Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈകരുതാത്ത ഇപിഎഫ് നീതി

employee-provident-fund-epf

രാജ്യത്തെ 55 ലക്ഷത്തോളമുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) പെൻഷൻകാർ ഇപ്പോൾ സമരത്തിന്റെ പാതയിലാണ്. പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഉന്നത തസ്തികകളിൽവരെ ജോലിചെയ്തു വിരമിച്ചവർക്കു തുച്ഛമായ തുകയാണു പെൻഷനായി ലഭിക്കുന്നത്. നല്ല ശതമാനം പെൻഷൻകാരും വാങ്ങുന്നത് ആയിരവും അതിൽ താഴെയും മാത്രം.  

തൊഴിലാളികൾ വിരമിക്കുമ്പോൾ അവർക്കു നിശ്ചിത വരുമാനവും സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തുന്നതിന് 1952ലാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ആൻഡ് മിസലേനിയസ് പ്രൊവിഷൻ ആക്ട് പ്രകാരം നിയമനിർമാണം നടത്തിയത്. തുടർന്ന്, എംപ്ലോയീസ് പെൻഷൻ പദ്ധതിക്കു രൂപംകൊടുത്തു. 1995ൽ പ്രാബല്യത്തിൽ വന്ന ഈ പദ്ധതിപ്രകാരം 22 വർഷത്തിനുശേഷവും അംഗങ്ങൾക്കു മതിയായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നതാണു വാസ്തവം.

കേരളത്തിൽ 19,800 സ്ഥാപനങ്ങളിലായി പത്തുലക്ഷത്തിലധികം ഇപിഎഫ് അംഗങ്ങളും മൂന്നരലക്ഷം പെൻഷൻകാരുമുണ്ട്. ഇവരിൽ ആയിരമോ അതിൽ കൂടുതലോ പെൻഷൻ വാങ്ങുന്നവർ വെറും ഇരുപതു ശതമാനത്തോളം മാത്രം. വിരമിച്ച കേന്ദ്ര - സംസ്ഥാന ജീവനക്കാർക്കു കാലാകാലം ക്ഷാമബത്ത ലഭിക്കുന്നതുകൊണ്ട് അവരുടെ പെൻഷൻ തുക ഉയരുന്നുണ്ടെങ്കിലും പിഎഫ് പെൻഷൻകാർക്ക് ഒരിക്കൽ അനുവദിച്ച തുക മാറ്റമില്ലാതെ തുടരുന്ന ദുരവസ്ഥയാണുള്ളത്. ക്ഷാമബത്തയ്ക്കു തുല്യമായ റിലീഫ് തുക ഇപിഎഫ് പെൻഷൻകാർക്കും നൽകിയിരുന്നെങ്കിലും ഇത് ഏകപക്ഷീയമായി നിർത്തലാക്കി. 2001 മുതൽ ഒരുരൂപപോലും വർധനയില്ലാതെയാണു പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നത്.  

ഇപിഎഫ് പെൻഷൻകാർക്കു നിലവിൽ പെൻഷൻ കമ്യൂട്ട് ചെയ്യാൻ അവസരമില്ല. നേരത്തേ കമ്യൂട്ട് ചെയ്തവർക്കു കാലാവധിക്കുശേഷം പൂർണ പെൻഷൻ ലഭിക്കുന്നുമില്ല. കേന്ദ്ര - സംസ്ഥാന മേഖലയിലെ പെൻഷൻകാർ അനുഭവിക്കുന്ന ആനുകൂല്യം പിഎഫ് പെൻഷൻകാർക്കു മാത്രം നിഷേധിക്കുന്നതിനു ന്യായീകരണമൊന്നും പറയാനാവില്ല. 2014ൽ കുറഞ്ഞ പെൻഷൻ 1000 രൂപയാക്കിയെങ്കിലും ഭൂരിപക്ഷം ആളുകൾക്കും ലഭിക്കുന്ന തുക ആയിരത്തിൽ താഴെയായി തുടരാൻ കാരണം കമ്യൂട്ടേഷൻ കാലാവധിക്കുശേഷം പൂർണ പെൻഷൻ തിരികെ ലഭിക്കാത്തതാണ്.

വിരമിക്കുന്ന ജീവനക്കാർക്ക് ഇപിഎഫ് ഇൻഷുറൻസ് ഫണ്ടിൽനിന്നു വേതനത്തിന് അനുസൃതമായി 50,000 രൂപ വരെ നൽകാൻ ആറുമാസം മുന്‍പു തീരുമാനമെടുത്തിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല.  ഇൻഷുറൻസ് ഫണ്ടിൽ ആവശ്യത്തിനു തുകയുള്ള സാഹചര്യത്തിൽ ജീവനക്കാർക്കു പ്രയോജനം ലഭിക്കാനാണ് ഇപിഎഫ് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) തീരുമാനമെടുത്തത്. ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ രണ്ടുവർഷത്തേയ്ക്ക് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാമെന്ന് ഇന്നലെ അധികൃതർ അറിയിച്ചിട്ടുണ്ട്.

മുഴുവൻ ശമ്പളത്തിനും ആനുപാതികമായി പിഎഫ് വിഹിതം അടച്ചിട്ടുള്ളവർക്ക് ഉയർന്ന പെൻഷൻ ലഭിക്കുന്നതിനുള്ള അവസരം കഴിഞ്ഞ മാർച്ചിൽ ഇപിഎഫ്ഒയുടെ വിജ്ഞാപനംമൂലം ലഭിച്ചത് ആശ്വാസകരമാണ്. കേരളത്തിൽനിന്നുള്ള ജീവനക്കാരടക്കം കോടതി മുഖേന അനുകൂലവിധി നേടിയതിന്റെ തുടർച്ചയായായിരുന്നു ഈ വിജ്ഞാപനം.  

എന്നാൽ, കഴിഞ്ഞ മേയ് മാസം എക്സംപ്റ്റഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഉയർന്ന പെൻഷന് അർഹതയില്ലെന്ന് അറിയിച്ചു മറ്റൊരു ഉത്തരവും പുറപ്പെടുവിച്ചു. ജീവനക്കാരുടെ പിഎഫ് വിഹിതം ഇപിഎഫ്ഒയുടെ അനുമതിയോടെ അതതു സ്ഥാപനങ്ങളുടെ ട്രസ്റ്റുകളിൽത്തന്നെ അടയ്ക്കുന്നവരെയാണ് എക്സംപ്റ്റഡ് വിഭാഗമായി കണക്കാക്കുന്നത്. കേരളത്തിലെ പല സ്ഥാപനങ്ങളും എക്സംപ്റ്റഡ് ട്രസ്റ്റ് വിഭാഗത്തിൽ പെട്ടതാണ്.
 
വിരമിക്കുന്നതിനു തൊട്ടുമുമ്പുള്ള 12 മാസത്തെ ശമ്പള ശരാശരിയാണു പെൻഷൻ തുക കണക്കാക്കുന്നതിനു പരിഗണിച്ചുകൊണ്ടിരുന്നത്. എന്നാൽ, 2014 സെപ്റ്റംബറിലെ നിയമഭേദഗതിമൂലം 60 മാസത്തെ ശരാശരി എന്നു പുതുക്കി നിശ്ചയിച്ചു. കേന്ദ്ര - സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ കണക്കാക്കുന്നതു 10-12 മാസത്തെ വേതന ശരാശരി കണക്കിലെടുത്താണെന്നിരിക്കേ, ഇപിഎഫ് പെൻഷൻകാരോടുള്ള വിവേചനത്തിന്റെ ആഴം കൂടുതൽ വെളിപ്പെടുന്നു.

ഇപിഎഫ് പെൻഷൻകാർ ഓൾ ഇന്ത്യാ പെൻഷനേഴ്സ് സംഘർഷ് സമിതി എന്ന സംഘടന രൂപീകരിച്ചു സമരത്തിന്റെ പാതയിലാണ്. രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലി ചെയ്തു വിരമിച്ച അരക്കോടിയിലേറെ പെൻഷൻകാരുടെ പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതു കേന്ദ്രസർക്കാരിനും ഇപിഎഫ്ഒയ്ക്കും ഭൂഷണമല്ല.