Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃത്തിബോധത്തിന് ഉത്തമമാതൃക

ആളുകളേറെ പങ്കെടുക്കുന്ന യോഗസ്ഥലങ്ങളിലും പ്രകടനവഴികളിലും അതിനുശേഷം മാലിന്യക്കൂമ്പാരങ്ങൾ അവശേഷിക്കുന്നതു കേരളത്തിന്റെ മുന്നിലുള്ള പതിവുകാഴ്ചയാണ്. ഉപയോഗത്തിനുശേഷം ഒഴിഞ്ഞ വെള്ളക്കുപ്പികളും കൊടിതോരണങ്ങളും സമരക്കാർ റോഡിൽ ഉപേക്ഷിച്ചുമടങ്ങുന്ന രീതി തുടങ്ങിയിട്ടു കാലമേറെയായി. പലപ്പോഴും, ആ മാലിന്യങ്ങൾ അങ്ങനെതന്നെ ദിവസങ്ങളോളം കിടക്കുകയും ചെയ്യും. പക്ഷേ, ഇക്കഴിഞ്ഞ തിങ്കളാഴ്ച തിരുവനന്തപുരം രാജ്ഭവനു മുന്നിൽ കണ്ടതു വൃത്തിബോധത്തിന്റെ ഉത്തമമാതൃകയാണ്.

ദുഃഖിതരുടെ പ്രവാഹമായിരുന്നു ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും നടത്തിയ മാർച്ച്. ചുഴലിക്കാറ്റ് കടപുഴക്കിയ ജീവിതത്തിന്റെ സങ്കടവുമായി എത്രയോ പേർ ആ മാർച്ചിൽ അണിനിരന്നു. ആ ദുഃഖഭാരത്തിൽപോലും, പൗരബോധത്തിന്റെ പര്യായംതന്നെയാണു വൃത്തിബോധമെന്ന് അവർ പ്രവൃത്തിയിലൂടെ തെളിയിച്ചപ്പോൾ അതു കേരളത്തിനുമുന്നിലുള്ള ശുചിത്വമാതൃകയായിത്തീർന്നു. മാർച്ചിനുശേഷം രാജ്ഭവനു മുന്നിൽ എത്തിയവർക്കു കുടിക്കാൻ നൽകിയ വെള്ളത്തിന്റെ പ്ലാസ്റ്റിക് കുപ്പികളെല്ലാം സമരത്തിനുശേഷം നീക്കംചെയ്തു റോഡ് വൃത്തിയാക്കിയാണു മത്സ്യത്തൊഴിലാളികൾ വ്യത്യസ്തരായത്.

സെക്രട്ടേറിയറ്റിനു മുന്നിലും രാജ്ഭവനു മുന്നിലുമൊക്കെ എത്തുന്ന സമരക്കാരുടെ സ്ഥിരംപതിവിൽനിന്നുള്ള പ്രത്യാശാഭരിതമായ മാറ്റമായിരുന്നു അത്. ഉള്ളിൽ അലയടിക്കുന്ന വേർപാടിന്റെയും നഷ്ടത്തിന്റെയും ദുഃഖക്കടലുമായി സമരത്തിനെത്തിയവർ മടങ്ങിയതു നാടിനാകെ പുതിയ പാഠംനൽകിയാണ്. കടലോരമേഖലകളിൽനിന്നുള്ള ഒട്ടേറെപ്പേർ പങ്കെടുത്ത സമരത്തിൽ കുപ്പിവെള്ളവും പായ്ക്കറ്റ് കുടിവെള്ളവുമൊക്കെ നൽകിയിരുന്നു. ആയിരക്കണക്കിനു കുപ്പികളാണ് മാർച്ച് നടത്തിയ റോഡിലും പരിസരങ്ങളിലും ഉണ്ടായിരുന്നത്. സാധാരണ നിലയിൽ സമരക്കാർ പിരിഞ്ഞു പോയതിനുശേഷം കോർപറേഷൻ ജീവനക്കാരാണ് ഇത്തരം മാലിന്യങ്ങൾ വാരിമാറ്റുന്നത്. എന്നാൽ, തങ്ങൾ കാരണമുണ്ടായ മാലിന്യം സ്വയം മാറ്റാനായി മത്സ്യത്തൊഴിലാളികൾ തീരുമാനിച്ചതോടെ സംഘശക്തിക്കുമുന്നിൽ മാലിന്യം തോറ്റു.

സ്ത്രീകൾ ഉൾപ്പെടെയുള്ള പല സംഘങ്ങളാണു മാലിന്യങ്ങൾ വാരി മാറ്റിയത്. ഇതിനായി വീണ്ടും അരമണിക്കൂറിലധികം ഇവർ രാജ്ഭവനു മുന്നിലെ റോഡിൽ ചെലവഴിച്ചു. രണ്ടര മണിക്കൂറിലധികം പൊരിവെയിലത്തു മാർച്ചിൽ പങ്കെടുത്തതിനു ശേഷമാണ് ഇവർ റോ‍ഡ് വൃത്തിയാക്കിയതെന്നത് ഇക്കാര്യത്തിനു കൂടുതൽ തിളക്കം നൽകുന്നു. പ്രതിദിനം കേരളം പുറന്തള്ളുന്ന മാലിന്യത്തിൽ വലിയപങ്കും തദ്ദേശസ്‌ഥാപനങ്ങളുടെ പിടിപ്പുകേടുകൊണ്ടും മറ്റും സംസ്‌കരിക്കപ്പെടാതെ സംസ്‌ഥാനത്തിന്റെ മിക്കയിടങ്ങളിലും കൂമ്പാരങ്ങളായി പെരുകിവരുമ്പോൾ, മാലിന്യം രോഗങ്ങൾക്കു വാതിൽ തുറന്നുകൊടുക്കുമ്പോൾ നാം കാണേണ്ട കാഴ്ചതന്നെയാണ് ഇത്. തിരുവനന്തപുരത്തുതന്നെ ആറ്റുകാൽ പൊങ്കാലയർപ്പണം ചടങ്ങിനുശേഷം എത്രയുംവേഗം നഗരം ശുചിയാക്കുന്നതിൽ ബന്ധപ്പെട്ടവർ കാണിക്കുന്ന ശ്രദ്ധയും അർപ്പണബോധവും കേരളത്തിനു മുന്നിലുള്ള മറ്റൊരു മാതൃകയാണ്.

മാലിന്യനിർമാർജനം ജനകീയപ്രസ്ഥാനമാക്കിയാൽ, ലക്ഷ്യബോധത്തോടെ ഓരോരുത്തരും മുന്നിട്ടിറങ്ങിയാൽ ശുചിത്വകേരളം യാഥാർഥ്യമാകുമെന്നു ബോധ്യപ്പെടുത്തുന്നുണ്ട് ഇങ്ങനെയുള്ള ദൗത്യങ്ങൾ. വലിയ പൊതുപരിപാടികൾ സംഘടിപ്പിക്കുന്ന എല്ലാവരുംതന്നെ അനുകരിക്കേണ്ടതാണ് ഈ മാതൃക. സർക്കാരിന്റേതായാലും സംഘടനകളുടേതായാലും മതസ്‌ഥാപനങ്ങളുടേതായാലും ചടങ്ങുകളിൽ ശുചീകരണം ഒരു ഘടകമാക്കിയേ തീരൂ. ചടങ്ങുകൾക്കു ശേഷം ശുചീകരണം ആരുടെയും ഉത്തരവാദിത്തമല്ലെന്നതാണു പലയിടത്തും ഇപ്പോഴത്തെ സ്‌ഥിതി. ചടങ്ങു സംഘടിപ്പിക്കുന്നവർ തദ്ദേശ സ്‌ഥാപനങ്ങളുമായി ശുചീകരണത്തിൽ കൈകോർക്കുകയും വേണം. ഓരോ വ്യക്തിയും പൊതുശുചിത്വത്തിന്റെ കാവൽക്കാരനാവണമെന്ന തിരിച്ചറിവ് സ്വീകരിക്കാൻ കേരളീയ സമൂഹം ഇനിയും വൈകിക്കൂടാ.