Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജറുസലം: സമാധാനശ്രമങ്ങൾ കാറ്റിൽപറത്തി മധ്യസ്ഥവേഷമഴിച്ച് യുഎസ്

palastine-protest ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമാക്കി അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് ഗാസയിൽ യുഎസ് പതാക കത്തിക്കുന്നവർ. ചിത്രം: എഎഫ്പി

ഡിസംബർ ആറിനാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവാദ ജറുസലം പ്രഖ്യാപനം നടത്തിയത്. ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ചതിനൊപ്പം ആറുമാസത്തിനകം ടെൽ അവീവിൽനിന്ന് യുഎസ് എംബസി ജറുസലമിലേക്കു മാറ്റാനും ഉത്തരവായി. ജറുസലമിലേക്കു എംബസി മാറ്റാൻ 1995ൽ യുഎസ് നിയമം പാസാക്കിയതാണ്. എന്നാൽ, പിന്നീടു വന്ന പ്രസിഡന്റുമാരെല്ലാം (ക്ലിന്റൻ, ബുഷ്, ഒബാമ) എംബസി മാറ്റം പ്രത്യേക ഉത്തരവിലൂടെ നീട്ടിവയ്ക്കുകയായിരുന്നു.

താൻ തിരഞ്ഞെടുക്കപ്പെട്ടാൽ എംബസി ജറുസലമിലേക്കു മാറ്റുമെന്നതായിരുന്നു ട്രംപിന്റെ മുഖ്യ തിര‍ഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്ന്. അങ്ങനെ നോക്കുമ്പോൾ, ഇതു തിരഞ്ഞെടുപ്പു വാഗ്ദാനം നിറവേറ്റൽ കൂടിയാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനു പുറമേ യുഎസിലെയും ഇസ്രയേലിലെയും വലതുപക്ഷ സംഘടനകൾ ട്രംപിന്റെ നീക്കത്തെ ആവേശത്തോടെയാണു സ്വീകരിച്ചത്. യുഎസിനകത്തും പുറത്തുമുള്ള ട്രംപ് അനുകൂലികൾ കഴിഞ്ഞാൽ, യൂറോപ്യൻ യൂണിയനും അറബ് ലോകവും തുർക്കിയുമെല്ലാം ട്രംപിന്റെ നീക്കത്തിനെതിരാണ്. ചില രാജ്യങ്ങൾ ഇക്കാര്യത്തിൽ പരസ്യനിലപാട് ഇനിയും സ്വീകരിച്ചിട്ടില്ല.

ഇസ്രയേൽ രാഷ്ട്രത്തിന്റെ ഭാഗമല്ല ജറുസലം എന്നു ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാൽ മനസ്സിലാക്കാം. 1947ലെ യുഎൻ വിഭജനപദ്ധതി ശുപാർശ ചെയ്യുന്നതു ജറുസലമിനു രാജ്യാന്തര പദവിയാണ്. 1949ലെ യുദ്ധത്തെത്തുടർന്നു ജറുസലം നഗരം രണ്ടായി വിഭജിക്കപ്പെട്ടു. പടിഞ്ഞാറ് ഇസ്രയേലിനും പഴയ നഗരം അടങ്ങുന്ന കിഴക്ക് ജോർദാൻ ഭരണത്തിനു കീഴിൽ പലസ്തീനികൾക്കും.
 
1967ലെ ആറുദിന യുദ്ധത്തിൽ വെസ്റ്റ് ബാങ്ക്, ഗോലാൻ കുന്നുകൾ, സിനായ്, ഗാസ എന്നിവ അടക്കം കിഴക്കൻ ജറുസലം മുഴുവനും ഇസ്രയേൽ പിടിച്ചെടുത്തു. 1980ൽ ഇസ്രയേൽ കിഴക്കൻ ജറുസലമിനെ കൂട്ടിച്ചേർത്തശേഷം ജറുസലം തലസ്ഥാനമായി പ്രഖ്യാപിച്ചു. ഈ നടപടി രാജ്യാന്തരനിയമ ലംഘനമായി ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി അപലപിച്ചതാണ്.

തീരുമാനത്തിന്റെ വിവേകരാഹിത്യം

പലസ്തീനും ഇസ്രയേലിനുമിടയിൽ ഒരു മധ്യസ്ഥന്റെ വേഷമാണു ദീർഘകാലമായി യുഎസിനുണ്ടായിരുന്നത്. സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ജോൺ കെറിയുടെ നയതന്ത്രയാത്രകൾ പ്രധാനമായും ഇസ്രയേൽ കടുംപിടിത്തം മൂലം 2014ൽ പരാജയപ്പെട്ടു. ‘ദ്വിരാഷ്ട്ര പരിഹാരം’ എന്നതിനെ വാക്കുകളിൽ പിന്തുണയ്ക്കുമെങ്കിലും ഒരു പരമാധികാര പലസ്തീൻ രാഷ്ട്രം ഉണ്ടാകുന്നതു തടയാനാണ് ഇസ്രയേൽ സ്ഥിരമായി പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഇതിന്റെ ഭാഗമായാണ് അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ രാജ്യാന്തര നിയമങ്ങൾ ലംഘിച്ചുകൊണ്ട് കുടിയേറ്റത്തിനായി ഇസ്രയേൽ പുതിയ വീടുകൾ നിർമിക്കുന്നതു തുടരുന്നത്. ഇക്കാര്യത്തിൽ, ഒബാമയുടെ നിഷ്ഫലമായ ചില നീക്കങ്ങൾ ഒഴിച്ചാൽ, ഇസ്രയേൽ നയത്തെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയുമാണ് യുഎസ് സ്ഥിരമായി ചെയ്തിട്ടുള്ളത്.

2017 ഫെബ്രുവരിയിൽ, വൈറ്റ് ഹൗസിലെത്തി ഒരു മാസം കഴിയും മുൻപേ, ട്രംപ് നെതന്യാഹുവിനോട് ഒരു കാര്യം പറഞ്ഞു– ഇസ്രയേലും പലസ്തീനും തമ്മിലുള്ള തർക്കപരിഹാരത്തിന്റെ ഭാഗമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം യുഎസിനു നിർബന്ധമില്ല. ട്രംപിന്റെ വാക്കുകളിലൂടെ പ്രകടമായതിനെ നിഷേധിക്കാനാണ് അറബ് നേതാക്കൾ നോക്കിയത്. പലസ്തീൻ പ്രശ്ന പരിഹാരത്തിന് ട്രംപിന്റെ ശ്രമങ്ങൾ ആത്മാർഥമാണെന്നും അവർ പ്രതീക്ഷിച്ചു. ട്രംപിന്റെ മരുമകനും ഉപദേശകനുമായ ജാറെദ് കുഷ്‌നർ മധ്യപൂർവദേശത്തേക്കുള്ള ട്രംപിന്റെ പ്രത്യേക ദൂതനായി നിയമിതനായപ്പോഴും അറബ് ലോകത്തിന്റെ ശുഭപ്രതീക്ഷയ്ക്ക് ഇളക്കം തട്ടിയില്ല.
 
യഥാർഥത്തിൽ, പലസ്തീൻകാർക്ക് ഒരു തദ്ദേശസ്ഥാപനത്തിനുള്ളതിലധികം സ്വയംഭരണം ഇസ്രയേൽ ഒരിക്കലും സമ്മതിക്കില്ല. പലസ്തീനിൽ പല രാജ്യങ്ങളുടെയും എംബസികളുണ്ടെങ്കിലും ഇനിയുമത് ഒരു രാഷ്ട്രമായി തീർന്നിട്ടില്ല. യുഎസ് മുൻകയ്യെടുത്തു ശക്തമായ നയതന്ത്രസമ്മർദം ഉണ്ടാകാതെ ഇസ്രയേൽ അതിന്റെ തീവ്രനിലപാടുകളിൽ ഒരു മാറ്റവും വരുത്താൻ പോകുന്നില്ല. യുഎസിൽനിന്നാണ് ഇസ്രയേലിനു കൂടുതൽ സൈനിക സഹായവും യഥാർഥ സംരക്ഷണവും ലഭിക്കുന്നത്. എന്നാൽ, ഇസ്രയേലിന് യുഎസിനു മേലിലാണു കൂടുതൽ സ്വാധീനമെന്നതു കടങ്കഥ പോലെ തോന്നാം.

ചുരുക്കിപ്പറഞ്ഞാൽ, ‘സമാധാനപ്രക്രിയ’എന്ന നാട്യം അവസാനിച്ചിരിക്കുന്നു; പുതിയ ജനകീയപ്രക്ഷോഭത്തിന് (ഇൻതിഫാദ) പലസ്തീനിൽ തുടക്കമാകും; ഹമാസ് ഇസ്രയേലിലേക്കു റോക്കറ്റാക്രമണം നടത്തിയാൽ, ഇസ്രയേൽ ലബനൻ ആക്രമിക്കും; വിദേശരാജ്യങ്ങളിലെ യുഎസ് എംബസികൾക്കും സൈനികത്താവളങ്ങൾക്കും നേരെ ഭീകരാക്രമണങ്ങളുണ്ടാകാം, വിശേഷിച്ചും മധ്യപൂർവദേശത്ത്. ഇറാഖിലുള്ള യുഎസ് സൈനികർക്കുനേരെ തിരിച്ചടിയുണ്ടായേക്കുമെന്ന മുന്നറിയിപ്പ് ഇറാഖ് നൽകിക്കഴിഞ്ഞു.

ആത്മവിശ്വാസത്തോടെയാണു ട്രംപിന്റെ പ്രവൃത്തിയെങ്കിലും അതു വിവേകമില്ലാത്തതാണ്. നിർഭയത്വം മൗഢ്യം നിറഞ്ഞതായാലും അതിനു കയ്യടിക്കുന്ന ഒരു രീതിയുണ്ടല്ലോ. അതാണ് ട്രംപിനു ലഭിക്കുന്ന പിന്തുണ. ട്രംപിനു യാഥാർഥ്യബോധം നഷ്ടമായോ എന്നു കണ്ടുപിടിക്കാൻ അദ്ദേഹത്തിനു മാനസികാരോഗ്യ പരിശോധന നടത്തേണ്ട ആവശ്യമുണ്ടെന്നാണ് യുഎസ് സൈക്യാട്രിസ്റ്റ് ഡോ. ബാൻഡി ലീ യുഎസ് കോൺഗ്രസിനോടും പൊതുസമൂഹത്തോടും പറഞ്ഞത്. ഒരുപക്ഷേ, ട്രംപ് അത് ആഗ്രഹിക്കുന്നില്ലെങ്കിലും, അദ്ദേഹത്തിനു ചികിൽസ ആവശ്യമായിരിക്കാം !
 
(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു ലേഖകൻ)