പെട്ട് എട്ട് അന്വേഷണ റിപ്പോർട്ടുകളാണ് സർക്കാരിന്റെ പക്കലുള്ളത്. റിപ്പോർട്ടുകളിലെ ‘ശുപാർശകൾ’ ചുവപ്പുനാടയിൽ പൊടിപിടിച്ചു ‘പൂക്കുന്ന’ കാഴ്ചയാണ്. 

ഇടുക്കി മുൻ കലക്ടർമാരായ അശോക് കുമാർ സിങ്, ആർ. അജിത്പാട്ടീൽ, മുൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി സത്യജിത് രാജൻ, വനം വകുപ്പിലെ മുൻ മുഖ്യവനപാലകൻ വി. ഗോപിനാഥ്, മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷൺ, മുൻ അഡീഷനൽ ചീഫ് സെക്രട്ടറി നിവേദിത പി. ഹരൻ, ലാൻഡ് റവന്യു മുൻ അസിസ്റ്റന്റ് കമ്മിഷണർ ഡോ. ഡി. സജിത് ബാബു, ഇടുക്കി മുൻ ജില്ലാ പൊലീസ് മേധാവി എ.വി. ജോർജ് എന്നിവരുടേതാണു റിപ്പോർട്ടുകൾ. ചില ഉത്തരവുകൾ സർക്കാർ പുറപ്പെടുവിച്ചെങ്കിലും അവയെല്ലാം ‘കോൾഡ് സ്റ്റോറേജിൽ’ ഭദ്രം!

∙ നിവേദിത പി. ഹരൻ റിപ്പോർട്ട് ചവറ്റുകൊട്ടയിൽ

കൊട്ടാക്കമ്പൂർ മേഖലകളിലെ ഭൂമാഫിയകളുടെ ശക്തിയും സ്വാധീനവും വ്യക്തമാക്കുന്നതും റവന്യു– സർവേ വകുപ്പുകളുടെ കള്ളക്കച്ചവടത്തെക്കുറിച്ചു തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടുന്നതുമാണ് മുൻ അഡീഷനൽ ചീഫ് സെക്രട്ടറി നിവേദിത പി. ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട്. 2014 ഒക്ടോബർ 23ന് ആണ് സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചതെങ്കിലും ഇതിലെ ഒരു ശുപാർശ പോലും നടപ്പാക്കിയിട്ടില്ല. 

∙ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ

∙ നീലക്കുറിഞ്ഞി ഉദ്യാനത്തിനായി വിജ്ഞാപനം ചെയ്ത പ്രദേശങ്ങളിൽ വ്യാപക കയ്യേറ്റം. 

∙ വ്യാജരേഖകളിലൂടെയാണു ഭൂമി കൈവശപ്പെടുത്തിയത്.

∙ തമിഴ് തൊഴിലാളികളുടെ പേരിൽ പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് ആയിരക്കണക്കിന് ഏക്കർ ഭൂമാഫിയ കൈവശപ്പെടുത്തി.

Vattavada Kottakamboor വട്ടവട – കൊട്ടാക്കമ്പൂർ ഗ്രാമങ്ങൾ.

∙ കൊട്ടാക്കമ്പൂർ, വട്ടവട വില്ലേജ് ഓഫിസുകളിലെ രേഖകൾ പരിശോധിക്കുന്നതിൽ ഇടുക്കി ജില്ലാ ഭരണകൂടം വീഴ്‌ച വരുത്തി.  

∙ കൊട്ടാക്കമ്പൂരിലെ വ്യാജ പട്ടയങ്ങൾ പരിശോധിക്കാൻ റവന്യുവകുപ്പിലെ ഉദ്യോഗസ്ഥർ തയാറായില്ല. 

∙ വ്യക്‌തി താൽപര്യങ്ങളില്ലാത്ത സമർഥനെയാണ് ലാൻഡ് റവന്യു കമ്മിഷണറായി നിയമിക്കേണ്ടത്.

∙ പരിശോധനകൾ പൂർത്തിയാകുന്നതുവരെ കുറിഞ്ഞി ഉദ്യാനം ഉൾപ്പെടെയുള്ള അഞ്ചുനാട് മേഖലയിൽ മരംമുറി നിരോധിക്കണം.

∙ കൊട്ടാക്കമ്പൂർ ഭൂമി ഇടപാടിനെപ്പറ്റിയുള്ള അന്വേഷണം രാഷ്‌ട്രീയക്കാരും ഉദ്യോഗസ്‌ഥരും ചേർന്നു തടസ്സപ്പെടുത്തി, അന്വേഷണം അട്ടിമറിച്ചു. 

∙ ഭൂമിയെക്കുറിച്ച് ശാസ്‌ത്രീയ സർവേ നടത്താത്ത സർവേ വകുപ്പ് നാണംകെട്ട വകുപ്പ്. 

∙ വനം, റവന്യു, സർവേ വകുപ്പുകളിലെ ചില ഉദ്യോഗസ്‌ഥർ ചുമതലകൾ നിർവഹിക്കുന്നതിൽ ഗുരുതരവീഴ്‌ച വരുത്തി. 

∙ ഉദ്യാന വിസ്തൃതി കൂടുമോ കുറയുമോ?

നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തികൾ പുനർനിർണയിക്കുമ്പോൾ വിസ്തൃതി കുറയുമോ കൂടുമോയെന്ന സംശയങ്ങളാണ് ഇപ്പോൾ ഉയരുന്നത്. 3200 ഹെക്ടറാണ് ഉദ്യാനത്തിന്റെ വിസ്തൃതിയെന്നാണ് 2006ൽ പുറപ്പെടുവിച്ച ഉദ്ദേശ്യ വിജ്ഞാപനത്തിൽ പറയുന്നത്. അതിർത്തികൾ പുനർനിർണയിക്കപ്പെട്ടാൽ വിസ്തൃതി കൂടാനും ചിലപ്പോൾ കുറയാനും സാധ്യതയുണ്ടെന്നു വനംവകുപ്പു പറയുന്നു. 

നിലവിൽ ചെറുകിട കർഷകരുടെ വാസസ്ഥലങ്ങളും ആരാധനാലയങ്ങൾ, സർക്കാർ ഓഫിസുകൾ എന്നിവ‌യും ഉദ്യാന പ്രദേശത്ത് ഉൾപ്പെട്ടിട്ടുണ്ടെന്നാണു വട്ടവട– കൊട്ടാക്കമ്പൂർ നിവാസികളുടെ അവകാശവാദം. അതിർത്തി പുനർനിർണയം നടത്തുമ്പോൾ ഇവ കണ്ടെത്തി ഒഴിവാക്കപ്പെടുന്നതു ജനങ്ങളുടെ ആശങ്ക കുറയ്ക്കാനിടയാക്കുമെന്നും നാട്ടുകാർ പറയുന്നു. അതേസമയം, വ്യാജപട്ടയങ്ങളിലൂടെ വൻകിട ഭൂവുടമകൾ കൈവശം വച്ചിരിക്കുന്ന അനവധി ഹെക്ടർ ഭൂമി നീലക്കുറിഞ്ഞി ഉദ്യാനത്തിനു പുറത്തുണ്ട്. അതിർത്തി പുനർനിർണയം വരുമ്പോൾ ഇതു കണ്ടെത്തി, ഉദ്യാനത്തിന്റെ ഭാഗമാക്കിയാൽ വിസ്തൃതി കൂടാനും സാധ്യതയുണ്ട്. 

∙ വനം വകുപ്പ് ‘പടിഞ്ഞാറിൽ’ കണ്ണുവച്ചത് എന്തിന് ? 

ഓഗസ്റ്റ് ആദ്യവാരം വനംവകുപ്പ് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി ഇടുക്കി ജില്ലാ കലക്ടർ ജി.ആർ. ഗോകുലിനു നൽകിയ റിപ്പോർട്ടിൽ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീർണത്തിൽ വ്യത്യാസം വരുമെന്നതിനെക്കുറിച്ച് അടിവരയിടുന്നു.

‘‘വട്ടവട വില്ലേജിലെ ബ്ലോക്ക് നമ്പർ 62ലും കൊട്ടാക്കമ്പൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 58ലും ഉൾപ്പെടുന്ന ആകെ 2230.721 വിസ്തീർണമുള്ള ഭൂമിയിലെ അവകാശവാദങ്ങൾ തീർപ്പു കൽപിക്കുമ്പോൾ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീർണത്തിൽ വ്യത്യാസം വരും’’– റിപ്പോർട്ടിലെ ഇൗ പരാമർശങ്ങളാണു വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് അടിയന്തരയോഗം വിളിച്ചതും തുടർപ്രഖ്യാപനങ്ങളുണ്ടായതും ഈ റിപ്പോർട്ടിനെ തുടർന്നായിരുന്നു.  

കൊട്ടാക്കമ്പൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 58ൽ ഉൾപ്പെടുന്ന 1982 ഹെക്ടറും വട്ടവട വില്ലേജിലെ ബ്ലോക്ക് നമ്പർ 62ലെ 247 ഹെക്ടർ ഭൂമിയുമാണ് നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ പരിധിയിൽപ്പെടുന്നത്. ഇതിൽ 58ാം നമ്പർ ബ്ലോക്കിലെ പടിഞ്ഞാറ് അതിർത്തി പുനർനിർണയിക്കണമെന്നാണു മൂന്നാർ വൈൽഡ് ലൈഫ് വാർഡന്റെ ശുപാർശ. ഇടുക്കി എംപി ജോയ്സ് ജോർജ്, പെരുമ്പാവൂരിലെ സിപിഎം കൗൺസിലർ ജോൺ ജേക്കബ്, സിപിഎം മറയൂർ മുൻ ഏരിയാ സെക്രട്ടറി എം. ലക്ഷ്മണൻ എന്നിവർ  ഉൾപ്പെടെയുള്ളവർക്കു ഭൂമിയുള്ളത് 58–ാം നമ്പർ ബ്ലോക്കിലെ പടിഞ്ഞാറ് അതിർത്തിയിലാണ്. ഭൂരിഭാഗവും തരിശിട്ട ഭൂമിയിൽ താമസക്കാരുമില്ല. എന്നാൽ, ഇവിടെ കൃഷിയിടങ്ങളുണ്ടെന്നാണ് മൂന്നാർ വൈൽഡ് ലൈഫ് വാർഡന്റെ കണ്ടെത്തൽ. 

‘‘സർക്കാർഭൂമി കയ്യേറിയാൽ ഏത്ര വലിയ ഉന്നതനായാലും ഒഴിപ്പിക്കും. കയ്യേറ്റക്കാർക്ക് സിപിഐ ഒരിക്കലും കൂട്ടുനിൽക്കില്ല’’– സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുതലുള്ള സിപിഐ നേതാക്കൾ ആവർത്തിക്കുന്ന വാക്കുകളിതാണ്.  കൊട്ടാക്കമ്പൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സർക്കാർ ഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യുവകുപ്പ് നടപടി തുടരുന്നതിനിടെയാണ്, നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയം നടത്തുമ്പോൾ വിസ്തൃതി കുറയുമെന്നു ചൂണ്ടിക്കാട്ടി വനംവകുപ്പ് മുൻകൂട്ടി ‘പ്രവചനം’ നടത്തിയത്. മന്ത്രിസഭയിലെ സ്വന്തം വകുപ്പുതന്നെ ഇത്തരമൊരു റിപ്പോർട്ട് നൽകിയത് സിപിഐയെ പ്രതിക്കൂട്ടിലാക്കി.  

എട്ടുമാസം കഴിയുമ്പോൾ മൂന്നാർ വീണ്ടും നീലപ്പുതപ്പു പുതയ്ക്കും. അതു കാണാൻ ലക്ഷങ്ങൾ ഇവിടേക്കൊഴുകും. എന്നാൽ, വീണ്ടും 12 വർഷം കഴിയുമ്പോൾ മൂന്നാറിനെ നീലപ്പരവതാനിയാക്കാൻ നീലക്കുറിഞ്ഞി ബാക്കിയുണ്ടാകുമോ എന്ന ആശങ്ക പരിസ്ഥിതിവാദികളും വിനോദസഞ്ചാരികളും ഒരുപോലെ പങ്കുവയ്ക്കുന്നു. ഒരുകണക്കിൽ പറഞ്ഞാൽ നീലക്കുറിഞ്ഞി മൂന്നാറിന്റെ ഭാഗ്യവും നിർഭാഗ്യവുമാണ്. മൂന്നാറിലേക്കു സഞ്ചാരികളുടെ ഒഴുക്കു തുടങ്ങിയത് 1982ലെ നീലക്കുറിഞ്ഞി വസന്തത്തിനുശേഷമാണ്. അതിന്റെ മറപിടിച്ചു കയ്യേറ്റക്കാരും മൂന്നാറിൽ കണ്ണുവച്ചു. ഒരു ചെടി ഒരു പ്രദേശത്തിന്റെ വരവും ശാപവുമാകുന്ന അപൂർവ സാഹചര്യം.

∙ ഉദ്യാനത്തിനു പുറത്തും

നിർദിഷ്ട കുറിഞ്ഞിമല വന്യജീവി സങ്കേത്തിനു പുറത്തും നീലക്കുറിഞ്ഞിയടക്കം പലയിനം കുറിഞ്ഞികളുണ്ടെന്നു ഹൈറേഞ്ചിലെ കുറിഞ്ഞി സാന്നിധ്യത്തെക്കുറിച്ചു പഠനം നടത്തിയ പാലാ സെന്റ് തോമസ് കോളജ് ബോട്ടണി വിഭാഗം അധ്യാപകൻ ഡോ. ജോമി അഗസ്റ്റിൻ.

ഹൈറേഞ്ചിൽ കുറിഞ്ഞി കാണുന്ന പ്രദേശങ്ങൾ

1. ഇരവികുളം നാഷനൽ പാർക്ക് (17 ഇനം)

2. പെരിയാർ കടുവ സങ്കേതം (27 ഇനം)

3. ആനമുടിച്ചോല നാഷനൽ പാർക്ക് (18 ഇനം)

4. ചിന്നാർ വന്യജീവി സങ്കേതം (ഒരിനം)

Munnar Neelakurinji 2006ൽ കുറിഞ്ഞി പൂത്തതു കാണാനെത്തിയ സഞ്ചാരികളുടെ തിരക്ക് (ഫയൽചിത്രം).

പാമ്പാടുംചോല നാഷനൽ പാർക്ക്, മതികെട്ടാൻ ചോല നാഷനൽ പാർക്ക്, ഇടുക്കി വന്യജീവി സങ്കേതം എന്നിവയിലും കുറിഞ്ഞികളുണ്ട്. എന്നാൽ, ഇതു സംബന്ധിച്ച വിശദമായ സസ്യശാസ്ത്ര പഠനങ്ങൾ നടത്തിയിട്ടില്ല.

∙ കൊട്ടാക്കമ്പൂരിലെ  ‘പാർട്ടി’ ഗ്രാമം

ഇലയനങ്ങിയാൽ പോലും ഇവർ അറിയും. മൂന്നാർ–വട്ടവട റൂട്ടിലെ ടോപ് സ്റ്റേഷനിലെ വനംവകുപ്പ് ചെക്പോസ്റ്റ് കടക്കുമ്പോഴേക്കും വിവരം വട്ടവട പഞ്ചായത്തിലെ നേതാക്കളുടെ ചെവിയിലെത്തും. പിന്നെ ഇവരുടെ അണികൾ ‘പ്രതിരോധം’ തീർക്കും. വട്ടവട പഞ്ചായത്തിലെ സിപിഎം ‘നെറ്റ്‌വർക്’ ഇതാണ്. കോവിലൂരിൽനിന്നു നാലു കിലോമീറ്റർ ദൂരമാണ് കൊട്ടാക്കമ്പൂർ ഗ്രാമത്തിലേക്ക്. പാർട്ടി ഗ്രാമത്തിന്റെ കെട്ടും മട്ടുമാണ് ഇവിടെ. അപരിചിതരെ നിരീക്ഷിക്കാനും വിവരങ്ങൾ മൊബൈലിലൂടെ കൈമാറാനും ഇവിടെ പാർട്ടി ‘ചാരൻമാരുണ്ട്’. വ്യാജ പട്ടയങ്ങളുടെയും ഭൂമി കയ്യേറ്റങ്ങളുടെയും ഭൂമികയായ കൊട്ടാക്കമ്പൂർ വില്ലേജിലെ 58–ാം നമ്പർ ബ്ലോക്കിലേക്ക്, കൊട്ടാക്കമ്പൂർ ഗ്രാമത്തിൽനിന്നു നാലു കിലോമീറ്റർ ദൂരമുണ്ട്. 

വട്ടവട കൊട്ടാക്കമ്പൂരിൽ വ്യാജരേഖകളിലൂടെ ഇടുക്കി എംപി ജോയ്സ് ജോർജും കുടുംബാംഗങ്ങളും ഭൂമി തട്ടിയെടുത്തുവെന്ന കേസിൽ, ഹൈക്കോടതി നിർദേശപ്രകാരം അന്വേഷണത്തിനെത്തിയ മുൻ മൂന്നാർ എഎസ്പിയെയും സിപിഎം പ്രവർത്തകർ കബളിപ്പിച്ചത് ഒരുവർഷം മുൻപായിരുന്നു. 

കൊട്ടാക്കമ്പൂരിലെ ഭൂമി ജോയ്സ് ജോർജ് എംപിയുടെ പിതാവിനു നൽകിയപ്പോൾ വട്ടച്ചെലവിനത്തിൽ ലഭിച്ചത് ആയിരം രൂപയാണെന്നു കൊട്ടാക്കമ്പൂർ നിവാസി ബാലൻ 2014 ഏപ്രിലിൽ മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു. ഒൻപതു പേരടങ്ങുന്ന സംഘം എത്തി, തനിക്ക് ആയിരം രൂപ നൽകിയെന്നായിരുന്നു ബാലന്റെ വെളിപ്പെടുത്തൽ. ഹൈക്കോടതി നിർദേശപ്രകാരം ബാലന്റെ മൊഴിയെടുക്കാൻ മൂന്നാർ എഎസ്പി കൊട്ടാക്കമ്പൂരിലെത്തിയപ്പോൾ, ബാലനെ ഹാജരാക്കാൻ പാർട്ടി പ്രവർത്തകർ തയാറായില്ല. തുടർന്ന് എഎസ്പി മടങ്ങി. സിപിഎം മുൻ ഏരിയ സെക്രട്ടറിയാണ് ബാലനെ പിന്നീട് എഎസ്പി മുൻപാകെ എത്തിച്ചത്. 

∙ നാട്ടുകാർക്കും പറയാനുണ്ട് ചിലത്

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെപേരിൽ വിവാദം കൊടുമ്പിരിക്കൊള്ളുമ്പോൾ പട്ടയഭൂമിയുടെ കരം അടയ്ക്കാനോ പോക്കുവരവു ചെയ്യാനോ കഴിയാതെ വട്ടവട–കൊട്ടാക്കമ്പൂർ നിവാസികൾ. കൊട്ടാക്കമ്പൂരിൽ ജോയ്സ് ജോർജ് എംപിയുടെ ഭൂമിയുമായി ബന്ധപ്പെട്ട വിവാദം ഉയർന്നതിനെ തുടർന്നു 2014 ൽ വട്ടവട, കൊട്ടാക്കമ്പൂർ വില്ലേജുകളിലെ ഭൂമിസംബന്ധമായ മുഴുവൻ രേഖകളും സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇടുക്കി കലക്ടറേറ്റിലേക്കു മാറ്റിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പിന്നീട് ഇവയെല്ലാം ദേവികുളം സബ് കലക്ടറുടെ ഓഫിസിലെത്തിച്ചു. ഈ രേഖകളുടെയും റജിസ്റ്ററുകളുടെയും പകർപ്പുകൾ മാത്രമാണു വട്ടവട–കൊട്ടാക്കമ്പൂർ വില്ലേജ് ഓഫിസുകളിലുള്ളത്.  

കൈവശരേഖ മുതൽ നിജസ്ഥിതി സർട്ടിഫിക്കറ്റ് വരെയുള്ളവയ്ക്കു മുൻപ് അക്ഷയകേന്ദ്രം വഴി അപേക്ഷ നൽകാമായിരുന്നു. ഇപ്പോൾ നേരിട്ടു വില്ലേജ് ഓഫിസിൽ അപേക്ഷ നൽകണമെന്നാണു ചട്ടം. ഇവർ റിപ്പോർട്ട് തയാറാക്കി തഹസിൽദാർക്കും അവിടെനിന്ന് ആർഡിഒയ്ക്കും കൈമാറും. അപേക്ഷയിൽ പറയുന്ന സ്ഥലം സംബന്ധിച്ചു പരിശോധന നടത്താൻ ആർഡിഒ ഉത്തരവിടും. എന്നാൽ പരിശോധനയോ തുടർനടപടികളോ ഉണ്ടാവാറില്ലെന്നും സർട്ടിഫിക്കറ്റുകൾ ലഭിക്കാറില്ലെന്നും പ്രദേശവാസികൾ പറയുന്നു. ഇക്കാരണത്താൽ, പട്ടയസ്ഥലങ്ങൾ ക്രയവിക്രയം ചെയ്യാനോ ഈടുവച്ചു വായ്പ എടുക്കാനോ കഴിയാത്ത സ്ഥിതിയാണെന്നും ഇവർ പറയുന്നു. 

അ‍ഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരൻ 2014ൽ സർക്കാരിനു നൽകിയ റിപ്പോർട്ടിനെ തുടർന്ന് ഈ മേഖലയിൽ മരംമുറി നിരോധനം നിലവിൽവന്നു. ഇതോടെ ചെറുകിട കർഷകർക്കും തങ്ങളുടെ ഗ്രാന്റിസ് മരങ്ങൾ വിൽപന നടത്താൻ കഴിയാതായത് ഈ മേഖലയിൽ വൻ സാമ്പത്തിക പ്രതിസന്ധിക്കു കാരണമായി. വീണ്ടും നടാൻ അനുവദിക്കാതെ നിലവിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ടോപ്സ്റ്റേഷനിലെ വനം വകുപ്പ് ചെക് പോസ്റ്റിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ പുറത്തുനിന്നുള്ളവരെ തടയുന്നതിനാൽ, വട്ടവടയിലേക്കു വിനോദസഞ്ചാരികൾ വരാതായെന്നും ഇവർ പറയുന്നു. ഇടുക്കി പാക്കേജിലുൾപ്പെടുത്തി വട്ടവടയുടെ അതിർത്തിമലകളിൽ കുടിവെള്ളത്തിനും കാർഷിക ജലസേചനത്തിനുമായി ആറു തടയണകൾ നിർമിക്കാൻ 16 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ വനം വകുപ്പിന്റെ തടസ്സവാദങ്ങൾ നിമിത്തം ഇവയൊന്നും നിർമാണം ആരംഭിക്കാനായിട്ടില്ല. ഇപ്പോൾ രൂക്ഷമായ കുടിവെള്ളക്ഷാമവും വരൾച്ചയുമാണ്. 

(പരമ്പര അവസാനിച്ചു)

related stories