Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാക്കുകൾ ചിതലരിക്കുമ്പോൾ...

deseeyam

ചൈനയിലെ കമ്യൂണിസ്റ്റു പാർട്ടിയുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയും ചൈനയുടെ പ്രസിഡന്റുമായ ഷി ചിൻപിങ്ങിന്റെ പ്രത്യയശാസ്ത്ര സംഭാവനകൾക്കുള്ള പ്രത്യേക അംഗീകാരമായി അദ്ദേഹത്തിന്റെ പേരും ചിന്തയും പാർട്ടി ഭരണഘടനയിൽ ചേർക്കാൻ ഈയിടെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു. മാവോ സെദുങ്ങിനും ഡെങ് സിയാവോ പിങ്ങിനും ശേഷം ഭരണഘടനയിൽ ഇടം നേടുന്ന നേതാവാണു ഷി. മറ്റൊരു ജനറൽ സെക്രട്ടറിയായിരുന്ന ഷിയാങ് ജെമിന്റെ ദർശനം പാർട്ടി ഭരണഘടനയിൽ പരാമർശിക്കുന്നുണ്ടെങ്കിലും പേരു ചേർത്തിട്ടില്ല.

ഇന്ത്യയിലെ കമ്യൂണിസ്റ്റു പാർട്ടികളാകട്ടെ വ്യക്തിപൂജ പാർട്ടി ഭരണഘടനയിൽ അനുവദിക്കാറില്ല. മാർക്സ‌ിന്റെയും ലെനിന്റെയും പേരുകൾപോലും മാർക്‌സിസം ലെനിനിസം എന്ന രൂപത്തിൽ മാത്രമേ പരാമർശിക്കുന്നുള്ളൂ.

എന്നാൽ, ജനറൽ സെക്രട്ടറിമാരുടെ ചിന്തകൾ പാർട്ടി പ്രസിദ്ധീകരണങ്ങൾ വഴിയും നേതാക്കളുടെ ആരാധകർ വഴിയും പ്രചരിപ്പിക്കാറുണ്ട്. ഈ നിരയിൽ അവസാനം അച്ചടിച്ചുകണ്ടതു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടേതും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയുടേതുമാണ്. 12 വർഷം രാജ്യസഭാംഗമെന്നനിലയിൽ ഇരുവരും നടത്തിയ പ്രസംഗങ്ങൾ തമിഴിൽ പുസ്തകമായി ഇറങ്ങിക്കഴിഞ്ഞു. താമസിയാതെ മലയാളത്തിലും പ്രസിദ്ധീകരിക്കും.

ദേശീയത, മതനിരപേക്ഷത, സോഷ്യലിസം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ യച്ചൂരിയുടെ ചിന്തകൾ ഇംഗ്ലിഷിലും രാജ്യത്തെ എല്ലാ ഭാഷകളിലും വരുംവർഷങ്ങളിൽ പ്രസിദ്ധീകരിക്കാനാണു യച്ചൂരി ആരാധകരുടെ പദ്ധതി.

യുപിഎയെ സിപിഎം പുറത്തുനിന്നു പിന്തുണച്ച 2004 – 2008 കാലത്ത് യുപിഎയുടെ പൊതുമിനിമം പരിപാടി തയാറാക്കിയതും ആണവക്കരാർ ചർച്ചകളിൽ ഇടപെട്ടതും യച്ചൂരിയും അന്നത്തെ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും ചേർന്നായിരുന്നു. യുപിഎ സർക്കാരിന്റെ രണ്ടാംഘട്ടത്തിലും നരേന്ദ്ര മോദിയുടെ ആദ്യവർഷങ്ങളിലും പ്രതിപക്ഷത്തായിരുന്നു യച്ചൂരി.

ദേശീയ സംവാദങ്ങളിൽ ഇടപെട്ടു യച്ചൂരി നൽകിയ സംഭാവനകൾ കാണാൻ പാർട്ടി സമയമെടുത്തേക്കുമെന്നാണു യച്ചൂരി പക്ഷക്കാർ കരുതുന്നത്. കേന്ദ്രകമ്മിറ്റിയിലെയും പൊളിറ്റ്ബ്യൂറോയിലെയും വിഭാഗീയതകളുടെ ഇക്കാലത്തു വിശേഷിച്ചും.

കമ്യൂണിസ്റ്റു പാർട്ടി നേതാക്കളുടെ രചനകളും പ്രസംഗങ്ങളും പുസ്തകമാക്കുന്നത് ഇതാദ്യമായിട്ടല്ല. ഇഎംഎസിന്റെ രചനകൾ 100 വോള്യം ആയിട്ടാണു പ്രസിദ്ധീകരിച്ചത്. പ്രകാശ് കാരാട്ടിന്റെ ലേഖനങ്ങളുടെ സമാഹാരവും ഇറങ്ങിയിട്ടുണ്ട്.

ഏതാണ്ട് എല്ലാ വിഷയങ്ങളിലും രാജ്യസഭയിൽ സംസാരിച്ചിട്ടുള്ള മറ്റൊരു നേതാവ് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയാണ്. യുപിഎ – ഇടതുസംവാദങ്ങളിൽ സിപിഐയെ പ്രതിനിധീകരിച്ചതു ഡി. രാജയും എ.ബി. ബർദനുമായിരുന്നു. പാർലമെന്റിന്റെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾ സംബന്ധിച്ചു മികച്ച ഗ്രാഹ്യമുള്ള രാജയുടെ പ്രസംഗങ്ങൾ ആദ്യം ഇംഗ്ലിഷിലാണു സമാഹരിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ മാതൃഭാഷയായ തമിഴിലും. 

‌പ്രമുഖനേതാക്കളായ ശ്യാമപ്രസാദ് മുഖർജിയുടെയും ദീൻ ദയാൽ ഉപാധ്യായയുടെയും പ്രസംഗങ്ങളും പ്രധാനമന്ത്രിയായിരിക്കെ വാജ്‌പേയി നടത്തിയ പ്രസംഗങ്ങളും പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള പദ്ധതികൾ നരേന്ദ്ര മോദി സർക്കാരിനുണ്ട്. മൂന്നു ദശകത്തോളം പ്രതിപക്ഷനേതാവായിരുന്ന കാലത്തു വാജ്‌പേയി സഭയിൽ നടത്തിയ പ്രസംഗങ്ങൾ പല വോള്യങ്ങളായി ഒരു സ്വകാര്യ പ്രസാധകർ നേരത്തെയിറക്കിയിരുന്നു. എഐസിസി യോഗങ്ങളിൽ സോണിയ ഗാന്ധി നടത്തിയ പ്രസംഗങ്ങൾ പുസ്തകമാക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ താൻ നടത്തിയ പ്രസംഗങ്ങളും നീണ്ട പത്രക്കുറിപ്പുകളും സംസ്ഥാന സർക്കാരിന്റെ ചെലവിൽ അന്നേ മായാവതി പുസ്തകമാക്കിയിരുന്നു.

പ്രധാനമന്ത്രിമാരുടെയും പ്രസിഡന്റുമാരുടെയും പ്രസംഗങ്ങൾ സമാഹരിച്ചു പ്രസിദ്ധീകരിക്കുന്ന രീതി കേന്ദ്രസർക്കാരിനുള്ളതാണ്. എന്നാൽ, ഇവ അച്ചടിച്ചുകഴിഞ്ഞാൽ സർക്കാർ ഗോഡൗണുകളിൽ ചിതലരിച്ചുകിടക്കുകയാണു പതിവ്. വിൽപനയ്ക്കോ വിതരണത്തിനോ ഫലപ്രദമായ സംവിധാനമില്ലാത്തതാണു കാരണം. രാഷ്ട്രപതി ഭവനിൽ ഓരോ അഞ്ചുവർഷവും പുതിയ രാഷ്ട്രപതി വരുന്നു. കാലാവധി കഴിയുന്ന രാഷ്ട്രപതിയുടെ രചനകളുടെയും പ്രസംഗങ്ങളുടെയും പുസ്തകങ്ങൾ നേരെ ഗോഡൗണുകളിലേക്കാണു പോകുക.

എന്നാൽ, പ്രണബ് മുഖർജി രാഷ്ട്രപതിയായപ്പോൾ, അദ്ദേഹത്തിന്റെ സെക്രട്ടറി ഒമിത പോളിന് ഈ രീതി സ്വീകാര്യമായി തോന്നിയില്ല. പ്രണബ് മുഖർജിയുടെ ആദ്യ രണ്ടുവർഷങ്ങളിൽ അദ്ദേഹത്തിന്റെ സന്ദർശകർക്കെല്ലാം മുൻ രാഷ്ട്രപതിമാരുടെ പുസ്തകങ്ങളാണു സമ്മാനമായി ലഭിച്ചത്. രാജ്യത്തെ സർവകലാശാലകളുടെയും കോളജുകളുടെയും ലൈബ്രറികൾക്കു മുൻരാഷ്ട്രപതിമാരുടെ പുസ്തകങ്ങൾ അയച്ചുകൊടുക്കാനും ഒമിത പോൾ ഉത്തരവിട്ടിരുന്നു. പിന്നാലെ, പ്രണബ് മുഖർജിയുടെ പ്രസംഗസമാഹാരങ്ങൾക്കുപുറമേ കോഫീ ടേബിൾ ബുക്കുകളും കൂടി രാഷ്ട്രപതിഭവനിലെത്തുന്ന വിശിഷ്ട അതിഥികൾക്കു സമ്മാനമായി ലഭിച്ചിരുന്നു.‌

related stories