Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീതി വൈകുന്നത് നീതിനിഷേധം

രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ നമ്മുടെ‌ നീതിന്യായവ്യവസ്ഥയുടെ ബലഹീനതയായി വിലയിരുത്തപ്പെടുന്നു. കേസുകൾ തീർപ്പാക്കുന്നതിൽ വരുന്ന കാലതാമസം ഒഴിവാക്കുന്നതിന് ജുഡീഷ്യറിയും ഭരണാധികാരികളും ഏറെക്കാലമായി പല നിർദേശങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും വൈകിയോട്ടം തുടരുകയാണ്. ജനങ്ങൾക്കു നീതി നിഷേധിക്കുന്നതിനു തുല്യമായ ഈ അവസ്ഥയ്ക്കു മാറ്റംവരുത്തുന്നതിനായി ജുഡീഷ്യറിയും ഭരണകൂടവും ഒത്തുചേർന്നു യത്നിക്കേണ്ടിയിരിക്കുന്നു.

കേരള ഹൈക്കോടതിയിൽ 1,80,745 ഉം കീഴ്ക്കോടതികളിൽ 11.43 ലക്ഷവും കേസുകൾ തീർപ്പുകാത്തു കിടക്കുന്നുണ്ട്. ഹൈക്കോടതിയിൽ പത്തു വർഷത്തിലധികം പഴക്കമുള്ള 15,589 കേസുകളുണ്ടെന്നാണ് നാഷനൽ ജുഡീഷ്യൽ ഡേറ്റാ ഗ്രിഡിന്റെ കണക്ക്. രാജ്യത്തെ മുഴുവൻ കീഴ്ക്കോടതികളിലുമായി രണ്ടരക്കോടി കേസുകളും.

എന്നാൽ, പല സംസ്ഥാനങ്ങളെയും അപേക്ഷിച്ചു കേസുകൾ തീർപ്പാക്കുന്നതിൽ കേരളം മുന്നിലാണെന്നത് വിസ്മരിച്ചുകൂടാ. കീഴ്ക്കോടതികളിൽ പത്തുവർഷത്തിലേറെ പഴക്കമുള്ള കേസുകൾ തീർപ്പാക്കുന്നതിൽ ഏറെ മുന്നേറിയ നാലു സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുന്നു. ഏറെ വർഷത്തെ കഠിനാധ്വാനവും കേന്ദ്രീകൃത ശ്രദ്ധയുമാണ് ഈ നേട്ടത്തിനു വഴിതെളിച്ചത്.

കേസ് തീർപ്പാക്കുന്നതിന് കീഴ്ക്കോടതികൾക്കു ഹൈക്കോടതി തന്നെ ക്വോട്ട നിശ്ചയിച്ചു നൽകി. വിചാരണ നേരിടാതെ രണ്ടു വർഷമായി ജയിലിൽ കഴിയുന്നവരുടെ കേസുകൾക്കു പ്രത്യേക പരിഗണന നൽകുകയും ചെയ്തു. അതേസമയം, നീതിവ്യവസ്ഥയു‌ടെ അന്തസ്സത്തയ്ക്ക് കോട്ടംതട്ടാതെയാവണം വേഗത്തിലുള്ള തീർപ്പ് എന്ന കാര്യത്തിൽ ഹൈക്കോടതി നിഷ്കർഷ പുലർത്തുകയും ചെയ്യുന്നു. ചലനാത്മകമായ ജുഡീഷ്യറിക്കു ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയുമെന്നതിന്റെ തെളിവായി ഈ നേട്ടത്തെ കണക്കാക്കാം.

യോഗ്യതയുള്ളവരെ കിട്ടാത്തതാണ് മിക്ക സംസ്ഥാനങ്ങളിലും ജഡ്ജിമാരുടെ ഒഴിവുകൾ നികത്താത്തതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദേശീയതലത്തിൽ മത്സരപ്പരീക്ഷ നടത്തി മികവുള്ളവരെ കണ്ടെത്തണമെന്നാണ് ഒരു നിർദേശം. ജനസംഖ്യയ്ക്ക് ആനുപാതികമായി ഹൈക്കോടതികളിലും കീഴ്ക്കോടതികളിലും ന്യായാധിപന്മാരുടെ അംഗസംഖ്യ ഉയർത്തുവാൻ എല്ലാ സഹായവും ഭരണകൂടത്തിൽ നിന്നുണ്ടാകണം. നീതിന്യായവ്യവസ്ഥയുടെ കരുത്തു കൂട്ടാനും ജുഡീഷ്യൽ ഓഫിസർമാരുടെ സേവന, വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തി മിടുക്കരെ ആകർഷിക്കാനുമായി നിയമ കമ്മിഷനുകൾ നടത്തിയ ശുപാർശകളിൽ ഭരണകൂടങ്ങൾ വേണ്ടത്ര മനസ്സുവച്ചില്ലെന്ന പരാതി നിലനിൽക്കുകയാണ്.

കേസ് അവധിക്കു വയ്ക്കുന്നതിൽ നിയന്ത്രണം, ജഡ്ജിമാരുടെ വേനൽ അവധി കുറയ്ക്കൽ, കോടതി നടപടികളുടെ ഓഡിയോ–വിഷ്വൽ റിക്കോർഡിങ് തുടങ്ങിയ നിർദേശങ്ങളും പരിഗണനാർഹമാണ്. മൊത്തം ദേശീയവരുമാനത്തിന്റെ തുച്ഛമായ ശതമാനമാണ് ജുഡീഷ്യറിക്കായി മാറ്റിവയ്ക്കുന്നത്. വികസിതരാജ്യങ്ങളിൽ ഈ അനുപാതം ഉയർന്നുനിൽക്കുന്നു.

സാധാരണ പൗരന്മാർ നീതി തേടി ആദ്യമെത്തുക കീഴ്ക്കോടതിയിലാണ്. അതിനാൽ ആ തലം തൊട്ട് നവീകരണം വേണ്ടിയിരിക്കുന്നു. വിചാരണത്തടവുകാർ ദീർഘകാലം ജയിലിൽ കഴിയേണ്ടിവരുന്നതും നീതിനിഷേധമാണ്. നീതിയുടെ വൈകിയോട്ടം നിയമലംഘനത്തിനു പരോക്ഷ പ്രേരണയാകും എന്നതു മറക്കരുത്.