Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്കണ്ഠ ഉയർത്തി യുഎസ് നീക്കം

Donald Trump, Israel Map

ലോകമനസ്സാക്ഷിയുടെ മുന്നിൽ ദശാബ്ദങ്ങളായി ചോദ്യചിഹ്നമായി നിലകൊള്ളുന്ന പലസ്തീൻ പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കുന്ന സുപ്രധാന നയംമാറ്റം രാജ്യാന്തരസമൂഹത്തിന്റെ  മുഴുവൻ പ്രതിഷേധത്തിനു കാരണമായിക്കഴിഞ്ഞു. ടെൽ അവീവിലുള്ള യുഎസ് എംബസി ജറുസലമിലേക്കു മാറ്റിസ്ഥാപിക്കുന്നതുൾപ്പെടെയുള്ള ട്രംപിന്റെ പ്രഖ്യാപനം മധ്യപൂർവ ദേശത്തു വ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതും സമാധാന ചർച്ചകൾ സ്തംഭിപ്പിക്കുന്നതുമാണെന്ന കാര്യത്തിൽ തർക്കമില്ല.

പലസ്തീൻ പ്രദേശങ്ങളിലെ അരനൂറ്റാണ്ടോളം പഴക്കമുള്ള ഇസ്രയേൽ അധിനിവേശത്തെ സംബന്ധിച്ചിടത്തോളം ആപത്കരമായ ദശാസന്ധിയാണ് ട്രംപിന്റെ പ്രഖ്യാപനത്തിലൂടെ ഉടലെടുത്തിരിക്കുന്നത്. ചാരം മൂടിക്കിടക്കുന്ന ഒരു പ്രശ്നത്തെ വീണ്ടും ഊതിക്കത്തിക്കാൻ മാത്രമേ ഈ പ്രഖ്യാപനം ഉപകരിക്കുകയുള്ളൂ.

ഇസ്രയേൽ – പലസ്തീൻ പ്രശ്നത്തിനു പുതിയ ദിശാബോധം നൽകുന്നതാണു പ്രഖ്യാപനമെന്നു ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിലൂടെ ഒത്തുതീർപ്പിനുള്ള അവസാനവാതിലും കൊട്ടിയടയ്ക്കപ്പെടുമോ എന്നാണു ലോകത്തിന്റെ ആശങ്ക. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. യുഎസ് തീരുമാനത്തെ പിന്തുണയ്ക്കില്ലെന്നും പലസ്തീൻ വിഷയത്തിൽ സ്വതന്ത്ര നിലപാട് തുടരുമെന്നും ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞു.

അധിനിവേശത്തിൽനിന്നുള്ള മോചനത്തിനായി പലസ്തീൻ ജനതയുടെ പോരാട്ടം തുടങ്ങിയ കാലംമുതൽ പിൻതുണ നൽകിപ്പോരുന്നുണ്ട് ഇന്ത്യ. ജറുസലമിൽ തൽസ്ഥിതി നിലനിർത്തണമെന്നും യുഎൻ പ്രമേയം എല്ലാവരും അംഗീകരിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടതു ലോകത്തിന്റെ മുഴുവൻ ആവശ്യമായിവേണം വിലയിരുത്താൻ. വിഷയം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്നു ചേരുകയാണ്.

തിരഞ്ഞെടുപ്പുകാലത്ത് ട്രംപിൽനിന്നുണ്ടായ വിവാദപ്രസ്താവനകൾ പ്രചാരണ ആയുധം മാത്രമായി കണ്ടവർപോലും അദ്ദേഹത്തിന്റെ ഭരണം ചെറിയ കാലയളവിനുള്ളിൽ തന്നെ തനിനിറം കാട്ടുന്നത് ആശങ്കയോടെയാണു കാണുന്നത്. അസഹിഷ്ണുതയും ശത്രുതയും പ്രകടമാക്കുന്നതാണ് അദ്ദേഹത്തിന്റെ പല നയങ്ങളുമെന്നാണ് ആരോപണം. അതു ശരിവയ്ക്കുന്നതാണ് പുതിയ തീരുമാനവും. ടെൽ അവീവിൽനിന്നു യുഎസ് എംബസി ജറുസലമിലേക്കു മാറ്റുന്നതിനു വർഷങ്ങളെടുക്കുമെങ്കിലും ഇസ്രയേൽ അനുകൂല യാഥാസ്ഥിതികരുടെ വോട്ടുബാങ്കാണു ട്രംപിന്റെ ലക്ഷ്യമെന്നാണു കരുതുന്നത്.

പലസ്തീൻ – ഇസ്രയേൽ തർക്കത്തിൽ ദ്വിരാഷ്ട്ര പരിഹാരം എന്ന നയമാണ് 2002 മുതൽ യുഎസ് സ്വീകരിച്ചു പോരുന്നത്. ഇസ്രയേലിനോടു ചേർന്ന് പലസ്തീൻ എന്ന രാജ്യം സ്ഥാപിക്കുക എന്നതാണ് രാജ്യാന്തരതലത്തിലുള്ള ധാരണയും. ഇവയിൽനിന്നുള്ള വ്യതിചലനമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. മധ്യപൂർവദേശത്തെ സ്ഥിതിഗതികൾ സദാ സംഘർഷപൂർണമായി തുടരാനും യുഎസിന്റെ ഈ ഏകപക്ഷീയനീക്കം വഴിമരുന്നിടും. വൻ പ്രക്ഷോഭത്തിനു തയാറെടുക്കാനും ഇന്നു തെരുവിലിറങ്ങാനും പലസ്തീനിൽ നിർണായക സ്വാധീനമുള്ള സംഘടനയായ ഹമാസ് ആഹ്വാനം ചെയ്തുകഴിഞ്ഞു.

ലോകത്തിന്റെ മനസ്സു കാണാതെയും സമാധാനശ്രമങ്ങളെ വകവയ്ക്കാതെയും ഓരോ പുതിയ നീക്കം നടത്തുമ്പോഴും അമേരിക്കയും ഇസ്രയേലും കൂടുതൽ ഒറ്റപ്പെടുന്നു എന്നതാണ് യാഥാർഥ്യം. ജറുസലം വിഷയത്തിൽ പിൻതുണയ്ക്കാൻ എടുത്തുപറയാവുന്ന ഒരു രാജ്യത്തെപ്പോലും അമേരിക്കയ്‌ക്കും ഇസ്രയേലിനും ഒപ്പം കിട്ടിയിട്ടില്ല എന്നതിലെ സൂചന ആ രാജ്യങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. പലസ്‌തീനു ലോകരാജ്യങ്ങൾക്കിടയിലുണ്ടായിരുന്ന പിന്തുണ ഗണ്യമായി വർധിക്കുകയുമാണ്. സമാധാനമാണു ലോകം ആഗ്രഹിക്കുന്നതെന്ന് അമേരിക്കയും ഇസ്രയേലും ഇനിയെങ്കിലും തിരിച്ചറിയണം. ഒത്തുതീർപ്പിനുള്ള വാതിലുകൾ കൊട്ടിയടയ്ക്കാതെ, ഇപ്പോഴത്തെ ലോകവിരുദ്ധ തീരുമാനത്തിൽനിന്ന് യുഎസ് പിൻമാറിയേതീരൂ. യാഥാർഥ്യബോധത്തിലേക്ക് യുഎസിനെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പ്രബല ലോകരാഷ്ട്രങ്ങളിൽനിന്ന് ഉണ്ടാവുകയും വേണം.